02 May Thursday

ജുഡീഷ്യറിയിലെഅഴിമതി മറനീക്കുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Thursday Feb 1, 2018

അഴിമതി അർബുദംപോലെ പടരുന്ന രാഷ്ട്രശരീരത്തിൽ ചില ഭാഗങ്ങൾ അഴിമതിമുക്തമായിരിക്കുക എളുപ്പമല്ല. അതുകൊണ്ടുതന്നെ ജുഡീഷ്യറിയിലെ അഴിമതിയെപ്പറ്റി വരുന്ന വാർത്തകൾ ഇന്ത്യയിലാരെയും ഞെട്ടിക്കുന്നില്ല. ജുഡീഷ്യറിയിലെ പുഴുക്കുത്തുകൾ മുമ്പും പുറത്തുവന്നിട്ടുണ്ട്, പക്ഷേ അപൂർവമായിമാത്രം. ഇപ്പോൾ പുറത്തുവരുന്നവപോലും ഉള്ളിലുള്ളതിന്റെ എത്ര അംശം വരുമെന്നത് പറയാനാകില്ല.

പക്ഷേ, അടുത്തിടെ ഉയർന്ന ആരോപണങ്ങൾക്ക് വിശ്വാസ്യത കൂടുന്നു. സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന നാല് ജഡ്ജിമാർ പരസ്യമായി ഉന്നയിച്ച പ്രശ്നങ്ങൾ കോടതിനടത്തിപ്പിലെ സാങ്കേതികയെപ്പറ്റിയാണെന്ന് തോന്നാമെങ്കിലും അത് അടിവരയിട്ടതും ജുഡീഷ്യറിയിൽ പടരുന്ന അഴിമതിക്കാണ്. അവരുടെ പൊട്ടിത്തെറിക്കലിന് ഇടയാക്കിയ കേസുകളിലൊന്നിലാണ് ഇപ്പോൾ ജഡ്ജിക്കെതിരെ നടപടിക്ക് സുപ്രീംകോടതി മുതിരുന്നത്.

മെഡിക്കൽകോഴ കേസിൽ ആരോപണവിധേയനായ അലഹബാദ് ഹൈക്കോടതി ജഡ്‌‌‌‌ജി നാരായൺ ശുക്ലയ്‌‌‌‌ക്കെതിരായ നടപടി അത്തരത്തിൽ തികച്ചും സ്വാഗതാർഹമാണ്. ഈ കേസിൽത്തന്നെയാണ് ഇന്ത്യൻ ചീഫ് ജസ്റ്റിസിനെതിരെയും പരോക്ഷമായ ആരോപണങ്ങൾ ഉയർന്നത്. കേസിൽ ഉൾപ്പെട്ട സ്ഥാപനമായ ലഖ്നൗവിലെ പ്രസാദ് എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ ചില കേസുകൾ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും കേട്ടിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട ഒരു ശബ്ദരേഖയിൽ ചീഫ് ജസ്റ്റിസിലേക്ക് നീളുന്നതെന്ന് സംശയിക്കാവുന്ന ചില സൂചനകളും ഉണ്ടായി. കേസിൽ മറ്റ് മെഡിക്കൽ കോളേജുകൾക്ക് കിട്ടാത്ത ചില ആനുകൂല്യങ്ങൾ പ്രസാദ് ട്രസ്റ്റിന് അലഹബാദ് ഹൈക്കോടതിയിൽനിന്നും സുപ്രീംകോടതിയിൽനിന്നും കിട്ടി. മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റിസുമായി കലഹിക്കാൻ ആ കേസ് കാരണമാകുകയും ചെയ്തു. 

ഏതായാലും നാരായൺ ശുക്ലയ്ക്കെതിരെ നടപടിക്ക് ഒടുവിൽ ചീഫ് ജസ്റ്റിസ് നിർബന്ധിതനായി. അത്രയും നന്ന്. പക്ഷേ, ജുഡീഷ്യറിയെ ബാധിക്കുന്ന അപചയം ചെറുക്കാൻ ഇത്തരം ഒറ്റപ്പെട്ട നടപടികൾ മതിയാകില്ലെന്നതാണ് സത്യം. ജുഡീഷ്യറിയിൽ മറ്റ് രംഗങ്ങളിലെപ്പോലെ അഴിമതി ഉള്ളതായി പൊതുവെ കരുതപ്പെടുന്നില്ല. പക്ഷേ, ഇതിന് ഒരു കാരണം അഴിമതി പുറത്തുവരാൻ പ്രയാസമാണ് എന്നതുമാകാം. കർക്കശമായ കോടതിയലക്ഷ്യ നിയമവും മറ്റും ആരോപണങ്ങൾ പുറത്തുവരാനുള്ള സാധ്യതപോലും തടയുന്നു. ഇതിന് മറുമരുന്നായി ജുഡീഷ്യറിക്കെതിരെ ആർക്കും എന്തും പറയാവുന്ന അവസ്ഥ അംഗീകരിക്കാനുമാകില്ല. ഈ സാഹചര്യത്തിൽ ജഡ്ജിനിയമനംമുതലുള്ള ജാഗ്രതയിലൂടെമാത്രമേ പ്രശ്നത്തിന് ശാശ്വതപരിഹാരം സാധ്യമാകൂ.

ജനപ്രതിനിധികൾക്കിടയിൽ അഴിമതിയുണ്ട്. പക്ഷേ, അവർ അഞ്ചുവർഷത്തിലൊരിക്കൽ പൊതു ഓഡിറ്റിന് വിധേയരാകേണ്ടി വരുന്നുണ്ട്. അവിടെയെങ്കിലും അവർ പിടിക്കപ്പെട്ടേക്കാം. പക്ഷേ, ജഡ്ജിമാർ നിയമിക്കപ്പെട്ടാൽ വിരമിക്കുംവരെ തെറ്റുചെയ്യാത്തവർ എന്ന പ്രതീതിയിൽ തുടരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ആകെ ഇംപീച്ച്മെന്റ്് നടപടി ആരംഭിച്ചത് അഞ്ച് ജഡ്ജിമാർക്കെതിരെ മാത്രമാണ്. (ഒന്നിലും നടപടി പൂർത്തിയായില്ല). പിടിക്കപ്പെട്ടവർ അത്രപേരെയുള്ളൂ എന്നുമാത്രമാണ് ഇതിന്റെ അർഥം. ഈ സാഹചര്യത്തിൽ ജുഡീഷ്യൽ നിയമനങ്ങളിൽ വരുത്തേണ്ട മാറ്റം വീണ്ടും ഗൗരവമായി പരിഗണിക്കേണ്ടിയിരിക്കുന്നു.

ഒരു കൂട്ടം ജഡ്ജിമാർ അവരുടെ മനസ്സാക്ഷിക്കനുസരിച്ച് വ്യക്തിനിഷ്ഠമായി നടത്തുന്ന വിലയിരുത്തൽമാത്രമാണ് ഇന്ന് നിയമത്തിന് അടിസ്ഥാനം. ആ വിലയിരുത്തൽ ശരിയായെന്നു വരാം; തെറ്റിയെന്നും വരാം. തെറ്റിയാൽ അപകടത്തിലാകുന്നത് കോടിക്കണക്കിനു ജനങ്ങൾ അന്തിമാശ്രയം എന്ന നിലയിൽ വിലമതിക്കുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യതയാണ്. മാറ്റം വേണമെന്ന ആവശ്യം ഉയർന്നിട്ട് നാളേറെയായി. ജഡ്ജിമാരുടെ നിയമനരീതി മാറണം. ഒപ്പം, ഉയർന്ന നീതിന്യായപീഠങ്ങൾ ഫലപ്രദമായി നിരീക്ഷിക്കപ്പെടുകയും വേണം.

ഇപ്പോഴത്തെ കൊളീജിയം രീതിക്കു പകരം കൊണ്ടുവന്ന നാഷണൽ ജുഡീഷ്യൽ അപ്പോയ്മെന്റ് കമീഷൻ നിയമം സുപ്രീംകോടതി റദ്ദാക്കിയിരിക്കുകയാണ്. ആ നിയമം, ഭരണ സംവിധാന (എക്സിക്യൂട്ടീവ്)ത്തിന് അമിതാധികാരം നൽകുംവിധമായിരുന്നു. അത് ഒട്ടും ആശാസ്യമല്ല. കഴിഞ്ഞ ഒന്നരവർഷമായി മോഡി സർക്കാർ ജുഡീഷ്യൽ നിയമനത്തിൽ ഇടപെടാൻ നടത്തുന്ന ശ്രമങ്ങൾ രാജ്യം കണ്ടതാണ്. കൊളീജിയം തെരഞ്ഞെടുക്കുന്നവരുടെ പേരുകൾ ദേശീയ സുരക്ഷ മുൻനിർത്തി ഒന്നുകൂടി പരിശോധിക്കണം എന്ന സർക്കാരിന്റെ നിർദേശവും മറ്റും ഈ ഇടപെടലിന്റെ ഭാഗമായിരുന്നു.

അങ്ങനെയൊരു സർക്കാരുള്ളപ്പോൾ എക്‌‌സിക്യൂട്ടീവിന് കൂടുതൽ ഇടപെടൽ സാധ്യതയുള്ള ഒരു നിയമനസംവിധാനം വന്നാൽ എന്താകും സ്ഥിതി? കൂടുതൽ വിപുലവും സുതാര്യവും ജനാധിപത്യപരവുമായ ഒരു ദേശീയ ജുഡീഷ്യൽ കമീഷനാണ് പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം. സിപിഐ എമ്മും അഭിഭാഷക സംഘടനകളും ആവശ്യപ്പെടുന്നതും അതാണ്. ഈ ആവശ്യമുയർത്തി ശക്തമായ ജനകീയ ഇടപെടൽ ഉണ്ടാകേണ്ട സമയം വൈകിയിരിക്കുന്നുവെന്ന് പുതിയ സാഹചര്യങ്ങളും തെളിയിക്കുന്നു ●


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top