ഇന്ത്യയില്‍ ഗ്രാമീണ തൊഴിലില്ലായ്മയ്ക്കും ദാരിദ്യ്രത്തിനും പരിഹാരം തേടി ഇടതുപക്ഷപിന്തുണയുള്ള ഒന്നാം യുപിഎ സര്‍ക്കാര്‍ ആരംഭിച്ച മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബിജെപി ഭരണത്തില്‍ നാള്‍ക്കുനാള്‍ ശോഷിച്ചുവരികയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്ന 2014ല്‍ മുന്‍ സര്‍ക്കാര്‍ വകയിരുത്തിയ 34,000 കോടിയില്‍ 4000 കോടി രൂപ കുറച്ചാണ് ചെലവാക്കിയത്. മൂന്നുവര്‍ഷം പിന്നിടുമ്പോഴും ആനുപാതികമായ വര്‍ധന വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല. സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടായിട്ടും 2016-17 ബജറ്റില്‍ 1.1 ശതമാനം വര്‍ധനയ്ക്കുമാത്രമാണ് സര്‍ക്കാര്‍ തയ്യാറായത്. രാജ്യത്തെ തൊഴില്‍സേനയുടെ ആവശ്യം വച്ച് കണക്കാക്കിയാല്‍ 80,000 കോടിയെങ്കിലും വകയിരുത്തല്‍ ആവശ്യമുള്ള സ്ഥാനത്താണ് 48,000 കോടിയില്‍ നില്‍ക്കുന്നത്്. വകയിരുത്തലിന്റെ സ്ഥിതി ഇതാണെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന തുകയില്‍ വീണ്ടും വെട്ടിക്കുറവ് വരുത്തുന്നു. ഇതില്‍തന്നെ കേരളം, ത്രിപുരപോലുള്ള സംസ്ഥാനങ്ങളോട് വൈരനിര്യാതനത്തോടുകൂടി വിവേചനം കാട്ടുന്നു.
നിയമം അനുസരിച്ച് പഞ്ചായത്തില്‍നിന്ന് തൊഴില്‍കാര്‍ഡ് എടുത്തവര്‍ക്ക് വര്‍ഷം നൂറുദിവസത്തെ തൊഴില്‍ കൊടുക്കണം. അപേക്ഷിച്ച് 15 ദിവസത്തിനകം തൊഴില്‍ നല്‍കിയില്ലെങ്കില്‍ വേതനം നല്‍കണം. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്തവരില്‍ അഞ്ചുശതമാനം കുടുംബങ്ങള്‍ക്കുമാത്രമാണ് കഴിഞ്ഞവര്‍ഷം നൂറുദിവസത്തെ തൊഴില്‍ നല്‍കിയത്. തൊഴിലുറപ്പ് സാര്‍വത്രികമാക്കിയ 2008ല്‍ 15 ശതമാനം കുടുംബങ്ങള്‍ക്ക് ഇന്ത്യയില്‍ നൂറുദിവസത്തെ തൊഴില്‍ ലഭിച്ചിരുന്നു. ഈ കാലയളവില്‍ കേരളത്തില്‍ നൂറുദിവസം തൊഴില്‍ ലഭിച്ച കുടുംബങ്ങളുടെ എണ്ണം 32 ശതമാനമായിരുന്നു. ഇപ്പോഴത് ഏഴുശതമാനമായി കുറഞ്ഞു. 2011ല്‍ ഇന്ത്യയിലെ ഗ്രാമവാസികളില്‍ 40 ശതമാനം കുടുംബങ്ങളും തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നതിനുള്ള തൊഴില്‍കാര്‍ഡ് എടുത്തിരുന്നു. എന്നാല്‍, 2015ല്‍ തൊഴിലുറപ്പ് കാര്‍ഡുകാരുടെ അനുപാതം ആകെയുള്ള കുടുംബങ്ങളുടെ 28 ശതമാനമായി കുറഞ്ഞു. ഗ്രാമവാസികള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതാണ് ഇത് കാണിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയില്‍ രാജ്യത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമാണ് ത്രിപുര. സൃഷ്ടിച്ച തൊഴില്‍ദിനങ്ങളുടെ ദേശീയ ശരാശരി 46 ആയിരിക്കുമ്പോള്‍ ത്രിപുരയില്‍ ഇത് എണ്‍പതാണ്. എന്നാല്‍, പ്രവൃത്തിയുടെ മാനദണ്ഡങ്ങളില്‍ കുരുക്കി ത്രിപുരയ്ക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രതിവര്‍ഷം നൂറ് തൊഴില്‍ദിനം എന്ന ലക്ഷ്യത്തില്‍നിന്ന് വളരെ അകലെയാണ് ദേശീയതലത്തില്‍ ഇപ്പോഴത്തെ നില. തൊഴിലുറപ്പ് പദ്ധതി മെച്ചപ്പെട്ടനിലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സംസ്ഥാനമാണ് കേരളം. എന്നാല്‍, സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് കൂലി അനുവദിക്കുന്ന കാര്യത്തില്‍ കടുത്ത വിവേചനമാണ് കേരളം നേരിടുന്നത്. എട്ടുമാസത്തെ കുടിശ്ശികയായി 700 കോടി രൂപയാണ് കേരളത്തിലെ തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ളത്. രാജ്യത്താകെ 7113 കോടി കുടിശ്ശികയുണ്ട്. ദേശീയതലത്തിലുള്ള കുടിശ്ശികയുടെ പത്തുശതമാനവും കൊച്ചുകേരളത്തിനാണെന്ന് അറിയുമ്പോള്‍, സംസ്ഥാനത്തോടുള്ള പ്രതികാരമനോഭാവം വ്യക്തമാകും. ബംഗാളാണ് കുടിശ്ശിക കൂടുതലുള്ള മറ്റൊരു സംസ്ഥാനം.
തൊഴിലാളികളുടെ കൂലിക്കുടിശ്ശിക ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ മുട്ടാത്ത വാതിലുകളില്ല. പലവട്ടം നിവേദനം നല്‍കുകയും മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തുകയും ചെയ്തു. സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി കേന്ദ്രത്തിന് അയക്കുകയും ചെയ്തു. കൂലി നേരിട്ട് തൊഴിലാളികളുടെ ബാങ്ക് അക്കൌണ്ടിലേക്കാണ് നല്‍കാറുള്ളത്. സംസ്ഥാന സര്‍ക്കാര്‍ തൊഴിലാളികളുടെ കുടിശ്ശിക ഉടനെ തീര്‍ത്തുനല്‍കാമെന്നും ആ തുക സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കാമെന്ന ഉറപ്പുനല്‍കണമെന്നും ഏറ്റവുമൊടുവില്‍ സംസ്ഥാനം നിര്‍ദേശം വച്ചു. എന്നാല്‍, ഇതിനോടൊന്നും പ്രതികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുനിന്ന് വ്യത്യസ്തമായി മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് ഈ രംഗത്ത് കഴിഞ്ഞ ഒരുവര്‍ഷമായി നടക്കുന്നത്. 2426.85 കോടി രൂപയാണ് 2016-17ല്‍ ചെലവഴിച്ചത്. തൊട്ടുമുന്‍വര്‍ഷം പദ്ധതിയുടെ സാധനഘടകത്തിനായി ഏറ്റവും കുറഞ്ഞ ശതമാനം തുക ചെലവഴിച്ച സംസ്ഥാനങ്ങള്‍ക്കൊപ്പമായിരുന്നു കേരളം. ഇത് 2.2ല്‍നിന്ന് 6.9 ശതമാനമായി ഉയര്‍ത്താന്‍ ഈവര്‍ഷം കഴിഞ്ഞു. 166 കോടി രൂപ ഈ ഇനത്തില്‍ ചെലവഴിക്കാനായി. 2017-18ല്‍ മൊത്തം തുകയുടെ 30 ശതമാനവും സാധനഘടകത്തില്‍ ഉള്‍പ്പെടുത്തി ആസ്തിവികസനത്തിനായി ചെലവിടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 3000 കോടി രൂപയാണ് വരുംവര്‍ഷത്തേക്കുള്ള ലക്ഷ്യം. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഇതിനോടൊന്ന് ക്രിയാത്മകമായി പ്രതികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല.
സബ്സിഡിയായും ആനുകൂല്യങ്ങളായും രാജ്യത്തിന്റെ സമ്പത്ത്തിന്നുമുടിക്കുന്ന വിഭാഗങ്ങളായി കര്‍ഷകരെയും ഗ്രാമീണ തൊഴിലാളികളെയും കാണുന്ന ഉദാരവല്‍ക്കരണ സാമ്പത്തികനയത്തിന്റെ വക്താക്കള്‍ക്ക് ഈ ദാരിദ്യ്രനിര്‍മാര്‍ജന പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ ഒട്ടും താല്‍പ്പര്യം കാണില്ല. എന്നാല്‍, 258 രൂപ ദിവസക്കൂലിയും വര്‍ഷത്തില്‍ അമ്പതില്‍ താഴെ തൊഴില്‍ദിനങ്ങളുമായി ജീവിതം തള്ളിനീക്കുന്നവരെ കേന്ദ്രഭരണം ഇനിയും പരീക്ഷിക്കരുത്. കുടിശ്ശികവേതനം എത്രയുംവേഗം ലഭ്യമാക്കാനും കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കാനും മോഡിസര്‍ക്കാര്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ കടുത്ത സമ്മര്‍ദംതന്നെ കേന്ദ്രത്തില്‍ ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്്. തൊഴിലാളികളാകട്ടെ നിരന്തര പ്രക്ഷോഭത്തിലും. ഇതെല്ലാം അവഗണിച്ച് തൊഴിലുറപ്പ് പദ്ധതിക്കുതന്നെ ചരമക്കുറിപ്പ് എഴുതാനാണ് മോഡിസര്‍ക്കാരിന്റെ നീക്കമെങ്കില്‍ ശക്തമായ പ്രക്ഷോഭം ക്ഷണിച്ചുവരുത്തലായിരിക്കും ഫലം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..