25 April Thursday

ഇന്ത്യയെ രക്ഷിക്കാൻ ഈ മഹാപ്രക്ഷോഭം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 30, 2022


ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ സമര ചരിത്രത്തിൽ ഇതാ ഇതിഹാസോജ്വലമായ ഒരേടുകൂടി. ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന  മുദ്രാവാക്യമുയർത്തി കോടിക്കണക്കിന് തൊഴിലാളികൾ രാജ്യവ്യാപകമായി നടത്തിയ രണ്ടു ദിവസത്തെ പണിമുടക്കിൽ രാജ്യത്തിന്റെ വിവിധ മേഖലകൾ ചലനമറ്റു. തൊഴിലാളിയുടെ, അധ്വാനത്തിന്റെ കരുത്ത് ഭരണവർഗത്തെ ഒരിക്കൽക്കൂടി ബോധ്യപ്പെടുത്തി.  സമരാങ്കണത്തിൽ അണിനിരന്നത് 25 കോടിയിലേറെ തൊഴിലാളികൾ.    

സമസ്ത മേഖലയിലും ആപത്തിന്റെ കൂട്ടമണികൾ മുഴങ്ങുന്ന ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യത്തിൽ നാടിനെ രക്ഷിക്കാൻ തൊഴിലാളിവർഗം ഒറ്റക്കെട്ടായി അണിനിരന്ന പോരാട്ടത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.  ഈ പണിമുടക്കും ഇതിന് മുന്നേ നടന്ന ഒട്ടേറെ സമരങ്ങളും തൊഴിലാളികളുടെ സാമ്പത്തികാവശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നില്ല. രാജ്യത്തിന്റെ പൊതുവിഭവങ്ങളും ദേശീയ സമ്പത്തും നാടനും മറുനാടനുമായ കോർപറേറ്റുകൾക്ക് തീറെഴുതുന്ന കേന്ദ്രനയങ്ങൾക്കെതിരെയാണ് ഈ പോരാട്ടം. അതെ, ദേശീയ താൽപ്പര്യവും ജനകീയ താൽപ്പര്യവും  ഉയർത്തിപ്പിടിച്ച  തൊഴിലാളിവർഗ മുന്നേറ്റമാണ് നടന്നത്. ഈ സമരത്തെയും അവഗണിക്കാനും ആക്ഷേപിക്കാനും കേരളത്തിൽ ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിച്ചത്‌ ഞങ്ങൾ കാണാതെ പോകുന്നില്ല. ഇതിന്റെയൊക്കെ പിന്നിലെ താൽപ്പര്യങ്ങൾ ജനങ്ങൾ കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നുമാത്രം പറയട്ടെ. ജീവനക്കാർക്ക്‌ പണിമുടക്കാൻ അവകാശമില്ലെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവും ഇതോടൊപ്പം കാണണം. പണിമുടക്കടക്കമുള്ള സമരത്തിലൂടെയാണ്‌ രാജ്യം സ്വാതന്ത്ര്യം നേടിയതെന്ന്‌ കോടതിയും ഓർക്കണം.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തൂക്കു മരങ്ങളെ വെല്ലുവിളിച്ച പോരാട്ടങ്ങളിലൂടെ ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യം നഷ്ടപ്പെടുകയാണോയെന്ന് ഭയപ്പെടേണ്ട സാഹചര്യമാണ്  രാജ്യത്ത്‌ ഇപ്പോഴുള്ളത്. പരാശ്രയത്വത്തിന്റെയും പാരതന്ത്ര്യത്തിന്റെയും നാളുകൾ തിരിച്ചു വരികയാണോയെന്ന ആശങ്ക. 1991 മുതൽ നടപ്പാക്കുന്ന നവ ഉദാര സാമ്പത്തിക നയങ്ങൾ ഹിന്ദുത്വവാദികളുടെ ഭരണത്തിൽ അതി തീവ്രമായി നടപ്പാക്കുന്നു. 

ഇന്ത്യയുടെ കീർത്തിസ്തംഭങ്ങളായ പൊതുമേഖലാ സ്ഥാപനങ്ങൾ വാങ്ങുന്നവർ നിശ്ചയിക്കുന്ന വിലയ്‌ക്കാണ്‌ വിറ്റഴിക്കുന്നത്‌.  ഹിന്ദുത്വത്തിന്റെ വർഗപരമായ  താൽപ്പര്യങ്ങൾ ദിനംപ്രതി വെളിപ്പെടുന്നുണ്ട്. പൊതുമേഖലയുടെ സ്വകാര്യവൽക്കരണവും തൊഴിലാളിവർഗത്തിനു നേരെയുള്ള കടന്നാക്രമണവും വർധിക്കുന്നു.  ഹിന്ദുത്വ–- - കോർപറേറ്റ് അജൻഡയിൽ പ്രധാനപ്പെട്ട ഒന്നാണ് സ്വകാര്യവൽക്കരണം. കോർപറേറ്റ് - ധനമൂലധന പ്രമാണിമാരുടെ ഈ അജൻഡയ്‌ക്കെതിരായ ഏതൊരു ചെറുത്തുനിൽപ്പും തടയുന്നതിനാണ് പുതിയ ലേബർ കോഡുകൾ. സ്ഥിരം ജോലികൾ കുറയ്ക്കാനും കരാർ–- താൽക്കാലിക തൊഴിൽരീതി വ്യാപിപ്പിക്കാനും തൊഴിലാളികളുടെ വേതനം കുറയ്ക്കാനും മുതലാളിമാരുടെ ലാഭം കൂട്ടാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.  ലേബർ കോഡുകൾ പിൻവലിക്കണമെന്നതടക്കം രാജ്യത്തിന്റെ വിശാല താൽപ്പര്യം ഉയർത്തിപ്പിടിക്കുന്ന ഒട്ടേറെ മുദ്രാവാക്യങ്ങൾ പണിമുടക്കിനാധാരമായി ഉന്നയിച്ചിരുന്നു. നാടിന്റെ സ്വയം പര്യാപ്തതയും സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കുന്ന മുദ്രാവാക്യങ്ങൾ. 

സമരം, നാട് ഏറ്റെടുത്ത സ്ഥിതിയാണ് രാജ്യവ്യാപകമായി പലേടത്തും കണ്ടത്. വ്യവസായ തൊഴിലാളികൾ, എല്ലാ മേഖലയിലെയും ജീവനക്കാർ, കൃഷിക്കാർ, കർഷകത്തൊഴിലാളികൾ, ബാങ്ക് ജീവനക്കാർ, സർക്കാർ ജീവനക്കാർ, അധ്യാപകർ എന്നിവരെല്ലാം സമരത്തിൽ അണിചേർന്നു. രാജ്യത്തെ വ്യവസായ, ഗതാഗത,   നിർമാണ മേഖലകൾ സ്തംഭിച്ചു.  പെട്രോളിയം , ഖനി മേഖലയും ചലനമറ്റു. ബാങ്കിങ്‌–-ധന സ്‌ഥാപനങ്ങൾ  പ്രവർത്തിച്ചില്ല. മഹാരാഷ്‌ട്ര, രാജസ്ഥാൻ, കർണാടക, പശ്‌ചിമബംഗാൾ, കേരളം, ഡൽഹി, അസം, തെലങ്കാന, ഹരിയാന, തമിഴ്‌നാട്‌ എന്നിവിടങ്ങളിലെല്ലാം പണിമുടക്ക്‌ വൻവിജയമായി. കേന്ദ്ര നയത്തിനെതിരെ ഗ്രാമ–-- നഗര വ്യത്യാസമില്ലാതെ വൻ ജനകീയ പ്രതിഷേധങ്ങളുണ്ടായി. വിദ്യാർഥികൾ, യുവജനങ്ങൾ, കലാകാരന്മാർ, ബുദ്ധിജീവികൾ, ശാസ്ത്രകാരൻമാർ എന്നിവർ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തിറങ്ങി.

മോദി ഭരണത്തിന്റെ നയസമീപനങ്ങൾ ഇന്ത്യയെ ഗുരുതരമായ സാമ്പത്തികത്തകർച്ചയിലും പ്രതിസന്ധിയിലും എത്തിച്ചിരിക്കുകയാണ്. തൊഴിലില്ലായ്മ അര നൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ശരാശരി ഗാർഹിക ഉപഭോഗം 40 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. മുതൽ മുടക്കുകൾ കുത്തനെ ഇടിഞ്ഞു. ബാങ്കുകളുടെ കിട്ടാക്കടം പെരുകി. ഉൽപ്പാദന മേഖലകളിലെല്ലാം പിന്നോട്ടടി. തൊഴിലാളികളുടെയും സാധാരണക്കാരുടെയും  ജീവിതം തീരാ ദുരിതത്തിലായി.

ഈ സാഹചര്യം ഇന്ത്യയിലെ തൊഴിലാളികളിൽ പുതിയ അവബോധം സൃഷ്ടിച്ചു കഴിഞ്ഞതായി പണിമുടക്കിന്റെ വിജയം എടുത്തു പറയുന്നുണ്ട്. ജാതിക്കും മതത്തിനും മറ്റ് വിഭാഗീയ ചിന്തകൾക്കും അതീതമായി തൊഴിലാളികൾ ഒന്നിക്കുകയാണ്. വർഗബോധത്തിലേക്ക് അവർ വളരുകയാണ്. സമീപകാല സമരങ്ങളെല്ലാം അതിന്റെ തെളിവായിരുന്നു. ഇപ്പോഴിതാ ഈ ദ്വിദിന രാജ്യവ്യാപക പണിമുടക്കിലൂടെ ഇന്ത്യൻ തൊഴിലാളിവർഗം വീണ്ടും ചരിത്രം എഴുതിയിരിക്കുന്നു. ഈ പോരാട്ടങ്ങളിൽ  പ്രതീക്ഷയുടെ സൗന്ദര്യമുണ്ട്. സമരാങ്കണത്തിൽ അണിചേർന്ന മുഴുവൻ തൊഴിലാളികൾക്കും ജീവനക്കാർക്കും അഭിവാദ്യങ്ങൾ.

<iframe width="560" height="315" src="https://www.youtube.com/embed/-4B1WRTMmcg" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe>
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top