02 October Monday

കേരളപ്പിറവി ദിനവും "വിമോചനസമര'സ്വപ്നവും

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2019

ഇന്ന് കേരളപ്പിറവി ദിനം. മൂന്നായി കിടന്ന മലബാർ, കൊച്ചി, തിരുവിതാംകൂർ പ്രദേശങ്ങൾ ചേർത്ത് ഐക്യകേരളം രൂപീകരിക്കണമെന്നത് കോൺഗ്രസ് സമ്മേളനങ്ങളിലെ ആവശ്യങ്ങളിൽ ഒന്നായിരുന്നു. എന്നാൽ, കമ്യൂണിസ്റ്റ് പാർടി ജനപിന്തുണയാർജിച്ചശേഷമാണ് ആ മുദ്രാവാക്യം ശക്തമായി ഉയർന്നത്. ജാതി‐ മതാദി പരിഗണനകൾക്കതീതമായി ഭാഷ, അതിനെ കേന്ദ്രീകരിച്ച സംസ്കാരം എന്നിവയെ പ്രധാനമായും ആശ്രയിച്ച ജനവിഭാഗങ്ങൾ ഇന്ത്യയിലുണ്ടെന്നും അവ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്നും അവയ്ക്കോരോന്നിനും സ്വച്ഛന്ദം വികസിക്കാൻവേണ്ട അവസരമൊരുക്കിയുമാണ് ഐക്യം നിലനിർത്തേണ്ടത് എന്നതായിരുന്നു പാർടി നിലപാട്.

ആധുനിക കാലത്ത് മുതലാളിത്തവളർച്ചയുടെ അനിവാര്യതയെന്നോണം ഭാഷ, സംസ്കാരം എന്നിവയുടെ മേഖലകളിൽ സവിശേഷതയുള്ള ദേശീയ ജനവിഭാഗങ്ങൾ ഉയർന്നുവരുമെന്നും അവയുടെ വളർച്ചയ്ക്കനുരൂപമായ സാഹചര്യം സൃഷ്ടിക്കുക ജനാധിപത്യപ്രസ്ഥാനത്തിന്റെ കടമയാണെന്നുമുള്ള ആഗോള സാഹചര്യത്തിന്റെ മാർക്സിസ്റ്റ്‐ ലെനിനിസ്റ്റ് തിരിച്ചറിവാണ് ഭാഷാ സംസ്കാരത്തിന്റെ പ്രശ്നത്തിൽ ഇന്ത്യൻ പാർടിയെയും നയിച്ചത്. ഈ കാഴ്ചപ്പാടിന് പ്രായോഗിക രൂപംനൽകാൻ പാർടി വിവിധ പ്രവർത്തനങ്ങൾ നടത്തി. ബംഗാൾ,ആന്ധ്ര, കേരളം എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങൾ പ്രശ്നത്തിന്റെ പ്രായോഗികാനുഭവം മുൻനിർത്തി 1945ൽ ലഘുലേഖ എഴുതി. ഭവാനിസെന്നിന്റെ "നൂതൻ ബംഗാൾ', പി സുന്ദരയ്യയുടെ "വിശാലാന്ധ്രാ', ഇ എം എസിന്റെ "ഒന്നേകാൽകോടി മലയാളികൾ' എന്നിവ പുറത്തുവരുന്നത് ആ പശ്ചാത്തലത്തിലാണ്.  ഇന്ത്യൻ രാഷ്ട്രീയ യാഥാർഥ്യങ്ങൾ മാർക്സിസം‐ ലെനിനിസത്തിന്റെ വെളിച്ചത്തിൽ പരിശോധിക്കാൻ പാർടി നടത്തിയ ആദ്യ ശ്രമമായും ഇതിനെ കണക്കാക്കാം.

1957ൽ അധികാരത്തിലെത്തിയ കേരളത്തിലെ കമ്യൂണിസ്റ്റ് പാർടി സർക്കാർ അതിന്റെ സയുക്തികാനുബന്ധമായിരുന്നു. ഭൂപ്രശ്നത്തിലും വിദ്യാഭ്യാസരംഗത്തും അത് ഏറ്റെടുത്ത നിയമനിർമാണങ്ങൾ സംസ്ഥാനത്തിന്റെ അടിസ്ഥാന പുരോഗതിക്കുതന്നെ ഇന്ധനമായി. അധികാരഘടനയെ ചെറുതായി ഉലച്ച അവയ്ക്കെതിരെ ഭൂപ്രമാണിമാരും വിദ്യാഭ്യാസക്കച്ചവടക്കാരും ജാതി–മത ശക്തികളും അഴിച്ചുവിട്ട "വിമോചനസമര'ത്തിന് സാമ്രാജ്യത്വത്തിന്റെയും അതിന്റെ ഏജൻസിയായ സിഐഎയുടെയും ഇന്ത്യൻ ഭരണനേതൃത്വത്തിന്റെയും നിറഞ്ഞ പിന്തുണയുണ്ടായിരുന്നു. 1957ന്റെ തുടർച്ചയെന്നപോലെ പിണറായി വിജയൻ സർക്കാർ ഏറ്റെടുക്കുന്ന നടപടികൾ സംസ്ഥാനത്തെ വികസനത്തിന്റെയും കുതിപ്പിന്റെയും പുതിയ വഴികളിലെത്തിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പുവാഗ്ദാനങ്ങൾ അക്കമിട്ട് പാലിച്ചത് അവശജനവിഭാഗങ്ങളിൽ ആത്മവിശ്വാസം പടർത്തുകയാണ്. അഴിമതി തുടച്ചുനീക്കി സുതാര്യത ഉറപ്പുവരുത്തിയതും ജനലക്ഷങ്ങളിൽ വലിയ മതിപ്പുളവാക്കി.

എന്നാൽ, വലതുപക്ഷ രാഷ്ട്രീയവും ജാതി–മത ശക്തികളും മാധ്യമങ്ങളും "സ്വതന്ത്ര ബുദ്ധിജീവിക'ളും "നിഷ്പക്ഷ നിരീക്ഷക'രും "വിമോചനസമര' കാലഘട്ടത്തിലെന്നവണ്ണം മഹാസഖ്യത്തിലേർപ്പെട്ടിരിക്കയാണ്. മുഖ്യമന്ത്രിക്കും സഹപ്രവർത്തകർക്കും പാർടി നേതാക്കൾക്കുമെതിരെ മാന്യതയില്ലാത്ത പദപ്രയോഗങ്ങൾപോലും നടത്തുകയാണ് ചില ചാനൽ അവതാരകർ. മാവോയിസ്റ്റ് യുദ്ധസന്നാഹം, വാളയാറിലെ രണ്ടു പെൺകുട്ടികളുടെ അസ്വാഭാവിക മരണം തുടങ്ങി താനൂർ അഞ്ചുടിയിലെ കൊലപാതകംതൊട്ട്  മന്ത്രി എം എം മണിയുടെ കാറിന്റെ ടയർ മാറ്റംവരെയുള്ള പ്രശ്നങ്ങൾക്ക് തീക്കൂട്ടി കലാപാന്തരീക്ഷം തീർക്കാനാകുമോ എന്നാണ് നോട്ടം. സ്ഥാപിത സാമ്പത്തിക താൽപ്പര്യങ്ങളിൽ കൈവയ്ക്കുമ്പോഴെല്ലാം സമുദായത്തിന്റെ പേരിൽ വിശ്വാസികളിൽ തെറ്റിദ്ധാരണ ജനിപ്പിക്കാൻ ശ്രമം നടന്നിട്ടുണ്ട്. സമൂഹത്തെ പതിറ്റാണ്ടുകൾ പിറകോട്ട് തള്ളിക്കൊണ്ടുപോയാലേ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാനാകൂവെന്ന് വിചാരിക്കുന്ന ശക്തികളും വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ കണ്ണുവയ്ക്കുന്ന പാർടികളും പലപ്പോഴും അവിശുദ്ധബന്ധങ്ങളിൽ ഏർപ്പെടുകയുമാണ്. അഞ്ച് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ അത് പരസ്യവുമായി. എന്നാൽ, പ്രബുദ്ധരായ വോട്ടർമാർ ആ ചതിക്കുഴിയിൽ വീണില്ലെന്നു മാത്രമല്ല, ആ അപകടത്തെ മുളയിലേ നുള്ളിക്കളയുകയുംചെയ്തു.

"വിമോചനസമര'ത്തിന്റെ പുതിയ പതിപ്പിറക്കി ശ്വാസം നിലനിർത്താനാകുമോ എന്നാണ് ജനവിരുദ്ധ മുന്നണിയുടെ നോട്ടം. അതിന് സംഘപരിവാരത്തിന്റെയും വിപ്ലവ വായാടികളുടെയും  ഉറച്ച പിന്തുണയുമുണ്ട്. എന്നാൽ, അന്ന് അതിന് നേതൃത്വം നൽകിയവർ മുഷ്ടി ചുരുട്ടാൻ പോലും കഴിയാത്തവിധം ദുർബലമായിരിക്കുന്നുവെന്നതാണ് യാഥാർഥ്യം. "വിമോചനസമര'മാണ് രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വലിയ തെറ്റെന്ന സ്വാതന്ത്ര്യ സമരസേനാനി എ വി കുട്ടിമാളുയമ്മയുടെ പഴയ പ്രസ്താവനയും അത് ജനാധിപത്യത്തിനേൽപ്പിച്ച  ക്ഷതം മാരകമാണെന്ന കെ ശങ്കരനാരായണന്റെ സമീപകാല തുറന്നുപറച്ചിലും ഗൗരവതരമാണ്. ഈ കേരളപ്പിറവി ദിനത്തിൽ "വിമോചനസമര' സ്വപ്നങ്ങൾക്കെതിരെ ജാഗ്രത പാലിക്കുകകൂടി ജനാധിപത്യവാദികളുടെ അടിയന്തരകടമയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top