24 April Wednesday

വികസന ബദലിന്റെ കേരള മോഡല്‍

വെബ് ഡെസ്‌ക്‌Updated: Saturday Nov 12, 2016


രാഷ്ട്രീയശത്രുക്കളുടെപോലും പ്രശംസ പിടിച്ചുപറ്റുക  അസാധാരണ അനുഭവമാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റേത് ധീരമായ തീരുമാനങ്ങളാണെന്നും അദ്ദേഹത്തെ കണ്ടു പഠിക്കണമെന്നും ബിജെപിയുടെ സമുന്നതനേതാക്കള്‍കൂടിയായ നിതിന്‍ ഗഡ്കരി, ധര്‍മേന്ദ്ര പ്രധാന്‍ എന്നീ കേന്ദ്രമന്ത്രിമാര്‍  അഭിപ്രായപ്പെട്ടതിന് അതുകൊണ്ടുതന്നെ സാധാരണയില്‍ കവിഞ്ഞ പ്രാധാന്യമുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ ഔദ്യോഗികമായി സംഘടിപ്പിച്ച സാമ്പത്തികകാര്യ പത്രാധിപന്മാരുടെ സമ്മേളനത്തിലാണ് വ്യത്യസ്ത  സെഷനുകളില്‍  കേന്ദ്രമന്ത്രിമാര്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ശൈലിക്കും പ്രശംസ ചൊരിഞ്ഞത്. രാഷ്ട്രീയമായി ഭിന്നധ്രുവങ്ങളിലാണ്, കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ കടുത്ത എതിര്‍പ്പുയര്‍ത്തുന്നത് ഇടതുപക്ഷമാണ്, ഫെഡറല്‍ ഘടനയ്ക്കു നിരക്കാത്ത കേന്ദ്രസമീപനങ്ങളില്‍ ശക്തമായി വിയോജിക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍നിരയില്‍ കേരളമുണ്ട്– എന്നിട്ടും എന്തുകൊണ്ട് കേരളം പ്രശംസിക്കപ്പെടുന്നു? അതിനുള്ള ഏറ്റവും കൃത്യമായ ഉത്തരമാണ് നവംബര്‍ പത്തിന് പ്രവര്‍ത്തനമാരംഭിച്ച 'നവകേരള മിഷന്‍'. ഡല്‍ഹിയില്‍ പത്രാധിപന്മാരുടെ യോഗം നടക്കുമ്പോള്‍ത്തന്നെയാണ്, കേരള തലസ്ഥാനത്ത് സംസ്ഥാനത്തിന്റെ കുതിപ്പിന് കാരണമാകുന്ന നാല് കര്‍മപദ്ധതികള്‍ക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി  സദാശിവം വിളക്കുകൊളുത്തിയത്.

ആരോഗ്യപരിപാലനം, പാര്‍പ്പിടം, മാലിന്യനിര്‍മാര്‍ജനം, ശുദ്ധജല ലഭ്യത, കൃഷിവികസനം, പൊതുവിദ്യാഭ്യാസത്തിന്റെ സംരക്ഷണം – ഇവ സംബന്ധിച്ച  പ്രായോഗികത്വത്തിലൂന്നിയതും സമയബന്ധിത ഫലപ്രാപ്തി ഉറപ്പാകുന്നതുമായ ബൃഹദ്സംരംഭമെന്ന്  നവകേരള മിഷനെ പൊതുവില്‍ വിശേഷിപ്പിക്കാം. വികസനകാര്യത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന പ്രവര്‍ത്തനമാണ് ഏറ്റെടുക്കുന്നതെന്നാണ് ഈ മിഷനുകളെ സൂചിപ്പിച്ച്  ഗവര്‍ണര്‍ വിലയിരുത്തിയത്. ഹരിതകേരളം, ലൈഫ്–സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ, ആര്‍ദ്രം–സമഗ്ര ആരോഗ്യം, സമഗ്ര വിദ്യാഭ്യാസനവീകരണം എന്നിങ്ങനെയാണ്  നാല് മിഷനുകള്‍. മാലിന്യസംസ്കരണം, ജലസമൃദ്ധി, കാര്‍ഷികവികസനം എന്നിവ സംയോജിപ്പിച്ചാണ് ഹരിതകേരളം മിഷന്‍.  ജലസ്രോതസ്സുകളെ സംരക്ഷിക്കുക, നദികളും കായലുകളും വൃത്തിയാക്കി സംരക്ഷിക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളും ഈ മിഷന്റെ ഭാഗമാണ്.

സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളെ യാഥാര്‍ഥ്യബോധത്തോടെ വിലയിരുത്തി, അവശ്യം ഇടപെടേണ്ട മേഖലകളെ തരംതിരിച്ച്, മുന്‍ഗണനാക്രമം നിശ്ചയിക്കുകയാണുണ്ടായത്. ഏറ്റവും വേഗം ഏറ്റെടുക്കേണ്ട പദ്ധതികള്‍ അങ്ങനെ നിശ്ചയിച്ചശേഷം അതിന്റെ പ്രചാരണപരമായ പ്രഖ്യാപനമല്ല, പ്രവൃത്തിയുടെ ഉദ്ഘാടനമാണ് നടന്നത്. കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് ഈ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് സമയം നിശ്ചയിച്ചത്. ചാരായനിരോധം, നോട്ടുപിന്‍വലിക്കല്‍ തുടങ്ങിയ ഭരണപരമായ തീരുമാനങ്ങള്‍ വോട്ടുലക്ഷ്യമിട്ട്   അസുലഭനേട്ടമായി കൊണ്ടാടിയ  കാഴ്ചകള്‍ക്കുമുന്നിലാണ് ഈ വ്യത്യസ്തശൈലി ശ്രദ്ധിക്കപ്പെടുന്നത്.

ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ആദ്യമല്ല.  1957 മുതല്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെയും ഇടപെടലിന്റെയും ഫലമായാണ് പൊതുവിദ്യാഭ്യാസ രംഗം ശക്തിയാര്‍ജിച്ചത്. ഇന്ന് അത് ക്ഷയിച്ചിരിക്കുന്നു. കച്ചവടശക്തികള്‍ ആധിപത്യമുറപ്പിക്കുകയും പൊതുവിദ്യാലയങ്ങള്‍ നശിക്കുകയും  ചെയ്യുന്നു.  ആ പശ്ചാത്തലത്തില്‍ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് തിരികെയെത്തിക്കുന്നതിനും നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമുള്ള ആസൂത്രിത പ്രവര്‍ത്തനമാണ് വിദ്യാഭ്യാസ മിഷനിലൂടെ  സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. കാലത്തിന്റെ സവിശേഷതകള്‍ക്കും ആവശ്യങ്ങള്‍ക്കുമൊത്ത വിദ്യാഭ്യാസരീതി ഉറപ്പാക്കാനുള്ള ശാസ്ത്രീയസമീപനമാണ് ആ മിഷനില്‍ തെളിഞ്ഞുകാണാനാകുന്നത്. കൂരകെട്ടിക്കൊടുക്കുക,  അത് കുറെക്കാലംകഴിഞ്ഞ് ഒന്നിനും കൊള്ളാതാകുക–പാര്‍പ്പിടപദ്ധതികള്‍ പലതും അത്രയേ ഉണ്ടായിരുന്നുള്ളൂ. അതില്‍നിന്ന് ഭിന്നമായി,  വീട് യാഥാര്‍ഥ്യമാക്കുക എന്നതിനുമപ്പുറം വീട്ടിലെ ഒരാള്‍ക്കെങ്കിലും മെച്ചപ്പെട്ട തൊഴില്‍പരിശീലനം, അടിസ്ഥാനസൌകര്യങ്ങള്‍, വിവിധ സാമൂഹികസേവനങ്ങള്‍, ചികിത്സയ്ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമുള്ള സൌകര്യങ്ങള്‍ എന്നിവയെല്ലാം ഉറപ്പാക്കുന്നതാണ്  'ലൈഫ്' എന്നപേരിലാരംഭിച്ച പദ്ധതി. 'ആര്‍ദ്രം' മിഷനില്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുക,  പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും സുഗമമായി ആതുരശുശ്രൂഷാസേവനങ്ങള്‍ ലഭ്യമാക്കുക എന്നിവയടക്കമാണ് ലക്ഷ്യങ്ങള്‍. കൃഷി, ശുചിത്വം, ജലം എന്നീ മൂന്നുമേഖലയെ അടിസ്ഥാനമാക്കിയുള്ള 'ഹരിതകേരളം'  നവകേരളത്തിന്റെ സുസ്ഥിരതയും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടുള്ളതാണ്. ഇവയൊന്നുംതന്നെ ഗൃഹപാഠമില്ലാതെ പ്രഖ്യാപിച്ചവയല്ല. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ തലസ്ഥാനത്ത് ചേര്‍ന്ന കേരളപഠന കോണ്‍ഗ്രസില്‍ ഉയര്‍ന്ന ആശയങ്ങളുടെ വെളിച്ചത്തില്‍ വിഭവലഭ്യതയുടെയും പ്രായോഗികക്ഷമതയുടെയും പരിമിതികള്‍ പഠിച്ച് രൂപംനല്‍കിയ ഈ പദ്ധതികളുടെ ആദ്യപ്രഖ്യാപനമുണ്ടായത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രികയിലാണ്. അതില്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ സമയം നിശ്ചയിച്ച് നടപ്പാക്കുന്നതിന്റെ ഒരധ്യായമാണ് നവകേരള മിഷന്‍. കേരളത്തെ ലോകമാതൃക എന്ന ഔന്നത്യത്തിലേക്ക് തിളക്കത്തോടെ തിരിച്ചെത്തിക്കുന്നതിന്റെ തുടക്കംകൂടിയാണിത്. ആ അര്‍ഥത്തില്‍ കേന്ദ്രമന്ത്രിമാരില്‍നിന്നുണ്ടായ അഭിനന്ദനവും പ്രശംസയും ഒരു തുടക്കംമാത്രമാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top