19 April Friday

മൃതസഞ്ജീവനിയെന്ന ആശ്വാസകേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Friday Dec 1, 2017

മരിച്ചവരില്‍നിന്ന് വൃക്ക കിട്ടാന്‍ കാത്തിരുന്ന 602 പേരാണ് ഉചിതസമയത്ത് ശസ്ത്രക്രിയ സാധ്യമാകാതെ 2011-17 കാലയളവില്‍ സംസ്ഥാനത്ത് മരിച്ചത് എന്നത് അലോസരമുളവാക്കുന്ന വസ്തുതയാണ്. ജീവിച്ചിരിക്കുന്നവരില്‍നിന്നുള്ള അവയവദാനം ചിലപ്പോഴെങ്കിലും കച്ചവടതാല്‍പ്പര്യത്തിലേക്ക് വഴുതിപ്പോകുന്നു എന്ന പരാതി ശക്തമായി നിലനില്‍ക്കുന്നു. വൃക്ക ആവശ്യമുണ്ട് എന്ന പത്രപ്പരസ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട നിരവധി ഹര്‍ജികള്‍ കഴിഞ്ഞദിവസം കേരള ഹൈക്കോടതി നിരസിച്ചിരുന്നു. പരസ്യം അനുവദിച്ചാല്‍ വിലപേശലിന് സാഹചര്യമൊരുങ്ങുമെന്നും വാണിജ്യതാല്‍പ്പര്യം കടന്നുവരില്ലെന്ന് ഉറപ്പാക്കാനാകില്ലെന്നും നിരീക്ഷിച്ച ഹൈക്കോടതി, ഹര്‍ജിക്കാര്‍ 'മൃതസഞ്ജീവനി'യില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശിച്ചത്. അവയവദാനത്തിന് തയ്യാറുള്ളവരെ ക്ഷണിച്ച് മൃതസഞ്ജീവനി ഇടയ്ക്കിടെ വാര്‍ത്താസമ്മേളനം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളെ ഏകോപിപ്പിച്ച് ആരോഗ്യവകുപ്പിനുകീഴില്‍ തുടക്കംകുറിച്ചതാണ് മസ്തിഷ്ക മരണാനന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ് അഥവാ മൃതസഞ്ജീവനി.  

ആധുനിക വൈദ്യശാസ്ത്രത്തിന്റെ എണ്ണപ്പെടുന്ന നേട്ടമാണ് അവയവകൈമാറ്റം. ഹൃദയമടക്കമുള്ള അവയവങ്ങള്‍ മാറ്റിവയ്ക്കാനുള്ള സാധ്യതയും സൌകര്യവും ഇന്നുണ്ട്. അതുവഴി അനേകം മനുഷ്യജീവിതങ്ങള്‍ രക്ഷിക്കാന്‍ കഴിയുന്നു. അവയവദാനം മനുഷ്യസേവനവും സാമൂഹ്യ ഉത്തരവാദിത്തവുമായി ആധുനികസമൂഹം ഏറ്റെടുക്കുകയാണ്. അവയവങ്ങള്‍ ആവശ്യമുള്ളവരും അവയവദാനത്തിന് തയ്യാറാകുന്നതുമായ ആളുകളുടെ എണ്ണത്തില്‍  ഗണ്യമായ അന്തരം നിലനില്‍ക്കുന്നു. ഈ പശ്ചാത്തലത്തിലാണ്  'മൃതസഞ്ജീവനി'ക്ക് തുടക്കമായത്. അവയവം മാറ്റിവയ്ക്കേണ്ട രോഗികളുടെ വിവരങ്ങളും മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറാകുന്നവരുടെ വിവരങ്ങളും അടങ്ങുന്ന രജിസ്ട്രി സൂക്ഷിക്കുക, അവയവദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുക തുടങ്ങിയ ചുമതലകളാണ് 'മൃതസഞ്ജീവനി'യിലൂടെ നിര്‍വഹിക്കുന്നത്. അവയവങ്ങള്‍ക്ക് കേടുപാട് വന്ന എഴുന്നൂറിലധികം രോഗികള്‍ക്കാണ് മൃതസഞ്ജീവനിവഴി പുതിയ ജീവിതമുണ്ടായത്. 49 പേര്‍ക്ക് ഹൃദയം, മൂന്നുപേര്‍ക്ക് ശ്വാസകോശം, 210 പേര്‍ക്ക് കരള്‍, 456 പേര്‍ക്ക് വൃക്ക, ഏഴുപേര്‍ക്ക് പാന്‍ക്രിയാസ്, മൂന്നുപേര്‍ക്ക് ചെറുകുടല്‍, എട്ടുപേര്‍ക്ക് കൈ എന്നിങ്ങനെ 267 ദാതാക്കളില്‍നിന്നായി 736 പേര്‍ക്ക് പുതുജീവന്‍ നല്‍കാന്‍ മൃതസഞ്ജീവനിക്ക് കഴിഞ്ഞു എന്നാണ് ലഭ്യമായ കണക്ക്.

കഴിഞ്ഞദിവസം ദേശീയ അവയവദാന ദിനാചരണത്തോടനുബന്ധിച്ച്, മസ്തിഷ്ക മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കാനും അവരുടെ കുടുംബാംഗങ്ങളെ ആദരിക്കാനുമുള്ള ഒരു ഒത്തുചേരല്‍ 'മൃതസഞ്ജീവനി' സംഘടിപ്പിച്ചിരുന്നു. വേര്‍പാടിന്റെ ദുഃഖത്തിലും മാനുഷികമൂല്യങ്ങള്‍മാത്രം മുന്നില്‍ കണ്ട് ഉറ്റവരുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ച് അനേകംപേരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നവര്‍ കേരളജനതയുടെയാകെ ആദരം അര്‍ഹിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആ പരിപാടിയില്‍ പറഞ്ഞത്.

മസ്തിഷ്ക മരണാനന്തര അവയവദാനം നടത്തുന്നതിന് സമ്മതിക്കുന്ന ഉറ്റവരുടെ കഷ്ടനഷ്ടങ്ങള്‍ പരിഹരിക്കാനുള്ള സന്നദ്ധതയും ആ ചടങ്ങില്‍ മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നതോടൊപ്പം ദീര്‍ഘചികിത്സകളുടെ ഫലമായി പല  കുടുംബങ്ങളും കടക്കെണിയിലാകുന്നുപോലുമുണ്ട്. കുടുംബത്തിന്റെ പ്രധാന വരുമാനസ്രോതസ്സാവും നഷ്ടപ്പെട്ടിരിക്കുക. ഒപ്പം ഭീമമായ ആശുപത്രിച്ചെലവുകളും മറ്റും അവരെ സാമ്പത്തികമായും മാനസികമായും തകര്‍ക്കുന്നു. ഇത്തരം കുടുംബങ്ങളുടെ  സങ്കടങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആരോഗ്യവകുപ്പും സാമൂഹ്യസുരക്ഷാ മിഷനും മൃതസഞ്ജീവനിയും സഹകരിച്ച് ക്ഷേമപദ്ധതി സാധ്യമാക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.   

അവയവങ്ങള്‍ ദാനം ചെയ്യുന്ന കുടുംബത്തിന്റെയെന്നപോലെതന്നെ അവയവങ്ങള്‍ സ്വീകരിക്കുന്ന കുടുംബത്തിന്റെയും പ്രയാസങ്ങള്‍ വലുതാണ്. ചെലവേറിയ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, തുടര്‍ചികിത്സകള്‍, വിലകൂടിയ മരുന്നുകള്‍, പുനരധിവാസം- ഇവയൊന്നും സാധാരണ കുടുംബങ്ങള്‍ക്ക് താങ്ങാവുന്നതല്ല. മരുന്നിനുമാത്രമായി 10,000 മുതല്‍ 20,000 രൂപവരെ പ്രതിമാസം ചെലവാകും. ചെലവ് താങ്ങാനാകാതെ അവയവ സ്വീകര്‍ത്താക്കളില്‍ ചിലര്‍ ആത്മഹത്യ ചെയ്യുന്ന സംഭവവും ഉണ്ടായിട്ടുണ്ടെന്ന് ഓര്‍മിപ്പിച്ച മുഖ്യമന്ത്രി, അക്കാര്യത്തില്‍ ഇടപെടാനുള്ള സര്‍ക്കാരിന്റെ തീരുമാനംകൂടിയാണ് അവിടെ അറിയിച്ചത്. അവയവ ശസ്ത്രക്രിയയുടെയും ചികിത്സയുടെയും നിരക്കുകള്‍ ഏകീകരിക്കുക, കുറഞ്ഞ നിരക്കില്‍ ജനറിക് മരുന്നുകള്‍ ലഭ്യമാക്കുക, കാരുണ്യ പദ്ധതി വ്യാപിപ്പിക്കുക തുടങ്ങിയ ആശയങ്ങള്‍ പരിഗണിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിന്റെ ആരോഗ്യമേഖലയില്‍ ഒരു പുതിയ ഉണര്‍വായി മാറിയ മൃതസഞ്ജീവനിയെ കൂടുതല്‍ ഉയരത്തിലേക്ക് എത്തിക്കുക, ജീവിച്ചിരിക്കുന്നവരുടെ അവയവം ദാനംചെയ്യുന്നതിനുള്ള പ്രക്രിയ കൂടുതല്‍ സുഗമമാക്കുകയും നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്യുക, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാസൌകര്യങ്ങള്‍ വിപുലപ്പെടുത്തുക എന്നീ നടപടികളാണ് ഈ രംഗത്ത് ഇനി വേണ്ടത്്. അക്കാര്യത്തില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി കെ കെ ശൈലജയും ഇതിനകംതന്നെ ഇടപെട്ടിട്ടുണ്ട് എന്നത് പ്രത്യാശാനിര്‍ഭരമാണ്. കേരളം ഒന്നാമത് എന്ന് അഭിമാനത്തോടെ പറയുമ്പോള്‍ ചൂണ്ടിക്കാട്ടാനുള്ള ഈടുറ്റ ഉദാഹരണമായി മൃതസഞ്ജീവനിയെ മാറ്റാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന് അതിവേഗം കഴിയട്ടെയെന്ന് ആശംസിക്കുന്നു  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top