19 April Friday

പൊന്നുപോലൊരു വെള്ളിപ്പതക്കം

വെബ് ഡെസ്‌ക്‌Updated: Monday Jul 25, 2022


ഒരിക്കൽക്കൂടി നീരജ്‌ ചോപ്ര ചരിത്രത്തിലേക്ക്‌ ജാവലിൻ പായിച്ചു. ഒളിമ്പിക്‌സിനുശേഷം ലോക ചാമ്പ്യൻഷിപ്പിൽ. ടോക്യോ ഒളിമ്പിക്‌സിൽ നീരജ്‌ നേടിയത്‌ ഒരു ഇന്ത്യക്കാരന്റെ ആദ്യ അത്‌ലറ്റിക്‌സ്‌ സ്വർണമായിരുന്നു. ഒരുവർഷത്തിനുശേഷം വീണ്ടുമൊരു ലോകമെഡൽ. ഇക്കുറി വെള്ളിയാണ്‌. അമേരിക്കയിലെ ഒറിഗോണിൽ നടന്ന ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിലെ വെള്ളിക്ക്‌ സ്വർണത്തിന്റെ പകിട്ടുണ്ട്‌. കാരണം ആകെ രണ്ട്‌ ഇന്ത്യക്കാർ മാത്രമാണ്‌ ഇക്കാലത്തിനിടെ ലോക മെഡൽ നേടിയിട്ടുള്ളൂ.

അഞ്‌ജുബോബി ജോർജ്‌ 2003ലെ പാരീസ്‌ ലോകമീറ്റിലാണ്‌ വെങ്കലം നേടിയത്‌. ലോങ്ജമ്പിലായിരുന്നു നേട്ടം. 19 വർഷത്തിനുശേഷം ഇക്കുറി പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 88.13 മീറ്റർ താണ്ടിയാണ്‌ നീരജ്‌ ചരിത്രമെഴുതിയത്‌. ലോകത്തെ ഏറ്റവും മികച്ച 12 പേരാണ്‌ ഫൈനലിൽ മത്സരിച്ചത്‌. യോഗ്യതാറൗണ്ടിൽ 28 പേരായിരുന്നു. ഇന്ത്യ ഇക്കുറി 20 അംഗ സംഘത്തെയാണ്‌ അയച്ചത്‌. മറ്റാർക്കും മെഡലില്ല. നീരജ്‌ ഒരുവർഷത്തിനിടെ നേടിയ രണ്ട്‌ ലോക വിജയം അഭിമാനകരമാണ്‌. 140 കോടി കടന്ന ജനസംഖ്യയുള്ള രാജ്യം ഒളിമ്പിക്‌സിന്റെ 125 വർഷത്തെ ചരിത്രത്തിൽ ഒരു അത്‌ലറ്റിക്‌സ്‌ മെഡലിനായി കാത്തിരുന്നത്‌ ഇത്രയും കാലം. ലോക ചാമ്പ്യൻഷിപ്പിലാകട്ടെ ഇതുവരെ സ്വർണം സാധ്യമായിട്ടില്ല.
ഒളിമ്പിക്‌സിനുശേഷം നീരജിന്റെ വിജയം ഇന്ത്യൻ കായികരംഗത്ത്‌ പുത്തനുണർവുണ്ടാക്കിയിരുന്നു. ഇന്ത്യക്ക്‌ ലോകമെഡൽ സാധ്യമാകുമെന്ന തിരിച്ചറിവിന്‌ ഇത്‌ വഴിയൊരുക്കി.  കൃത്യമായ ലക്ഷ്യത്തോടെ കഠിനാധ്വാനം ചെയ്‌താൽ വലിയ വേദികളിൽ മെഡൽ അസാധ്യമല്ലെന്ന തിരിച്ചറിവാണ്‌ ഈ ചെറുപ്പക്കാരൻ  നൽകുന്നത്‌. വലിയ ലക്ഷ്യത്തിനായി താൽക്കാലിക സന്തോഷങ്ങൾ വേണ്ടെന്നുവച്ച ഇരുപത്തിനാലുകാരന്റെ സമർപ്പണവും അഭിനന്ദനമർഹിക്കുന്നു.

വിജയത്തിന്‌ കുറുക്കുവഴികളില്ല. താൽക്കാലിക വിജയങ്ങൾ ആരെയും എവിടെയും എത്തിക്കില്ല. കളിയുടെ അർബുദമായ ഉത്തേജകമരുന്നിന്റെ ഉപയോഗം ഇന്ത്യൻ അത്‌ലറ്റിക്‌സിനെയും ഗ്രസിച്ചുതുടങ്ങിയിരിക്കുന്നു. അത്‌ലറ്റിക്‌സ്‌ വേദികളിൽനിന്നുള്ള വാർത്തകൾ അത്ര ശുഭകരമല്ല. കോമൺവെൽത്ത്‌ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽനിന്ന്‌ രണ്ട്‌ കായികതാരങ്ങളെയാണ്‌ കഴിഞ്ഞ ദിവസം പുറത്താക്കിയത്‌. സ്‌പ്രിന്റർ എസ്‌ ധനലക്ഷ്‌മിയും ട്രിപ്പിൾജമ്പ്‌ താരം ഐശ്വര്യബാബുവും. ഇരുവരെയും മരുന്നടിച്ചതിന്‌ പിടികൂടുകയും വിലക്കുകയും ചെയ്‌തു.

ഒളിമ്പിക്‌സിലെ നേട്ടം താൽക്കാലികമായിരുന്നില്ലെന്ന്‌ നീരജിന്റെ  വിജയം ഓർമിപ്പിക്കുന്നു. ട്രാക്കിൽ മികവുകാണിച്ചാലും ത്രോ ഇനങ്ങളിൽ ഇന്ത്യക്കാർ ശോഭിക്കുന്നത്‌ കുറവ്‌. പല ഇനങ്ങളും യൂറോപ്യൻമാരുടെ കുത്തകയായിരുന്നു. അതിനൊരുമാറ്റമാണ്‌ നീരജിന്റെ വരവ്‌.  ഹരിയാനയിലെ പാനിപ്പത്തിലെ ഖണ്ഡേര ഗ്രാമത്തിൽനിന്നെത്തി ലോകവേദിയിലേക്ക്‌ ഉയർന്ന ഇരുപത്തിനാലുകാരന്റെ ജീവിതം വളർന്നുവരുന്ന കായികതാരങ്ങൾക്ക്‌ മാതൃകയാക്കാം. ഒളിമ്പിക്‌സിനുശേഷം വിശ്രമം കഴിഞ്ഞാണ്‌ വീണ്ടും മത്സരത്തിന്‌ ഇറങ്ങിയത്‌. ലോകമീറ്റിനുമുമ്പ്‌ മൂന്ന്‌ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തു. കഴിഞ്ഞ മാസം 17 ദിവസത്തിനിടെ ഇറങ്ങിയ മൂന്ന്‌ മീറ്റിലും മെഡൽ നേടി. രണ്ട്‌ തവണ ദേശീയ റെക്കോഡ്‌ തിരുത്തി. ഒരു സ്വർണവും രണ്ട്‌ വെള്ളിയുമാണ്‌ സമ്പാദ്യം. അതിനുശേഷമായിരുന്നു ലോക ചാമ്പ്യൻഷിപ്.

ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ കോമൺവെൽത്ത്‌ ഗെയിംസ്‌ 28ന്‌ തുടങ്ങുകയാണ്‌. അവിടെ സ്വർണത്തിൽ കുറഞ്ഞതൊന്നും  പ്രതീക്ഷിക്കുന്നില്ല. 90 മീറ്റർ എന്ന ലക്ഷ്യവും മുന്നിലുണ്ട്‌. നിലവിൽ 89.94 മീറ്ററാണ്‌ ദേശീയ റെക്കോഡ്‌. ഒളിമ്പിക്‌സിൽ 87.58 മീറ്റർ എറിഞ്ഞായിരുന്നു സ്വർണം. ലോകമീറ്റിൽ വെള്ളി പിറന്നത്‌ 88.13 മീറ്ററിൽ.

ഒരു അഞ്‌ജുവോ നീരജോ മെഡൽ നേടിയതുകൊണ്ട്‌ മാത്രമായില്ല; ലോകവേദികളിൽ മെഡൽ നേടാൻ കെൽപ്പുള്ള കൂടുതൽ താരങ്ങൾ ഉയർന്നുവരണം. വ്യക്തമായ ആസൂത്രണവും പദ്ധതികളും അടിസ്ഥാനസൗകര്യങ്ങളും സമർപ്പണവും അനിവാര്യമാണ്‌. നീരജിലെ  അത്‌ലിറ്റ്‌ ലോകനിലവാരത്തിലെത്തിയത്‌ വിദേശപരിശീലനത്തിലൂടെയാണെന്ന തിരിച്ചറിവും പ്രധാനമാണ്‌. ഒപ്പം ജർമൻകോച്ചുകളായ ഉവ്‌ഹോണും ഡോ. ക്ലൗസ്‌ ബർട്ടോണിയെറ്റ്‌സും നിർണായകസാന്നിധ്യമായി. 

ഇരുപതംഗ ടീമിൽ എട്ട്‌ മലയാളികൾ ഉണ്ടായിരുന്നു. മലയാളികളായ എം ശ്രീശങ്കറും എൽദോസ്‌ പോളും ഫൈനലിലെത്തിയെങ്കിലും മെഡലായില്ല. ലോങ്ജമ്പിൽ ശ്രീശങ്കർ ഏഴാമതായി. എൽദോസ്‌ പോളാകട്ടെ ട്രിപ്പിൾജമ്പിൽ അപ്രതീക്ഷിതമായി ഫൈനലിൽ കടന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി. എന്നാൽ, മെഡൽ പോരിൽ ഒമ്പതാം സ്ഥാനത്തായി. കോമൺവെൽത്ത്‌ ഗെയിംസ്‌ ഈയാഴ്‌ച തുടങ്ങും. അടുത്തവർഷം ലോകമീറ്റും ഏഷ്യൻ ഗെയിംസുമുണ്ട്‌. 2024ൽ പാരീസ്‌ ഒളിമ്പിക്‌സ്‌. വെള്ളിവെളിച്ചത്തിൽ അതിനായി ഒരുങ്ങാം.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top