19 April Friday

ജനവിരുദ്ധതയ്ക്ക് മുന്നറിയിപ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 3, 2016

 

എന്തിന് പണിമുടക്കുന്നു എന്ന ചോദ്യത്തിന് ഇന്ത്യാരാജ്യം യുക്തമായ മറുപടി നല്‍കിയിരിക്കുന്നു. ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനും നേടിയെടുക്കാനും പോരാട്ടമല്ലാതെ മറ്റു മാര്‍ഗമില്ല എന്ന തിരിച്ചറിവില്‍നിന്നാണ്, രാജ്യംകണ്ട ഏറ്റവും വലിയ തൊഴിലാളിമുന്നേറ്റം സെപ്തംബര്‍ രണ്ടിന്റെ രാപ്പകലുകളില്‍ യാഥാര്‍ഥ്യമായത്. നാവടക്കി പണിയെടുക്കാനാജ്ഞാപിക്കുന്ന ചൂഷകന്റെ ധാര്‍ഷ്ട്യത്തിനുള്ള അധ്വാനിക്കുന്നവന്റെ മറുപടിയാണ് കന്യാകുമാരിമുതല്‍ കശ്മീര്‍വരെ നീണ്ടുകിടക്കുന്ന  മഹാരാജ്യത്തിന്റെ മുക്കിലും മൂലയിലും വെള്ളിയാഴ്ച മുഴങ്ങിക്കേട്ടത്. മിനിമംകൂലി പ്രതിമാസം 18,000 രൂപയായി വര്‍ധിപ്പിക്കുക, എല്ലാ തൊഴിലാളികള്‍ക്കും പിഎഫ്– ഇഎസ്ഐ തുടങ്ങിയ സാമൂഹ്യസുരക്ഷാനടപടികള്‍ സാര്‍വത്രികമായി ഉറപ്പാക്കുക, തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും കുറഞ്ഞത് 3000 രൂപ പെന്‍ഷന്‍ ഉറപ്പാക്കുക, സ്ഥിരംസ്വഭാവമുള്ള തൊഴിലുകളില്‍ കരാര്‍വല്‍ക്കരണം അവസാനിപ്പിക്കുക, സ്ഥിരംജീവനക്കാരുടെ സമാനമായ ജോലിതന്നെ ചെയ്യുന്ന കരാര്‍ജീവനക്കാര്‍ക്ക് തുല്യവേതനം, ബോണസും പിഎഫും നിശ്ചയിക്കുന്നതിനുള്ള പരിധി എടുത്തുകളയുക, ഗ്രാറ്റുവിറ്റി വര്‍ധിപ്പിക്കുക, വിലക്കയറ്റം തടയുക, റെയില്‍വേ– ഇന്‍ഷുറന്‍സ്– പ്രതിരോധമേഖലകളില്‍ എഫ്ഡിഐ അനുവദിക്കാതിരിക്കുക, തൊഴിലില്ലായ്മ തടയാന്‍ നടപടികള്‍ സ്വീകരിക്കുക, തൊഴില്‍നിയമ പരിഷ്കാരങ്ങളില്‍നിന്ന് പിന്തിരിയുക തുടങ്ങി പന്ത്രണ്ടാവശ്യമുന്നയിച്ച് പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളാണ്   ദേശീയ പണിമുടക്കിന് ആഹ്വാനംചെയ്തത്. അന്യായമായി എന്തെങ്കിലും പിടിച്ചുപറിക്കാനോ അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടാനോ ഉള്ള സമരമല്ല, തൊഴിലാളികളുടെയും നാടിന്റെയാകെയും നിലനില്‍പ്പിനുവേണ്ടിയുള്ള അത്യുജ്വല മുന്നേറ്റമാണിത്.

നരേന്ദ മോഡി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഇത് രണ്ടാമതാണ് രാജ്യവ്യാപകമായ പണിമുടക്കിന് തൊഴിലാളികള്‍ നിര്‍ബന്ധിതരാകുന്നത്. കേന്ദ്ര––സംസ്ഥാന ജീവനക്കാരും ബാങ്കിങ് മേഖലയിലെ ജീവനക്കാരും ഓഫീസര്‍മാരും അണിചേര്‍ന്നു. ആര്‍ബിഐയിലെയും ഇന്‍ഷുറന്‍സ് മേഖലയിലെയും ജീവനക്കാരും പ്രതിരോധ– ഉല്‍പ്പാദന––സേവന മേഖലകളിലെ സിവിലിയന്‍ ജീവനക്കാരും ടെലികോം, തപാല്‍, റോഡുഗതാഗതം, വൈദ്യുതി, തുറമുഖം എന്നീ മേഖലകളിലെ തൊഴിലാളികളും വന്‍തോതിലാണ് പണിമുടക്കില്‍ അണിചേര്‍ന്നത്.  അസംഘടിതമേഖലയിലെ ലക്ഷക്കണക്കിനു തൊഴിലാളികളും  അങ്കണവാടി, ആശ, ഉച്ചഭക്ഷണം തുടങ്ങിയ പദ്ധതിത്തൊഴിലാളികളും ജീവനക്കാരും  കല്‍ക്കരി ഉള്‍പ്പെടെ ഖനിമേഖലകളിലെ തൊഴിലാളികളും പണിമുടക്കി. ഇന്നലെവരെ, സംഘടനകള്‍ നിര്‍ജീവമായിരുന്നിടങ്ങളിലടക്കം 24 മണിക്കൂര്‍ ജോലിയും കൂലിയും ഉപേക്ഷിച്ച് തൊഴിലാളികള്‍ പണിമുടക്കില്‍ അണിചേര്‍ന്ന വാര്‍ത്ത ഇന്ത്യന്‍ തൊഴിലാളിവര്‍ഗ പോരാട്ട ചരിത്രത്തില്‍ ആവേശകരമായ അധ്യായമാണ് കൂട്ടിച്ചേര്‍ക്കുന്നത്.

കാല്‍നൂറ്റാണ്ട് പിന്നിടുന്ന നവഉദാരവല്‍ക്കരണനയങ്ങള്‍ തങ്ങളുടെ ജീവിതത്തെ തകര്‍ക്കുംവിധം ഭീകരരൂപമാര്‍ജിക്കുകയാണെന്ന് തിരിച്ചറിയുന്ന തൊഴിലാളിക്കു മുന്നില്‍ രൂക്ഷമായ പ്രതികരണമല്ലാതെ മറ്റൊരു മാര്‍ഗമില്ല. കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും കഷ്ടപ്പെടുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും ബോധ്യപ്പെടുകയാണ്, പ്രതിഷേധത്തിന്റെ വന്‍മതില്‍ തീര്‍ത്തില്ലെങ്കില്‍ നഷ്ടപ്പെടുന്നത് സ്വന്തം ജീവിതംതന്നെയാകുമെന്ന്. 1991ല്‍ ജനവിരുദ്ധ സാമ്പത്തികനയങ്ങള്‍ ആഘോഷപൂര്‍വം അവതരിക്കപ്പെട്ടപ്പോള്‍, ഉദാരവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും വാഴ്ത്തുപാട്ടുകള്‍ ഭരണാധികാരികള്‍ ആലപിച്ചപ്പോള്‍ മഹാവിപത്തിന്റെ വാതിലാണ് തുറക്കപ്പെടുന്നതെന്ന് ഇടതുപക്ഷം മുന്നറിയിപ്പു നല്‍കിയതാണ്; തൊഴിലാളിവര്‍ഗം ഇതരഭിന്നതകള്‍ മറന്ന് ഒന്നിച്ചു നിന്ന് പൊരുതണമെന്ന് ആഹ്വാനംചെയ്തതാണ്; പ്രക്ഷോഭത്തിന് തുടക്കംകുറിച്ചതാണ്. അന്ന് പ്രക്ഷോഭത്തില്‍നിന്ന് ഏതാനും കേന്ദ്ര ട്രേഡ് യൂണിയനുകള്‍ വിട്ടുനിന്നു. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്വതന്ത്ര തൊഴിലാളി ഫെഡറേഷനുകള്‍ സമരത്തില്‍ അണിചേര്‍ന്നു. അന്നുമുതലിന്നുവരെ രാജ്യം തുടര്‍ച്ചയായ ദേശവ്യാപക പ്രക്ഷോഭത്തിന് വേദിയായി. ഓരോന്നിലും പങ്കാളിത്തം വര്‍ധിച്ചുവന്നു. ഇന്ന് ബിഎംഎസ് ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ഈ മുന്നേറ്റത്തില്‍ പങ്കാളികളാണ്.

രാജ്യത്തെ മഹാഭൂരിപക്ഷം തൊഴിലാളികളും പോരാട്ടത്തിന്റെ കൊടി കൈയിലേന്തുകയാണ്.  വിട്ടുനിന്ന ട്രേഡ് യൂണിയനിലെ അനേകം അംഗങ്ങള്‍ സ്വന്തം ജീവിതയാഥാര്‍ഥ്യങ്ങള്‍ ഓര്‍ത്ത്, തൊഴിലിടങ്ങളിലെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട് സ്വമേധയാ പങ്കാളികളായ അനുഭവം, ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ഹൃദയവികാരം എന്ത് എന്നതിന്റെ സൂചനയാണ്.

നരേന്ദ്ര മോഡി നയിക്കുന എന്‍ഡിഎ സര്‍ക്കാരിന് അധ്വാനിക്കുന്ന ഇന്ത്യക്കാരുടെ താക്കീതാണ് ഈ പണിമുടക്ക്. ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ മറന്ന്  കോര്‍പറേറ്റനുകൂല– തൊഴിലാളിവിരുദ്ധ നയങ്ങള്‍ തുടരാനാണ് ഭാവമെങ്കില്‍ കനത്ത വില നല്‍കേണ്ടിവരും എന്നതാണ് ആ താക്കീത്. 2016 സെപ്തംബര്‍ രണ്ട്  ദേശീയപണിമുടക്ക് മാത്രമായല്ല, ഭരണവര്‍ഗത്തിന്റെ തൊഴിലാളിവിരുദ്ധ– ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ജനകീയ പ്രതിരോധത്തിന്റെ തിളക്കമാര്‍ന്ന അടയാളമായാണ് ചരിത്രത്തില്‍ ഇടംനേടുന്നത്.  ഇതില്‍ പങ്കാളികളായ മുഴുവനാളുകളെയും ഞങ്ങള്‍ അഭിവാദ്യംചെയ്യുന്നു. വരും നാളുകളിലെ പോരാട്ടങ്ങള്‍ക്കും അവയുടെ വിജയത്തിനും പ്രചോദനവും വഴികാട്ടിയുമാകട്ടെ ഈ പണിമുടക്കിന്റെ വിജയമെന്ന് ആശിക്കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top