20 April Saturday

ഇത്ര തരംതാഴണോ

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020



നയതന്ത്ര സംരക്ഷണം മറയാക്കി തിരുവനന്തപുരം വിമാനത്താവളംവഴി  നടന്ന സ്വർണക്കടത്ത് അതീവ ഗുരുതരമായ കുറ്റകൃത്യമാണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കുറ്റാന്വേഷണ ഏജൻസികൾ അതേപ്പറ്റി അന്വേഷിക്കുകയാണ്. ആ കേസന്വേഷണത്തിലെ ഓരോ വിവരവും വാർത്താപ്രാധാന്യമുള്ളതുമാണ്. അതെല്ലാം റിപ്പോർട്ട്‌ ചെയ്യപ്പെടുകയും വേണം. എന്നാൽ, കഴിഞ്ഞ കുറെ ദിവസമായി കേരളത്തിലെ മാധ്യമങ്ങൾ ഈ വാർത്തകൾ എങ്ങനെ കൈകാര്യംചെയ്തു എന്ന് പരിശോധിച്ചാൽ കാണുന്നത് മാധ്യമങ്ങൾ എത്തിനിൽക്കുന്ന പതനത്തിന്റെ ആഴമാണ്. കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ അന്വേഷണ ഏജൻസികളായ എൻഐഎയും കസ്റ്റംസും മൂന്നുവട്ടമായി ചോദ്യംചെയ്തു. ഇന്നലെ മൂന്നാംവട്ടം ചോദ്യംചെയ്യലിനുശേഷം അദ്ദേഹത്തെ എൻഐഎ പോകാൻ അനുവദിച്ചു. കേസിലെ ചില പ്രതികളുമായി ശിവശങ്കറിന്‌ അടുപ്പമുണ്ട് എന്ന വ്യക്തമായ സാഹചര്യത്തിൽ അദ്ദേഹത്തെ സർക്കാർ സസ്പെൻഡ്‌ ചെയ്തിരിക്കുകയാണ്. കള്ളക്കടത്തുമായി ഈ ഉദ്യോഗസ്ഥന് എന്തെങ്കിലും ബന്ധം ഉണ്ടോ എന്നത് സ്വാഭാവികമായും അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നു. പങ്കുണ്ടെന്നു കണ്ടാൽ അവർ അറസ്റ്റ് ചെയ്യും. മറ്റ് പ്രതികൾക്കൊപ്പം പ്രതിയാകും. ഇതൊക്കെ തർക്കമില്ലാത്ത കാര്യങ്ങൾ.

പക്ഷേ, ഈ ചോദ്യം ചെയ്യലിനെ കേരളത്തിലെ മാധ്യമങ്ങൾ, പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങൾ, കൈകാര്യം ചെയ്തത് മാധ്യമപ്രവർത്തനത്തിന്റെ എല്ലാ ധാർമികതയും കാറ്റിൽപ്പറത്തിയാണെന്ന് പറയാതെ വയ്യ. എൻഐഎ വിളിച്ചുവരുത്തിയതനുസരിച്ച് സ്വന്തം കാറിൽ പുലർച്ചെ കൊച്ചിയിലേക്ക് പുറപ്പെട്ട ശിവശങ്കറിനു പിന്നാലെ സഞ്ചരിച്ച് ചില മാധ്യമങ്ങൾ ‘ഞെട്ടിച്ചു’. തുടർന്ന്‌ ടെലിഫോൺ ഉപയോഗത്തിനുപോലും വിലക്കുള്ള അടച്ചിട്ട മുറിയിലെ ചോദ്യം ചെയ്യലിന്റെ തത്സമയ റിപ്പോർട്ടിങ്ങാണ് മിക്ക വാർത്താചാനലുകളും നടത്തിയത്. ഓരോ ലേഖകനും സ്വന്തം ഭാവനയുടെ വ്യാപ്തി അനുസരിച്ച് കഥകൾ മെനഞ്ഞു. സ്റ്റുഡിയോയിലെ വാർത്തവായനക്കാർ  സാങ്കൽപ്പിക ചോദ്യങ്ങൾ എറിഞ്ഞ് ഇല്ലാക്കഥകൾക്ക് എരിവും പുളിയും ചേർത്തു. ഒരു പകൽ മുഴുവനും രാത്രി വൈകുവോളവും അറസ്റ്റ് ഉറപ്പായെന്നും ഇല്ലെന്നും മാറ്റിമാറ്റി പറഞ്ഞ്‌ സ്വയം അപഹാസ്യരായി. ഒടുവിൽ ശിവശങ്കറെ പുറത്തുവിട്ടപ്പോൾ ഒരു വ്യക്തതയുമില്ലാതെ ഉരുണ്ടുകളിച്ചു. ഒരു വിവരവും ആധികാരികമായി ലഭ്യമല്ലാത്തപ്പോഴും ചോദ്യംചെയ്യലിൽനിന്നുകിട്ടിയ ‘നിർണായക വെളിപ്പെടുത്തൽ’ എന്ന മട്ടിൽ അവതാരകർ  ചാനൽ ചർച്ചയ്ക്കെത്തിയവർക്കുനേരെ അസത്യങ്ങൾ വാരിയെറിഞ്ഞു.

സ്വർണക്കടത്തിൽ ഒരു ബന്ധവും ഇല്ലാത്ത മുഖ്യമന്ത്രിയുടെ ഓഫീസിനെയും സിപിഐ എമ്മിനെയും പ്രതിപ്പട്ടികയിൽ കൊണ്ടുവരാനാണ് ഈ ഇല്ലാക്കഥകൾ നിരത്തിയുള്ള വല്ലാത്ത മാധ്യമപ്രവർത്തനം എന്നത് വ്യക്തം. കേസിൽ ഇപ്പോഴും പിടിയിലായിട്ടില്ലാത്ത മുഖ്യപ്രതികളിൽ ഒരാളെ വെള്ളപൂശാൻ വിദേശത്ത് രഹസ്യകൂടിക്കാഴ്ച നടത്തിയ ചാനലും പിടിയിലായ പ്രതികൾക്ക് ഇല്ലാത്ത രാഷ്ട്രീയബന്ധം ആരോപിക്കാൻ വ്യാജ അഭിമുഖം സംഘടിപ്പിച്ച ചാനലുകളും ഇവിടെയുണ്ട്. ബിജെപിയുമായും മുസ്ലിംലീഗുമായും ബന്ധമുള്ള പ്രതികളുടെ രാഷ്ട്രീയം ഒളിപ്പിക്കാൻ പാടുപെടുകയും ചെയ്യുന്നു.

നരേന്ദ്ര മോഡിയും അമിത് ഷായും പി ചിദംബരവുംമുതൽ ഉമ്മൻചാണ്ടിവരെ കമീഷനുകൾക്കു മുന്നിലും അന്വേഷണ ഏജൻസികൾക്കു മുന്നിലും എത്ര മണിക്കൂർ ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു. ഈ ചരിത്രമൊക്കെ മറന്ന്‌ കേരളത്തിൽ ഒരു മഹാസംഭവം നടക്കുന്നു എന്ന് ചിത്രീകരിക്കുന്ന മാധ്യമവാശി ഒട്ടും നിഷ്‌കളങ്കമല്ലെന്നു വ്യക്തം.

സ്വന്തം നുണകൾക്ക് ബലം നൽകാൻ അവതാരകർ ചരിത്രത്തിന്റെ കണ്ണ്‌ കെട്ടുന്നതും പതിവാണ്. അവരിൽ പലർക്കും ചരിത്രം തുടങ്ങുന്നത് അവർ മാധ്യമപ്രവർത്തനം തുടങ്ങിയ തീയതിയിലാണ്. അതുകൊണ്ട് ‘ചരിത്രത്തിലാദ്യം’ എന്ന വിശേഷണത്തോടെ ഏത് വങ്കത്തവും അവതരിപ്പിക്കുന്നു. ഒരു ഉയർന്ന ഉദ്യോഗസ്ഥനെ ചോദ്യംചെയ്യുന്നതുപോലും മുമ്പുണ്ടായിട്ടില്ലാത്തതെന്നു പറയാൻ ഇവർ മടിക്കുന്നില്ല. കൂമർ നാരായണൻ കേസ് എന്നറിയപ്പെടുന്ന ചാരവൃത്തിക്കേസിൽ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയുടെ ഓഫീസിലെയും പ്രതിരോധ ആഭ്യന്തരവകുപ്പുകളിലെയും നിരവധി പ്രമുഖരാണ് മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിന് വിധേയരാക്കപ്പെട്ടത്. ഇവരിൽ പലരും അറസ്റ്റിലുമായി. പിന്നെയും എത്രയെത്ര കേസുകളിലായി എത്ര ഉദ്യോഗസ്ഥർ. നരേന്ദ്ര മോഡിയും അമിത് ഷായും പി ചിദംബരവുംമുതൽ ഉമ്മൻചാണ്ടിവരെ കമീഷനുകൾക്കു മുന്നിലും അന്വേഷണ ഏജൻസികൾക്കു മുന്നിലും എത്ര മണിക്കൂർ ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു. ഈ ചരിത്രമൊക്കെ മറന്ന്‌ കേരളത്തിൽ ഒരു മഹാസംഭവം നടക്കുന്നു എന്ന് ചിത്രീകരിക്കുന്ന മാധ്യമവാശി ഒട്ടും നിഷ്‌കളങ്കമല്ലെന്നു വ്യക്തം.

ശരിയാണ്, ദൃശ്യമാധ്യമരംഗം കടുത്ത മത്സരത്തിന്റെ വേദിയാണിന്ന്‌. റേറ്റിങ്‌ ഉയർത്താനും പ്രേക്ഷകരെ കൂട്ടാനും പലതും ചെയ്യാൻ ഉടമകളുടെ സമ്മർദവുമുണ്ടാകും. എങ്കിലും വാർത്ത റിപ്പോർട്ട്‌ ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്യുന്നവർ മാധ്യമപ്രവർത്തകരാണല്ലോ. അവർ പുലർത്തേണ്ട ഒരു ധാർമികതയില്ലേ? മാധ്യമങ്ങൾക്ക് ജനാധിപത്യത്തിന്റെ നാലാംതൂണെന്ന വിശേഷണം കിട്ടിയതും മാധ്യമപ്രവർത്തകർക്ക് സമൂഹം പ്രത്യേക പരിഗണന നൽകുന്നതും ഈ മൂല്യങ്ങളെ മുൻനിർത്തിയാണ്; അല്ലാതെ ഉടമയുടെ മൂലധനശേഷി നോക്കിയല്ല. ഈ ധാർമികത കൈവിട്ടാൽ മറ്റേത് വ്യവസായവുംപോലെ ലാഭമുണ്ടാക്കാൻ എന്തും ചെയ്യുന്ന മുതലാളിത്ത സ്ഥാപനങ്ങൾക്കുള്ള പരിഗണനയേ സമൂഹം മാധ്യമപ്രവർത്തനത്തിനും നൽകൂ. അൽപം കൂടി മെച്ചപ്പെട്ട മാധ്യമ സംസ്‌കാരം മലയാളികൾ അർഹിക്കുന്നുണ്ടെന്ന് ഓർക്കുക. തിരുത്താൻ ഇനിയും സമയമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top