30 May Thursday

ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ബജറ്റ‌്

വെബ് ഡെസ്‌ക്‌Updated: Saturday Feb 2, 2019


സർക്കാർ അവകാശപ്പെട്ടതിൽനിന്ന‌് വ്യത്യസ‌്തമായി വോട്ട് ഓൺ അക്കൗണ്ടോ ഇടക്കാല ബജറ്റോ അല്ല ധനമന്ത്രി അരുൺ ജെയ്റ്റ‌്‌ലിയുടെ അഭാവത്തിൽ റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ അവതരിപ്പിച്ചത്.  ലോക‌്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ട് സമ്പൂർണ ബജറ്റിലെന്നപോലെ ധനച്ചെലവിലും നികുതിരംഗത്തും വലിയ മാറ്റങ്ങളാണ‌് വെള്ളിയാഴ്ച അവതരിപ്പിക്കപ്പെട്ടത്. നാലുമാസംമാത്രം ആയുസ്സുള്ള  ഒരു സർക്കാർ ലോക‌്സഭാ തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ടുകൊണ്ടുള്ള ബജറ്റാണ് മോഡി സർക്കാർ അവതരിപ്പിച്ചത്. കഴിഞ്ഞ നാലരവർഷവും ഉയർന്ന പെട്രോൾ വിലയിലൂടെയും മറ്റും ജനങ്ങളെ കൊള്ളയടിച്ച സർക്കാർ, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആ തുകയിൽ ഒരംശം ജനങ്ങൾക്ക് തന്നെ തിരിച്ചുകൊടുക്കുകയാണെന്ന് പ്രതീതി ഉണ്ടാക്കുന്നതാണ് ബജറ്റ്. ഒരു തെരഞ്ഞെടുപ്പ് പ്രസംഗമായി മാറിയ  ബജറ്റ് പ്രസംഗം ജനങ്ങളെ രക്ഷിക്കുന്നതിനേക്കാൾ അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിയെയും ഭരണകക്ഷിയെയും രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. 

നരേന്ദ്ര മോഡി സർക്കാർ ഭരണകാലം മുഴുവൻ കോർപറേറ്റുകൾക്കും അതിസമ്പന്നർക്കും വേണ്ടിയുള്ള ഭരണമായിരുന്നു നടത്തിയിരുന്നത്. സ്വാഭാവികമായും കർഷകരും തൊഴിലാളികളും മറ്റും സർക്കാരിനെതിരെ തിരിഞ്ഞു. അവരുടെ പ്രതിഷേധം രാജ്യമെമ്പാടും വളർന്നുവരികയും ചെയ‌്തു. കർഷകവിരുദ്ധ, തൊഴിലാളി വിരുദ്ധ പ്രതിച്ഛായയാണ് സർക്കാരിനുള്ളത്. അത് മറികടക്കുന്നതിനുള്ള അഭ്യാസമാണ് ബജറ്റ് എന്ന് ഒറ്റനോട്ടത്തിൽ വിലയിരുത്താം.  കർഷകരെയും അസംഘടിതമേഖലയിലെ തൊഴിലാളികളെയും മധ്യവർഗത്തെയും കൂടെ നിർത്താനുള്ള നടപടികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ, അതിൽ ഒന്നുപോലും നടപ്പാക്കാൻ മോഡി സർക്കാരിന് കഴിയില്ലെന്ന് ഉറപ്പാണ്. ഉദാഹരണത്തിന് കർഷകർക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 6000 രൂപ നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി നടപ്പാക്കണമെങ്കിൽ സർക്കാർ തന്നെ പറയുന്നത് 75000 കോടിരൂപ വേണമെന്നാണ്. എന്നാൽ, അടുത്ത മൂന്ന് മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ടിൽ ഇതിനുള്ള തുക വകയിരുത്താനായിട്ടില്ല. പിന്നെ എങ്ങനെയാണ് ഈ പദ്ധതി നടപ്പാക്കുക? മാത്രമല്ല മൂന്ന‌് ഗഡുക്കളായി നൽകുന്ന തുകയുടെ ആദ്യഗഡു ഈ തെരഞ്ഞെടുപ്പിന‌ുമുമ്പ് നൽകുമെന്ന് അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും അതിനുള്ള പശ്ചാത്തല സംവിധാനം സൃഷ്ടിച്ചിട്ടുണ്ടോ എന്ന കാര്യവും സംശയമാണ്.  മെഗാ പദ്ധതിയാണ് എന്ന് പറയുമ്പോഴും നാലംഗ കാർഷിക കുടുംബത്തിന് ഈ പണം വീതിക്കുമ്പോൾ വെറും നാല് രൂപമാത്രമാണ് ദിനംപ്രതി ലഭിക്കുക എന്നും ഓർക്കുക. രാജ്യത്ത് മോഡി സർക്കാർ നടപ്പാക്കുന്ന ആദ്യ സംരംഭമൊന്നുമല്ല ഇത്. തെലങ്കാന സർക്കാർ 8000 രൂപയും ഒഡിഷ സർക്കാർ 10000 രൂപയും ഈയിനത്തിൽ നൽകാൻ തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ കർഷകർക്ക് മോഡി സർക്കാർ 2014 ൽ വാഗ‌്ദാനം നൽകിയ കാർഷികച്ചെലവും അതിന്റെ 50 ശതമാനവും എന്ന വാഗ്ദാനം നടപ്പാക്കാത്തതാണ് കർഷകരുടെ രോഷം മോഡി സർക്കാരിനെതിരെ തിരിഞ്ഞതും അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി ദയനീയമായി തോറ്റതും. കർഷകർക്ക് ഏറ്റവും ആവശ്യം സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കലാണ്. എന്നാൽ, അതിനായി സർക്കാർ കാര്യക്ഷമമായ നടപടികൾ ഇനിയും സ്വീകരിച്ചിട്ടില്ല. കർഷകരെ വീണ്ടും വഞ്ചിക്കാനുള്ള ബിജെപിയുടെ ശ്രമം കർഷകരോഷം ഇരട്ടിയാക്കാനേ ഉപകരിക്കൂ എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

ഇതുതന്നെയാണ് അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് മാസം 3000 രൂപ പെൻഷൻ നൽകുമെന്ന പ്രഖ്യാപനവും. പദ്ധതിയിൽ ചേരുന്നവർക്ക് മൂന്ന് പതിറ്റാണ്ടിനുശേഷം 3000 രൂപ പെൻഷൻ നൽകുമെന്നാണ് പറയുന്നത്. വിലക്കയറ്റംകൂടി കണക്കിലെടുത്താൽ ഈ തുക തുലോം തുച്ഛമായിരിക്കുമെന്നതിൽ സംശയമില്ല.  പത്ത് കോടിയിലധികം വരുന്ന ഇപിഎഫ് തൊഴിലാളികളുടെ പെൻഷൻ 3000 രൂപയായി ഉയർത്തണമെന്ന ശുപാർശപോലും ഇതുവരെയും നടപ്പാക്കാത്ത സർക്കാരാണ് മോഡിയുടെത്.  ആയിരവും രണ്ടായിരവും രൂപയാണിപ്പോൾ ഇപിഎഫ് പെൻഷൻ നൽകുന്നത്. 30ഉം 40 ഉം വർഷം തൊഴിലെടുത്ത തൊഴിലാളികളോട് ക്രൂരമായി പെരുമാറുന്ന മോഡി സർക്കാർ പുതിയ പെൻഷൻ പദ്ധതി ആത്മാർഥമായി നടപ്പാക്കുമെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻമാത്രം വിഡ്ഢികളല്ല ഇന്ത്യയിലെ തൊഴിലാളികൾ.

അതുപോലെതന്നെ മധ്യവർഗത്തിന് ആദായ നികുതിയിൽ നൽകിയ ഇളവാണ് ബജറ്റിന്റെ പ്രത്യേകതയായി മോഡിയും കൂട്ടരും അവതരിപ്പിക്കുന്നത്. എന്നാൽ, അടുത്ത സാമ്പത്തികവർഷം മാത്രമേ ഈ ആനൂകുല്യം നടപ്പാകുകയുള്ളൂ. അംഗപരിമതരെക്കുറിച്ച് പരാമർശംപോലും ഇല്ലാത്ത ബജറ്റാണിതെന്ന വിമർശവും ഉയർന്നു.  അങ്കണവാടി ജീവനക്കാർക്ക‌് 50 ശതമാനം ശമ്പളവർധന സെപ‌്തംബറിൽ പ്രഖ്യാപിച്ച വർധന തന്നെയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട‌്.  സ്ഥിതിവിവരക്കണക്കുകളും വസ‌്തുതയും വളച്ചൊടിച്ചും മറച്ചുവച്ചും നോട്ട് നിരോധനത്തിന്റെയും മറ്റും ആഘാതം മറച്ചുവയ‌്ക്കുന്ന സാമ്പത്തിക പ്രസ‌്താവന കൂടിയാണിത്.  ഏത് കോണിൽക്കൂടി നോക്കിയാലും ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതാണ് ഈ ബജറ്റ്. ഇന്ത്യയിലെ പ്രബുദ്ധരായ ജനങ്ങൾ മോഡി സർക്കാരിന്റെ ഈ തട്ടിപ്പ് മനസ്സിലാക്കി പൊതുതെരഞ്ഞെടുപ്പിൽ പ്രതികരിക്കുമെന്നുറപ്പിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top