30 November Thursday

വര്‍ഗീയഭീകരതയും ചതിക്കുഴികളും

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2016


ആഗോള ഭീകരസംഘടനയുടെ കണ്ണികള്‍ കേരളത്തില്‍ ചുവടുറപ്പിക്കാന്‍ നടത്തുന്ന ശ്രമം അതീവജാഗ്രതയോടെ കാണണമെന്ന മുന്നറിയിപ്പാണ് കഴിഞ്ഞദിവസങ്ങളിലെ എന്‍ഐഎ ഓപ്പറേഷറന്‍ നല്‍കുന്നത്. കണ്ണൂര്‍ ജില്ലയുടെ തെക്കുകഴിക്കന്‍ അതിര്‍ത്തി പ്രദേശമായ പെരിങ്ങത്തൂര്‍ കനകമലയില്‍ രഹസ്യ ഒത്തുചേരലിന് എത്തിയവരെയാണ് ദേശീയ അന്വേഷണ ഏജന്‍സി വലയില്‍ കുരുക്കിയത്. ഇതിനു പുറമെ കോയമ്പത്തൂര്‍, തിരുനല്‍വേലി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നായി ഏതാനും പേരെക്കൂടി അറസ്റ്റ് ചെയ്തതായി വിവരം പുറത്തുവന്നു. 11 പേരാണ് ഇപ്പോള്‍ പിടിയിലായത്. പൊലീസ് ഉദ്യോഗസ്ഥരെയും ജഡ്ജിമാരെയും വകവരുത്തുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കനകമലയിലെ രഹസ്യ സംഗമമെന്ന് എന്‍ഐഎ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിനായി ഇവര്‍ നടത്തിയ ആസൂത്രണങ്ങളുടെയും ആശയവിനിമയത്തിന്റെയും വിവരങ്ങളടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും ഹാജരാക്കിയിട്ടുണ്ട്. കൃത്യമായ അന്വേഷണവും പിന്തുടരലുംവഴിയാണ് എന്‍ഐഎ ഭീകരാക്രമണപദ്ധതി തകര്‍ത്തതെന്ന് വ്യക്തം.

കശ്മീരിലെ പാക് അതിര്‍ത്തിയില്‍ 2000ല്‍ ഇന്ത്യന്‍ സൈനികരുമായി ഏറ്റുമുട്ടി മരിച്ച സംഘത്തില്‍ മലയാളികളും ഉണ്ടായിരുന്നതായി കണ്ടത്തിയതിനെത്തുടര്‍ന്നാണ് കേരളത്തില്‍നിന്നുള്ള ഭീകര റിക്രൂട്ട്മെന്റ് അന്വേഷണവിധേയമാക്കിയത്. ഇതിനുപിന്നില്‍ കണ്ണൂരിലെ തടിയന്റവിട നസീര്‍ ഉള്‍പ്പെട്ട സംഘമാണെമെന്നും വ്യക്തമായി. അധ്യാപകന്റെ കൈവെട്ടലും ബസ് കത്തിക്കലും സ്ഫോടനങ്ങളും ഉള്‍പ്പെടെ ഒറ്റപ്പെട്ട തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പലതും നടന്നെങ്കിലും സംഘടിത ഭീകരപ്രവര്‍ത്തകര്‍ക്ക് കേരളം പ്രാപ്യമായിരുന്നില്ല. കണ്ണൂര്‍ നാറാത്ത് ആയുധപരിശീലനം നടത്തവെ ഇരുപത്തഞ്ചോളം എന്‍ഡിഎഫുകാര്‍ പിടിയിലായതും ഭീകരശക്തികള്‍ക്ക് തിരിച്ചടിയായി. അന്വേഷണസംവിധാനങ്ങളുടെ മികവിനൊപ്പം, മലയാളമനസ്സ് എക്കാലവും കാത്തുസൂക്ഷിച്ച ജാഗ്രതകൂടിയാണ് ഭീകര–വിധ്വംസക ശക്തികള്‍ വേരുകളാഴ്ത്തുന്നത്് ഇവിടെ തടയിടുന്നത്. 

മതമൌലികവാദചിന്തയും ഭീകരതയും ഭൂരിപക്ഷത്തിന്റേതായാലും ന്യൂനപക്ഷത്തിന്റേതായാലും നിരാകരിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം. എന്നാല്‍, സമീപകാലത്തായി ചില കടുത്ത ആപല്‍സൂചനകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. കാസര്‍കോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍നിന്ന് ഏതാനും യുവാക്കള്‍ ഭാര്യയും കുട്ടികളും സഹിതം അപ്രത്യക്ഷമായ സംഭവങ്ങള്‍ ഇത്തരത്തില്‍പെട്ട ചില സൂചനയായിരുന്നു. ഇവര്‍ അന്താരാഷ്ട്ര ഭീകരസംഘടനയായ 'ഇസ്ളാമിക് സ്റ്റേറ്റ്സി'ന്റെ താവളങ്ങളില്‍ എത്തിയതായും വാര്‍ത്ത പരന്നു. ദുരൂഹസാഹചര്യത്തില്‍ നാടുവിട്ടവരുടെ ഫോണുകളില്‍നിന്ന് ബന്ധുക്കള്‍ക്ക് ലഭിച്ച സന്ദേശങ്ങള്‍ സംശയത്തെ ബലപ്പെടുത്തി. ഐഎസ് ബന്ധത്തെക്കുറിച്ച് സ്ഥിരീകരണമൊന്നും ലഭിച്ചില്ലെങ്കിലും ഇവരുടെ സന്ദേശങ്ങളില്‍ പ്രതിഫലിച്ച തീവ്ര മതവികാരം നല്ല ലക്ഷണമായിരുന്നില്ല. മതരാഷ്ട്ര സങ്കല്‍പ്പങ്ങളും ഇതര വിശ്വാസങ്ങളോടുള്ള അസഹിഷ്ണുതയും വളര്‍ത്തുന്ന കടുത്ത മതബോധനത്തിന് വിധേയരാക്കപ്പെടുന്നവരാണ് നമ്മുടെ നാട്ടിലെ ഒരു വിഭാഗം ചെറുപ്പക്കാരെന്ന് ഇത് വ്യക്തമാക്കുന്നു. ഇത്തരം മസ്തിഷ്ക പ്രക്ഷാളനങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ചെറിയൊരു വിഭാഗമെങ്കിലും നാടുംവീടും ഉപേക്ഷിച്ച് ഭീകരതയിലേക്ക് വഴിമാറുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഉയര്‍ന്ന വിദ്യാഭ്യാസവും സങ്കേതിക വൈദഗ്ധ്യവും ഉള്ളവരും ഇക്കൂട്ടത്തിലുണ്ട്.

അടുത്തകാലത്തായി ഏറെ വിപുലപ്പെട്ട സാമൂഹ്യമാധ്യമങ്ങളും  ആശയവിനിമയ ശൃംഖലകളുംതന്നെയാണ് സ്വാഭാവികമായും ഭീകര പ്രവര്‍ത്തകരുടെയും മേച്ചില്‍പുറങ്ങള്‍. ഇവിടെ പ്രച്ഛന്നരായും അല്ലാതെയും വര്‍ഗീയവിദ്വേഷം വമിപ്പിക്കുന്നവര്‍ രഹസ്യഗ്രൂപ്പുകളിലൂടെ അരുംകൊലകള്‍ക്കും അട്ടിമറികള്‍ക്കും ആസൂത്രണംനടത്തുന്നു. കഴിഞ്ഞദിവസം അറസ്റ്റിലായവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ഐഎസ് കേരള ഘടകത്തിന്റേതെന്ന പേരില്‍ ടെലിഗ്രാം ഗ്രൂപ്പുകളും ഇവര്‍ കൈകാര്യംചെയ്തിരുന്നു. ഇവര്‍ അറസ്റ്റിലായതിനുശേഷവും സൌദി അറേബ്യയില്‍നിന്നടക്കം ഇവരുടെ ഫെയ്സ്ബുക്ക് അക്കൌണ്ടുകള്‍ പ്രവര്‍ത്തിപ്പിച്ചതായും കണ്ടെത്തി. ഭീകരതയുടെ ആഗോളശൃംഖലയും സാമ്പത്തികബന്ധങ്ങളും ചെറുപ്പക്കാരെ അങ്ങോട്ട് ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇഷ്ടംപോലെ പണവും വാഹനങ്ങളും മറ്റ് സൌകര്യങ്ങളുമൊക്കെ ലഭ്യമാക്കിയാണ് യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നത്. കൌമാരമനസ്സുകളെ തളച്ചിടാന്‍ പാകത്തിലുള്ള ശാരീരിക വ്യായാമമുറകളും ആയുധപരിശീലനവും നല്‍കാനുള്ള രഹസ്യക്യാമ്പുകളും ഇവര്‍ സംഘടിപ്പിക്കുന്നു.

ഐഎസ് ബന്ധം ന്യായമായും സംശയിക്കാവുന്ന ഭീകരസംഘം കേരളത്തില്‍ തങ്ങളുടെ ചുവടുവയ്പിന് തെരഞ്ഞെടുത്ത സമയവും  പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളും അന്യമത–ദളിത് വിരോധവും തുറന്നുകാട്ടപ്പെട്ട വേളയിലാണ് അതിര്‍ത്തിയിലെ സംഘര്‍ഷം മുതലെടുത്ത് മുഖം രക്ഷിക്കാന്‍ ബിജെപി കരുക്കള്‍ നീക്കിയത്. മോഡി കോഴിക്കോട്ട് നടത്തിയ പാകിസ്ഥാന്‍വിരുദ്ധ പ്രസംഗവും അതിന്റെ തുടര്‍ച്ചയായി പാക് ഭീകരര്‍ക്ക് നല്‍കിയ തിരിച്ചടിയും രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഭീകരപ്രവര്‍ത്തനത്തെ നേരിടുന്നതിന് ഇന്ത്യന്‍ജനതയുടെ മുഴുവന്‍ പിന്തുണയുമുണ്ടെങ്കിലും യുദ്ധഭ്രാന്തിനെ ആരും അനുകുലിക്കുന്നില്ല. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഭീകരതയെ മറയാക്കി രാജ്യത്ത് വിഭാഗീയചിന്തയും മതപരമായ ചേരിതിരിവും വളര്‍ത്തി രാഷ്ട്രീയനേട്ടം കൊയ്യാനാണ് ബിജെപി ശ്രമം. ഇതിനു പുറമെ കേരളത്തില്‍ സ്വാധീനമുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കോഴിക്കോട്ട് ദേശീയ കൌണ്‍സില്‍ സംഘടിപ്പിച്ചത്.  

ഇത്തരം ഒളി അജന്‍ഡകളുമായി രാജ്യം ഭരിക്കുന്ന കക്ഷി നീങ്ങുമ്പോള്‍, മറുവശത്ത് അന്താരാഷ്ട്ര ഭീകരശക്തികളായ 'ഇസ്ളാമിക് സ്റ്റേറ്റ്സിനെ' കേരളത്തിന്റെ മണ്ണിലേക്ക് കൊണ്ടുവരാനാണ് ശ്രമം. ഈ ആപത്തുകളെ ചെറുക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും അന്വേഷണസംവിധാനങ്ങളും പ്രതിജ്ഞാബദ്ധമാണ്. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കൊപ്പം ജനങ്ങളും കണ്ണും കാതും തുറന്നിരുന്നാലേ ഈ മാരക വിഷവിത്തുകളെ നമ്മുടെ മണ്ണില്‍നിന്ന് പിഴുതെറിയാനാവുകയുള്ളൂ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top