25 April Thursday

ശാസ്ത്രദിനവും ശാസ്ത്രബോധത്തിന്റെ രാഷ്ട്രീയവും

വെബ് ഡെസ്‌ക്‌Updated: Thursday Mar 1, 2018


ഒരു ശാസ്ത്രദിനംകൂടി കടന്നുപോയി. സാധാരണ അക്കാദമിക് പരിപാടികളിൽ അവസാനിക്കുന്ന ദിനാഘോഷത്തിന് ഇക്കുറി സാമൂഹ്യപ്രസക്തി കൂടുകയാണ്. ശാസ്ത്രവിരുദ്ധവും പുരോഗമനവിരുദ്ധവുമായ ഒരു തത്വസംഹിതയുടെ വക്താക്കളാണിന്ന് രാജ്യം ഭരിക്കുന്നത്. ഗണപതിയിൽ പ്ലാസ്റ്റിക് സർജറിയുടെ പിറവിയും പുഷ്പകവിമാനത്തിൽ വ്യോമയാനസിദ്ധാന്തങ്ങളുടെ ആദ്യ പാഠവും ചാണകത്തിൽ ആണവവികിരണവും തിരയുന്നവരാണിവർ. പരിണാമസിദ്ധാന്തം തെറ്റെന്ന് 'കണ്ടെത്തിയ' ആൾ ഈ ഭരണത്തിലെ കേന്ദ്രമന്ത്രിയാണ്. ബുധനാഴ്ച ഡൽഹിയിൽ നടന്ന ശാസ്ത്രദിനാഘോഷത്തിൽ മുഖ്യാതിഥിയായതും ഈ കേന്ദ്രമന്ത്രിയായിരുന്നു. ഇത് സർക്കാരിന്റെ 'ശാസ്ത്രബോധ'ത്തിന്റെ ചൂണ്ടുപലകയാണ്. ഇങ്ങനെ അപകടകരവും ശാസ്ത്രവിരുദ്ധവുമായ ഒരു ഭരണകാലത്ത് ശാസ്ത്രദിനാഘോഷത്തിന് പ്രസക്തിയേറുകയാണ്.

ശാസ്ത്രബോധത്തിൽ അധിഷ്ഠിതമായ ഒരു ചിന്താധാര രാജ്യത്ത് രൂപപ്പെടുത്തുന്നതിൽ, മറ്റ് ഒട്ടേറെ കുറവുകളുള്ളപ്പോഴും രാജ്യത്ത് അധികാരമേറ്റ ആദ്യസർക്കാർ ശ്രദ്ധിച്ചിരുന്നു. ആദ്യപ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു യുക്തിചിന്തകനായിരുന്നു. തന്റെ 'ഇന്ത്യയെ കണ്ടെത്തൽ' എന്ന കൃതിയിൽതന്നെ ശാസ്ത്രബോധത്തിൽ അധിഷ്ഠിതമായ ഒരു ചിന്താരീതിയെപ്പറ്റി അദ്ദേഹം പറഞ്ഞു. ഭരണത്തിലും ഒരുപരിധിവരെ ഈ ബോധം ഉയർത്തിപ്പിടിക്കാൻ അദ്ദേഹം ശ്രമിച്ചു. അതിന്റെ ഫലമായി ശാസ്ത്രബോധത്തിൽ അടിയുറച്ച ഒരു വിദ്യാഭ്യാസപദ്ധതിയും നിരവധി ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളും രാജ്യത്ത് ഉയർന്നുവന്നു. എന്നാൽ, പിന്നീട് വന്ന സർക്കാരുകൾക്ക് ഈ കാഴ്ചപ്പാടുണ്ടായില്ല.

ആദ്യപ്രധാനമന്ത്രിയുടെ ശാസ്ത്രകാഴ്ചപ്പാടിനപ്പുറം ശാസ്ത്രബോധം പ്രചരിപ്പിക്കാൻ പ്രതിജ്ഞചെയ്യുന്ന ഒരു ഭരണഘടനയും നമുക്കുണ്ട്. ശാസ്ത്രബോധവും ചിന്താരീതികളും മാനവികതയും സാമൂഹ്യപരിഷ്കരണവും അന്വേഷണാത്മകതയും ഉയർത്തിപ്പിടിക്കുക പൗരന്റെ ലക്ഷ്യമായി ഭരണഘടന പ്രഖ്യാപിക്കുന്നു.
ഈ ഭരണഘടന ഉയർത്തിപ്പിടിക്കാൻ ഉത്തരവാദിത്തമുള്ള സർക്കാരാണ് ഇന്ന് നാടുനീളെ ശാസ്ത്രവിരുദ്ധതയുടെ പ്രചാരകരായി മാറുന്നത്. കിട്ടുന്ന വേദികളിലെല്ലാം ശാസ്ത്രവിരുദ്ധരെ ആദരിക്കുകയും അവരുടെ വാദങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നേടിക്കൊടുക്കുകയുമാണ് അധികാരികൾ ചെയ്യുന്നത്. ഇതിനൊപ്പം ശാസ്ത്രബോധത്തിന്റെ പ്രചാരകരെ കൊന്നുതള്ളുന്നതും നമ്മൾ കാണുന്നു. ഗോവിന്ദ് പൻസാരെ, ഡോ. നരേന്ദ്ര ധാബോൽക്കർ, ഡോ. എം എം കലബുർഗി, ഗൗരി ലങ്കേഷ് തുടങ്ങി ഭരണത്തിന്റെ ഒത്താശയോടെ കൊല്ലപ്പെട്ടവരൊക്കെ ശാസ്ത്രചിന്തകരോ യുക്തിചിന്തകരോ ആയിരുന്നു എന്നതും യാദൃച്ഛികമല്ല. ഈ സർക്കാരിനെ നയിക്കുന്നവർ മനുഷ്യസമൂഹം ഇതുവരെ നേടിയ എല്ലാ പുരോഗതിയും പിന്നോക്കം വലിച്ചുകൊണ്ടുപോകാനാകുമോ എന്ന് നോക്കുന്നവരാണ്. ഈ കാലയളവിൽ ശാസ്ത്രവും ശാസ്ത്രസ്ഥാപനങ്ങളും കടുത്ത വെല്ലുവിളിതന്നെയാണ് നേരിടുന്നത്.

വർഗീയവൽക്കരണത്തിനൊപ്പം ശാസ്ത്രഗവേഷണരംഗത്തെ കോർപറേറ്റുവൽക്കരണവും വർധിക്കുന്നു. ജനകീയ ആവശ്യങ്ങളല്ല, കോർപറേറ്റുകളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളുമാണ് ഗവേഷണ വിഷയങ്ങളായി മാറുന്നത്. ഗവേഷണത്തിനുള്ള ഫണ്ടിന്റെ വലിയൊരു ഭാഗം കോർപറേറ്റുകളിൽനിന്നാകുമ്പോൾ ഇത് സ്വാഭാവികം.
ശാസ്ത്രം ചൂഷണത്തിനെതിരെയും സമൂഹപുരോഗതിക്കായും ഉപയോഗപ്പെടുത്തണമെന്ന ബോധം ഉൾക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ് പുരോഗമനവാദികൾ. ശാസ്ത്രത്തിന്റെ കേവലമായ പ്രയോഗത്തിനപ്പുറം സാമൂഹ്യബോധത്തിൽ അധിഷ്ഠിതമായ ഉപയോഗത്തെപ്പറ്റിയാണ് അവർ വേവലാതിപ്പെടുന്നത്. ഈ സാമൂഹ്യപ്രയോഗത്തിന്റെ സാധ്യതതന്നെ അടയ്ക്കുകയാണ് ശാസ്ത്രവിരുദ്ധതയിലൂന്നിയ ഇന്നത്തെ ഭരണം. അതുകൊണ്ടുതന്നെ ഭരണഘടന വിഭാവനംചെയ്യുമ്പോലെ ശാസ്ത്രബോധത്തിൽ അധിഷ്ഠിതമായ രാജ്യത്തിനായുള്ള പോരാട്ടം പൊതു രാഷ്ട്രീയപോരാട്ടത്തിന്റെ ഭാഗമാണ്. സംഘപരിവാർ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ ഇതും കണ്ണിചേർക്കപ്പെടണം. ശാസ്ത്രബോധത്തിന്റെ വ്യാപനവും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയുള്ള പോരാട്ടങ്ങളും പുരോഗമനശക്തികളുടെ ഉത്തരവാദിത്തമാണ്.

ശാസ്ത്രമേഖലയിലും ഈ തിരിച്ചറിവ് ശക്തമായുണ്ട്. ഇക്കഴിഞ്ഞയാഴ്ച ഒഡിഷയിലെ ഭുവനേശ്വറിൽ സമാപിച്ച ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ ശാസ്ത്ര കോൺഗ്രസ് ഈ സൂചന നൽകുന്നു. ദേശീയതയുടെ മുഖാവരണമിട്ട് കടന്നുവരുന്ന വർഗീയതയും ജാതീയതയും ശാസ്ത്രബോധത്തിന് ആപത്താണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടുന്നു. വരുംനാളുകളിൽ ശാസ്ത്രബോധത്തിൽ അധിഷ്ഠിതവും സാമൂഹ്യപുരോഗതി ലക്ഷ്യംവയ്ക്കുന്നതുമായ കൂടുതൽ മുന്നേറ്റങ്ങൾക്ക് ഈ ശാസ്ത്രദിനം കരുത്തുപകരുമെന്ന് കരുതാം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top