29 March Friday

നീതി നിഷേധിക്കുന്ന കോൺഗ്രസ്‌ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019


ഗോരക്ഷകരുടെ വേഷമണിഞ്ഞ സംഘപരിവാർ പ്രവർത്തകർ രണ്ട് വർഷം മുമ്പ് അടിച്ചുകൊന്ന പെഹ‌്‌ലുഖാനെതിരെ രാജസ്ഥാനിലെ അശോക് ഗെഹ‌്‌ലോട്ട‌് സർക്കാർ കുറ്റപത്രം സമർപ്പിച്ചെന്ന വാർത്ത ഞെട്ടലുളവാക്കുന്നതാണ്.  വിശ്വഹിന്ദു പരിഷത്തുകാരുടെയും ബജ‌്‌രംഗ‌്ദൾ പ്രവർത്തകരുടെയും അതിഭീകരമായ മർദനമേറ്റ് 2017 ഏപ്രിലിലാണ് പെഹ‌്‌ലുഖാൻ കൊല്ലപ്പെട്ടത്.  ജയ‌്പുരിലെ കാലിച്ചന്തയിൽനിന്ന‌് ആവശ്യമായ രേഖകൾസഹിതം പശുവിനെയും കിടാവിനെയും വാങ്ങി രണ്ട് മക്കൾക്കൊപ്പം പിക്കപ്പ് വാനിൽ താമസസ്ഥലമായ ഹരിയാനയിലെ നൂഹ് ജില്ലയിലെ ജയസിങ‌്പുർ ഗ്രാമത്തിലേക്ക് പോകുമ്പോഴായിരുന്നു ഗോരക്ഷാഗുണ്ടകളുടെ ആക്രമണം. ജയ‌്പുർ–-അൽവാർ റോഡിൽ ബെഹ്റോറിൽവച്ച് മർദനമേറ്റ പെഹ‌്‌ലുഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിനുശേഷം മരിക്കുകയായിരുന്നു. 

ക്രൂരമായി കൊലചെയ്യപ്പെട്ട പെഹ‌്‌ലുഖാനെതിരെ കുറ്റപത്രം സമർപ്പിച്ച രാജസ്ഥാൻ പൊലീസ് അദ്ദേഹത്തെ കൊന്ന പ്രതികളെ മുഴുവൻ കുറ്റ വിമുക്തമാക്കുകയും ചെയ‌്തെന്നതാണ് ഏറെ പ്രതിഷേധാർഹം. പെഹ‌്‌ലുഖാനെയും മക്കളെയും ആക്രമിച്ച ഓം യാദവ് ഉൾപ്പെടെ ആറ് പേർക്കെതിരെയുള്ള കേസാണ് വേണ്ടത്ര തെളിവില്ലെന്നുപറഞ്ഞ് ആറുമാസത്തിനകംതന്നെ തള്ളിയത്. ബിജെപി സർക്കാരിന്റെ കാലത്ത് ആരംഭിച്ച അന്വേഷണം തീർത്തും പക്ഷപാതപരമായിരുന്നു. ആ സർക്കാർ മാറി കോൺഗ്രസ് സർക്കാർ അധികാരത്തിൽവന്നപ്പോൾ പെഹ‌്‌ലുഖാന്റെ കുടുംബം സ്വാഭാവികമായും നീതി പ്രതീക്ഷിച്ചു. എന്നാൽ, ഗെഹ‌്‌ലോട്ട‌് അധികാരത്തിൽവന്ന് 13 ദിവസത്തിനുശേഷം തയ്യാറാക്കിയ കുറ്റപത്രമാണ് ഇപ്പോൾ ബെഹ്റോർ അഡീഷണൽ മജിസ്ട്രേട്ട‌് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.  ഗെ‌ഹ‌്‌ലോട്ട‌് തന്നെ ആഭ്യന്തരവകുപ്പ് കൈയാളുന്ന വേളയിലാണ് ഈ കടുത്ത അനീതി കാട്ടിയിരിക്കുന്നത‌്. രാജ്യത്ത് ഇരട്ടനീതിയാണ് എന്ന വിമർശനത്തിന് ഇടംകൊടുക്കുന്ന നടപടിയാണ് ഗെ‌ഹ‌്‌ലോട്ട‌് സർക്കാരിൽനിന്ന‌് ഉണ്ടായിട്ടുള്ളത്.

ഏറെ പ്രതീക്ഷയോടെയാണ് രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ജനങ്ങൾ പ്രത്യേകിച്ചും ന്യൂനപക്ഷ ജനവിഭാഗം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ‌്തത‌്.  ഈ സംസ്ഥാനങ്ങളിൽ ഗോസംരക്ഷണത്തിന്റെപേരിൽ സംഘപരിവാർ കൂട്ടങ്ങൾ തുടർച്ചയായി ന്യൂനപക്ഷവിഭാഗങ്ങളെയും ദളിതരെയും ആക്രമിക്കുകയായിരുന്നു.  പെഹ‌്‌ലുഖാന്റെ മകൻ ഇർഷാദ‌് പറഞ്ഞതുപോലെ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ കേസുകൾ പുനഃപരിശോധനയ‌്ക്ക് വിധേയമാക്കി തങ്ങൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ, തങ്ങൾക്കെതിരെയുള്ള കേസുകൾ പിൻവലിച്ചില്ലെന്ന് മാത്രമല്ല കൊല്ലപ്പെട്ട പെഹ‌്‌ലുഖാനും അദ്ദേഹത്തിന്റെ രണ്ടുമക്കൾക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുകയുമാണ്. ഇരകൾക്കൊപ്പം നിലകൊള്ളേണ്ട സർക്കാർ വേട്ടക്കാർക്കൊപ്പം ചേർന്നിരിക്കുകയാണ്.

ഇത് ഇർഷാദിന്റെ മാത്രം വികാരമല്ല. മറിച്ച് ഭൂരിപക്ഷം ന്യൂനപക്ഷ ജനവിഭാഗങ്ങളുടെയും വികാരമായി രാജ്യത്ത് വളരുകയാണ്. മധ്യപ്രദേശിലും സമാനമായ സമീപനംതന്നെയാണ് കോൺഗ്രസ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.  കന്നുകാലികളെ കൊന്നുവെന്നാരോപിച്ച് മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിൽ മൂന്ന് മുസ്ലിങ്ങൾക്കെതിരെ ദേശീയ സുരക്ഷാനിയമം ചുമത്തി കേസെടുത്തിരിക്കുകയാണ് കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ. കോൺഗ്രസ് നേതൃത്വംതന്നെ ഇത് പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടും കമൽനാഥ് സർക്കാർ ആ ദിശയിൽ ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടതായി സൂചനയില്ല. മധ്യപ്രദേശ് സർക്കാരിന്റെ നടപടിയെ അന്ന് രൂക്ഷമായി വിമർശിച്ച കോൺഗ്രസ് നേതാവാണ് രാജസ്ഥാൻ പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റ്. പക്ഷേ ഇപ്പോൾ അദ്ദേഹം ഉപമുഖ്യമന്ത്രിയായ സർക്കാരാണ് ‘മരിച്ച പ്രതിക്കെതിരെ' പോലും കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 

ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെ ആശയപരമായ എതിർപ്പ് കോൺഗ്രസിന് ഇല്ല എന്നതാണ് അടിസ്ഥാനപരമായ പ്രശ്നം.  ആർഎസ‌്എസ‌് മുന്നോട്ടുവയ‌്ക്കുന്ന ഗോസംരക്ഷണവാദം തന്നെയാണ് ഒരു പടികൂടി കടന്ന് കോൺഗ്രസും മുന്നോട്ടുവയ‌്ക്കുന്നത്. മനുഷ്യജീവനേക്കാൾ പ്രധാനം മൃഗങ്ങളുടെ ജീവനാണെന്ന് വരുമ്പോൾ ഇല്ലാതാകുന്നത് മനുഷ്യത്വംതന്നെയാണ്. മൃഗങ്ങളുടെ വിലയെങ്കിലും മനുഷ്യന് നൽകണമെന്നാണ് പെഹ‌്‌ലുഖാന്റെ കുടുംബം രാജസ്ഥാൻ സർക്കാരിനോട് കേഴുന്നത്.  മനുഷ്യരായി ജീവിക്കാനുള്ള അവകാശമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. ഇത് തീർത്തും പ്രതിഷേധാർഹമാണ്. കോൺഗ്രസ് സർക്കാരിൽനിന്ന‌് ന്യൂനപക്ഷങ്ങൾക്ക് ഒരു നീതിയും കിട്ടില്ലെന്ന്  ആവർത്തിച്ച് വ്യക്തമാക്കപ്പെടുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top