30 May Thursday

ശോഭനം ഭാവികേരളം

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2017


നവകേരളം എന്ന മുദ്രാവാക്യത്തിന്റെ പൊരുളെന്തെന്ന് ജനങ്ങള്‍ സ്വാനുഭവങ്ങളിലൂടെ ബോധ്യപ്പെട്ട ഒരു വര്‍ഷമാണ് കടന്നുപോയത്. പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നാംവാര്‍ഷികം ആഘോഷിക്കുമ്പോള്‍, പുതിയ കേരളം എങ്ങനെ രൂപപ്പെടുമെന്നതിന് വ്യക്തമായ ദിശാസൂചികയുണ്ട്; കൃത്യതയാര്‍ന്ന രൂപരേഖയുണ്ട്. ജനകോടികളുടെ മുഖങ്ങളില്‍ പ്രത്യാശയുണ്ട്. കഴിഞ്ഞവര്‍ഷം ഇതേദിനത്തില്‍ ഏഴാമത് ഇടതു സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ നിലനിന്നിരുന്നത് അടിമുടി ജീര്‍ണിച്ച ഒരു ഭരണസംവിധാനമായിരുന്നു. ഉമ്മന്‍ചാണ്ടി അധികാരമൊഴിയുമ്പോള്‍ ഭരണരാഷ്ട്രീയവും ഉദ്യോഗസ്ഥവൃന്ദവുമെല്ലാം അഴിമതിയുടെ പുഴുക്കുത്തേറ്റ് ദുര്‍ഗന്ധം വമിക്കുകയായിരുന്നു. കേരളത്തിന്റെ തനതായ സാമൂഹ്യനേട്ടങ്ങളും വികസന സ്വപ്നങ്ങളുമെല്ലാം കരിച്ചുകളഞ്ഞ കുത്തഴിഞ്ഞ യുഡിഎഫ് ഭരണം അവസാനിച്ചപ്പോള്‍, നല്ലൊരു നാളെയെന്ന പ്രതീക്ഷയിലേക്ക് ജനങ്ങള്‍ ചുവടുവച്ചു. ഭരണനടപടികളിലും ക്ഷേമപ്രവര്‍ത്തനങ്ങളിലും ആദ്യവര്‍ഷംതന്നെ സര്‍ക്കാര്‍ കൈയടി നേടി. ജനജീവിതത്തില്‍ പ്രതിഫലിക്കുന്ന ആ നേട്ടങ്ങളുടെ പട്ടിക ദീര്‍ഘമാണ്. കഴ്ചപ്പാടുകളിലെ വേറിട്ട സമീപനംമാത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്.

പുതിയ സര്‍ക്കാരിന് ആദ്യം പൊളിച്ചെഴുത്ത് വേണ്ടിവന്നത്് രാഷ്ട്രീയസംസ്കാരത്തില്‍ത്തന്നെയായിരുന്നു. ഭരണനേതൃത്വത്തില്‍ തുടങ്ങി താഴെത്തട്ടിലെ അധികാരകേന്ദ്രങ്ങള്‍വരെ വ്യാപിച്ച ജീര്‍ണത അവസാനിപ്പിക്കാന്‍ കൈക്കൊണ്ട നടപടികള്‍ പുതിയൊരു സംസ്കാരത്തിന് നാന്ദി കുറിച്ചിരിക്കുന്നു. ഭരണരംഗത്ത് അഴിമതിയില്ലാത്ത ഒരുവര്‍ഷം എന്നത് അതിനുമുമ്പത്തെ അഞ്ച് വര്‍ഷവുമായി താരതമ്യംചെയ്യുമ്പോഴാണ് വേര്‍തിരിച്ച് അറിയാനാകുക. സാമ്പത്തിക അഴിമതി തുടച്ചുമാറ്റിയെന്നുമാത്രമല്ല, ഭരണത്തിലെ ധാര്‍മികതയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തു. നിയമവ്യവസ്ഥയുടെ കണ്ണുകെട്ടി ഭൂമിയും വനവും പാടവും തോടുമെല്ലാം തോന്നുംപടി പതിച്ചുനല്‍കുകയായിരുന്നു യുഡിഎഫ് സര്‍ക്കാര്‍. അവര്‍ പണം വാങ്ങി പതിച്ചുനല്‍കിയ ആറന്മുള വിമാനത്താവളഭൂമിയും മെത്രാന്‍ കായലും തിരിച്ചെടുത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ പുന്നെല്ല് വിളിയിച്ചു. ഇവിടെയാണ് രണ്ട് സംസ്കാരവും രണ്ട് സമീപനവും ജനങ്ങള്‍ അനുഭവിച്ചറിഞ്ഞത്.

വികസനത്തിന്റെമറവില്‍ ഭൂമിയും പാവങ്ങളുടെ ജീവിതവും സമ്പന്നര്‍ക്ക് തീറെഴുതുമ്പോഴും പദ്ധതികള്‍ നാടിന് പ്രയോജനപ്പെടണമെന്ന നിര്‍ബന്ധം യുഡിഎഫിന് ഉണ്ടായിരുന്നില്ല. ഇതാണ് കേരളത്തിന്റെ അടിസ്ഥാനവികസനരംഗത്തെ മുരടിപ്പിന് കാരണം. ദേശീയപാത വികസനത്തിന് അഞ്ച്വര്‍ഷത്തിനുള്ളില്‍ ഒരു തുണ്ട് ഭൂമി എടുക്കാന്‍ മുന്‍ ഗവണ്‍മെന്റ് തയ്യാറായില്ല. ഗെയ്ല്‍ പൈപ്പ്ലൈന്‍ പദ്ധതിയും തഥൈവ. ഒരുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ രണ്ട് പദ്ധതികളും നിര്‍ണായകഘട്ടത്തിലേക്ക് കടക്കുകയാണ്. കണ്ണൂര്‍ വിമാനത്താവളവും കൊച്ചി മെട്രോയും സ്വകാര്യമേഖലയ്ക്ക് മറിച്ചുകൊടുക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയ ചരടുവലികള്‍ ആരുംമറന്നിട്ടില്ല. രണ്ട് പദ്ധതികളും റെക്കോഡ്വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ നിരന്തര ഇടപെടലിലൂടെ സാധിച്ചു. മോഡിയുടെ ആശീര്‍വാദത്തോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയ  വിഴിഞ്ഞം തുറമുഖപദ്ധതിയില്‍ നടന്ന വെട്ടിപ്പ് സിഎജി പുറത്തുകൊണ്ടുവന്നിട്ടുണ്ട്്. അടിസ്ഥാന പശ്ചാത്തലവികസന രംഗത്ത് പുത്തന്‍ മാതൃക തീര്‍ക്കാനും ധനസമാഹരണത്തിന് ജനകീയവഴികള്‍ തേടാനുമാണ് എല്‍ഡിഎഫ് ഗവണ്‍മെന്റ് 'കിഫ്ബി'ക്ക് രൂപം നല്‍കിയത്്.

വയോജനങ്ങളുടെയും മറ്റ് അവശവിഭാഗങ്ങളുടെയും ജീവിതരക്ഷ ഏതൊരു പരിഷ്കൃത സര്‍ക്കാരിന്റെയും പ്രഥമപരിഗണനയാകണം. അതുകൊണ്ടാണ് ക്ഷേമപെന്‍ഷന്‍ 1100 രൂപയാക്കി വര്‍ധിപ്പിച്ച് കുടിശ്ശികതീര്‍ത്ത് വീടുകളില്‍ എത്തിച്ചത് പുണ്യപ്രവൃത്തിയായി അവശജനവിഭാഗങ്ങള്‍ കണ്ടത്. കൈത്തറി, കശുവണ്ടി, മത്സ്യം തുടങ്ങിയ പരമ്പരാഗതമേഖലകളില്‍ തൊഴിലെടുക്കുന്നവര്‍, ആശ, അങ്കണവാടി വര്‍ക്കര്‍മാര്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവരെല്ലാം ജനസംഖ്യയില്‍ ഗണ്യമായ വിഭാഗമാണ്. കഴിഞ്ഞ ഒരുവര്‍ഷം തങ്ങളുടെ തൊഴിലിടങ്ങളില്‍ എന്തു മാറ്റം സംഭവിച്ചു, എത്ര തൊഴിലും കൂലിയും കിട്ടി എന്നതെല്ലാം അവരുടെ മനസ്സിലെ ഉരകല്ലുകളാണ്. സര്‍ക്കാരിന്റെ നേട്ടങ്ങളെ വിവാദങ്ങളുടെ മറയില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചവര്‍ ഓര്‍ക്കാതെപോയതും ഈ ജനമനസ്സുകളെയാണ്. മാധ്യമങ്ങളും പ്രതിപക്ഷവും സൃഷ്ടിച്ച അനാവശ്യവും ബാലിശവുമായ വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തെല്ലും ബാധിച്ചില്ലെന്ന്് വര്‍ഷാന്ത്യ കണക്കെടുപ്പില്‍ എല്ലാ മാധ്യമങ്ങളും സമ്മതിക്കുന്നുണ്ട്്.

പ്രകടനപത്രിക തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മടക്കി പൂട്ടി വയ്ക്കേണ്ടതല്ലെന്നും അതിലെ ഓരോഖണ്ഡവും ജനങ്ങളോടുള്ള ചുമതലയാണെന്നും ഒറ്റ വര്‍ഷംകൊണ്ട് ഈ സര്‍ക്കാര്‍ തെളിയിച്ചിരിക്കുന്നു. വൈദ്യുതിയും കുടിവെള്ളവും മുടങ്ങാത്ത വേനല്‍, എല്ലാവീട്ടിലും വൈദ്യുതി, വിദ്യാഭ്യാസവായ്പ  അടയ്ക്കാന്‍ സഹായം ഇതെല്ലാം വാഗ്ദാനങ്ങളായിരുന്നു. ഇപ്പോഴാകട്ടെ യാഥാര്‍ഥ്യവും. കുട്ടികള്‍ക്ക് പാഠപുസ്തകവും യൂണിഫോമും സ്കൂള്‍ തുറക്കുംമുമ്പ് സര്‍ക്കാര്‍ സൌജന്യമായി നല്‍കി. എണ്ണിപ്പറഞ്ഞാല്‍ അവസാനിക്കാത്തവിധം ജനജീവിതത്തിന്റെ നാനാമേഖലകളെയും ഈ സര്‍ക്കാര്‍ തൊട്ടറിഞ്ഞിരിക്കുന്നു.

ഇതിനെല്ലാമുപരി നവകേരളം എന്ന കാഴ്ചപ്പാടിനെ നാലു ദൌത്യങ്ങളായി വിപുലപ്പെടുത്തി സര്‍ക്കാര്‍ പ്രവൃത്തിപഥത്തിലെത്തിച്ചു. മൂലധനതാല്‍പ്പര്യങ്ങളും വര്‍ഗീയ സങ്കുചിത്വവും ഭരണതലങ്ങളില്‍ പിടിമുറുക്കുന്ന സമകാലത്ത് സാധാരണമനുഷ്യനുവേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരുക്കിയ പ്രതിരോധ കവചങ്ങളാണ്് ഈ മിഷനുകള്‍. മെച്ചപ്പെട്ട ആരോഗ്യരക്ഷയും ചികിത്സയും സര്‍ക്കാര്‍ചെലവില്‍ നല്‍കാനുള്ള 'ആര്‍ദ്രം', എല്ലാവര്‍ക്കും വീട് ഉറപ്പാക്കാനുള്ള 'ലൈഫ്', കച്ചവടച്ചരക്കായി മാറിയ വിദ്യാഭ്യാസത്തെ തിരിച്ചുപിടിക്കാനുള്ള പൊതുവിദ്യാഭ്യാസയജ്ഞം, മലിനമാകാത്ത മണ്ണും വിഷം കലരാത്ത ഭക്ഷണവും മനുഷ്യനാല്‍ ആക്രമിക്കപ്പെടാത്ത പ്രകൃതിയും ലക്ഷ്യമാക്കുന്ന ഹിരതകേരളം- ഇവ ഭാവികേരളത്തിന്റെ ഈടുവയ്പുകളാണ്. ജനക്ഷേമത്തിന്റെ സമഗ്രതയും വികസനത്തിന്റെ ജനകീയതയുമാകട്ടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉന്നം. ഒന്നാം വാര്‍ഷികദിനത്തില്‍ വിജയാശംസകളര്‍പ്പിക്കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top