29 November Wednesday

മാലിന്യമുക്‌ത നവകേരളത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 23, 2023


കേരളത്തിലെ ഗുരുതരമായ മാലിന്യ പ്രശ്‌നത്തിന്‌ പരിഹാരമാകുന്നു. എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള നടപടികൾ ലക്ഷ്യത്തിലേക്ക്‌ അടുക്കുമ്പോൾ മലയാളികളുടെ അഭിമാനം ഒരു ചുവടുകൂടി ഉയരുകയാണ്‌. ‘മാലിന്യമുക്ത നവ കേരളം’ പദ്ധതിയുടെ രണ്ടാംഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഉദ്‌ഘാടനം ചെയ്‌തതോടെ പതിറ്റാണ്ടുകളായി കേരളം അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്‌നത്തിനാണ്‌ പരിഹാരമാകുന്നത്‌. ഒരിക്കലും നന്നാകില്ലെന്ന്‌ പലരും വിധിയെഴുതിയ പ്രശ്നത്തിനാണ് എൽഡിഎഫ്‌ സർക്കാർ പരിഹാരം കാണുന്നത്‌.

നാം ജീവിക്കുന്ന പരിസരം ശുചിയായി സൂക്ഷിക്കണമെന്ന സംസ്‌കാരം സമൂഹത്തിൽ സൃഷ്ടിക്കാൻ കഴിഞ്ഞതാണ്‌ പദ്ധതിയുടെ ആദ്യവിജയം. മാലിന്യങ്ങൾ മറ്റുള്ളവരുടെ പറമ്പിലേക്കും പൊതുസ്ഥലത്തും വലിച്ചെറിയാനുള്ളതല്ലെന്ന പൊതുബോധം അടുത്ത കാലത്തായി പ്രബലമായി. ഇപ്പോൾ മാലിന്യം വലിച്ചെറിയുന്നവരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്‌. ‘മാലിന്യമുക്ത നവ കേരളം’ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ വീടുകളിലെ അജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനായിരുന്നു ലക്ഷ്യമിട്ടിരുന്നത്‌. ഒന്നാംഘട്ടം വലിയ നേട്ടമായിരുന്നു. വാതിൽപ്പടി അജൈവ മാലിന്യ ശേഖരണം 30 ശതമാനം വർധിച്ചു. ഹരിതകർമസേന അംഗങ്ങളുടെ എണ്ണം 26,000 ത്തിൽനിന്ന്‌ 33,300 ആയി ഉയർന്നു. പൊതുസ്ഥലത്ത്‌ മാലിന്യം തള്ളുന്നതിനെക്കുറിച്ച്‌ ലഭിച്ച 5965 പരാതിയിൽ 5463 സ്ഥലവും വൃത്തിയാക്കിയെന്ന തദ്ദേശമന്ത്രി എം ബി രാജേഷിന്റെ വാക്കുകളിൽതന്നെ പദ്ധതിയുടെ വിജയം വ്യക്തമാണ്. കേരളത്തിൽ പ്രതിദിനം ഏതാണ്ട്‌ 8000 ടൺ മാലിന്യം ഉണ്ടാകുന്നുണ്ടെന്നാണ്‌ കണക്ക്‌. ഇതിൽ 70 ശതമാനവും ജൈവ മാലിന്യങ്ങളാണ്‌. ഇവ ഉറവിടത്തിൽത്തന്നെ സംസ്‌കരിക്കുകയെന്ന സംസ്‌കാരം വളർത്തിയെടുക്കാൻ കഴിഞ്ഞതോടെ നാം ലക്ഷ്യത്തിലേക്ക് അടുത്തു തുടങ്ങി.

രണ്ടാംഘട്ടത്തിൽ സമഗ്ര കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതിക്കാണ്‌ തുടക്കം കുറിച്ചിരിക്കുന്നത്‌. ‘മാറ്റം’ എന്ന്‌ പേരിട്ടിരിക്കുന്ന പദ്ധതി കേരളത്തെ മാറ്റുമെന്നതിൽ തർക്കമില്ല. വെറും പ്രഖ്യാപനങ്ങളല്ല. കൃത്യമായ പദ്ധതികൾക്കാണ്‌ രൂപം നൽകിയിട്ടുള്ളത്‌. ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്റ്‌ ബാങ്കിന്റെയും ധനസഹായത്തോടെ 2400 കോടി രൂപയുടെ  പദ്ധതിയാണ്‌ കേരളത്തിന്റെ നഗരങ്ങളിൽ നടപ്പാക്കുന്നത്‌. ഇതിന്റെ ഭാഗമായി അത്യാധുനിക - ശാസ്‌ത്രീയ മാലിന്യ സംസ്‌കരണ സംവിധാനം എല്ലാ നഗരസഭകൾക്കും ലഭ്യമാകും. വർഷങ്ങളായി  നിർമാർജനം ചെയ്യാത്ത മാലിന്യക്കൂമ്പാരങ്ങൾ ശാസ്‌ത്രീയമായി സംസ്‌കരിക്കും.  ഈ സാമ്പത്തിക വർഷം 19 മാലിന്യക്കൂമ്പാരം നീക്കും. 93 നഗര സഭയ്‌ക്കും ഖരമാലിന്യ സംസ്‌കരണ രൂപരേഖയുണ്ടാക്കും. നഗരസഭകൾക്ക്‌ 1200 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന ഗ്രാന്റ്‌ അനുവദിക്കും. സിഎൻജി യൂണിറ്റുകൾ, ബയോ ഗ്യാസ്‌ പ്ലാന്റുകൾ, ബയോ പാർക്കുകൾ, ഗ്രീൻ പാർക്കുകൾ എന്നിവ സ്ഥാപിക്കും. മാലിന്യ സംസ്‌കരണം തദ്ദേശ സ്ഥാപനങ്ങളുടെ മാത്രം ചുമതലയായിരുന്നതിനെ സർക്കാർ ഏറ്റെടുത്ത്‌ സംസ്ഥാനത്താകെ ഒരേസമയം നടപ്പാക്കുന്നുവെന്നതാണ്‌ ഈ പദ്ധതിയുടെ  പ്രത്യേകത. ജൈവ, അജൈവ മാലിന്യങ്ങളെല്ലാം കൂട്ടിക്കുഴച്ച്‌ വണ്ടികളിൽ കയറ്റി ഒഴിഞ്ഞ സ്ഥലത്ത്‌ കൂട്ടിയിട്ടിരുന്ന നഗരസഭകളുടെ പഴയ രീതിക്കാണ്‌ മാറ്റം വരുന്നത്‌.

മാലിന്യം ശാസ്‌ത്രീയമായി സംസ്‌കരിക്കുന്നതോടെ കേരളം വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക്‌ ഉയരും. സാമൂഹ്യ സൂചികകളിൽ കേരളത്തിനുള്ള ഒന്നാം സ്ഥാനം മാലിന്യ സംസ്‌കരണത്തിലും കൈവരിച്ച്‌ ലോകത്തിന്‌ മാതൃകയാകണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം മലയാളികൾ ഏറ്റെടുക്കുമെന്നതിൽ സംശയമില്ല. ജനങ്ങൾക്കൊപ്പം സർക്കാർ ഉണ്ടാകുമെന്ന ഉറപ്പാണ്‌ മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത്‌. സമ്പൂർണ മാലിന്യ മുക്തമാകുന്നതോടെ  സംസ്ഥാനത്തെ ജനജീവിതത്തിലും വലിയ മുന്നേറ്റം ഉണ്ടാകും. ജനകീയ ആരോഗ്യത്തിൽ മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ മാതൃകയായ കേരളത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പകർച്ചവ്യാധികൾക്ക്‌ വലിയൊരളവോളം പരിഹാരമാകും. സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർഗമായ വിനോദസഞ്ചാരത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്നതിലും തർക്കമില്ല. തെരുവുനായ, വന്യജീവി പ്രശ്നങ്ങൾക്കും ശമനമാകും. സമ്പൂർണ മാലിന്യ സംസ്‌കരണത്തിലൂടെ  ലോകത്തിന്‌ മറ്റൊരു മാതൃകകൂടി സൃഷ്ടിക്കാൻ  നമുക്ക്‌ ഒന്നിച്ച്‌ അണിനിരക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top