27 June Monday

വ്യക്തം; പകല്‍വെളിച്ചംപോലെ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 2, 2016

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ആള്‍ക്കാരും സരിതയില്‍നിന്ന് സോളാര്‍പദ്ധതിയുടെ മറവില്‍ വന്‍തുക കൈക്കോഴയായി വാങ്ങിയെടുത്തു എന്നത് കൂടുതല്‍ തെളിയുകയാണ്. മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരായ ബെന്നി ബഹനാനും തമ്പാനൂര്‍ രവിയും ഈ കേസില്‍ മുഖ്യമന്ത്രിയുടെ രക്ഷയ്ക്കായി തെളിവ് നശിപ്പിക്കലിനിറങ്ങിയതിന്റെ തെളിവുകള്‍ ജുഡീഷ്യല്‍ കമീഷന്റെമുമ്പാകെ എത്തിയിരിക്കുന്നു. അവരുടെ ഇടപെടല്‍തന്നെയാണ് ജ്വലിക്കുന്ന ഏത് തെളിവിനുംമേലെ നില്‍ക്കുന്നത്. ഇതര തെളിവുകള്‍ പരിശോധിച്ചേ നിജസ്ഥിതി അറിയാനാകൂ എന്ന് കരുതുന്നവര്‍പോലും തമ്പാനൂര്‍ രവിയും ബെന്നി ബഹനാനും മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജും സരിതയെക്കൊണ്ട് മൊഴി മാറ്റിക്കാനായി ഇറങ്ങിയത് മുഖ്യമന്ത്രിക്കുവേണ്ടിയല്ലാതെ മറ്റൊരാള്‍ക്കുവേണ്ടിയാകില്ലെന്ന കാര്യത്തില്‍ സംശയമില്ലാത്തവരാണ്. 

തമ്പാനൂര്‍ രവിക്കും ബെന്നി ബഹനാനും സലിംരാജിനുമൊക്കെ ഒരേപോലെ അടുപ്പമുള്ളതും ഈ ബന്ധങ്ങള്‍ക്കിടയിലെ പൊതുഘടകവുമായ വ്യക്തി ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റാരാണ്? മുഖ്യമന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രിയുടെ വീട്, മുഖ്യമന്ത്രിയുടെ വീട്ടിലെ ഫോണ്‍, മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി, മുഖ്യമന്ത്രിയുടെ മകന്‍, മുഖ്യമന്ത്രിയുടെ പിഎ, മുഖ്യമന്ത്രിയുടെ കടപ്ളാമറ്റം യോഗം, മുഖ്യമന്ത്രിയുടെ പാവം പയ്യന്‍ കുരുവിള, മുഖ്യമന്ത്രിയുടെ അടുപ്പക്കാരായ നേതാക്കള്‍... ഇങ്ങനെ നോക്കിയാല്‍ ഈ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ഘടകങ്ങളെയും സ്പര്‍ശിച്ചുനില്‍ക്കുന്ന പൊതുഘടകം ഒന്നുമാത്രം; അതാണ് മുഖ്യമന്ത്രി. മറ്റുള്ളവര്‍ക്കെല്ലാമെതിരെ– ജോപ്പന്‍മുതല്‍ സലിംരാജുവരെ– കേസുണ്ട്; മുഖ്യമന്ത്രിക്കെതിരെമാത്രം ഇല്ല. ആര്‍ക്കും പകല്‍വെളിച്ചംപോലെ വ്യക്തമാണ് മുഖ്യമന്ത്രിയുടെ പങ്ക്.

ഇതിനിടെ മുഖ്യമന്ത്രി പറഞ്ഞതെല്ലാം കള്ളമായിരുന്നുവെന്ന്  വന്നു. സരിതയെ അറസ്റ്റിനുമുമ്പ് അറിയുകയേയില്ല എന്ന് ആദ്യം പറഞ്ഞു. സരിത എഴുതിനീട്ടിയ റീസര്‍വേ ശുപാര്‍ശയില്‍ മുഖ്യമന്ത്രിതന്നെ എത്രയോമുമ്പേ അനുകൂല ഉത്തരവിട്ട് കൈയൊപ്പുവച്ച് സീലും ചാര്‍ത്തിക്കൊടുത്തിരുന്നുവെന്ന് തെളിഞ്ഞു. ഡല്‍ഹി വിജ്ഞാന്‍ഭവന്‍ യോഗത്തിന്റെ തീയതിയായി സഭയില്‍ ഒന്നു ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ജുഡീഷ്യല്‍ കമീഷനു മുമ്പില്‍ മറ്റൊന്നു പറഞ്ഞു. എന്നാല്‍, സരിത പറഞ്ഞ തീയതിയായിരുന്നു ശരിയെന്നു വന്നു. സരിത പറയുന്നത് ആര് വിശ്വസിക്കുമെന്നു ചോദിച്ച മുഖ്യമന്ത്രിതന്നെ, വിശ്വസിക്കേണ്ടത് സരിത പറഞ്ഞതാണെന്ന് തെളിയിച്ചു.

മുഖ്യമന്ത്രി പറഞ്ഞതിനു വിരുദ്ധമാകാത്ത നിലയില്‍ മൊഴി നല്‍കണമെന്ന് സരിത ജുഡീഷ്യല്‍ കമീഷന് മൊഴി കൊടുക്കാന്‍ പോകുന്നതിനു തലേന്ന് കെപിസിസി സെക്രട്ടറി തമ്പാനൂര്‍ രവി സരിതയോട് ഫോണില്‍ പറഞ്ഞത് (തമ്പാനൂര്‍ രവി ഈ ഫോണ്‍ സംഭാഷണം സത്യമാണെന്നു സ്ഥിരീകരിച്ചു), ഇനി അങ്ങനെയൊന്നും ഉണ്ടാവില്ലെന്നു പറഞ്ഞ് സരിതയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന ബെന്നി ബെഹനാന്റെ ഫോണ്‍കോള്‍, മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ഉതകുംവിധമുള്ള മൊഴി സരിതയ്ക്ക് പഠിപ്പിച്ചുകൊടുക്കുന്ന മുന്‍ ഗണ്‍മാന്‍ സലിംരാജിന്റെ ഫോണ്‍കോള്‍ തുടങ്ങിയവയുടെ രേഖകള്‍ തെളിവുകളായി ജുഡീഷ്യല്‍ കമീഷന്റെ മുമ്പാകെ എത്തി. തെളിവുകള്‍ തീജ്വാലപോലെ നില്‍ക്കുകയാണ് കണ്‍മുമ്പില്‍. എന്നിട്ടും തെളിവെവിടെ എന്നു ചോദിക്കാന്‍ മിസ്റ്റര്‍ മുഖ്യമന്ത്രീ, താങ്കള്‍ക്ക് നാണത്തിന്റെ കണികപോലുമില്ലേ? ശ്രീധരന്‍നായരെ കണ്ടിട്ടില്ലെന്നത് അടക്കമുള്ള കള്ളങ്ങള്‍ മുഖ്യമന്ത്രിക്കുവേണ്ടി താന്‍ ആവര്‍ത്തിച്ച് നാണംകെടുകയാണെന്നാണ് സരിതയുടെ ഫോണ്‍ശബ്ദം. കേരളത്തിലാകെ മുഴങ്ങുന്ന ആ ശബ്ദം താങ്കള്‍മാത്രം കേട്ടില്ലെന്നുണ്ടോ?

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയും കുടുംബവും അടുപ്പക്കാരും കുരുങ്ങിയപ്പോഴാണ് ആ കേസില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനായി, തന്നെ മാനഭംഗപ്പെടുത്തിയവരില്‍ ഒരാളുടെ പേര്– അബ്ദുള്ളക്കുട്ടിയുടെ പേര്– പുറത്തുവിടാനും അയാള്‍ക്കെതിരെ കേസുമായി നീങ്ങാനും ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ഗൂഢസംഘവും സരിതയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയതെന്നും വെളിവായിരിക്കുന്നു. എന്തൊരു വഞ്ചകസംഘമാണിത്? ഈ സംഘം മുഖ്യമന്ത്രിയുടെ അഴിമതിയില്‍നിന്ന് ജനശ്രദ്ധ തിരിഞ്ഞ ആദ്യാവസരത്തില്‍ത്തന്നെ അബ്ദുള്ളക്കുട്ടിയുടെ കേസ് ഇല്ലാതാക്കിക്കുകയും ചെയ്തു. മാനഭംഗപ്പെടുത്തിയ കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് ഒരാളെ തെരഞ്ഞുപിടിച്ച്– ഏറ്റവും അവസാനം കോണ്‍ഗ്രസിലേക്ക് ചെന്നയാളെ– അയാള്‍ക്കെതിരെമാത്രം കേസ് നടത്തിച്ച് സ്വന്തം അഴിമതി മൂടിവയ്ക്കാനിറങ്ങി ഉമ്മന്‍ചാണ്ടി. സഹപ്രവര്‍ത്തകനെ കുരുതികൊടുത്ത് അധികാരം നിലനിര്‍ത്തുന്ന ഉമ്മന്‍ചാണ്ടീ, താങ്കള്‍ ഒരു മനുഷ്യനാണോ?

സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കുമേലുള്ള കുരുക്ക് മുറുകുകയാണ്. ഇതില്‍നിന്ന് രക്ഷപ്പെടാന്‍ മനുഷ്യത്വരഹിതമായ ഏത് ഭീകരകൃത്യത്തിലേക്കും പോകാം ഈ ഭീകരസംഘം. അതുകൊണ്ടുതന്നെ തനിക്ക് വധഭീഷണിയുണ്ടെന്ന സരിതയുടെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കേണ്ടിയിരിക്കുന്നു. സരിത ജയിലിലായിരിക്കെ അവരെ കാണാനെന്നു പറഞ്ഞു ചെന്ന സായുധസംഘത്തെക്കുറിച്ച് ജയില്‍ ഡിജിപി അറിയിച്ചിട്ടും നടപടി എടുക്കാതിരുന്നതുമുതല്‍ വധഭീഷണിയെക്കുറിച്ച് ആവര്‍ത്തിച്ച് സരിത പറഞ്ഞിട്ടും അവര്‍ക്ക് സുരക്ഷാസംവിധാനം ഏര്‍പ്പെടുത്താത്തതുവരെ കൂട്ടിവായിക്കണം. തെളിവുകള്‍ നശിപ്പിക്കുന്ന ഈ ഭീകരസംഘം ഏറ്റവും വലിയ തെളിവായ സരിതയെക്കൂടി അപകടപ്പെടുത്തുമോ എന്ന് ആശങ്കപ്പെടുന്നവരുണ്ട്. അവരുടെ ആശങ്ക അടിസ്ഥാനമില്ലാത്തതാണെന്നു പറയാനാകില്ല. അതുകൊണ്ട് ഞങ്ങള്‍ പറയട്ടെ, സരിത ജീവിച്ചിരിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള മുഴുവന്‍ ചുമതലയും പ്രതിക്കൂട്ടില്‍നില്‍ക്കുന്ന മുഖ്യമന്ത്രീ, ഇനി നിങ്ങള്‍ക്കാണ്. ജയില്‍ സന്ദര്‍ശിച്ച സായുധസംഘത്തിന് അവരെ വിട്ടുകൊടുക്കാന്‍ രാഷ്ട്രീയഭാവി അപകടത്തിലായ യുഡിഎഫ് നേതാക്കള്‍ക്ക് താല്‍പ്പര്യമുണ്ടാകുമെന്നറിയാം. ആ താല്‍പ്പര്യം നിര്‍വഹിച്ചുകൊടുത്താല്‍ തെളിവ് ആത്യന്തികമായി നശിപ്പിക്കാമെന്നു കരുതുന്നവരുണ്ടാകുമെന്നുമറിയാം. ഞങ്ങള്‍ മുന്‍കൂട്ടി പറയുന്നു, ആ വഴിക്ക് എന്തെങ്കിലും നീക്കം എവിടെനിന്നെങ്കിലും ഉണ്ടായാല്‍, ഇപ്പോള്‍പ്പോലും അവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ കൂട്ടാക്കാത്ത മുഖ്യമന്ത്രീ നിങ്ങളെക്കൊണ്ട് കേരളം അതിനും ഉത്തരം പറയിക്കും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top