28 March Thursday

നിശ്‌ചയദാർഢ്യത്തോടെ പുനർനിർമാണത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 25, 2018


സമാനതകളില്ലാത്ത പ്രളയദുരന്തം ഏറ്റുവാങ്ങിയ കേരളം അതിജീവനത്തിന്റെ വഴികളിലാണ‌്. ദുരിതക്കയങ്ങളിൽ മുങ്ങിത്താഴ‌്ന്നവർക്ക‌്  ആശ്വാസത്തിന്റെ  പിടിവള്ളി നൽകിക്കഴിഞ്ഞു. കെടുതികൾക്ക‌് നേരിട്ട‌് ഇരയായവർക്ക‌് നൽകുന്ന 10,000 രുപയുടെ ധനസഹായം ഇതുവരെ 5.52 ലക്ഷം പേർക്ക‌് നൽകി. അവശേഷിക്കുന്നവർക്കുള്ള ധനസഹായവും ദുരിതാശ്വാസ സാധന സാമഗ്രികളുടെ വിതരണവും  29ന‌് പൂർത്തിയാക്കും. ഇൗ കാലവർഷവേളയിൽ മരിച്ച 439 പേരിൽ 331 പേരുടെ കുടുംബത്തിന‌് ആനൂകുല്യം നൽകി. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിലുള്ള താമസംമാത്രമാണ‌് അവശേഷിക്കുന്നവരുടെ കാര്യത്തിലുള്ളത‌്. ഇത്രയും തീവ്രവേഗത്തിലുള്ള  ആനുകൂല്യവിതരണം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. വെള്ളം കയറി വീട്ടുപകരണങ്ങൾ  നഷ്ടപ്പെട്ടവർക്ക‌്‌ അവ സമാഹരിക്കാൻ ഒരുലക്ഷം രൂപ പലിശരഹിത വായ‌്പ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ കുടുംബശ്രീ യുണിറ്റുകൾവഴി പൂർത്തിയായി വരികയാണ‌്. രണ്ടുലക്ഷം കുടുംബങ്ങൾക്കാണ‌് ഈ സഹായം ഉടനെ ലഭ്യമാക്കുക. പകരം സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള അദാലത്തുകൾ നടന്നുവരികയാണ‌്.

പുനരധിവാസത്തിനും ദുരിതാശ്വാസ സഹായത്തിനുമായി  അടിയന്തരമായി നൽകേണ്ട തുക 6000 കോടിയാണ‌്.  റവന്യൂ ചെലവിനത്തിൽ വരുന്ന ഈ തുക പൂർണമായും ജനങ്ങളിൽനിന്ന‌് സമാഹരിക്കുകയെന്ന ലക്ഷ്യമാണ‌് സർക്കാർ മുന്നോട്ടുവച്ചത‌്. ഇതിന്റെ ഭാഗമായാണ‌് ലോകമാകെയുള്ള എല്ലാ മലയാളികളും  ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക‌് നൽകാൻ മുഖ്യമന്ത്രി അഭ്യർഥിച്ചത‌്. ആവേശകരമായ പ്രതികരണമാണ‌് വിവിധ വിഭാഗം ജനങ്ങളിൽനിന്നുണ്ടായത‌്. സർവീസ‌് സംഘടനകളും സന്നദ്ധ പ്രവർത്തകരും ഒറ്റയ‌്ക്കും കൂട്ടായും ഈ പ്രവർത്തനം നാട്ടിലും മറുനാട്ടിലും ഏറ്റെടുത്തു.  പത്തുഗഡുക്ക‌ളായി ഒരു മാസത്തെ വേതനം സംഭാവന നൽകുന്നതിനുള്ള പ്രായോഗികമായ ക്രമീകരണം സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ പ്രാവർത്തികമാക്കി. സ്വകാര്യ സ്ഥാപനങ്ങളും ഈ മാതൃക പിന്തുടർന്നു.

ഇതിനുപുറമെ മന്ത്രിമാർക്ക‌് ജില്ലകളിൽ പ്രത്യേക ചുമതല നൽകി, നാടിനെ രക്ഷിക്കാൻ എന്തെങ്കിലും സഹായം നൽകാൻ മനസ്സുള്ള അവസാനത്തെ ആളുടെ പങ്കും പൊതുഖജനാവിലെത്തിക്കുന്നതിന്‌ തീവ്രശ്രമം നടത്തി. മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന വിഭവ സമാഹരണയജ്ഞത്തിൽ പ്രളയനാളുകളിൽ കണ്ട  കൂട്ടായ‌്മയുടെ തുടർച്ചയ‌്ക്കാണ‌് കേരളം സാക്ഷ്യംവഹിച്ചത‌്. പ്രളയം വിഴുങ്ങിയ ജില്ലകളിൽ നിന്നുപോലും പ്രതീക്ഷകൾക്കപ്പുറമുള്ള തുകയാണ‌് പിരിഞ്ഞത്‌.    പ്രവാസി മലയാളികളുടെ കാരുണ്യം നമ്മുടെ നാടിന്റെ ഉയിർത്തെഴുന്നേൽപ്പിന‌്   ഇന്ധനമാക്കുകയാണ‌് അടുത്തഘട്ടം. അമേരിക്കയിൽ വിദഗ‌്ധചികിത്സയ‌്ക്ക‌് പോയ അവസരം അവിടത്തെ മലയാളികളെ കണ്ട‌് സഹായം അഭ്യർഥിക്കാൻ മുഖ്യമന്ത്രി വിനിയോഗിച്ചു.

അടുത്തമാസം സംസ്ഥാനമന്ത്രിമാർ പ്രധാന രാജ്യങ്ങളിലെത്തി ധനസമാഹരണയജഞങ്ങൾക്ക‌് നേതൃത്വം നൽകും. എല്ലാ അർഥത്തിലും കേരളത്തെ പുതുക്കിപ്പണിയാനുള്ള  വിശ്രമരഹിതമായ പ്രവർത്തനങ്ങളിലാണ‌് ഇടതു ജനാധിപത്യമുന്നണി സർക്കാർ. റവന്യു ചെലവിന‌് പുറമെ പുനർനിർമാണപ്രവർത്തനങ്ങൾക്ക‌് 25000  കോടിയുടെ മൂലധനച്ചെലവാണ‌് കണക്കാക്കുന്നത‌്. കെടുതികൾ വിലയിരുത്താനെത്തിയ ലോകബാങ്ക‌് സംഘവും ഇത‌്‌ ശരിവച്ചു.  പ്രളയ ബാധിതപ്രദേശങ്ങൾ സന്ദർശിച്ച‌് വിശദപഠനം നടത്തിയ കേന്ദ്രസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ‌്ച നടത്തി. എല്ലാ രംഗത്തും അസാമാന്യ പ്രവർത്തനമികവ‌് സാധ്യമായതായി അവലോകനയോഗം വിലയിരുത്തി.

പ്രളയഘട്ടത്തിൽത്തന്നെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 600 കോടിക്ക‌്  പുറമെ അർഹമായ  സഹായം കേന്ദ്രത്തിൽനിന്ന‌് ലഭ്യമാക്കാൻ നിരന്തര ശ്രമം തുടരുകയാണ‌്. കഴിഞ്ഞദിവസം ഡൽഹിയിലെത്തിയ ധനമന്ത്രിയുടെ  ശ്രമങ്ങൾ ഫലം കണ്ടിട്ടുണ്ട‌്. കേരളത്തിന്റെ പുനർനിർമാണത്തിന‌് ജിഎസ‌്ടി സെസ‌് ഏർപ്പെടുത്തുക, വായ്‌പാ പരിധി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളോട‌് കേന്ദ്രം അനുഭാവ പൂർണമാണ‌് പ്രതികരിച്ചത‌്. അടുത്തദിവസം ഡൽഹിയിലെത്തുന്ന മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും മന്ത്രിമാരെയും കണ്ട‌്   കേരളത്തിന്റെ അതീജീവനശ്രമങ്ങൾക്ക‌് പിന്തുണ അഭ്യർഥിക്കുന്നതോടെ ചില നിർണായക തീരുമാനങ്ങൾ കേന്ദ്രത്തിൽനിന്നുണ്ടാകുമെന്നാണ‌് പ്രതീക്ഷ. 

തകർന്നുപോയ കേരളത്തെ പുനർനിർമിക്കാൻ ഇച്ഛാശക്തിയോടെ പൊരുതുന്ന സംസ്ഥാനഭരണവും അകമഴിഞ്ഞ പിന്തുണയുമായി മഹാഭൂരിപക്ഷം ജനങ്ങളും നിലകൊള്ളുമ്പോൾ  ഒരു ചെറുന്യൂനപക്ഷം ഇതിനെതിരെ മുഖംതിരിച്ചു. മുഖ്യമന്ത്രി മുന്നോട്ടുവച്ച സാലറി ചലഞ്ച്‌ ലോകമാകെ മലയാളികൾ ഹൃദയപൂർവം സ്വീകരിച്ചപ്പോൾ ഒരുവിഭാഗം പ്രതിപക്ഷ സർവീസ്‌ സംഘടനകൾക്ക്‌ അത്‌ അംഗീകരിക്കാനായില്ല. നിർബന്ധ പിരിവെന്ന വ്യാജപ്രചാരണം നടത്തി വിസമ്മതപത്രം നൽകാൻ സംഘടനാതലത്തിൽ അവർ തീരുമാനമെടുക്കുകയും പദ്ധതിക്കെതിരെ പരസ്യപ്രചാരണം നടത്തുകയുംചെയ്‌തു. എന്നാൽ, എല്ലാ കുത്തിത്തിരിപ്പുകളെയും അതിജീവിച്ച്‌ സാലറി ചലഞ്ച്‌ നിശ്ചിത തീയതിയിൽത്തന്നെ വൻവിജയത്തിലേക്ക്‌ കുതിച്ചു. ഒരുമാസത്തെ ശമ്പളം നൽകാൻ വിസമ്മതിച്ചവരുടെ പരിമിതമായ എണ്ണം പുറത്തുവന്നപ്പോഴും ഇവർ കള്ളക്കണക്കുമായി രംഗത്തിറങ്ങി. പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും  ഇത്തരം പ്രചാരകരുടെ മുൻനിരയിൽ ഉണ്ടായി. പ്രതിപക്ഷം ഈ നിലപാട്‌ സ്വീകരിച്ചില്ലായിരുന്നെങ്കിൽ സാലറി ചലഞ്ചിൽ പങ്കാളികളാകാൻ സാധിക്കാതെവരുന്നവരുടെ എണ്ണം നാമമാത്രമാകുമായിരുന്നു.

പ്രളയത്തിൽ ജീവനോപാധികൾ നഷ്ടപ്പെട്ടവർക്ക്‌ പ്രത്യേക പാക്കേജ്‌ നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സാധാരണ ജനവിഭാഗങ്ങളിൽ വലിയ പ്രതീക്ഷയാണ്‌ ഉളവാക്കുന്നത്‌. പുനരധിവാസം എത്രയുംപെട്ടെന്ന്‌ പൂർത്തിയാക്കി പുനർനിർമാണത്തിലേക്ക്‌ കേന്ദ്രീകരിക്കാനും  തിങ്കളാഴ്‌ച ചേർന്ന അവലോകനയോഗം തീരുമാനിച്ചു. കൃത്യവും സമയബന്ധിതവുമായ പ്രവർത്തനപദ്ധതികളിലൂടെ പുതിയ കേരളത്തെ വാർത്തെടുക്കാനുള്ള നിശ്ചയദാർഢ്യമാണ്‌ സർക്കാരിന്റെ ഓരോ ചുവടുവയ്‌പിലും പ്രതിഫലിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top