26 April Friday

കണ്ണഞ്ചിപ്പിക്കുന്ന കുതിപ്പിൽ വ്യവസായ കേരളം

വെബ് ഡെസ്‌ക്‌Updated: Friday Jul 8, 2022


വ്യവസായവളർച്ചയിൽ കേരളം കൈവരിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന പുരോഗതി രാജ്യത്തിനകത്തും പുറത്തും അംഗീകരിക്കപ്പെടുകയാണ്‌. കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ രണ്ട്‌ അംഗീകാരം കഴിഞ്ഞദിവസം സംസ്ഥാനത്തിനു ലഭിച്ചതാണ്‌ ഈ നിരയിൽ പുതിയത്‌. വ്യവസായസൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയിൽ കേരളം ഒറ്റവർഷംകൊണ്ട്‌ 13 പടി മുന്നേറിയതാണ്‌ ഒന്ന്‌. സംസ്ഥാനങ്ങളുടെ സ്റ്റാർട്ടപ്‌ റാങ്കിങ്ങിൽ തുടർച്ചയായി മൂന്നാംവർഷം ടോപ്‌ പെർഫോമർ പുരസ്‌കാരം നേടിയതാണ്‌ രണ്ടാമത്തേത്‌. മികച്ച സ്റ്റാർട്ടപ്‌ സൗകര്യമുള്ള പ്രദേശങ്ങളുടെ പട്ടികയിൽ അടുത്തിടെ കേരളം ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്‌ എത്തിയതിനു പിന്നാലെയാണ്‌ ഈ ഇരട്ടനേട്ടം.

വ്യവസായസൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ 75.49 ശതമാനം സ്‌കോറോടെ 28ൽനിന്ന്‌ 15–-ാം സ്ഥാനത്തേക്കാണ്‌ കേരളം കുതിച്ചിരിക്കുന്നത്‌. കേരളത്തിന്റെ എക്കാലത്തെയും ഏറ്റവുമുയർന്ന സ്‌കോറാണ്‌ ഇത്‌. സംരംഭകരുടെ അഭിപ്രായവും പരിഗണിച്ച്‌ കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള വ്യവസായ–-ആഭ്യന്തര വാണിജ്യ പ്രോത്സാഹനവകുപ്പാണ്‌ (ഡിപിഐഐടി) റാങ്ക്‌ നിശ്ചയിച്ചത്‌. 2020ലെ റാങ്കാണ്‌ പ്രസിദ്ധീകരിച്ചതെങ്കിലും ഇതിന്‌ അടിസ്ഥാനമാക്കിയ മാനദണ്ഡങ്ങളിൽ ഒന്നായ സംരംഭക പ്രതികരണം ഈവർഷം ശേഖരിച്ചതാണ്‌. വലിയ തീരദേശവും മലയോരവുമുള്ള, വിസ്‌തൃതി കുറഞ്ഞ സംസ്ഥാനത്ത്‌ പരിസ്ഥിതിക്ക്‌ ദോഷമുണ്ടാക്കാതെ സംസ്ഥാന വ്യവസായ വകുപ്പ്‌ നടപ്പാക്കുന്ന ‘ഉത്തരവാദ നിക്ഷേപം, ഉത്തരവാദ വ്യവസായം’ എന്ന നയത്തിലൂന്നിയാണ്‌ ഈ കുതിപ്പ്‌ കൈവരിച്ചത്‌.

കഴിഞ്ഞയാഴ്‌ച സ്‌റ്റേറ്റ്‌ ബിസിനസ്‌ റിഫോം ആക്‌ഷൻ പ്ലാൻ റിപ്പോർട്ട്‌ കേന്ദ്ര സർക്കാർ പുറത്തിറക്കിയപ്പോഴും കേരളം ആറു വർഷത്തിനിടെ നേടിയ പുരോഗതി വ്യക്തമായിരുന്നു. വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ദേശീയാടിസ്ഥാനത്തിൽ നിർദേശിക്കപ്പെട്ടവയിൽ 80 ശതമാനത്തിലധികം നടപടിയും പൂർത്തിയാക്കിയ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ‘അസ്‌പയറേഴ്‌സ്‌’ വിഭാഗത്തിലാണ്‌ കേരളം ഉൾപ്പെട്ടത്‌. 2016ൽ 22.8ശതമാനം പുരോഗതി മാത്രമുണ്ടായിരുന്നിടത്തു നിന്നാണ്‌ 80 ശതമാനത്തിനു മുകളിലേക്കുള്ള വളർച്ച.

കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയവും ഡിപിഐഐടിക്കു കീഴിലെ സ്റ്റാർട്ടപ്‌ ഇന്ത്യയും ചേർന്ന്‌ ഏർപ്പെടുത്തിയ സ്റ്റാർട്ടപ്‌ പുരസ്‌കാരത്തിലെ ഹാട്രിക്‌ മികവ്‌ ഈ രംഗത്ത്‌ സമീപവർഷങ്ങളിൽ കേരളം കൈവരിച്ച വളർച്ചയിലെ സ്ഥിരത വ്യക്തമാക്കുന്നുണ്ട്‌. വ്യവസായ സംരംഭങ്ങൾക്ക്‌ അംഗീകാരം നൽകാൻ ഓൺലൈൻ ഏകജാലക സംവിധാനമായ കെ–-സ്വിഫ്‌റ്റ്‌ 2019ൽ ആരംഭിച്ചിരുന്നു. 12 വകുപ്പിന്റെ സേവനമാണ്‌ ഒറ്റജാലകത്തിലൂടെ ലഭിക്കുന്നത്‌.

സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്‌എംഇ) കാര്യത്തിലും കേരളം അഭൂതപൂർവമായ മുന്നേറ്റത്തിനാണ്‌ ഒരുങ്ങുന്നത്‌. ഈ സാമ്പത്തികവർഷം ‘സംരംഭകത്വ വർഷ’മായി ആഘോഷിക്കുകയാണ്‌ വ്യവസായ വകുപ്പ്‌. ഒരു ലക്ഷം സൂക്ഷ്‌മ ചെറുകിട സംരംഭം ആരംഭിക്കുകയാണ്‌ ലക്ഷ്യം. ആദ്യ മൂന്നു മാസത്തിനകം 33,379 സംരംഭം ആരംഭിച്ചു. 2135 കോടി രൂപയുടെ നിക്ഷേപമാണ്‌ പുതുതായി എത്തിയത്‌. മുക്കാൽ ലക്ഷത്തോളം പേർക്ക്‌ തൊഴിൽ ലഭിച്ചു. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ എംഎസ്‌എംഇ ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്‌. ലൈസൻസിങ്, വിപണനം, സാമ്പത്തികം, കയറ്റുമതി, വാങ്ങൽ, ജിഎസ്‌ടി, സാങ്കേതികവിദ്യ തുടങ്ങി എല്ലാ മേഖലയിലും ഇതുവഴി സംരംഭകർക്ക്‌ സഹായം ലഭിക്കും. ഇവരുടെ സംശയം ദൂരീകരിക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും വിഷയവിദഗ്ധരെ എംപാനൽ ചെയ്‌തിട്ടുണ്ട്‌.

കേരളത്തിനെതിരെ വലതുപക്ഷ രാഷ്‌ട്രീയ–-മാധ്യമ ശക്തികളുടെ ആസൂത്രിത പ്രചാരണം ശക്തമായിരിക്കുമ്പോഴാണ്‌ ഈ മാറ്റങ്ങൾ. സ്വാർഥ താൽപ്പര്യത്തോടെ രാഷ്‌ട്രീയരംഗത്തും ഇടപെടുന്ന ഒരു മുതലാളി മറ്റൊരു സംസ്ഥാനത്ത്‌ നിക്ഷേപത്തിന്‌ തീരുമാനിച്ചപ്പോൾ വ്യവസായങ്ങൾ കേരളം വിടുന്നേ എന്ന്‌ ഒന്നാംപേജിൽ അമിത പ്രാധാന്യത്തോടെ ആർത്തുവിളിച്ച ചില പത്രങ്ങൾ, കേരളത്തെ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ പോലും നിർബന്ധിതമായപ്പോൾ അത്‌ വിപണി പേജിൽ ഒതുക്കുകയാണ്‌ ചെയ്‌തത്‌. ഇത്തരക്കാർ എത്ര നിസ്സാരമാക്കിയാലും കേരളം രാജ്യത്തെ പ്രധാന വ്യവസായനിക്ഷേപ കേന്ദ്രങ്ങളിൽ ഒന്നായി വളരുന്നുവെന്നാണ്‌ മാറ്റങ്ങൾ കാണിക്കുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top