15 December Monday

വെറുപ്പിന്റെ കൊടുംക്രൂരത

വെബ് ഡെസ്‌ക്‌Updated: Monday Aug 28, 2023


വെറുപ്പിന്റെ രാഷ്ട്രീയം എത്ര ആഴത്തിൽ വേരുകളാഴ്‌ത്തിയിരിക്കുന്നുവെന്ന്‌ വ്യക്തമാക്കുന്നു ഉത്തർപ്രദേശിൽ അധ്യാപിക ഏഴു വയസ്സുകാരനായ മുസ്ലിം വിദ്യാർഥിയെ മറ്റ് വിദ്യാർഥികളെക്കൊണ്ട് അതിക്രൂരമായി മർദിപ്പിച്ച സംഭവം. ദളിത്–- മുസ്ലിം ജനവിഭാഗങ്ങൾ നിന്ദ്യമായ വിവേചനവും കൊടിയ പീഡനവും അനുഭവിക്കുന്ന ഉത്തർപ്രദേശിൽ കുട്ടികൾക്ക് വെളിച്ചം പകരേണ്ട അധ്യാപകർപോലും സംഘപരിവാറിന്റെ ഇരുണ്ട രാഷ്ട്രീയത്തിൽ ആവേശിതരായിരിക്കുന്നു എന്നത് അത്യന്തം ആശങ്കയുണർത്തുന്നു. അത് അടുത്ത തലമുറയിലേക്കും ഇരുൾ നീളുന്നതിന്റെ ഭീതിയുണർത്തുന്നു.

മുസഫർനഗർ ജില്ലയിലെ ഖുബ്ബാപുർ ഗ്രാമത്തിലെ നേഹ പബ്ലിക് സ്കൂൾ അധ്യാപിക തൃപ്ത ത്യാഗി തന്റെ വിദ്യാർഥിയുടെ മതത്തെക്കുറിച്ചുള്ള പരിഹാസ പരാമർശത്തോടെ അവനെ വീണ്ടും വീണ്ടും തല്ലാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്ന ദൃശ്യം വിവേകമുള്ള ആരെയും അമ്പരപ്പിക്കും. "നീയെന്താ ഈ ചെയ്യുന്നത്. അടിക്കവനെ ശക്തിയായി. അടുത്തത് ആരാ' എന്ന്  അധ്യാപിക വിദ്യാർഥികളോട് ചോദിക്കുന്നത് പ്രചരിക്കുന്ന വീഡിയോയിൽ കേൾക്കാം. മുഖത്ത് ആവർത്തിച്ച് അടി കിട്ടിയ കുട്ടി കരയുന്നതും "മുഖം ചുവന്നു, ഇനി ദേഹത്ത് അടി' എന്ന് അധ്യാപിക പറയുന്നതും ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. "ഈ മുസ്ലിം പിള്ളേർ' എന്ന് അവർ പുച്ഛത്തോടെ ആവർത്തിക്കുന്നുമുണ്ട്. ഹോം വർക്ക് ചെയ്യാത്ത കുട്ടിയെ മറ്റ് കുട്ടികളെക്കൊണ്ട് ശിക്ഷിപ്പിച്ചത് താൻ ഭിന്നശേഷിക്കാരിയായതിനാലാണെന്ന വിചിത്ര വാദമാണ് വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് അധ്യാപികയുടെ ഭാഗത്തുനിന്നുണ്ടായത്.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവത്തിൽ അന്നുതന്നെ പരാതി നൽകിയ പിതാവിനെ ഒത്തുതീർപ്പിനു പ്രേരിപ്പിക്കുകയാണ് പൊലീസ് ആദ്യം ചെയ്തത്. വഴങ്ങാത്തതിനെ തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമം 323 വകുപ്പ് (ദേഹോപദ്രവം ഏൽപ്പിക്കൽ) പ്രകാരവും 504 വകുപ്പ് (സമാധാനം തകർക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള അധിക്ഷേപം) പ്രകാരവും പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തു. ഈ വകുപ്പുകൾ പ്രകാരം കുറ്റം ചെയ്തവരെ വാറന്റ്‌ കൂടാതെ അറസ്റ്റു ചെയ്യാനാകില്ല. അന്വേഷണത്തിന് കോടതിയുടെ അനുമതിയും വേണം. വാറന്റ് ലഭിക്കാൻ പൊലീസ് നടപടിയെന്തെങ്കിലും സ്വീകരിച്ചതായി അറിയില്ല. അറസ്റ്റും നടന്നില്ല. ഇതാണ് നരേന്ദ്ര മോദിയുടെ പിൻഗാമിയെന്ന് സംഘപരിവാറിലെ ഒരു വിഭാഗം പ്രചരിപ്പിക്കുന്ന യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിലെ പൊലീസിന്റെ നീതിബോധം. സ്‌കൂൾ തൽക്കാലം അടച്ചിടാൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്‌.

മുസ്ലിങ്ങളെ അപരരായി കാണുന്ന സംഘപരിവാർ രാഷ്ട്രീയത്തെ അതിന്റെ പച്ചയായ അർഥത്തിൽ പ്രകടിപ്പിക്കുന്ന യോഗി ആദിത്യനാഥ് മുസ്ലിങ്ങളെ പരാമർശിക്കുമ്പോഴൊക്കെയും"അവർ' എന്ന പദമാണുപയോഗിക്കുക. ജനാധിപത്യ ഇന്ത്യയിലെ ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രി സ്വന്തം ജനങ്ങളെ "അവർ' എന്ന് അപരവൽക്കരിക്കുമ്പോൾ അതിന് അനുകരണങ്ങളുണ്ടാകുന്നതിൽ അതിശയമില്ല.

അപരവൽക്കരണമാണ് വെറുപ്പിന്റെ, രാഷ്ട്രീയത്തിന്റെ പ്രയോഗ രീതി. വർഗീയ രാഷ്ട്രീയം സ്വമത, അപരമത വിഭജനത്തിലൂടെ വെറുപ്പ് വളർത്തുന്നു. വിതയ്ക്കുന്ന വെറുപ്പ് എത്ര ആഴത്തിലേക്ക് വേരൂന്നുന്നുവെന്നത് അവർ പ്രശ്നമാക്കുന്നില്ല. വിളവ് അതിനനുസരിച്ച് മെച്ചപ്പെടുമെന്ന് അവർക്ക് ഉറപ്പുണ്ട്. അടുത്തിടെ  ജയ്‌പുർ–-മുംബൈ ട്രെയിനിൽ ആർപിഎഫ് കോൺസ്റ്റബിൾ നാലുപേരെ വെടിവച്ചുകൊന്നതും ഇതേ വിദ്വേഷത്തിന്റെ ഭാഗമായിരുന്നു. റയിൽവെ സംരക്ഷണ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥനും മൂന്നു യാത്രക്കാരുമാണ് കൊല്ലപ്പെട്ടത്. ഇവരെല്ലാം മുസ്ലിങ്ങളായിരുന്നു.

മർദനമേറ്റ പിഞ്ചു ബാലൻ മാത്രമല്ല, അവനെ തല്ലിയ അവന്റെ സഹപാഠികളും അധ്യാപികയും ഇരകളാണ്. സമൂഹത്തിൽ പടർന്ന ഇരുളിനാൽ, ആവേശിക്കപ്പെട്ടു പോയ ഇരകൾ. അടിയേറ്റ കവിളിൽ അടിച്ചവർതന്നെ ഗ്രാമവാസികളുടെയെല്ലാം സാന്നിധ്യത്തിൽ നൽകിയ മുത്തംമാത്രം ഇരുളിൽ പ്രതീക്ഷയുടെ പൊൻ വെളിച്ചമാകുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top