22 September Friday

ക്യൂബയ‌്ക്ക് പുതിയ ഭരണഘടന

വെബ് ഡെസ്‌ക്‌Updated: Monday Jul 30, 2018


പുതിയ ഭരണഘടനയ‌്ക്ക് രൂപംനൽകുന്ന തിരക്കിലാണിപ്പോൾ ക്യൂബ. ജൂലൈ 22 ന് അവസാനിച്ച ദേശീയ അസംബ്ലി വിശദമായ ചർച്ചയ‌്ക്ക് ശേഷം പുതിയ ഭരണഘടനയുടെ കരടിന് അംഗീകാരം നൽകി. ആഗസ്ത് 13 മുതൽ നവംബർ 15 വരെ ക്യൂബയിലെ ജനങ്ങൾ ഇതുസംബന്ധിച്ച് ചർച്ച നടത്തും. അതിനു ശേഷമായിരിക്കും ഭരണഘടന ജനങ്ങളുടെ അംഗീകാരത്തിനായി സമർപ്പിക്കുക.

ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ് കനേൽ പറഞ്ഞതുപോലെ അമേരിക്ക ഏർപ്പെടുത്തിയ അഞ്ച് ദശാബ്ദത്തിലധികമായി തുടരുന്ന സാമ്പത്തിക ഉപരോധത്തെ ക്യൂബയിലെ ജനങ്ങളെ അണിനിരത്തി നേരിടുന്നതിനൊപ്പം ക്യൂബൻ വിപ്ലവത്തെ സംരക്ഷിക്കുകയുമാണ് പുതിയ ഭരണഘടനയുടെ ലക്ഷ്യം. അതോടൊപ്പം ജനങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്നതുമാണ് പുതിയ ഭരണഘടന.  1976ലെ ഭരണഘടനയേക്കാൾ 87 അനുച്ഛേദങ്ങൾ കൂടുതലുണ്ട്. 13 അനുച്ഛേദങ്ങൾ പൂർണമായും ഒഴിവാക്കിയപ്പോൾ 113 അനുച്ഛേദങ്ങളിൽ മാറ്റംവരുത്തുകയും ചെയ്തു. 

ക്യൂബൻ വിപ്ലവത്തിന്റെ സോഷ്യലിസ്റ്റ് സ്വഭാവം അതേപടി നിലനിർത്തുമെന്നും രാഷ്ട്രത്തെയും സമൂഹത്തെയും നയിക്കുന്നതിൽ കമ്യൂണിസ്റ്റ് പാർടിക്കുള്ള നേതൃപരമായ പങ്കും സാമൂഹ്യനീതിക്കും മനുഷ്യത്വത്തിലുമുള്ള ഊന്നലും തുടരുമെന്നും പുതിയ ഭരണഘടന പറയുന്നു.  ഭൂമിയും സ്വത്തും ജനങ്ങളുടേതായിരിക്കുമെന്ന അടിസ്ഥാന സോഷ്യലിസ്റ്റ് തത്വംതന്നെയാണ് പുതിയ ഭരണഘടനയും ആവർത്തിക്കുന്നത്. അതോടൊപ്പം  നിലവിലുള്ള സഹകരണസ്ഥാപനങ്ങളുടെ സ്വത്തുകൾക്കും പൊതുസ്വകാര്യ സ്വത്തുകൾക്കും സ്വകാര്യ സ്വത്തുകൾക്കും അംഗീകാരം നൽകും.  എന്നാൽ, ഭൂസ്വത്ത് വിൽപ്പന നടത്തുന്നതിനും കൈമാറ്റം ചെയ്യുന്നതിനും നിയമപരമായ നിയന്ത്രണങ്ങളുണ്ടാകും. എപ്പോൾ വേണമെങ്കിലും അവ തിരിച്ചെടുക്കാനുള്ള അവകാശം രാഷ്ട്രത്തിന് ഉണ്ടായിരിക്കും.  രാജ്യത്തിന്റെ സമ്പത്തുൽപ്പാദനത്തിൽ കേന്ദ്രസ്ഥാനം പൊതുമേഖലയ‌്ക്കുതന്നെയായിരിക്കും. മാത്രമല്ല, സാമ്പത്തിക പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിൽ രാഷ്ട്രത്തിന്റെ പങ്ക് മുമ്പത്തെ പോലെ തുടരും.

പുതിയ ഭരണഘടനയനുസരിച്ച്  പ്രധാനമന്ത്രിപദം നിലവിൽവരും. പ്രസിഡന്റ‌് തെരഞ്ഞെടുക്കുന്നയാളായിരിക്കും പ്രധാനമന്ത്രി. അഞ്ച് വർഷമായിരിക്കും കാലാവധി. ദൈനംദിന ഗവൺമെന്റ് ഭരണം പ്രധാനമന്ത്രിമാരും മന്ത്രിമാരുമായിരിക്കും നിർവഹിക്കുക. പ്രസിഡന്റിന്റെ കാലാവധി അഞ്ചുവർഷം വീതമുള്ള രണ്ട് ടേമായി ചുരുക്കി. രാഷ്ട്രത്തലവനാണ് പ്രസിഡന്റ്. പ്രവിശ്യ അസംബ്ലികൾ ഇനിമുതൽ ഉണ്ടാകില്ല. ദേശീയ അസംബ്ലി തെരഞ്ഞെടുക്കുന്ന പ്രവിശ്യാ ഗവർണർമാർക്കായിരിക്കും ഭരണച്ചുമതല. മുനിസിപ്പൽ അസംബ്ലികളുടെ പ്രസിഡന്റുമാർ ഉൾക്കൊള്ളുന്ന പ്രവിശ്യാകൗൺസിൽ നിലവിൽവരും. മുനിസിപ്പൽ അസംബ്ലികളുടെ സ്വയംഭരണം വർധിപ്പിക്കും. 

കാലാവസ്ഥാമാറ്റം തടയാനുള്ള നീക്കങ്ങൾ, പരിസ്ഥിതിസംരക്ഷണം എന്നിവയ‌്ക്ക് ഭരണഘടനയിൽ പ്രത്യേക പ്രാധാന്യമുണ്ട്. വംശം, അംഗവൈകല്യം, ലിംഗം എന്നിവയുടെപേരിലുള്ള വിവേചനം കുറ്റകരമായിരിക്കും. സ്വവർഗവിവാഹത്തിന് അനുമതിയുണ്ട്.  മത, മാധ്യമ സ്വാതന്ത്ര്യം വിപുലീകരിക്കും.  ക്യൂബൻ വിപ്ലവത്തെ സംരക്ഷിക്കുന്നതോടൊപ്പം ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക‌് പരിഹാരം കാണുന്നതിനുമുള്ള ശ്രമമാണ് ക്യുബൻ കമ്യുണിസ്റ്റ് പാർടി പുതിയ ഭരണഘടനാനിർമാണത്തിലൂടെ ചെയ്തിരിക്കുന്നത്.  എന്നാൽ, ക്യൂബ കമ്യൂണിസവും സോഷ്യലിസവും ഉപേക്ഷിക്കുകയാണെന്ന പ്രചാരണത്തിന് ക്യൂബൻ കമ്യൂണിസ്റ്റ് പാർടിയുടെ മുഖപത്രമായ ഗ്രാൻമ നൽകുന്ന മറുപടിയിതാണ്: ‘സോഷ്യലിസത്തിൽനിന്ന‌് തിരിച്ചുപോക്കില്ലെന്നു മാത്രമല്ല,  ക്യൂബ ഇനി ഒരിക്കലും മുതലാളിത്തത്തിലേക്ക് പോകുകയുമില്ല'

ഫുട്‌ബോളും വംശീയവിദ്വേഷവും
വംശീയാധിക്ഷേപവും അവഹേളനവും സഹിക്കവയ്യാതെ ജർമൻ ഫുട്‌ബോൾതാരം മെസൂട്ട്  ഒസീൽ രാജിവച്ചത് യൂറോപ്പ്  എങ്ങോട്ടാണ് പോകുന്നതെന്നതിന്റെ സൂചനയാണ്.  വംശീയവിദ്വേഷവും മുസ്ലിംവിരുദ്ധതയും യൂറോപ്പിന്റെ സാമ്പത്തിക എൻജിനായ ജർമനിയെയും ആഴത്തിൽ കീഴടക്കുകയാണെന്ന മുന്നറിയിപ്പാണ് ഒസീലിന്റെ രാജി നൽകുന്നത്. 2014ൽ ജർമനിക്ക് ലോക കപ്പ് നേടിക്കൊടുത്ത ടീമിലെ പ്രധാനകളിക്കാരനാണ് ഒസീൽ. ഇക്കുറി ജർമൻ ടീം ആദ്യ റൗണ്ടിൽത്തന്നെ പുറത്തായതിനെ തുടർന്നാണ് തുർക്കി വംശജനും മുസ്ലിമുമായ ഒസീലിനെതിരെ വംശീയവിദ്വേഷവും അവഹേളനവും കലർന്ന പരാമർശങ്ങളും പ്രസ്താവനകളും ഉണ്ടായത്. തന്റെ രാജ്യത്തെ മുൻനിര കളിക്കാരനെതിരെ ആരോപണം ഉയർന്നപ്പോൾ ആ കളിക്കാരന് പിന്തുണനൽകുന്നതിന് പകരം ജർമൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ‌് റിച്ചാർഡ് ഗ്രിൻഡൽ, ആരോപണത്തെ ന്യായീകരിക്കുകയായിരുന്നു. വംശീയവിദ്വേഷിയാണ് ഗ്രിൻഡൽ എന്ന് രാജിക്കത്തിൽ ഒസീൽ ആരോപിച്ചു. തുർക്കിവംശജരായ ജർമൻ ടീമിലെ മറ്റ് രണ്ട് കളിക്കാരുമൊത്ത് തുർക്കി പ്രസിഡന്റ് എർദോഗാനെ  ഒസീൽ കണ്ടതാണ് തീവ്രവലതുപക്ഷത്തെ പ്രകോപിപ്പിച്ചത്.  മാധ്യമങ്ങളും ഇത് ഏറ്റുപിടിച്ചു. ഈ ഘട്ടത്തിലാണ് ഒസീൽ ജർമൻ ദേശീയ ടീമിൽനിന്ന‌് രാജിവച്ചത്.  ജർമനി വിജയിക്കുമ്പോൾമാത്രം എന്നെ ജർമൻകാരനായും തോൽക്കുമ്പോൾ കുടിയേറ്റക്കാരനായും വിലയിരുത്തപ്പെടുകയാണെന്നും ഒസീലിന്റെ പ്രസ്താവന ഓരോ കുടിയേറ്റക്കാരന്റെയും അനുഭവമാണ്. ഒസീലിന് മാത്രമല്ല, തനിക്കെതിരെയും വിവേചനം ഉണ്ടെന്ന ടെന്നീസ് താരം സെറീന വില്യംസിന്റെ പ്രസ്താവന ഇക്കാര്യത്തിന് അടിവരയിടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top