28 May Tuesday

നയപ്രഖ്യാപനത്തിലെ നവകേരളം

വെബ് ഡെസ്‌ക്‌Updated: Saturday May 29, 2021


അത്യസാധാരണമായ സാഹചര്യത്തിലും അനിശ്‌ചിതത്വങ്ങളുടെ പശ്‌ചാത്തലത്തിലുമാണ്‌ ഡോ. ആരിഫ്‌ മൊഹമ്മദ്‌ ഖാൻ പതിനഞ്ചാം നിയമസഭയിൽ നയപ്രഖ്യാപനം നടത്തിയത്‌. കോവിഡ്‌ മഹാമാരിയും പെരുമഴയും പ്രവചനാതീതമായ അവസ്ഥയിലേക്കാണ്‌ സംസ്ഥാനത്തെ എത്തിച്ചിരിക്കുന്നതും.  അത്തരം ദുരിതങ്ങളും തടസ്സങ്ങളും ആഴത്തിൽ ബോധ്യപ്പെട്ട നയപ്രഖ്യാപനത്തിൽ വികസനത്തിനും ക്ഷേമത്തിനും ജനാധിപത്യത്തിനും നാനാത്വത്തിൽ ഏകത്വത്തിനും മതനിരപേക്ഷതയ്‌ക്കുമാണ്‌ ഊന്നൽ. എല്ലാ മനുഷ്യരെയും ഏതുവിധേനയും സ്‌പർശിച്ച രീതിയുടെ തുടർച്ചതന്നെയാണിത്‌. സാമ്പത്തികവളർച്ചയുടെ സദ്‌ഫലങ്ങൾ കിട്ടാത്ത ഒരാൾപോലും ഉണ്ടാകരുതെന്നാണ്‌ നിഷ്‌കർഷ. അതിനായി പാർശ്വവൽകൃതരെ സൃഷ്‌ടിക്കുന്ന വേർതിരിവുകൾ പൂർണമായി ഇല്ലാതാകേണ്ടതുണ്ട്‌.

തെരഞ്ഞെടുപ്പ്‌ പ്രകടനപത്രികയിൽ ഉൾക്കൊള്ളിച്ച വാഗ്‌ദാനങ്ങൾ പൂർണമായും പാലിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്‌. അതിനുള്ള നടപടികൾ ഇതിനകം ആരംഭിക്കുകയും ചെയ്‌തു. കോവിഡ്‌ –-19ന്റെ ഭയാശങ്കകൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനവും കാര്യക്ഷമമായ പ്രവർത്തനങ്ങളും കാരണം മരണനിരക്ക്‌ കുറച്ചുകൊണ്ടു വരാനും കഴിഞ്ഞിട്ടുണ്ട്‌. പൊതു ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി കൊറോണ വ്യാപനം തടയാൻ സംസ്ഥാനം സജ്ജവുമാണ്‌. മഹാമാരിയുടെ രണ്ടാം തരംഗത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ലഭിക്കാത്ത കുടുംബങ്ങൾക്ക്‌ എക്‌സ്‌ഗ്രേഷ്യയായി 1000 രൂപയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്‌.
ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത വെല്ലുവിളികൾക്കിടയിൽ കുത്തനെയുള്ള സാമ്പത്തികത്തകർച്ച പ്രകടമാകാതിരിക്കാൻ എതിർ ചാക്രിക ധനനയം പ്രഖ്യാപിച്ചതും എടുത്തുപറയേണ്ടതാണ്‌. 20,000 കോടിയുടെ സമഗ്ര കോവിഡ്‌ റിലീഫ്‌ പാക്കേജിന്‌ പുറമേയാണിത്‌. സൗജന്യ ഭക്ഷ്യധാന്യം, കിറ്റുകൾ, സ്‌കൂൾ വിദ്യാർഥികൾക്ക്‌ ഭക്ഷണവസ്‌തുക്കൾ തുടങ്ങിയവ വേറെയും.

താഴെ തട്ടിലുള്ളവരുടെ ഉന്നമനം,  എല്ലാവർക്കും സൗജന്യവാക്സിൻ, ഒക്ടോബർ 2 മുതൽ എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈൻ, കൂടുതൽ വിളകൾക്ക് താങ്ങുവില, സ്ത്രീ സമത്വം ഉറപ്പാക്കുന്നതിന് മുന്തിയ പരിഗണന, കോവളം മുതൽ ബേക്കൽ വരെ ജലഗതാഗത പാത, ഭൂമി ഇല്ലാത്തവരുടെ എണ്ണം കുറയ്ക്കും, സൈബർ സുരക്ഷ, എല്ലാവർക്കും റേഷൻ കാർഡ് തുടങ്ങി നിരവധി സുപ്രധാന പ്രഖ്യാപനങ്ങളാണ്‌ നടത്തിയത്‌. വായ്പ പരിധി ഉയർത്തണം എന്ന ആവശ്യം കേന്ദ്രം അംഗീകരിക്കാത്തത് ഫെഡറലിസത്തിനു ചേരാത്ത നടപടിയാണെന്നും നയപ്രഖ്യാപനം ചൂണ്ടിക്കാട്ടുന്നു.
ഉന്നത വിദ്യാഭ്യാസത്തിന്‌ സവിശേഷമായ ശ്രദ്ധ നൽകി വിജ്ഞാനസമൂഹത്തിന്റെ പ്രചുരപ്രചാരവും നയപ്രഖ്യാപനത്തിലുണ്ട്‌. സാമൂഹ്യ അകലത്തിന്റെ കാലത്ത്‌ നൂതന സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കുകയാണ്‌ അഭികാമ്യം. വിജയം കണ്ട വിർച്വൽ സംവിധാനം കൂടുതൽ വികസിപ്പിക്കേണ്ടതുണ്ടെന്നർഥം. വനിതാ സ്വയംസഹായ സംഘങ്ങൾക്കുള്ള വായ്‌പകൾ, തൊഴിലുറപ്പ്‌ പദ്ധതിക്കുള്ള കൈത്താങ്ങ്‌, അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള സഹായങ്ങളും വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പും വൈദ്യുതി, വെള്ളക്കര ബില്ലുകൾ അടയ്‌ക്കുന്നതിനുള്ള സമയപരിധി നീട്ടൽ, കമ്യൂണിറ്റി കിച്ചനുകളുടെ വ്യാപനം–- തുടങ്ങി സർക്കാർ ഏറ്റെടുത്ത ബാധ്യതകൾ വളരെയേറെ വലുതാണ്‌. ബഹുജനപ്രസ്ഥാനം നടപ്പാക്കിയ സാമൂഹ്യ മേഖലകളിലെ ഇടപെടലുകളിലൂടെയാണ്‌ അത്‌  സാധ്യമാക്കിയത്‌.

കൃഷിഭവനുകളെ സ്‌മാർട്ടാക്കൽ, വിളകളുടെ ഉൽപ്പാദനശേഷി വർധിപ്പിക്കുക, പച്ചക്കറികളിലെ സ്വയം പര്യാപ്‌തത, നടീൽ വസ്‌തുക്കളുടെ ഉൽപ്പാദനം ഇരട്ടിയാക്കൽ- തുടങ്ങി കർഷകരുടെ വരുമാനം അഞ്ചു വർഷത്തിനകം അമ്പത്‌ ശതമാനത്തിലേക്ക്‌ ഉയർത്തുക എന്നതും ലക്ഷ്യമാണ്‌. മൃഗസംരക്ഷണവും ക്ഷീരസംരക്ഷണവുമാണ്‌ മറ്റു രണ്ടു തുറ. പിന്നോക്കവിഭാഗ വികസന വകുപ്പും ഉൾനാടൻ ജലഗതാഗതവും വീണ്ടും ഊർജസ്വലമാക്കേണ്ടതുണ്ട്‌. കേരള ബാങ്കിനെയും അതിലൂടെ സഹകരണ ബാങ്കിനെയും നവീകരിച്ച്‌ ജനാഭിപ്രായം നേടുന്നവയാക്കണം. പഴയ നാട്ടുചന്തകളെ ഓർമിപ്പിക്കുംവിധം സഹകരണ ചന്തകൾക്ക്‌ തുടക്കമിടുകയും വേണം. ഇ–- മാർക്കറ്റിങ്‌ പ്ലാറ്റ്‌ഫോമും ഉദ്ദേശിക്കുന്നുണ്ട്‌. ഇലക്‌ട്രോണിക്‌ മേഖലയും വിവര സാങ്കേതികവിദ്യാ വകുപ്പും മറ്റൊരു രംഗമാണ്‌. സ്‌റ്റാർട്ടപ്പുകൾ വേറെ.

ചുരുക്കത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തെ തുടർച്ചയെന്നോണം വളരെ ചിട്ടയോടും ജാഗ്രതയോടുമാണ്‌ പദ്ധതികൾ രൂപകൽപ്പന ചെയ്യുന്നത്‌. സംസ്ഥാനത്തിന്റെ സർവതല സ്‌പർശിയായ പുരോഗതി ലക്ഷ്യം വച്ചുള്ളതും ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിച്ചുള്ളതുമായ ആ ചുവടുകളിൽ നവകേരളത്തിന്റെ സ്‌പന്ദനങ്ങളാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top