26 April Friday

എൻഡിടിവിയും അദാനിയും

വെബ് ഡെസ്‌ക്‌Updated: Thursday Aug 25, 2022


സ്വതന്ത്ര മാധ്യമം എന്നത് സങ്കൽപ്പമാണ്. ഉടമാവകാശം കൈയാളുന്നവരുടെ താൽപ്പര്യമാണ് എല്ലാ മാധ്യമങ്ങളും സംരക്ഷിക്കുന്നത്. അത് ഒളിഞ്ഞും മറഞ്ഞും ആയെന്നുവരാം; നേരിട്ടുമാകാം. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. അധികം മുതൽമുടക്ക് ആവശ്യമുള്ള ടെലിവിഷൻ ചാനൽപോലെയുള്ളവയിൽ മൂലധനത്തിന്റെ പിടി കൂടുതൽ മുറുകും. ഇന്ത്യയിലെ ഇന്നത്തെ ടെലിവിഷൻ ചാനലുകൾ ഏറെക്കുറെ എല്ലാം നിയന്ത്രിക്കുന്നത് വ്യവസായ കുത്തകകളാണ്. പ്രാദേശിക ചാനലുകൾ അടക്കം 72 ചാനൽ മുകേഷ് അംബാനിയുടെ റിലയൻസിന്റെ നിയന്ത്രണത്തിലുണ്ട്. ഇതിൽ മുപ്പതോളം വാർത്താ ചാനലും ഉൾപ്പെടുന്നു. ബിജെപിയുടെ രാജ്യസഭാംഗമായ സുഭാഷ് ചന്ദ്രയുടെ എസ്സെൽ കമ്പനിയുടെ കൈയിൽ സീ ഗ്രൂപ്പിലെ അടക്കം 15 വാർത്താ ചാനൽ.  ഇതിനു പുറമെ ബിജെപി മന്ത്രി രാജീവ്‌ ചന്ദ്രശേഖറിന്റെയും അർണബ്‌ ഗോസ്വാമിയുടെയും മറ്റും ചാനലുകൾ. എല്ലാവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌തുതിപാഠകരും കൂട്ടുകച്ചവടക്കാരും. ഇവരെല്ലാം ചേർന്ന്‌ നിയന്ത്രിക്കുന്ന ഇന്ത്യൻ മാധ്യമരംഗം 2022ലെ മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ നൂറ്റമ്പതാം സ്ഥാനത്ത്‌ എത്തിനിൽക്കുന്നു. ആകെ 180 രാജ്യമേ ആ പട്ടികയിലുള്ളൂ എന്നുകൂടി കാണണം.

ഈ വിപുലമായ ഭരണാനുകൂല കുത്തകകളുടെ മാധ്യമസ്ഥാപനങ്ങൾക്കിടയിൽ വ്യത്യസ്‌തത പുലർത്തിനിന്ന ഏക ദേശീയ വാർത്താ ചാനലാണ്‌ എൻഡിടിവി. മാധ്യമരംഗത്തുനിന്നുള്ള  പ്രണയ്‌ റോയിയും ഭാര്യ രാധിക റോയിയും നേതൃത്വം നൽകുന്നു എന്നതുകൊണ്ടുതന്നെ ചെളിനിറഞ്ഞ മാധ്യമ പരിസരത്ത്‌ കുറച്ചെങ്കിലും തലയുയർത്തി നിൽക്കാൻ അവർക്ക്‌ കഴിഞ്ഞു. അവരുടെ ഹിന്ദിവിഭാഗം നയിക്കുന്ന രാവിഷ്‌ കുമാറിനെപ്പോലുള്ളവർ മറ്റു മാധ്യമങ്ങൾ ഒളിപ്പിക്കുന്ന ഇന്ത്യൻ യാഥാർഥ്യങ്ങൾ സ്‌ക്രീനിലെത്തിച്ച്‌ ജനശ്രദ്ധ നേടി.

എൻഡിടിവി അതുകൊണ്ടുതന്നെ മോദി സർക്കാരിന്റെ നോട്ടപ്പുള്ളിയായി. ബിജെപി ഇതര സർക്കാരുകൾക്കുനേരെ കുതിച്ചെത്താറുള്ള വേട്ടപ്പട്ടികളെല്ലാം ഇവർക്കെതിരെയും പാഞ്ഞുചെന്നു. വിവിധ അന്വേഷണ ഏജൻസികൾ പല കേസിലായി കുടുക്കി സ്ഥാപനത്തെ ശ്വാസംമുട്ടിച്ചു. എൻഡിടിവി കടം വാങ്ങിയിരുന്ന ഒരു സ്ഥാപനത്തെ വിലയ്‌ക്കെടുത്ത്‌ പ്രണയ്‌ റോയിയുടെയും രാധികയുടെയും പേരിലുള്ള ഓഹരികൾ നരേന്ദ്ര മോദിയുടെ ഏറ്റവും അടുപ്പക്കാരിൽ ഒരാളായ വൻ വ്യവസായി ഗൗതം അദാനി ഇപ്പോൾ വിലയ്‌ക്കുവാങ്ങി. ഒപ്പം വ്യക്തികളുടെ കൈയിലെ ഓഹരികൾ വാങ്ങാൻ നടപടിയും തുടങ്ങി. ഇതോടെ ചാനലിന്റെ നിയന്ത്രണം അദാനിയുടെ പിടിയിലാകും. തീർത്തും അധാർമികവും നിയമപരമല്ലാത്തതുമായ ഈ പിടിച്ചെടുക്കൽ കോടതിയിൽ ചോദ്യം ചെയ്യുമെന്ന്‌ ചാനൽ പറയുന്നു. പക്ഷേ, അതിന്റെ ഫലപ്രാപ്‌തി പ്രവചിക്കാനാകില്ല.

കുനിയാൻ പറയാതെതന്നെ ഇഴയാനും കാൽക്കീഴിൽ അനുസരണയോടെ  കിടക്കാനും ഒരുക്കമായ മാധ്യമങ്ങളാണ്‌ നരേന്ദ്ര മോദി സർക്കാരിന്‌ വേണ്ടത്‌. എതിർ അഭിപ്രായങ്ങൾക്ക്‌ ധൈര്യപ്പെടുന്ന വ്യക്തികൾക്കെതിരെ  സ്വീകരിക്കുന്ന അതേ സമീപനത്തിലൂടെ മാധ്യമങ്ങളെയും പൂട്ടാൻ അവർ ഉറപ്പിച്ചിരിക്കുന്നു.  എൻഡിടിവിയിലെ രാവിഷ്‌ കുമാറിന്റെ വാക്കുകളിൽ പറഞ്ഞാൽ ‘ഗോഡി മീഡിയ’ (മടിത്തട്ട്‌ മാധ്യമങ്ങൾ) മാത്രം മതി ഇവിടെ  എന്നതാണ്‌ സമീപനം. ഇതിന്റെ ഇരയാണ്‌ എൻഡിടിവി. ഇനി ശേഷിക്കുന്ന വിമതശബ്ദങ്ങൾക്കു നേരെയും അവർ തിരിയും. വരുതിയിലാക്കാൻ കഴിയാത്തവയെ വകവരുത്തും.

ടെലിവിഷൻ ചാനൽ എന്നത്‌ വമ്പൻ മുതൽമുടക്കിന്റെ മേഖല എന്നതുകൊണ്ടുതന്നെ ബദലിലൂടെ ചെറുത്തുനിൽപ്പ്‌ എളുപ്പമല്ല. കേരളത്തിലെ കൈരളിയുടെ മാതൃക ദേശീയതലത്തിൽ എത്ര പ്രായോഗികമാകും എന്നത്‌ പറയാനാകില്ല. പക്ഷേ, രാജ്യത്ത്‌ ജനാധിപത്യം പുലരണമെന്നും ഭരണഘടന മാനിക്കപ്പെടണമെന്നും കരുതുന്നവരുടെ ഒരു വിശാല കൂട്ടായ്‌മയിലൂടെയെങ്കിലും പുതിയ മാധ്യമങ്ങൾ ഉയർന്നുവന്നേ മതിയാകൂ. ഒപ്പം താരതമ്യേന ചെലവുകുറഞ്ഞ ഓൺലൈൻ മാധ്യമങ്ങൾ  സജ്ജമാക്കുകയും വേണം. ഇക്കാര്യത്തിൽ  ഇടതുപക്ഷ പ്രസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന്‌  ഓർമിപ്പിക്കുകയാണ്‌ എൻഡിടിവി കൈയേറ്റം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top