05 October Thursday

പോരാട്ടങ്ങളുടെ പുതിയ പ്രഭാതം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 1, 2020


 

അനന്തമായ  കാലത്തിന്റെ മഹാപ്രവാഹത്തിന് മനുഷ്യൻ വച്ച അളവുകോലിൽ ഒന്നുകൂടി എടുത്തുമാറ്റി. കലണ്ടറിലെ അവസാന താളും താണ്ടി ഡിസംബർ കടന്നുപോയി. പുതിയ വർഷം പിറന്നിരിക്കുന്നു.

ഇന്ത്യയെ ഇന്ത്യയായി നിലനിർത്താൻ, വർഗീയവാദികളുടെ കരങ്ങളിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ രാജ്യമാകെ ഉണർന്നെഴുന്നേറ്റ മഹോജ്വലങ്ങളായ പോരാട്ടങ്ങൾ കണ്ടുകൊണ്ടാണ് 2019 വിടവാങ്ങിയത്. സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് ഇന്ത്യയെ നയിക്കാൻ ബ്രിട്ടീഷുകാരുടെ തൂക്കുമരങ്ങളെ വെല്ലുവിളിച്ച ധീരദേശാഭിമാനികളുടെ  മാതൃക ജനങ്ങൾ സ്വമേധയാ ഏറ്റെടുത്ത നാളുകൾ.  ജനാധിപത്യവും മതനിരപേക്ഷതയും തകർക്കുന്നതിനെതിരെ എവിടെയും പ്രതിഷേധത്തിന്റെ അഗ്നിജ്വാലകളുയർന്നു.  ഭരണഘടനയുടെ ഹൃദയംതന്നെ പിളർത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാടെങ്ങും പടർന്ന പ്രക്ഷോഭങ്ങളുടെ തുടർച്ചയാണ് പുതിയ പ്രഭാതത്തിൽ  ഇന്ത്യയിലെവിടെയും കാണുന്നത്.

അനേകം നക്ഷത്രങ്ങൾ നിറഞ്ഞ ആകാശംപോലെ, വൈവിധ്യമാർന്ന നിറവും സൗരഭ്യവുമുള്ള പൂക്കൾ നിറഞ്ഞ പൂന്തോട്ടംപോലെ മനോഹരമാണ് നമ്മുടെ ഇന്ത്യ. അനേകം ഭാഷ, ജാതി, മതം, വസ്ത്രധാരണം.... ബഹുസ്വരമായ ഈ സംസ്‌കാരമാണ് നമ്മുടെ കരുത്ത്. നാനാത്വത്തിലെ ഏകത്വം. ‘വസുധൈവ കുടുംബകം' എന്നാണ് പാർലമെന്റിന്റെ പ്രവേശനകവാടത്തിൽ എഴുതിവച്ചിട്ടുള്ളത്. ലോകംതന്നെ കുടുംബം എന്നർഥം. ആ പാർലമെന്റിലിരുന്നുകൊണ്ടാണ് മോഡിയും അമിത് ഷായും മനുഷ്യത്വത്തെ നിഷേധിച്ച് മതാടിസ്ഥാനത്തിൽ ഇന്ത്യയെ വേർതിരിക്കാൻ ശ്രമിക്കുന്നത്.

മുകളിൽ സൂചിപ്പിച്ച ഇന്ത്യൻ സംസ്‌കാരത്തിന്റെ ജനകീയ സ്വഭാവത്തിലും വൈവിധ്യത്തിലും ഊന്നിയുള്ളതാണ് നമ്മുടെ ഭരണഘടന. ജനാധിപത്യവും മതനിരപേക്ഷതയും തുല്യതയും അതിന്റെ ആധാരശിലകൾ.  ഇതൊരിക്കലും അംഗീകരിക്കാത്ത ആർഎസ്എസും ബിജെപിയും നമ്മുടെ സംസ്കാരത്തെ പ്രതിലോമകരമായി അവതരിപ്പിച്ച് വിഭാഗീയവും സങ്കുചിതവുമായ വഴികളിലൂടെ ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. അതിനാണ് ഭരണഘടനയുടെ നടുക്കുറ്റിയും ആകത്തുകയുമായ മതനിരപേക്ഷതയും തുല്യതയും തകർക്കുന്നത്. ഇതിന്റെ ഭാഗമാണ്  പൗരത്വ  ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററുമെല്ലാം. അതുകൊണ്ട്  ഭരണഘടന സംരക്ഷിക്കുകയെന്നത് ഇന്ത്യൻ ജനത പുതുവർഷത്തിൽ ഏറ്റെടുക്കേണ്ടിവരുന്ന ഏറ്റവും പ്രധാന ദൗത്യമാണ്. ഭരണഘടന ഉയർത്തിപ്പിടിക്കലാണ് പരമമായ ദേശസ്‌നേഹമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത് നാടിന്റെ മുദ്രാവാക്യമായി മാറുന്നു.

രാജ്യത്തെ ഇടതുപക്ഷ പാർടികൾ പോരാട്ടത്തിന്റെ മുൻനിരയിലുണ്ട്. ഈ സമരപാതയിലാണ് ഇന്ത്യയാകെ പ്രതീക്ഷയർപ്പിക്കുന്നത്

നമ്മുടെ ദേശത്തിന്റെ മനസ്സിനെയും സ്വാഭാവത്തെയും രൂപപ്പെടുത്തുന്നതിൽ ഭരണഘടനയിലെ ഉത്തുംഗമായ മൂല്യങ്ങൾക്ക് വലിയ പങ്കുണ്ട്. മനുഷ്യമനസ്സുകളെ പ്രചോദിപ്പിക്കാനും ഹൃദയങ്ങളെ ഏകോപിപ്പിക്കാനും ഭരണഘടനാമൂല്യങ്ങൾ വഴികാട്ടിയാകുന്നു. അതു കൊണ്ടാണ്  രാജ്യത്ത് ശാന്തിയും മനുഷ്യരുടെ സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിന് ഭരണഘടന സംരക്ഷിക്കാൻ ദേശസ്നേഹികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത്. ബ്രിട്ടീഷ് സാമ്രാജ്യത്തെ കെട്ടുകെട്ടിച്ച ഇന്ത്യൻ ജനതയ്‌ക്ക് അതിന് കഴിയുമെന്നുറപ്പ്. ഈ പോരാട്ടത്തിൽ വിദ്യാർഥികൾ, യുവജനങ്ങൾ, അധ്യാപകർ, ഗവേഷകർ, ശാസ്ത്രജ്ഞർ, ചരിത്രകാരന്മാർ, കലാ സാംസ്‌കാരിക സിനിമാ പ്രവർത്തകർ എന്നിവരെല്ലാം ഒരേ മനസ്സോടെ പങ്കാളികളാണ്.  രാജ്യത്തെ ഇടതുപക്ഷ പാർടികൾ പോരാട്ടത്തിന്റെ മുൻനിരയിലുണ്ട്. ഈ സമരപാതയിലാണ് ഇന്ത്യയാകെ പ്രതീക്ഷയർപ്പിക്കുന്നത്.

വെല്ലുവിളിയുടെ കാലത്ത്  കൊച്ചുകേരളം ഇന്ത്യക്കാകെ മാതൃകയാകുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം. ഭരണഘടനയും മതനിരപേക്ഷതയും കാക്കാൻ കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങിക്കഴിഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നടത്തിയ സത്യഗ്രഹം അതിന്റെ ആദ്യപടിയായി. പിന്നാലെ വർഷാന്ത്യത്തിൽ ചേർന്ന പ്രത്യേക നിയമസഭാസമ്മേളനം, പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയത് ഇന്ത്യാചരിത്രത്തിലെ മായാമുദ്രയായി. നാളെ മറ്റു സംസ്ഥാനങ്ങളും ഈ മാതൃക സ്വീകരിക്കുമെന്ന് പ്രത്യാശിക്കാം. കേരളത്തിന്റെ മാതൃകയിൽ തമിഴ്‌നാട്‌ നിയമസഭയും പ്രമേയം പാസാക്കണമെന്ന ആവശ്യം ഡിഎംകെ നേതാവ്‌ സ്‌റ്റാലിൻ ഉയർത്തിക്കഴിഞ്ഞു. പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ നടത്തിയ പ്രസംഗം രാജ്യത്തെ മതപരമായി ചേരിതിരിക്കാനുള്ള ആർഎസ്എസ് അജൻഡ തുറന്നു കാട്ടുന്നതായി.

ഇന്ത്യയെയാകെ വിഴുങ്ങിയ വൻ സാമ്പത്തികപ്രതിസന്ധി, തൊഴിലില്ലായ്‌മ, പട്ടിണി, കാർഷിക- വ്യാവസായികത്തകർച്ച, തൊഴിൽ നിയമ ഭേദഗതി എന്നീ പ്രശ്നങ്ങളെ മുൻനിർത്തിയുള്ള സമരങ്ങൾ വേറെ. ജനുവരി എട്ടിന് തൊഴിലാളികൾ പണിമുടക്കിനൊരുങ്ങുകയാണ്. അതെ, എല്ലാ അർഥത്തിലും പുതിയ വർഷം സമാനതകളില്ലാത്ത പോരാട്ടങ്ങളുടേതായിരിക്കും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top