25 September Monday

കടൽ കീഴടക്കിയ സ്വപ്‌നസഞ്ചാരി

വെബ് ഡെസ്‌ക്‌Updated: Monday May 1, 2023


ഒരുകാലത്ത്, ലോകത്തെ കണ്ടെത്തിയവരുടെ പേരായിരുന്നു നാവികർ. അവർ വെറും കപ്പലോട്ടക്കാർ ആയിരുന്നില്ല; ലോക സഞ്ചാരികളായിരുന്നു. ലോകം കീഴടക്കിയത് അവരായിരുന്നു. ഇന്ന് കടലിലൂടെ വഴിമാറി സഞ്ചരിച്ച ഒരു മലയാളി ലോകചരിത്രത്തിൽ ഇടംനേടിയിരിക്കുന്നു. അഭിലാഷ് ടോമിയെന്ന നാവികന്റെ വിജയത്തിൽ ലോക ചരിത്രത്തിലെ വിജയഭേരികളുടെ പ്രതിധ്വനികളുണ്ട്.

15–-ാം നൂറ്റാണ്ടിലെ അധിനിവേശ ചരിത്രങ്ങളുടെയെല്ലാം പിറകിൽ ഒരു കപ്പലുണ്ട്. കാറ്റുപിടിച്ചോടുന്ന അതിന്റെ പായകൾ പുതിയ ലോകത്തിന്റെ പതാകകളായി. സിരകളിൽ സാഹസികതയും യുദ്ധവീര്യവും നിറച്ച മനുഷ്യർ നാവികരായി. അവരുടെ കാൽച്ചുവട്ടിൽ കടൽ കളിപ്പൊയ്കയായി.

പോർച്ചുഗീസ് നാവികനായ ഫെർഡിനന്റ്‌ മഗല്ലന്റെ സംഘം സ്പെയിനിൽനിന്ന് പുതിയ കടൽപ്പാതകൾ തേടിയിറങ്ങിയത് 16–-ാംനൂറ്റാണ്ടിലാണ്. 1519-ൽ അഞ്ച് കപ്പലിലായി കടലിലേക്ക്‌ ഇറങ്ങിയ അവർ മൂന്നുവർഷം വെള്ളത്തിൽമാത്രം ജീവിച്ച് ലോകം ചുറ്റിവന്നു. അതിനിടയിൽ മഗല്ലൻ കൊല്ലപ്പെട്ടിരുന്നു. പക്ഷേ, ആദ്യമായി ഭൂമി ചുറ്റിവന്ന നാവികനെന്നപേരിൽ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നു.

ഇറ്റാലിയൻ നാവികനായ കൊളംബസിന്റെ കടൽയാത്രകളിലൂടെ അമേരിക്ക ലോകത്തിന് വെളിപ്പെട്ടു. യൂറോപ്യൻ അധിനിവേശത്തിന്റെ അഹിത കഥകൾ കേൾക്കേണ്ടിവന്നെങ്കിലും നാവികരുടെ യാത്രകൾ ലോകത്തെ മറ്റൊന്നാക്കി. ആകാശവും കടലും അവരോടൊന്നിച്ച്‌ യാത്ര ചെയ്തു. ആ ഗണത്തിൽ മലയാളികൾ ഓർമിക്കുന്ന പേരാണ് വാസ്കോഡ ഗാമ.നക്ഷത്രം നോക്കിയും കാറ്റിന്റെ ഗതിയളന്നും മനക്കരുത്തിന്റെ നൗകയിൽ യാത്രചെയ്ത പ്രാചീന നാവികരുടെ അതേ പാതയിലാണ് അഭിലാഷ് ടോമിയുടെയും യാത്ര.


 

കടൽ സാഹസിക യാത്രയുടെ അവസാന വാക്കാണ് ഗോൾഡൻ ഗ്ലോബ്.  മഹാസമുദ്രങ്ങൾ താണ്ടണം. അപകടകരമായ മുനമ്പുകൾ മറികടക്കണം. അതിനിടെ ആളെ വിഴുങ്ങുന്ന തിരമാലകളും കൊടുങ്കാറ്റും പേമാരിയും. കരകാണാക്കടലിൽ മറ്റ് വെല്ലുവിളികൾ വേറെയും. 48,000 കിലോമീറ്റർ എവിടെയും നിർത്താതെ സഞ്ചരിക്കണം. 1968ൽ നടന്ന ആദ്യ ഗോൾഡൻ ഗ്ലോബ് യാത്രയ്‌ക്ക് ഉപയോഗിച്ച സാങ്കേതികവിദ്യകൾ മാത്രമേ പാടുള്ളൂ. അതായത് കാറ്റിന്റെ ഗതിക്കനുസരിച്ച് വടക്കുനോക്കിയന്ത്രവും ഭൂപടവും നക്ഷത്രങ്ങളുടെ ദിശയും നോക്കിയുള്ള യാത്ര. മൊബൈൽ ഫോൺ അനുവദിക്കില്ല. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചാണ് ഇന്ത്യൻ നേവി റിട്ട. കമാൻഡറായ നാൽപ്പത്തിനാലുകാരൻ ‘ബയാനത്ത്' എന്ന പായ്‌ വഞ്ചിയിൽ യാത്ര പൂർത്തിയാക്കിയത്.

ഇതിനുമുമ്പ് രണ്ട് ഗോൾഡൻ ഗ്ലോബ് യാത്രയാണ് നടന്നത്. 1968ൽ നടന്ന ആദ്യ യാത്രയിൽ ബ്രിട്ടീഷ് നാവികനായ റോബിൻ നോക്സ് ജോൺസ്റ്റൺ മാത്രമാണ് ഫിനിഷ് ചെയ്തത്. ഒമ്പതുപേർ അണിനിരന്ന മത്സരത്തിൽ ഏഴുപേർ അപകടത്തിൽപ്പെടുകയോ പിൻവാങ്ങുകയോ ചെയ്തു. കൊടിയ ഏകാന്തതയിൽ മനംമടുത്ത് ഒരാൾ ജീവനൊടുക്കി. 2018ൽ നടന്ന മത്സരത്തിൽ 18 പേരുണ്ടായിരുന്നു. അതിൽ അഞ്ചുപേരാണ് ഫിനിഷ് ചെയ്തത്.

മനക്കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും സമാനതകളില്ലാത്ത മറുപേരാണ് അഭിലാഷ് ടോമി. 2012ൽ നാവികസേനയിൽ ഉള്ളപ്പോൾ ലോകം ചുറ്റിയിട്ടുണ്ട്. 42,871 കിലോമീറ്റർ 151 ദിവസംകൊണ്ട് പൂർത്തിയാക്കി. പിന്നീട് 2018 ഗോൾഡൻ ഗ്ലോബിൽ യാത്രയ്‌ക്കിടെ മരണത്തെ മുഖാമുഖം കണ്ടു. പായ് വഞ്ചി അപകടത്തിൽപ്പെട്ടു. മൂന്നു ദിവസം അനങ്ങാൻ പോലുമാകാതെ കിടപ്പായി. ഒടുവിൽ ഫ്രഞ്ച് കപ്പലാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് ശസ്ത്രക്രിയക്കും വിശ്രമത്തിനുംശേഷമാണ് ജീവിതത്തിലേക്കും കടൽയാത്രയ്‌ക്കും തിരിച്ചെത്തിയത്. മത്സരം പൂർത്തിയാക്കാൻ സാധിക്കാത്തതിലുള്ള നിരാശയിൽ മടുത്തിരിക്കാതെ വീണ്ടും തയ്യാറായി. ഇതൊരു പാഠമാണ്, പ്രത്യേകിച്ച് പുതിയ തലമുറയ്ക്ക്. ജീവിതത്തിലെ ചെറിയ തിരിച്ചടികൾ പോലും നേരിടാനാകാതെ ഉഴറിപ്പോകുന്നവർക്ക് പകർത്താവുന്ന ഉദാത്ത മാതൃക.

തോൽക്കാൻ മനസ്സില്ലെന്ന് പ്രഖ്യാപിച്ച് തിരിച്ചുവന്ന ഈ നാവികന്റെ ചങ്കുറപ്പിനെ സല്യൂട്ട് ചെയ്യാതെ വയ്യ. തിരിച്ചടികളിൽ തളർന്നതേയില്ല. ആത്മവിശ്വാസം കൈമുതലാക്കി ലക്ഷ്യംമാത്രം മനസ്സിൽ നിറച്ചു. ധൈര്യവും ഇച്ഛാശക്തിയും തുന്നിച്ചേർത്തൊരു പായ് വഞ്ചിയെന്ന് അഭിലാഷ് ടോമിയെ വിളിക്കാം. ചരിത്രമായി മാറിയ യാത്രയ്ക്ക് അഭിവാദ്യങ്ങൾ.
രണ്ടാമനായി ഫിനിഷ് ചെയ്ത അഭിലാഷിന്റെ നേട്ടത്തിൽ അഭിമാനിക്കുമ്പോൾത്തന്നെ ഒന്നാമതെത്തിയ ദക്ഷിണാഫ്രിക്കക്കാരി കേഴ്സ്റ്റൺ ന്യൂസ് ഷഫറിനെ അഭിനന്ദിക്കാതെ വയ്യ. മത്സരത്തിനിറങ്ങിയ 16 പേരിലെ ഏക വനിത. വനിതകൾക്ക് സാധിക്കാത്തതായി ഒന്നുമില്ലെന്ന വിളംബരം. ഭൂമിയും ആകാശവും മാത്രമല്ല കടലും വനിതകൾ കീഴടക്കിയിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top