01 June Thursday

വിദ്വേഷം പടർത്തുന്ന തീവ്രദേശീയതയുടെ രാഷ്ട്രീയം

വെബ് ഡെസ്‌ക്‌Updated: Monday Mar 18, 2019


ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിലും ലിൻവുഡിലെയും  മുസ്ലിംപള്ളികളിൽ പ്രാർഥനയ‌്ക്കെത്തിയവർക്കെതിരെ വംശീയഭ്രാന്ത് തലയ്ക്കുപിടിച്ച ഭീകരൻ ബ്രെന്റൺ ഹാരിസൺ ടാരന്റ‌് എന്ന ഇരുപത്തെട്ടുകാരൻ ഉതിർത്ത വെടിയുണ്ടകളേറ്റ് 50 പേരാണ് മരിച്ചുവീണത്. ന്യൂസിലൻഡിനെ മാത്രമല്ല, ലോകത്തെയാകെ നടുക്കിയ സംഭവമായിരുന്നു ഇത്.  കൊല്ലപ്പെട്ടവരിൽ കൊടുങ്ങല്ലൂരിലെ അൻസി ബാവ ഉൾപ്പെടെ ഇന്ത്യയിൽനിന്ന‌് അഞ്ചുപേരുണ്ട്. ലോകത്തിൽത്തന്നെ ഏറ്റവും കൂടുതൽ സമാധാനം പുലരുന്ന രാജ്യങ്ങളിലൊന്നിലാണ‌് ഈ സംഭവമെന്നത‌് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ലോകത്തിലെ ഒരു ഇടവും ഭീകരാക്രമണങ്ങളിൽനിന്ന‌് സുരക്ഷിതമല്ലെന്ന യാഥാർഥ്യമാണ് ക്രൈസ്റ്റ‌് ചർച്ച് സംഭവം ഓർമപ്പെടുത്തുന്നത്. 

ലോകമാകെ പടർന്നുപിടിക്കുന്ന മുസ്ലിം ഭീതിയുടെയും കുടിയേറ്റ വിരുദ്ധതയുടെയും ഭാഗമാണ് ഈ ഭീകരാക്രമണവും എന്നുവേണം കരുതാൻ. കുട്ടക്കൊല നടത്തിയ ടാരന്റ് എന്ന ഓസ്ട്രേലിയക്കാരൻ കുറ്റകൃത്യം നടത്തുന്നതിന് തൊട്ടുമുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മറ്റും ഇ മെയിൽചെയ്ത 74 പേജുള്ള മാനിഫെസ്റ്റോ ഇക്കാര്യം അർഥശങ്കയ‌്ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നുമുണ്ട്. വെള്ളമേധാവിത്വത്തിന്റെയും അപ്രമാദിത്വത്തിന്റെയും പ്രതീകമായ അമേരിക്കൻ പ്രസിഡന്റിൽ നിന്നാണ് അക്രമി ആവേശം ഉൾക്കൊണ്ടതെന്ന് ‘വെള്ളക്കാരന്റെ പുതു സ്വത്വബോധത്തിന്റെ പ്രതീകമാണ് ട്രംപ‌്’ എന്ന ടാരന്റിന്റെ പരാമർശത്തിൽനിന്ന‌് വായിച്ചെടുക്കാം. കുടിയേറ്റക്കാർ അധിനിവേശക്കാരാണെന്നും അവരിൽനിന്ന‌് പാശ്ചാത്യ സംസ്കാരത്തെ മോചിപ്പിക്കാനാണ് ഈ കുറ്റകൃത്യമെന്നുമാണ് ടാരന്റിന്റെ അവകാശവാദം. ഏതാനും വ്യക്തികളെ കൊലപ്പെടുത്തി കുടിയേറ്റത്തെ തടയുകയാണ് ടാരന്റിന്റെ ലക്ഷ്യം. 

ചരിത്രത്തെ തെറ്റായി പഠിക്കുന്നതിന്റെ ഫലമാണിത്. ടാരന്റിന്റെ രാജ്യമായ ഓസ്ട്രേലിയയിലും ആക്രമണത്തിന് തെരഞ്ഞെടുത്ത ന്യൂസിലൻഡിലും യുറോപ്യന്മാർ എത്തിയത് അധിനിവേശക്കാരായിട്ടായിരുന്നു. 1788 ൽ ഇംഗ്ലണ്ടിലെ പോർട്സ് മൗത്തിൽനിന്ന‌് 11 കപ്പലിലായാണ് (ഫസ്റ്റ‌് ഫ്ളീറ്റ്) യുറോപ്യന്മാർ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ബോട്ടണി ബേയിലെത്തിയത്. തുടർന്ന്, തദ്ദേശവാസികളെ കൊന്നുതള്ളിയാണ് യുറോപ്യന്മാർ ഈ രണ്ട് രാജ്യത്തെയും കോളനികളാക്കിയത്.  ഓസ്ട്രേലിയയിലെ മുരവാരികളെയും കൂരികളെയും ന്യൂസിലൻഡിലെ മാവോരി ഗോത്രക്കാരെയും അവരുടെ സംസ്കാരത്തെയും ആക്രമിച്ച് നശിപ്പിച്ചത് യുറോപ്യന്മാരായിരുന്നു. ഈ രണ്ട് രാജ്യത്തും ഇന്നും തദ്ദേശവാസികൾ വൻ വിവേചനത്തിന് ഇരയാകുന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. രണ്ട് നൂറ്റാണ്ടുമുമ്പ് കുടിയേറി തദ്ദേശവാസികളെ കൊന്നൊടുക്കി അവരുടെ സംസ‌്കാരത്തെ നശിപ്പിച്ചവരാണ് ഇപ്പോൾ ഏഷ്യക്കാരെയും ആഫ്രിക്കക്കാരെയും കുടിയേറ്റക്കാരായി മുദ്രകുത്തി ആട്ടിയോടിക്കാൻ ശ്രമിക്കുന്നത്.  ടാരന്റിന്റെ ഭാഷയിൽ ഓസ്ട്രേലിയയും ന്യൂസിലൻഡും യുറോപ്യൻ ഭൂമിയാണ്. എന്റെ ഭാഷയും സംസ്കാരവും രാഷ്ട്രീയ വിശ്വാസങ്ങളും സ്വത്വവും രക്തം പോലും യുറോപ്യനാണെന്ന‌് ടാരന്റ് പറയുന്നു. അങ്ങനെയങ്കിൽ ടാരന്റും കൂട്ടരും യുറോപ്പിലേക്ക‌് മടങ്ങുകയല്ലേ വേണ്ടത്?

ടാരന്റിന് തോക്ക് ഉപയോഗിക്കാൻ കഴിഞ്ഞതിന്റെ പിറകിൽപോലും വെള്ളമേധാവിത്വത്തിന്റെ രക്തപങ്കിലമായ ചരിത്രമുണ്ട്. അധിനിവേശക്കാരായ വെള്ളക്കാരന്റെ സംരക്ഷണത്തിന് വേണ്ടിയായിരുന്നു തോക്ക് ഉപയോഗിക്കാൻ നിയമാനുമതി നൽകിയത്. തദ്ദേശീയർക്കെതിരെയാണ് അത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ടത്. 50 ലക്ഷത്തോളംമാത്രം ജനസംഖ്യയുള്ള ന്യൂസിലൻഡിൽ 13 ലക്ഷം തോക്കുണ്ടായതും ഇതിന്റെ ഫലമായാണ്.  തോക്കുപയോഗത്തിൽ കുറവുവരുത്തുമെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡൻ പ്രഖ്യാപിച്ചത് ആശ്വാസകരമായ വാർത്തയാകുന്നതും ഈ പശ്ചാത്തലത്തിലാണ്. 

യൂറോപ്പിലെങ്ങും പകർച്ചവ്യാധിപോലെ പടർന്നുപിടിക്കുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയമാണ് ടാരന്റിനെ സൃഷ്ടിച്ചതെങ്കിൽ അതിൽനിന്ന‌് ജസിന്ത ആർഡൻ സർക്കാരിനും ഒഴിഞ്ഞുനിൽക്കാനാകില്ല. കാരണം, ന്യൂസിലൻഡിലെ തീവ്ര വലതുപക്ഷ പാർടിയായ ന്യൂസിലൻഡ് ഫസ്റ്റ് പാർടിയുമായി സഖ്യത്തിലാണ് ജസിന്തയുടെ ലേബർ പാർടി ഭരണം നടത്തുന്നത്. രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയും ന്യൂസിലൻഡ് ഫസ്റ്റ‌് പാർടിയുടെ നേതാവായ വിൻസ്റ്റൺ പീറ്ററാണ്.  പ്രതിരോധമന്ത്രിയും ഇതേ പാർടിയിൽ നിന്നാണ്.  ഇസ്ലാം ഭീതിപടർത്തുന്ന ഈ പാർടി കുടിയേറ്റക്കാർക്കും എതിരാണ്.  പാകിസ്ഥാനിൽനിന്നും ഇന്ത്യയിൽനിന്നും എത്തുന്നവർ അവരുടെ ജീവിതരീതികൾ ന്യൂസിലൻഡുകാർക്കുമേൽ അടിച്ചേൽപ്പിക്കുകയാണെന്നും ആക്ഷേപമുയർത്തുന്ന പാർടിയാണിത്. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരെയും ആഫ്രിക്കയിലെ ശത്രുക്കളെയും ഇല്ലാതാക്കുമെന്നാണ് ടാരന്റും പറയുന്നത‌്. വിദ്വേഷത്തിന്റെ വിഷം വമിപ്പിക്കുന്ന സങ്കുചിത ദേശീയവാദവും സൈനികവൽക്കരണവും പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും അതിന്റെ നേതൃത്വവുമാണ് ബ്രെയ‌്‌വിക്കുമാരെയും ടാരന്റുമാരെയും സൃഷ്ടിക്കുന്നത്. ഇന്ത്യയിൽ ആർഎസ്എസും മോഡിയും പ്രതിനിധാനം ചെയ്യുന്നതും ഇതേരാഷ്ട്രീയം തന്നെയാണ്. ഈ ജനവിരുദ്ധ രാഷ്ട്രീയത്തിനെതിരെ ലോകമെങ്ങും വൻ ജനകീയപ്രസ്ഥാനങ്ങൾ ഉയർന്നുവരേണ്ടതുണ്ട‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top