25 April Thursday

ഇന്റര്‍നെറ്റ് സമത്വവും ട്രായ് തീരുമാനവും

വെബ് ഡെസ്‌ക്‌Updated: Thursday Nov 30, 2017


ഇന്റര്‍നെറ്റ് സമത്വം (നെറ്റ് ന്യൂട്രാലിറ്റി) വീണ്ടും ചര്‍ച്ചയാകുകയാണ്. ഇക്കാര്യത്തില്‍ ഏറെക്കാലമായി കാത്തിരുന്ന നിര്‍ണായക ശുപാര്‍ശകള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. ഇന്റര്‍നെറ്റ് സേവനം സ്വതന്ത്രവും തുല്യവുമാകണമെന്ന കാഴ്ചപ്പാടിനെ അത് അംഗീകരിക്കുന്നു. ഇതില്‍നിന്ന് വേറിട്ട നീക്കം അരുതെന്ന് സേവനദാതാക്കളായ ടെലികോം കമ്പനികളെ വിലക്കുന്നു. ഇന്റര്‍നെറ്റ് വഴികളില്‍ പുതുകടമ്പകള്‍ വലിച്ചിട്ടിരുന്ന് പണം പിരിക്കാന്‍ ഇനി കമ്പനികള്‍ക്കാവില്ല.

ഇന്റര്‍നെറ്റ് ഇന്ന് അവശ്യവസ്തു ആകുകയാണ്. ഇന്റര്‍നെറ്റിന്റെ ലോകവിപണിയില്‍ ഇന്ത്യ മുന്‍നിരയിലാണ്. ചൈനയ്ക്കുപിന്നില്‍ ഏറ്റവും വേഗം വളരുന്ന ഒരു വിപണി. സര്‍ക്കാര്‍ സേവനങ്ങള്‍തന്നെ ഏറെയും ഇന്റര്‍നെറ്റിലൂടെയാകുന്നു. രാഷ്ട്രീയ സാമൂഹ്യചലനങ്ങളെ സ്വാധീനിക്കുന്ന സാംസ്കാരികശക്തിയായും  സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്ന സാമ്പത്തികശക്തിയായും അത് മാറുന്നു. ഈ സ്ഥിതിയില്‍ ഇന്റര്‍നെറ്റ് സമത്വം എന്നത് പ്രധാനമാകുന്നു. ഉപയോഗിക്കുന്നയാളുടെ പൂര്‍ണ സ്വാതന്ത്യ്രമാണ് ഇന്റര്‍നെറ്റ് സമത്വം ലക്ഷ്യംവയ്ക്കുന്നത്. നെറ്റ് ഉപയോഗിക്കാന്‍ പണം അടയ്ക്കുന്നയാള്‍ക്ക് ഇന്റര്‍നെറ്റ് പൂര്‍ണമായി ലഭ്യമാകണം. 'ഇനി മുമ്പോട്ട് പോകാന്‍ പണം, ആ സൈറ്റില്‍ കയറാന്‍ വേറെ ഫീസ്' എന്നിങ്ങനെ ഡാറ്റ പരിമിതപ്പെടുത്തുകയോ മൂടിവയ്ക്കുകയോ ചെയ്യാനാകില്ല. ചില സേവനങ്ങള്‍ക്ക് വേഗം കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാനും സാധിക്കില്ലെന്ന് ട്രായ് വ്യക്തമാക്കുന്നു.

സേവനം ലഭ്യമാക്കുന്നതില്‍ വിവേചനം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുന്ന നിയന്ത്രണങ്ങള്‍ സേവനദാതാക്കള്‍ക്കുള്ള ലൈസന്‍സ് വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തും. സേവനങ്ങളില്‍ വിവേചനം കാട്ടുന്ന കരാറില്‍ ഏര്‍പ്പെടുന്നതില്‍നിന്ന് സേവനദാതാക്കളെ വിലക്കും. വിവിധ ഉള്ളടക്കം, ആപ്ളിക്കേഷനുകള്‍, ഇന്റര്‍നെറ്റുവഴി കൈമാറാവുന്ന മറ്റ് വിവരങ്ങള്‍ എല്ലാം സേവനത്തില്‍ ഉള്‍പ്പെടും. എന്നാല്‍, ചില പ്രത്യേക സേവനങ്ങള്‍ക്കോ ചില സാഹചര്യങ്ങളിലോ ആവശ്യമായിവരുന്ന നിയന്ത്രണങ്ങള്‍ക്ക് തടസ്സമില്ല. അടിയന്തര സാഹചര്യങ്ങള്‍ സര്‍ക്കാരോ കോടതിയോ രാജ്യാന്തര കരാറുകളോമൂലം നിര്‍ദേശിക്കപ്പെടുന്ന നിയന്ത്രണങ്ങള്‍ക്കും തടസ്സമില്ല. വിവേചനരഹിതമായ സേവനം ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ വ്യവസ്ഥ രൂപീകരിക്കുമെന്നും ട്രായ് പറയുന്നു.

തീര്‍ച്ചയായും പുരോഗമനപരവും സ്വാഗതാര്‍ഹവുമായ തീരുമാനം. എന്നാല്‍, ഈ തീരുമാനത്തിലേക്ക് ട്രായിയെ എത്തിക്കാന്‍ കടുത്ത സമ്മര്‍ദം വേണ്ടിവന്നത് മറന്നുകൂടാ. യഥാര്‍ഥത്തില്‍ ഫെയ്സ്ബുക്കിന്റെ ഒരു 'മാരീച നീക്ക'മാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ്സമത്വം ചര്‍ച്ചയാക്കിയത്. 'ഫ്രീ ബേസിക്സ്' എന്ന ആട്ടിന്‍തോലിട്ടുവന്ന ആ ചെന്നായവേഷമാണ് ട്രായിയുടെ ഇടപെടലിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ഫെയ്സ് ബുക്ക് ചിലരെ ഒപ്പംകൂട്ടുന്നു. അവരുടെയും ഫെയ്സ് ബുക്കിന്റെയും സേവനം സൌജന്യം. ഇന്ത്യയില്‍ പങ്കാളിയായി റിലയന്‍സ്. ഇതായിരുന്നു പദ്ധതി. എയര്‍ടെല്‍ സീറോ എന്ന പേരില്‍ എയര്‍ടെല്ലിന്റെ മറ്റൊരു പദ്ധതിയും വന്നു. തുടര്‍ന്നാണ് ഇന്റര്‍നെറ്റ് സമത്വം സംബന്ധിച്ച് പൊതുജനാഭിപ്രായം തേടാന്‍ 2015ല്‍ ട്രായ് നിര്‍ബന്ധിതമായത്.

അന്ന് ഇന്റര്‍നെറ്റ് സമത്വത്തിനായി അതിശക്തമായ പ്രചാരണംതന്നെ നടന്നു. സേവ് ദി ഇന്റര്‍നെറ്റ് എന്ന വെബ്സൈറ്റിലൂടെ നടത്തിയ പ്രചാരണം ട്രായിയുടെ തീരുമാനത്തെ സ്വാധീനിക്കുന്ന നിലവന്നു. ഈ സൈബര്‍പോരാട്ടത്തില്‍ ഒരു രാഷ്ട്രീയ പാര്‍ടി എന്ന നിലയില്‍ ഭാഗഭാക്കായത് സിപിഐ എം മാത്രമാണ്. മറ്റ് ഒട്ടേറെ പ്രസ്ഥാനങ്ങളും വ്യക്തികളും നിര്‍ണായക പങ്കുവഹിച്ചു. 'ഇന്റര്‍നെറ്റിലൂടെ എന്ത് സമരം' എന്ന് പരിഹസിച്ചവര്‍ക്ക് ആ പ്രക്ഷോഭം പാഠമായി. സിപിഐ എം ഇരുപത്തൊന്നാം  കോണ്‍ഗ്രസും ഈ വിഷയത്തില്‍ പ്രമേയം പാസാക്കി. ഇന്റനെറ്റ് സേവനങ്ങള്‍ കുത്തകവല്‍ക്കരിക്കാനും അധികനിരക്ക് ഈടാക്കാനുമുള്ള നീക്കത്തിനെതിരെയായിരുന്നു പ്രമേയം. നിലവിലുള്ള ഇന്റര്‍നെറ്റ് സമത്വത്തിനെതിരെ കുത്തക ടെലികോം കമ്പനികള്‍ നടത്തുന്ന നീക്കത്തെ ചെറുക്കാനും പ്രമേയം ആഹ്വാനം ചെയ്തിരുന്നു.
ഇന്റര്‍നെറ്റ് ജനങ്ങളുടെ അവകാശമാണെന്ന നിലപാട് കേരള സര്‍ക്കാരും സ്വീകരിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്നത് നയമായി അംഗീകരിച്ച് സര്‍ക്കാര്‍ നടപടികള്‍ തുടരുന്നു. ഇതിനൊക്കെ ആക്കം പകരുന്നതാണ് ട്രായ് തീരുമാനം.

എന്നാല്‍, ആപത്തൊഴിഞ്ഞു എന്ന് കരുതാനാകില്ല. മറുവശത്ത് വമ്പന്‍ കുത്തകകളാണ്. അവരെ ചുറ്റുമിരുത്തി നയം രൂപീകരിക്കുന്നവരാണ് ഭരിക്കുന്നത്. അമേരിക്കയില്‍ ഇന്റര്‍നെറ്റ് സമത്വം വേണ്ടെന്ന് വയ്ക്കാന്‍ നടപടി തുടങ്ങിക്കഴിഞ്ഞു. കടുത്ത എതിര്‍പ്പിനിടയിലും തീരുമാനം നടപ്പാക്കാനാണ് ഇവിടത്തെ ട്രായിക്ക് തുല്യമായി അവിടെയുള്ള ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമീഷന്‍ (എഫ്സിസി) ശ്രമിക്കുന്നത്. ഇത് നാളെ ഇവിടെയും വരാം. ഇപ്പോള്‍ വേണ്ടിവന്നതിലും വലിയ പ്രക്ഷോഭങ്ങള്‍ അന്ന് വേണ്ടിവന്നേക്കാം. ട്രായ് തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോള്‍ അത്രയുംകൂടി കരുതിയിരിക്കാം
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top