29 March Friday

നവകേരളത്തിനായി പുതുനേതൃത്വം

വെബ് ഡെസ്‌ക്‌Updated: Friday May 21, 2021


എൽഡിഎഫിന് ഭരണത്തുടർച്ച സമ്മാനിച്ച് പുതുചരിത്രം രചിച്ച കേരളത്തിന് അഭിമാനിക്കാം. അവർ അർപ്പിച്ച വിശ്വാസത്തോട് നീതിപുലർത്തുന്ന ഒരു മന്ത്രിസഭ അധികാരമേറ്റിരിക്കുകയാണ്. പുതിയ വെല്ലുവിളികൾ നേരിട്ട് നവകേരളം കെട്ടിപ്പടുക്കാൻ പ്രാപ്തമായ ഒരു ഭരണനേതൃത്വം നിലവിൽ വന്നിരിക്കുന്നു. ആദ്യമന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങൾതന്നെ സർക്കാരിന്റെ ജനപക്ഷ നിലപാട് വ്യക്തമാക്കുന്നു.

ആദ്യമന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി അറിയിച്ച തീരുമാനങ്ങൾ സു പ്രധാനമാണ്‌. എല്ലാവർക്കും ഭവനം, സ്‌മാർട്‌ കിച്ചൺ, തൊഴിൽദാനപദ്ധതി, ജപ്‌തി തടയാൻ നിയമം, സർക്കാർ സേവനം വീട്ടുപടിക്കൽ, 25 വർഷം കൊണ്ട്‌ കേരളത്തിന്റെ ജീവിത നിലവാരം വികസിത രാഷ്‌ട്രങ്ങൾക്കു സമാനമാക്കുക, ശാസ്‌ത്രീയ കൃഷിരീതി, പുതിയ ഉന്നതവിദ്യാഭ്യാസനയം, തൊഴിൽസാധ്യതകൾ, വ്യവസായപുരോഗതി, സമഗ്രവികസനം തുടങ്ങി കേരളത്തെ ബഹുദൂരം മുന്നോട്ടു നയിക്കാൻ പര്യാപ്‌തമായ നിരവധി പ്രഖ്യാപനങ്ങളാണ്‌ മുഖ്യമന്ത്രി അവതരിപ്പിച്ചത്‌.

ആയിരങ്ങളുടെ ആഹ്ലാദാരവങ്ങൾക്കിടയിൽ സത്യപ്രതിജ്ഞ ചൊല്ലേണ്ട മന്ത്രിമാർ സുരക്ഷിത അകലം പാലിച്ചിരുന്ന ചെറിയൊരു സദസ്സിനെ സാക്ഷിനിർത്തിയാണ് സ്ഥാനമേറ്റത്. പുതിയ സർക്കാർ നേരിടുന്ന വെല്ലുവിളികളുടെ നേർക്കാഴ്ചയായി ആ ചടങ്ങ് മാറി. ഒഴിവാക്കാനാകാത്തവരെമാത്രം ഉൾപ്പെടുത്തിയായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് എന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. ആ ഉറപ്പ് പാലിച്ച് അരലക്ഷം പേർക്ക് ഇരിപ്പിടമുള്ള സ്റ്റേഡിയത്തിൽ നാനൂറിൽ താഴെപ്പേർമാത്രം പങ്കെടുത്താണ് ചടങ്ങ് നടന്നത്.


 

2016ൽ എൽഡിഎഫ് മന്ത്രിസഭ അധികാരമേറ്റ കാലത്തെ കേരളമല്ല ഇത്. അന്ന് ലോകത്തിനുമുന്നിൽ നമ്മൾ ശിരസ്സുതാഴ്ത്തി നിൽക്കാൻ കാരണമായ ജനവിരുദ്ധവാഴ്ചയ്ക്ക് അന്ത്യംകുറിച്ചാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിലേറിയത്. എല്ലാമേഖലയും തകർന്നടിഞ്ഞ അവസ്ഥയിലായിരുന്നു നാട്. ഇന്നതല്ല സ്ഥിതി. അഭൂതപൂർവമായ സാഹചര്യങ്ങൾ നേരിട്ടപ്പോൾ ജനങ്ങൾക്കൊപ്പം നിൽക്കുകയും ആ പ്രതിസന്ധികളിൽ അവരെ മുന്നിൽനിന്ന് നയിക്കുകയും ചെയ്ത ഒരു സർക്കാരിന്റെ തുടർഭരണത്തിനാണ് ജനങ്ങൾ വിധിയെഴുതിയിരിക്കുന്നത്.

അടിസ്ഥാന സൗകര്യമേഖലയിൽ മുന്നേറ്റത്തിന്റെ അടിത്തറ ഒരുക്കാൻ ഒന്നാം പിണറായി സർക്കാരിനായി. എന്നാൽ, അവിടെനിന്ന് ഇനി മുന്നോട്ട് പോകേണ്ടതുണ്ട്. സ്ഥായിയായ ഒരു വികസനമാതൃക സൃഷ്ടിക്കണം. അതിനുള്ള ദിശാബോധം ഉൾക്കൊണ്ടതാണ്‌ പുതിയ പ്രകടനപത്രിക. ക്ഷേമപ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതോടൊപ്പം നാളെത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങൾകൂടി കേരളത്തിൽ ഉണ്ടാകണം. കേരളത്തെ ഒരു ജ്ഞാനസമൂഹമാക്കണം. അതിനുതകുന്ന വികസന മാതൃകകൾ ഇവിടെ ഉണ്ടാകണം. അതിനു പ്രതിജ്ഞാബദ്ധമായിരിക്കും ഈ സർക്കാർ എന്ന് നമുക്ക് പ്രതീക്ഷിക്കാം. പ്രകടനപത്രിക നടപ്പാക്കാനുള്ളതാണ് എന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണം. മുന്നോട്ടുവച്ച 600 വാഗ്ദാനത്തിൽ 580 ഉം നടപ്പാക്കിയാണ് സർക്കാർ അധികാരമൊഴിഞ്ഞത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പ്രകടനപത്രികയിലെ 900 ഉറപ്പും പാലിക്കപ്പെടും എന്നുതന്നെ കരുതാം.

ഒരുകാര്യം നമ്മൾ തിരിച്ചറിഞ്ഞേ തീരൂ. കേരളത്തിന് ഒന്നും ഇനി പഴയതുപോലെ ആകില്ല. ഒരു നൂറ്റാണ്ട് പഴകിയ ഓർമയിൽ മാത്രമുണ്ടായിരുന്ന തരത്തിലുള്ള മഹാപ്രളയത്തെ നമുക്ക് 2018ൽ നേരിടേണ്ടിവന്നു. പല പാഠങ്ങളും പഠിപ്പിച്ചാണ് പ്രളയജലം ഇറങ്ങിയത്. ഇത്തരം അപ്രതീക്ഷിതമായ ഒരു ദുരന്തം വികസന മുൻഗണനകളിൽ അടക്കം പല മാറ്റങ്ങളും ആവശ്യമാണെന്ന് നമ്മളെ ഓർമിപ്പിച്ചു. ഒരു പ്രളയപാതയിലാണ് നാടിന്റെ ഏറെ ഭാഗങ്ങളും എന്ന തിരിച്ചറിവ് ഓരോ കാൽവയ്‌പിലും വേണമെന്ന് നമുക്ക് ബോധ്യമായി. അതുപോലെ ലോകത്തെ വരിഞ്ഞുകെട്ടിയ കോവിഡ് മഹാമാരിയും സംസ്ഥാനത്തിന്റെ എല്ലാ മേഖലയെയും പിടിച്ചുലച്ചു. മുൻകൂട്ടി കാണാൻ കഴിയാത്ത ദുരന്തമായിട്ടും നമ്മൾ പിടിച്ചുനിന്നു. രോഗപ്രതിരോധത്തിൽ ലോകത്തിനു മാതൃകയായി. മരണനിരക്ക് കുറച്ചുനിർത്തി. എന്നാൽ, ഇനിയുള്ള നമ്മുടെ ചുവടുകളിൽ ഇത്തരം മഹാമാരികളെ നേരിടാനുള്ള മുന്നൊരുക്കംകൂടി വേണ്ടിവരും. അത് ആരോഗ്യമേഖലയിൽമാത്രം ഒതുങ്ങുന്നതല്ല. സമസ്ത മേഖലയെയും ബാധിക്കുന്നതാണ്. അടിയന്തര കടമ ഇപ്പോഴത്തെ ആരോഗ്യപ്രതിസന്ധി മറികടക്കുകയാണ്. പക്ഷേ, പിന്നീട് അതിനുമപ്പുറം നമുക്ക് പോകേണ്ടിവരും.

നവലിബറൽ ജനവിരുദ്ധ സാമ്പത്തിക നയങ്ങൾ ആക്രമണോത്സുകമായി നടപ്പാക്കുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നത്. സംസ്ഥാനത്തിന്റെ അധികാരം തുടർച്ചയായി ചുരുങ്ങുന്നു. പക്ഷേ, എല്ലാ പ്രതിസന്ധിക്കിടയിലും നവലിബറൽ നയങ്ങൾക്കൊരു ബദലായിത്തന്നെ കേരളം നിലനിന്നേ തീരൂ. ആരോഗ്യ വിദ്യാഭ്യാസ മേഖലകൾ എല്ലാവർക്കും പ്രാപ്യമായ വിധം നിലനിർത്തണം. പൊതുമേഖലാ വ്യവസായങ്ങളെയും സംരക്ഷിക്കണം. കോൺഗ്രസും ബിജെപിയും പിന്തുടരുന്ന സ്വകാര്യവൽക്കരണ, ഉദാരവൽക്കരണ നയങ്ങൾക്ക് ബദലായിരിക്കണം ആ കേരള മാതൃക.

വർഗീയതയുടെ വിഷവിത്ത് വിതയ്ക്കാനിറങ്ങുന്നവരെ കർശനമായി നേരിടാനുള്ള ജാഗ്രത മുൻ സർക്കാർ കാട്ടി. വർഗീയശക്തികൾക്ക് തെല്ലും സ്വാധീനിക്കാൻ കഴിയാത്ത ഭരണമായിരുന്നു കഴിഞ്ഞ അഞ്ചുവർഷം. അത് തുടരണം. ആർഎസ്എസ് വർഗീയശക്തികൾക്ക് നിയമസഭയിൽ ഉണ്ടായിരുന്ന പ്രാതിനിധ്യം ഇല്ലാതാക്കാൻ എൽഡിഎഫിന് കഴിഞ്ഞു. പക്ഷേ, തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തടക്കം ജനങ്ങൾക്കിടയിൽ ഭിന്നതയുടെ കുഴിബോംബുകൾ പാകാൻ അവർ ശ്രമിച്ചിട്ടുണ്ട്. അവയൊക്കെ കണ്ടെത്തി നീക്കണം. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യവും സാമൂഹ്യമൈത്രിയും സംരക്ഷിച്ചേ തീരൂ. സ്വസ്ഥതയും സമാധാനവും നിലനിർത്തി മാത്രമേ ലക്ഷ്യങ്ങൾ നേടാൻ പുതിയ സർക്കാരിന് കഴിയൂ.

ഇതിനൊക്കെ ഉതകുന്ന നയങ്ങൾ രൂപപ്പെടുത്താനും നടപ്പാക്കാനും കഴിയുന്ന ഇച്ഛാശക്തിയും നേതൃപാടവവും തെളിയിച്ച നേതാവാണ് രണ്ടാമതും മുഖ്യമന്ത്രിയായ പിണറായി വിജയൻ. അദ്ദേഹത്തിനൊപ്പം ഒരു കൂട്ടായ്മയായിനിന്ന് കേരളത്തെ നയിക്കാൻ കഴിയുന്നവരാണ് ഒപ്പമുള്ള മന്ത്രിമാർ. ഈ നാടിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ അവർക്ക് കഴിയും എന്ന് ഉറപ്പിക്കാം. ജനങ്ങളെ ഒപ്പം നിർത്തിയും പരിമിതികളും വെല്ലുവിളികളും ബോധ്യപ്പെടുത്തിയും മുന്നോട്ടുപോകാൻ സർക്കാരിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.


കോടിയേരി ബാലകൃഷ്ണൻ
ചീഫ് എഡിറ്റർ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top