03 December Sunday

മാധ്യമ അടിയന്തരാവസ്ഥ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023


ജനാധിപത്യവും അതിന്റെ ജീവവായുവായ അഭിപ്രായ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും മൗലികാവകാശങ്ങളും ചവിട്ടിമെതിക്കുന്നത് മോദി ഭരണത്തിൽ പുതിയ കാര്യമല്ല. ഇന്ത്യയെ അതിവേഗം ഹിന്ദുത്വ ഫാസിസ്റ്റ് ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകാനും അതിനെ ചെറുക്കുന്നവരെ അടിച്ചൊതുക്കാനുമാണ് നിരന്തരമായ നീക്കം. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചൊവ്വാഴ്ച ഡൽഹിയിൽ അരങ്ങേറിയ സംഭവങ്ങൾ. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിലും  ‘ന്യൂസ് ക്ലിക്ക്’ ഓൺലൈൻ വാർത്താ പോർട്ടലിന്റെ ഓഫീസിലും മാധ്യമപ്രവർത്തകരുടെ വീടുകളിലും  ഇരച്ചുകയറിയ ഡൽഹി പൊലീസ് മാധ്യമപ്രവർത്തകരുടെ ഫോണും ലാപ്‌ടോപ്പുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കാമറയുമെല്ലാം പിടിച്ചെടുത്തു. മുതിർന്ന മാധ്യമപ്രവർത്തകരെയടക്കം പിടിച്ചു കൊണ്ടുപോയി.

സർക്കാരിന്റെ ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരെ തന്റേടത്തോടെ നിലകൊള്ളുകയും മനുഷ്യാവകാശങ്ങൾക്കുവേണ്ടി പൊരുതുകയും ചെയ്ത എത്രയോപേരെ മോദി ഭരണം കള്ളക്കേസുകളിൽ കുടുക്കി, രാജ്യദ്രോഹക്കുറ്റം ചുമത്തി തുറുങ്കിലടച്ചു. ആദിവാസികൾക്കിടയിലെ മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമി മുതൽ കർണാടകത്തിലെ പരിസ്ഥിതി പ്രവർത്തക ദിഷ രവിയും മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ്‌ കാപ്പനുമെല്ലാം  അതിൽപ്പെടും. ബിജെപി സർക്കാരിനെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച്‌ ജയിലിലടയ്‌ക്കുന്നത്‌ പതിവായി. ഐതിഹാസികമായ കർഷകസമരത്തെ പിന്തുണച്ചതിനായിരുന്നു ദിഷ രവിയെ അറസ്റ്റു ചെയ്‌തത്‌. ന്യൂസ് ക്ലിക്കിലെ മാധ്യമപ്രവർത്തകരോടും ഒരു പ്രധാന ചോദ്യം കർഷകസമരം റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നായിരുന്നു.

മുകളിൽ ചൂണ്ടിക്കാട്ടിയ സംഭവങ്ങളുടെയെല്ലാം തുടർച്ചയാണ്‌ ഡൽഹിയിലെ പുതിയ നീക്കങ്ങൾ. രാജ്യത്ത്‌ സ്വതന്ത്ര മാധ്യമപ്രവർത്തനം പൂർണമായും അവസാനിപ്പിക്കാനുള്ള ഭീകരതയാണ്‌ അരങ്ങേറിയത്‌. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിന്റെ യഥാർഥസ്ഥിതിയും ഇതിലൂടെ വെളിപ്പെടുന്നുണ്ട്‌. അടിയന്തരാവസ്ഥക്കാലത്തേക്കാൾ ഭീതിദമായ സാഹചര്യം. സ്വതന്ത്രമാധ്യമങ്ങളെ ഭയപ്പെടുത്തലാണ്‌ ലക്ഷ്യം. ന്യൂസ്‌ ക്ലിക്കുമായി ബന്ധപ്പെട്ട മുപ്പതോളം സ്ഥലത്താണ്‌ ആഭ്യന്തരമന്ത്രി അമിത്‌ ഷാ നേരിട്ട്‌ നിയന്ത്രിക്കുന്ന ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ റെയ്‌ഡ്‌ നടത്തിയത്‌. സ്ഥാപനത്തിന്‌ ചൈനയിൽനിന്ന്‌ ഫണ്ട്‌ ലഭിക്കുന്നുണ്ടെന്ന്‌ പറഞ്ഞ്‌ നേരത്തേ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ റെയ്‌ഡ്‌ നടത്തിയിരുന്നു. ഇതിനു പുറമെ, നിയമവിരുദ്ധപ്രവർത്തനം തടയൽ നിയമത്തിലെ (യുഎപിഎ) വിവിധ വകുപ്പുകൾ പ്രകാരം കേസുമെടുത്തു. അതിന്റെ തുടർച്ചയാണ്‌ ഇപ്പോഴത്തെ റെയ്‌ഡെന്ന്‌ പറയുന്നു. എന്നാൽ, എന്താണ്‌ കുറ്റമെന്നോ എന്താണ്‌ അന്വേഷിക്കുന്നതെന്നോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സീതാറാം യെച്ചൂരിക്ക്‌ സിപിഐ എം ജനറൽ സെക്രട്ടറി എന്ന നിലയിൽ കേന്ദ്രം അനുവദിച്ച കാനിങ്‌ റോഡിലെ ഔദ്യോഗിക വസതിയിലായിരുന്നു റെയ്‌ഡ്‌. കിസാൻസഭ, കർഷകത്തൊഴിലാളി യൂണിയൻ എന്നിവയുടെ ഓഫീസുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്‌. ദേശീയ പാർടികളുടെ പ്രധാന ഭാരവാഹികൾക്ക്‌ ഇങ്ങനെ വീട്‌ അനുവദിക്കുന്നുണ്ട്‌. ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ടാണ്‌ യെച്ചൂരിയുടെ വീട്ടിലെ റെയ്‌ഡും. ന്യൂസ്‌ ക്ലിക്കിന്റെ എഡിറ്റർ പ്രബീർ പുർകായസ്‌ത, മാധ്യമപ്രവർത്തകരായ അഭിസാർ ശർമ, അനന്ത്യൂ ചക്രവർത്തി, ഭാഷാ സിങ്‌, സുമേധാപാൽ, ആരിത്രി ദാസ്‌ എന്നിവരുടെയെല്ലാം വസതികളിൽ പൊലീസ്‌ ഇരച്ചുകയറി. ഇത്രയേറെ മാധ്യമപ്രവർത്തകരുടെ വസതികളിലും ഓഫീസിലും കയറി കണ്ണിൽക്കണ്ടതെല്ലാം എടുത്തുകൊണ്ടു പോകുന്നത്‌ ഇതാദ്യമാണ്‌.

കോർപറേറ്റ് മാധ്യമങ്ങൾ ഭൂരിപക്ഷവും മോദി നയങ്ങളുടെ കുഴലൂത്തുകാരായിക്കഴിഞ്ഞു. തത്വാധിഷ്ഠിതമായും സത്യസന്ധമായും പ്രവർത്തിക്കുന്നവർക്ക് സ്വതന്ത്രമായി അത്‌ നിർവഹിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ബിജെപിയെ നിശിതമായി വിമർശിച്ചിരുന്ന ‘ദ ടെലിഗ്രാഫ്‌’ പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫ്‌ ആർ രാജഗോപാലിനെ ആ പദവിയിൽനിന്ന്‌ നീക്കിയത്‌ അടുത്ത ദിവസമാണ്‌. സത്യസന്ധരായ മാധ്യമപ്രവർത്തകർ നേരിടേണ്ടി വരുന്നത് കള്ളക്കേസുകൾ, അറസ്റ്റ്, ഭീഷണി. ഗൗരി ലങ്കേഷിനെപ്പോലെ എത്രയോ പേർക്ക്‌  മോദി ഭരണത്തിൽ ജീവൻ നഷ്ടമായി.  മൗലികാവകാശത്തിന്റെ അവിഭാജ്യ ഘടകമായി, ഭരണഘടന ഉറപ്പുനൽകുന്ന മാധ്യമസ്വാതന്ത്ര്യം പൂർണമായും അപകടത്തിലായിരിക്കുന്നു. മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ, 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 161  ആണെന്നതും ഇതോടൊപ്പം ഓർക്കാം. കടുത്ത വെല്ലുവിളികൾക്കു നടുവിലും സത്യം വിളിച്ചുപറഞ്ഞ് മുന്നേറുന്ന യഥാർഥ മാധ്യമപ്രവർത്തകരും മാധ്യമങ്ങളുമുണ്ട്‌. കോർപറേറ്റ് മാധ്യമങ്ങളുടെ വ്യാജ പൊതുനിർമിതിയിൽ അപകടത്തിലാകുന്ന ജനാധിപത്യം സംരക്ഷിക്കാൻ പൊരുതുന്നവർ.  ‘ന്യൂസ്‌ ക്ലിക്ക്‌’ ആ ഗണത്തിൽപ്പെടുന്നു. ഈ രീതിയിലുള്ള സ്വതന്ത്ര മാധ്യമപ്രവർത്തനം മോദിഭരണം വച്ചുപൊറുപ്പിക്കില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്‌ ഡൽഹിയിലെ കൂട്ട റെയ്‌ഡ്‌. ജനാധിപത്യത്തോട്‌ അത്ര വെറുപ്പാണ്‌ മോദിക്കും കൂട്ടർക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top