27 April Saturday

തൊഴിലുറപ്പും തകർക്കാൻ മോദി ഭരണം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022


ഗ്രാമീണമേഖലയിൽ തൊഴിലെടുക്കാൻ സന്നദ്ധമായ അവിദഗ്‌ധ തൊഴിലാളികളുള്ള കുടുംബത്തിന്‌ ഒരു സാമ്പത്തികവർഷം കുറഞ്ഞത്‌ 100 ദിവസമെങ്കിലും തൊഴിൽ ലഭ്യമാക്കി, അവരുടെ ജീവിതനിലവാരം ഉയർത്തുക ലക്ഷ്യമാക്കിയാണ്‌ 2005 സെപ്‌തംബറിൽ യുപിഎ സർക്കാർ തൊഴിലുറപ്പുനിയമം കൊണ്ടുവന്നത്‌. ഒന്നാം യുപിഎ സർക്കാരിന്‌ നിർണായക പിന്തുണ നൽകിയിരുന്ന ഇടതുപക്ഷത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ്‌ മൻമോഹൻ സിങ് സർക്കാർ പദ്ധതി ആവിഷ്‌കരിച്ചത്‌. എട്ടു ശതമാനം സാമ്പത്തികവളർച്ച നേടിയാലേ പദ്ധതി നടപ്പാക്കാൻ കഴിയുകയുള്ളൂവെന്നും അതിനായി മറ്റു പല സബ്‌സിഡിയും വെട്ടിക്കുറയ്‌ക്കേണ്ടിവരുമെന്നും പറഞ്ഞ്‌ തൊഴിലുറപ്പുനിയമം കൊണ്ടുവരാതിരിക്കാൻ നവഉദാരവൽക്കരണവാദിയായ പ്രധാനമന്ത്രി  മൻമോഹൻ സിങ് ശ്രമിച്ചിരുന്നുവെന്നത്‌ ചരിത്രം.

എന്നാൽ, പദ്ധതി നടപ്പാക്കിയപ്പോൾ അത്‌ ഗ്രാമീണ ഇന്ത്യയിലെ കോടിക്കണക്കിന്‌ പട്ടിണിപ്പാവങ്ങൾക്ക്‌ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കരുത്തുനൽകി. 2014 മുതൽ രാഷ്ട്രപിതാവിന്റെ പേരിൽ അറിയപ്പെട്ട പദ്ധതിയിൽ നിലവിൽ  16.06 കോടി കുടുംബങ്ങളിലായി 30.45 കോടി തൊഴിലാളികളാണ്‌ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്‌. ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ അധികാരത്തിൽ വന്ന രണ്ടാം യുപിഎ സർക്കാർ പദ്ധതിയെ ദുർബലപ്പെടുത്താൻ ആരംഭിച്ചു. സ്ഥായിയായ, ഈടുനിൽക്കുന്ന പ്രവൃത്തികൾ മാത്രമേ ഏറ്റെടുക്കാവൂ എന്നും കൃഷിപ്പണികൾ ഏറ്റെടുക്കാൻ പാടില്ലെന്നും തീരുമാനിച്ചത്‌ പദ്ധതിയെ ദുർബലപ്പെടുത്തി. മാത്രമല്ല, വർഷംതോറും ഫണ്ട്‌ വിഹിതം വെട്ടിക്കുറയ്‌ക്കാനും ആരംഭിച്ചു. 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നതോടെ ഈ പ്രവണതയ്‌ക്ക്‌ ആക്കംകൂടി. 2020–-21ൽ 1,13,000 കോടി രൂപ വകയിരുത്തിയിരുന്ന സ്ഥാനത്ത്‌ നടപ്പുസാമ്പത്തിക വർഷം അനുവദിച്ചിട്ടുള്ളത്‌ 73,000 കോടിരൂപ മാത്രമാണ്‌. പദ്ധതി ലക്ഷ്യമിട്ട 100 തൊഴിൽദിനം ലഭിക്കുന്നത്‌ 10 ശതമാനത്തിൽ താഴെ പേർക്കു മാത്രമാണ്‌. തൊഴിലെടുക്കുന്നവർക്ക്‌ പല സംസ്ഥാനത്തും നിലവിലുള്ള മിനിമം കൂലി ലഭിക്കുന്നില്ല. തുച്ഛമായ കൂലി ലഭിക്കുന്നതിന്‌ വലിയ  കാലതാമസവും  ഉണ്ടാകുന്നു.

പാവപ്പെട്ടവർക്കുള്ള എല്ലാ സൗജന്യവും അവസാനിപ്പിക്കണമെന്ന്‌ ആവർത്തിക്കുന്ന പ്രധാനമന്ത്രി മോദി തൊഴിലുറപ്പുപദ്ധതിക്കും വിരാമമിടാനാണ്‌ ശ്രമമെന്ന്‌ കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ വിരൽചൂണ്ടുന്നു. പദ്ധതിയുടെ നിലവിലുള്ള നടപടിക്രമങ്ങളും ഫണ്ട്‌ വിനിയോഗവും വ്യത്യസ്‌ത സംസ്ഥാനങ്ങളിലെ നടത്തിപ്പും വിലയിരുത്തി പുനക്രമീകരിക്കുന്നതിനുള്ള റിപ്പോർട്ട്‌ സമർപ്പിക്കാൻ മൂന്നംഗ സമിതിയോട്‌ കേന്ദ്രം ആവശ്യപ്പെട്ടതാണ്‌ ഇത്തരമൊരു സംശയം ഉയർത്തുന്നത്‌. കേന്ദ്ര ഗ്രാമീണ വകുപ്പ്‌ മുൻ സെക്രട്ടറിയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഉപദേഷ്ടാവുമായ അമർജിത് സിൻഹ അധ്യക്ഷനായ സമിതിയാണ്‌  കഴിഞ്ഞദിവസം യോഗംചേർന്ന്‌ മൂന്നു മാസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്‌. ദാരിദ്ര്യ നിർമാർജനം ലക്ഷ്യമാക്കിയുള്ള പദ്ധതി എന്തുകൊണ്ടാണ്‌ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ബിഹാർ, ഉത്തർപ്രദേശ്‌  സംസ്ഥാനങ്ങളിൽ വിജയപ്രാപ്‌തിയിൽ എത്താത്തത്‌ എന്നും സാമ്പത്തികമായി മെച്ചപ്പെട്ട കേരളം പോലുള്ള സംസ്ഥാനങ്ങളിൽ പദ്ധതി ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നത്‌ എന്തുകൊണ്ടെന്നും മൂന്നംഗസമിതി പരിശോധിക്കുമെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ആളോഹരി വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ വിഹിതം തീരുമാനിക്കുന്നതെങ്കിൽ അത്‌ കേരളത്തിന്‌ തിരിച്ചടിയാകുമെന്ന്‌ ഉറപ്പാണ്‌. പദ്ധതി ഫലപ്രദമായി നടപ്പാക്കുന്ന കേരളത്തെ ശിക്ഷിക്കാനാണ്‌ കേന്ദ്രത്തിന്റെ നീക്കം. പദ്ധതി നടത്തിപ്പിൽ വീഴ്‌ച വരുത്തുന്ന, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക്‌ കൂടുതൽ തുക വാരിക്കോരി നൽകാനുള്ള ഗൂഢലക്ഷ്യവും ഈ നീക്കത്തിനു പിന്നിലുണ്ടാകാം. കോർപറേറ്റുകൾക്ക്‌ ലക്ഷക്കണക്കിന്  കോടിയുടെ  സൗജന്യങ്ങൾ അനുവദിക്കാൻ ഒരു മടിയുമില്ലാത്ത മോദി സർക്കാരാണ്‌ പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ്‌ വീഴ്‌ത്താൻ ശ്രമിക്കുന്നത്‌. ഇതിനെതിരെ ശക്തമായ പ്രതിഷേധശബ്ദം ഉയരുകതന്നെ വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top