24 April Wednesday

ഔഷധ നയത്തിലെ വൻ ചതിക്കുഴികൾ

വെബ് ഡെസ്‌ക്‌Updated: Saturday Sep 17, 2022


ഏതൊരു രാജ്യത്തെയും പൗരന്മാരുടെ മൗലികാവകാശമാണ്‌ ആരോഗ്യസംരക്ഷണം. എന്നാൽ, ഇന്ത്യയിൽ കേന്ദ്ര സർക്കാരുകൾ പലപ്പോഴും ഔഷധ നയത്തിൽ വെള്ളംചേർത്ത്‌ ആ സങ്കൽപ്പംതന്നെ ഇല്ലാതാക്കുകയാണ്‌. ബഹുരാഷ്ട്ര ഭീമന്മാർ ഇറക്കുമതി ചെയ്യുന്ന, മാരക പാർശ്വഫലങ്ങളുണ്ടാക്കുന്ന അനാവശ്യ മരുന്നുകൾ തള്ളുന്ന കുപ്പത്തൊട്ടിയാണ്‌ മൂന്നാംലോകമെന്ന്‌ നിരന്തരം തെളിയുന്നുമുണ്ട്‌.  ചികിത്സാ ചെലവ്‌ കുറയ്‌ക്കാനെന്ന അവകാശവാദത്തോടെ മോദി സർക്കാർ തയ്യാറാക്കി കഴിഞ്ഞദിവസം പുറത്തുവിട്ട  ദേശീയ മരുന്നുപട്ടികയിൽ വൻ ചതിക്കുഴികളാണ്‌ ഒളിഞ്ഞിരിക്കുന്നത്‌ എന്നതാണ്‌ വസ്‌തുത. അതിന്‌ കൊട്ടിഘോഷിക്കുന്ന  പ്രയോജനം ഉണ്ടാകില്ലെന്നതാണ്‌ ജനകീയാരോഗ്യ പ്രവർത്തകർ പ്രകടിപ്പിക്കുന്ന ആശങ്ക. ലാഭക്കൊതിയന്മാരായ മരുന്നു കുത്തകകളുമായി ഒത്തുകളിച്ച്‌ കേന്ദ്രം വൈകിപ്പിച്ച പട്ടികയിൽ രാജ്യത്താകെ വിൽക്കുന്ന മരുന്നുകളുടെ 20 ശതമാനത്തിനു താഴെമാത്രമാണ്‌  ഉൾപ്പെടുത്തിയത്‌. കോവിഡ്‌ വാക്‌സിനുകളെയും ഗുളികകളെയും തന്ത്രപൂർവം ഒഴിവാക്കിയപ്പോൾ അർബുദത്തിന്റെ മരുന്നുകളിൽ വിലകുറഞ്ഞ നാലെണ്ണംമാത്രം. കൂടുതൽ പ്രധാന അർബുദ ഔഷധങ്ങൾ അവശ്യമരുന്നു പട്ടികയിൽ എത്തിക്കണമെന്നതാണ്‌ ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്‌ഒ)യുടെ കാഴ്‌ചപ്പാട്‌.

ഫലപ്രദമെന്ന്‌ തെളിയിക്കപ്പെട്ട മരുന്നുകൾ പട്ടികയ്‌ക്ക്‌ പുറത്തുനിർത്തിയത്‌ ആരെ സഹായിക്കാനാണെന്ന്‌ വ്യക്തം. വിലകുറഞ്ഞ നാല്‌ മരുന്ന്‌  ഉൾപ്പെടുത്തിയശേഷം അർബുദ ചികിത്സാ ചെലവ്‌ ഇടിയുമെന്ന്‌ വാദിക്കുന്നത്‌ കടുത്ത വഞ്ചനയാണ്‌. അവശ്യമരുന്ന്‌ പട്ടികയെന്ന ആശയം 1977ലാണ്‌ ഡബ്ല്യുഎച്ച്‌ഒ  മുന്നോട്ടുവച്ചത്‌. പക്ഷേ, ഇന്ത്യയിൽ 1996 ആകേണ്ടിവന്നു അത്‌ തയ്യാറാക്കാൻ. 2003, 2011, 2015 വർഷങ്ങളിൽ പരിഷ്‌കരിച്ചതായും കാണാം.  മോദി  സ്ഥാനമേറ്റശേഷം തുടർനടപടികൾ വൈകിപ്പിച്ചു. മരുന്നുവില സാധാരണക്കാർക്ക്‌ താങ്ങാനാകാത്തവിധം കുതിച്ചുയർന്നപ്പോഴും  കേന്ദ്രം കാഴ്‌ചക്കാരന്റെ നിലവാരത്തിലായിരുന്നു.  ഇപ്പോൾ പട്ടിക ഇറക്കിയെന്നതിൽ ഊറ്റംകൊള്ളുന്ന സർക്കാർ ഭൂരിപക്ഷം ഔഷധങ്ങളുടെയും വിലനിയന്ത്രണത്തെക്കുറിച്ച്‌  മിണ്ടുന്നേയില്ല. ഈ ഏപ്രിലിൽ അവശ്യ മരുന്നുകൾക്ക്‌ അമിതമായി വില കൂട്ടുകയുമുണ്ടായി.

കോവിഡിന്റെ ഒന്നാംതരംഗം പടർന്നവേളയിൽ ഇന്ത്യയിൽ  ആന്റിബയോട്ടിക് മരുന്നുകളുടെ വിൽപ്പന കുതിച്ചുയർന്നിരുന്നതായി  വാഷിങ്ടൺ സർവകലാശാലയുടെ പഠനം വ്യക്തമാക്കുന്നു. 2020 ജൂൺ-–- സെപ്‌തംബർ ഘട്ടത്തിൽ 21.64 കോടി  ഡോസ് ആന്റിബയോട്ടിക്കുകളും 3.8 കോടി  ഡോസ് അസിത്രോമൈസിനും ചെലവായി. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള അണുബാധയിലേക്ക് നയിക്കാമെന്നും പഠനം  മുന്നറിയിപ്പുനൽകി. പൊതുജനാരോഗ്യത്തിനു മുന്നിലെ വലിയ വെല്ലുവിളികളിലൊന്ന് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗമാണെന്നും  ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. സുമന്ത് ഗന്ദ്ര വിശദീകരിച്ചു. ഇതര രാജ്യങ്ങളിൽ മുതിർന്നവരിലെ ആന്റിബയോട്ടിക് ഉപയോഗം കുറഞ്ഞപ്പോൾ ഇന്ത്യയിൽ അത് ഏറുകയായിരുന്നു.  ഏറ്റവും പുതിയ കണക്കനുസരിച്ച്‌ ഇന്ത്യയിൽ ഒരുവർഷം 500 കോടിയുടെ ആന്റിബയോട്ടിക്കുകൾ  ഉപയോഗിക്കുന്നതായി  ‘ലാൻസെറ്റ്’  ജേണൽ പഠനം ചൂണ്ടിക്കാട്ടുന്നു.  ഡോക്ടർമാരുടെ ചീട്ടില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽനിന്ന് നേരിട്ട് മരുന്ന് വാങ്ങുന്നവരുടെ എണ്ണവും കൂടുതലാണ്. യൂറോപ്പ്‌, അമേരിക്ക പോലെ ആന്റിബയോട്ടിക്‌ ഉപയോഗം നിരീക്ഷിക്കാനുള്ള സംവിധാനം ഇന്ത്യയിലില്ല. ഈ പശ്ചാത്തലത്തിൽ അവയുടെ വിൽപ്പനയിലും ഉപയോഗത്തിലും നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള നടപടികൾ അനിവാര്യമാണെന്നും പഠനം പറയുന്നു.

പാരസെറ്റമോൾ ഇനമായ  ഡോളോ–- 650 വൻതോതിൽ കുറിച്ചുനൽകാൻ  മരുന്ന് കമ്പനി, ഡോക്ടർമാർക്ക് 1000 കോടി രൂപ പാരിതോഷികം നൽകിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തുകയുണ്ടായി. ഉൽപ്പാദകരായ മൈക്രോലാബ്‌സിൽ  നടത്തിയ റെയ്ഡിൽ  അതുസംബന്ധിച്ച രേഖകൾ പിടിച്ചെടുക്കുകയും ചെയ്‌തു. ആദായ നികുതി ക്രമക്കേടുകളുമായി  ബന്ധപ്പെട്ട  പരാതികൾ  പരിശോധിക്കാൻ നടത്തിയ  റെയ്ഡിനിടെ കിട്ടിയ രേഖകളിൽനിന്ന്‌ ഡോക്ടർമാർക്ക് പണം നൽകിയതായി തെളിഞ്ഞു. വിദേശയാത്ര ഉൾപ്പെടെ പാക്കേജുകൾ അനുവദിച്ചതായും കണ്ടെത്തി. ആരോപണവിധേയരുടെ പേരുകൾ ഉൾപ്പെടുന്ന രേഖകൾ ആദായ നികുതി വകുപ്പ്, മെഡിക്കൽ കമീഷന് കൈമാറിയിട്ടുമുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top