24 April Wednesday

നേമത്തെ വ്യാജനിർമിതി

വെബ് ഡെസ്‌ക്‌Updated: Thursday Mar 18, 2021


ബിജെപിക്ക് വോട്ടുകൾ വിറ്റ് നിയമസഭയിൽ കടന്നുവരാൻ അവർക്ക് യുഡിഎഫ് അവസരമൊരുക്കിയ മണ്ഡലമാണ് നേമം. അതുമാത്രമാണ് കേരളത്തിലെ 140 മണ്ഡലത്തിൽ നേമത്തെ മാറ്റിനിർത്തുന്നത്. 2011ലും 16ലും ബിജെപിയെ അവിടെ ചെറുത്തുനിന്നത് സിപിഐ എമ്മാണ്. 2011ൽ വോട്ടുകച്ചവടം ഉണ്ടായിട്ടും എൽഡിഎഫ് ജയിച്ചു. എന്നാൽ, 2016 സ്വന്തം വോട്ടു വിഹിതം ഒമ്പതിനായിരത്തിലേറെ അവിടെ ഉയർത്തിയിട്ടും എൽഡിഎഫ് തോറ്റു. യുഡിഎഫ് സ്വന്തം വോട്ടുകൾ ഏറെക്കുറെ പൂർണമായും വിറ്റതായിരുന്നു കാരണം. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലായി ദുർബല സ്ഥാനാർഥികളെ നിർത്തിയായിരുന്നു യുഡിഎഫിന്റെ ഈ കച്ചവടം. കേരളത്തിനും രാജ്യത്തിനും മുമ്പിൽ ഇതിന്റെ പേരിൽ നാണംകെട്ട മുന്നണി ഇത്തവണ അവിടെയൊരു കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തി. ഇതുമാത്രമാണ് ഉണ്ടായത്.

ബിജെപിയോട് പൊരുതുന്നതായി നടിക്കുന്ന കോൺഗ്രസിന്റെ രാഷ്ട്രീയ അധഃപതനത്തിന്റെ ഈ ജീർണ അധ്യായം മറച്ചുപിടിക്കാനുള്ള തീവ്രശ്രമമാണ് യുഡിഎഫ് മുഖപത്രമായ മലയാള മനോരമയും ചില കോൺഗ്രസ് നേതാക്കളും ചേർന്നു നടത്തുന്നത്. ആദ്യം ആരൊക്കെയോ നേമത്ത് വരാൻ പോകുന്നുവെന്ന പ്രതീതി പരത്തി. ഒരു ഘട്ടത്തിലും പരിഗണിച്ചിട്ടില്ലാത്ത ഉമ്മൻചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും പേരുകൾവരെ പ്രചരിപ്പിച്ചു. ഒടുവിൽ നിലവിൽ ലോക്‌‌സഭാംഗമായ കെ മുരളീധരൻ സ്ഥാനാർഥിയായി. എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടിക്ക് വിജയം ഉറപ്പായ മണ്ഡലത്തിൽനിന്ന് തോറ്റാൽ ഒന്നും നഷ്ടപ്പെടാനില്ലാത്ത ഒരു സ്ഥാനാർഥിയെ കോൺഗ്രസ് കണ്ടെത്തിയെന്നതിനപ്പുറം കെ മുരളീധരന്റെ സ്ഥാനാർഥിത്വത്തിന് പ്രത്യേകിച്ച് ഒരു പ്രാധാന്യവുമില്ല. അതുകൊണ്ടുതന്നെ അത്‌ അങ്ങനയല്ലെന്ന് വരുത്താനാണ് മനോരമയും യുഡിഎഫും ശ്രമിക്കുന്നത്. അതിനായി ‘മാസ് എൻട്രി' എന്നും ‘ഹൈപവർ എൻട്രി’ എന്നുമെല്ലാം മുഴക്കമുള്ള വാക്കുകൾ അവർ എടുത്തെറിയുന്നു.

നിലവിൽ എംപിയായ മുരളീധരൻ ആ സ്ഥാനം രാജിവച്ചിട്ടാണ് മത്സരിക്കുന്നതെങ്കിൽ ഈ വാദത്തിന് അൽപ്പം ബലം കിട്ടിയേനെ. ഇതിപ്പോൾ രണ്ടാം സ്ഥാനത്തായാലും മൂന്നാം സ്ഥാനത്തായാലും നാണക്കേടൊഴികെ മറ്റൊന്നും ഉണ്ടാകില്ല എന്നറിഞ്ഞുള്ള പരീക്ഷണമാണ് യുഡിഎഫ് നടത്തുന്നത്. ഈ ദൈന്യത മറച്ചുവയ്‌ക്കാൻ മുരളീധരനെ അജയ്യനെന്നുവരെ ചിത്രീകരിക്കുന്നു. സംസ്ഥാനത്ത് മന്ത്രിയായിരിക്കെ എംഎൽഎ ആകാൻ ശ്രമിച്ചു പരാജയപ്പെട്ട ദയനീയമായ ചരിത്രമുള്ള വ്യക്തിയാണ് മുരളീധരൻ. കേരളത്തിൽ പലരും മന്ത്രിയും മുഖ്യമന്ത്രിയും ആയശേഷം എംഎൽഎ ആകാൻ മത്സരിച്ചിട്ടുണ്ട്. തോറ്റിട്ടുള്ളത് മുരളീധരൻ മാത്രം. അതുപോലെ 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അന്ന് തീരെ പ്രശസ്തനല്ലാത്ത പി ടി എ റഹിമിനോട് ഏഴായിരത്തിലധികം വോട്ടിനു തോറ്റതും ഇതേ മുരളീധരൻ തന്നെ. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ 2009ൽ മൂന്നാം സ്ഥാനത്തായതും കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിൽ എം പി വീരേന്ദ്രകുമാറിനോട് തോറ്റതും മുരളീധരന്റെ തെരഞ്ഞെടുപ്പുമത്സര ചരിത്രത്തിലുണ്ട്. ഓർക്കാൻ കോൺഗ്രസുകാർക്ക് ഒട്ടും സുഖകരമല്ലാത്ത വിവാദങ്ങളുടെ നായകനായും ഈ മുരളിയെ കേരളം കണ്ടു. എ കെ ആന്റണിയെ മുക്കാലിയിൽ കെട്ടി അടിക്കണമെന്ന് ‘ആഹ്വാനം' ചെയ്തും സ്വന്തം പാർടി നേതാവായ അഹമ്മദ്‌ പട്ടേലിനെ അലൂമിനിയം പട്ടേൽ എന്നും സോണിയ ഗാന്ധിയെ മദാമ്മ എന്നുവിളിച്ചും വാർത്തയിൽ ഇടംനേടിയ കാലവുമുണ്ടായി. ഇപ്പോൾ കോൺഗ്രസിന്റെ എംപിയായ രാജ്മോഹൻ ഉണ്ണിത്താനും മുരളീധരനുമായി 2016ൽ നടന്ന വാക്പോര് കേരളം കാതുപൊത്തിയാണ് ടിവിയിൽ കണ്ടത്.

ഇത്തരത്തിൽ തെരഞ്ഞെടുപ്പിൽ ദയനീയ തോൽവിയുടെ ചരിത്രവും വിവാദങ്ങളും പിൻഭാരമായുള്ള ഒരു നേതാവിനെ മഹാസംഭവമാക്കി ചിത്രീകരിച്ച് ഇതുവരെ നടത്തിയ വോട്ടുകച്ചവടത്തിനു മറയിടാനാണ് ശ്രമം. എന്നാൽ, മുരളീധരൻ മത്സരിക്കുന്നതുകൊണ്ട് നേമത്ത് വോട്ടുകച്ചവടം ഉണ്ടാകില്ലെന്ന് ഉറപ്പിക്കാവുന്ന ഒന്നും ഇപ്പോഴും ഉണ്ടാകുന്നില്ല. അങ്ങനെയൊരു സീറ്റിൽ ഒതുങ്ങുന്നതല്ലല്ലോ ആ കച്ചവടം.

ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് വന്ന മണ്ഡലങ്ങൾ ഏഴുണ്ട് കേരളത്തിൽ. അതിലൊന്നായ മലമ്പുഴയിൽ ഈ തെരഞ്ഞെടുപ്പിൽ ഇതേ തന്ത്രം പയറ്റി. നാട്ടുകാർ കൈയോടെ പിടിച്ചപ്പോൾ സ്ഥാനാർഥിയെ മാറ്റി തലയൂരി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട്ടടക്കം തുടർന്നു വരുന്ന ഈ കച്ചവടം ഇത്തവണയും തുടരുന്നതിന്റെ സൂചനകൾ എങ്ങുമുണ്ട്. അതുകൊണ്ടാണ് തെറ്റ് ഏറ്റുപറഞ്ഞ്‌ മതനിരപേക്ഷ കേരളത്തോട് കോൺഗ്രസ് മാപ്പുപറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച ആവശ്യപ്പെട്ടത്. ഒരിടത്തും ബിജെപിക്ക് ഇക്കുറി വോട്ടു വിൽക്കില്ലെന്ന് സ്വന്തം അണികളെ എങ്കിലും അവർ വിശ്വസിപ്പിക്കട്ടെ. നേമത്ത് ഒരു സ്ഥാനാർഥിയെ നിർത്തിയെന്നതിന്റെ പേരിൽ ഈ കളങ്കമെല്ലാം മായ്ച്ചുകളയാമെന്ന വ്യാമോഹം വെറുതേയാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top