19 April Friday

കെടുതിക്കിടയിലെ നിർമാണധൂർത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Dec 10, 2020


എല്ലാ കാര്യത്തിലും പുലർത്തുന്ന ജനാധിപത്യവിരുദ്ധ രീതി പിന്തുടർന്ന്‌ പാർലമെന്റ് മന്ദിരമടക്കം പുതുതായി പണിയുന്ന ഡൽഹി വിസ്ത നവീകരണവുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുകയാണ്. സുപ്രീംകോടതിയുടെ ശക്തമായ വിമർശനവും അതൃപ്തിയും  അവഗണിച്ചാണ് നീക്കം. സഹികെട്ട കോടതി ശിലയിടാൻ മാത്രമായി തിങ്കളാഴ്ച അനുമതി നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാർ കാട്ടിയത് മര്യാദകേടും അനാവശ്യ തിടുക്കവുമാണെന്ന് വ്യക്തമാക്കിയശേഷമാണ് കല്ലിടുകയല്ലാതെ സ്ഥലത്തെ മരംപോലും മുറിക്കരുതെന്ന വ്യവസ്ഥയോടെ കോടതി അനുമതി നൽകിയത്. നിർമാണം സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനിടെ, നിർമാണവുമായി മുന്നോട്ടുപോയത് തീർത്തും തെറ്റായ നടപടിയാണെന്നും കോടതി കണ്ടു. തുടർന്നാണ്‌ കർശന ഉപാധിയോടെ വ്യാഴാഴ്ച കല്ലിടാൻ അനുമതി നൽകിയത്. ഏത് ഭരണഘടനാ സ്ഥാപനം ഇടപെട്ടാലും ചെയ്യാൻ തീരുമാനിച്ചത് ചെയ്യുമെന്ന ധാർഷ്ട്യത്തിലാണ് സർക്കാരിന്റെ ഓരോ നടപടിയും. ഇക്കാര്യത്തിലും അതേ പാത തുടരുന്നു. 

1930 ബ്രിട്ടീഷ് ഭരണകാലത്ത് ഡൽഹി നഗരഹൃദയത്തിൽ പണി പൂർത്തിയാക്കിയ സെൻട്രൽ വിസ്ത മാറ്റിപ്പണിയുക എന്നതാണ് ദൗത്യം. ആകെ മൂന്ന് കിലോമീറ്ററോളം വരുന്ന സെൻട്രൽ വിസ്ത രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെ നീളുന്നു. നാല് ചതുരശ്ര കിലോമീറ്ററിലാണ് പുതിയ നിർമിതികൾ വരിക. പുതിയ സെൻട്രൽ സെക്രട്ടറിയറ്റ് കെട്ടിടവും പാർലമെന്റ് മന്ദിരവുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. കെട്ടിടങ്ങളുടെ പഴക്കവും സ്ഥലക്കുറവും വേണ്ടത്ര സുരക്ഷിതത്വമില്ലായ്മയും പാർക്കിങ് സൗകര്യങ്ങളുടെ  അപര്യാപ്തതയുമൊക്കെ പരിഗണിച്ച്  കാലാനുസൃതമായ മാറ്റം വേണമെന്നതിൽ ആർക്കും തർക്കമില്ല. എന്നാൽ, ഇത്രയും ബൃഹത്തായ  നിർമിതിക്കു വേണ്ട ആഴത്തിലുള്ള പഠനങ്ങൾ, ചർച്ചകൾ, അഭിപ്രായ രൂപീകരണം എന്നിവ നടന്നില്ല. 20,000 കോടി രൂപയാണ് പദ്ധതിക്കാകെ ചെലവ് പ്രതീക്ഷിക്കുന്നത്.


 

പുതിയ നിർമിതിയെപ്പറ്റി ആലോചന തുടങ്ങിയപ്പോൾ മുതൽ എല്ലാം രഹസ്യമായിരുന്നു. പാർലമെന്റ് മന്ദിരമടക്കം മാറ്റിപ്പണിയുന്ന വിഷയമായിട്ടും പാർലമെന്റിൽ ചർച്ച ചെയ്തില്ല. ചർച്ച വേണമെന്നും പദ്ധതി സുതാര്യമാക്കണമെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ ആവശ്യപ്പെട്ടിരുന്നു. തിരക്കിട്ട് നീങ്ങരുതെന്നും പാർടി ആവശ്യപ്പെട്ടു. അന്ന് പാർലമെന്റ് സമ്മേളനം ചേരുന്ന സമയമായിരുന്നു. സർക്കാർ ആവശ്യം പരിഗണിച്ചില്ല. ആകെ നടന്നത് പദ്ധതിയുടെ നടത്തിപ്പുകാരായ ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഒരു തെളിവെടുപ്പാണ്. അവിടെ നിർമാണമേഖലയിലെ വിദഗ്ധരും നഗരാസൂത്രകരും പരിസ്ഥിതി പ്രവർത്തകരും പങ്കെടുത്തു. അവരിൽ ബഹുഭൂരിപക്ഷവും ഉയർത്തിയത് ആശങ്കകളാണ്. ആയിരത്തിമുന്നൂറോളം എതിർപ്പും നിർദേശങ്ങളും സമിതിക്ക് ലഭിച്ചു. അതിനൊന്നും മറുപടിയില്ലാതെ പദ്ധതിയുമായി സർക്കാർ നീങ്ങി.

അതിനിടെയാണ് കോവിഡ് മഹാമാരി രാജ്യത്തെ വരിഞ്ഞുകെട്ടിയത്. സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലായി. ജൂലൈ–-സെപ്‌തംബർ രണ്ടാം പാദത്തിലും 8.6 ശതമാനം ഇടിവ്‌ രേഖപ്പെടുത്തി. തുടർച്ചയായി രണ്ടു പാദത്തിൽ അഥവാ ആറുമാസം സമ്പദ്‌മേഖല കൂപ്പുകുത്തുന്ന അസാധാരണ അവസ്ഥ. ധന ലഭ്യതയില്ലെന്ന കാരണത്താൽ ക്ഷേമപദ്ധതികൾ  മരവിക്കപ്പെടുന്നു. രണ്ടു വർഷത്തെ എംപിമാരുടെ പ്രാദേശികവികസന ഫണ്ടും നിർത്തലാക്കി. അതിലൂടെ  8000 കോടിയുടെ നീക്കിയിരിപ്പാണ് ഉണ്ടാകുക. അതേസമയം  തന്നെയാണ്  എംപിമാർക്ക് ഇരിപ്പിടം ഒരുക്കാനടക്കം 20,000  കോടി ചെലവിടാൻ തിരക്കുപിടിച്ചു നീങ്ങുന്നത്. സ്വാഭാവികമായും അതിനെതിരെ ചോദ്യങ്ങളുയരും. ജനങ്ങളിൽ നിറയുന്ന ഈ ആശങ്കയാണ് സുപ്രീംകോടതിയും കഴിഞ്ഞദിവസം പങ്കുവച്ചത്.തെല്ലെങ്കിലും ജനാധിപത്യമര്യാദ അവശേഷിക്കുന്നുണ്ടെങ്കിൽ വ്യാഴാഴ്ചത്തെ ശിലാസ്ഥാപനം സുപ്രീംകോടതിയുടെ വിമർശനംകൂടി മുഖവിലയ്ക്കെടുത്ത് മാറ്റിവയ്‌ക്കുകയാണ് ചെയ്യേണ്ടത്. ഈ സർക്കാരിൽനിന്ന് അങ്ങനെയൊരു ഔചിത്യം  ജനാധിപത്യ വിശ്വാസികൾ പ്രതീക്ഷിക്കുന്നില്ല. ജനങ്ങൾ കെടുതിയിൽ അമരുമ്പോഴും ഉയരത്തിൽ പ്രതിമകൾ ഉയർത്തിയും തർക്കഭൂമിയിൽ ക്ഷേത്രം നിർമിച്ചും മോടി കാട്ടുന്ന ഒരു സർക്കാരാണല്ലോ ഇത്.

പക്ഷേ,  തൊഴിലില്ലായ്മ പെരുകിയും വരുമാനം നിലച്ചും പട്ടിണിയിൽ കുടുങ്ങിയ ഒരു ജനതയോട്  കാട്ടുന്ന ക്രൂരതയായി ഈ കല്ലിടൽ എണ്ണപ്പെടും. സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട നികുതിവിഹിതം നൽകാനും ക്ഷേമപദ്ധതികൾ തുടരാനും പണമില്ലെന്ന് വിലപിക്കുന്ന സർക്കാരിന്റെ ധൂർത്തിന്റെ സ്മാരകമായിട്ടായിരിക്കും ഇന്നത്തെ അവസ്ഥയിൽ ഡൽഹി വിസ്ത പദ്ധതി മാറുകയെന്നത് ഉറപ്പാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top