08 May Wednesday

ഭക്ഷ്യഭദ്രത ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 20, 2016


അരനൂറ്റാണ്ടിലേറെയായി ലഭിച്ചുകൊണ്ടിരുന്ന റേഷന്‍ സംസ്ഥാനത്തെ പകുതിയിലേറെ ജനങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് അത്യന്തം ഗൌരവമുള്ള വിഷയമാണ്. ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ കാണിച്ച അനാസ്ഥയുടെ ഫലമാണ് ജനങ്ങളുടെ തലയില്‍ ഇടത്തീയായി പതിക്കുന്നത്. പരിഷ്കാരം നവംബര്‍ ഒന്നുമുതല്‍ കേരളത്തില്‍ നടപ്പാക്കാന്‍  യുദ്ധകാലാടിസ്ഥാനത്തില്‍ സംസ്ഥാന പൊതുവിതരണവകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. നിയമം നടപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ആത്മാര്‍ഥമായ ശ്രമം അംഗീകരിച്ച് ആവശ്യമായ സാവകാശം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍  തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. സബ്സിഡി നിരക്കില്‍ ചില ഭക്ഷ്യധാന്യങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതായിരുന്നു രാജ്യവ്യാപകമായി സാര്‍വത്രിക റേഷനിങ് നടപ്പാക്കുന്നതിലെ കാഴ്ചപ്പാട്. ഭക്ഷ്യക്ഷാമം, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത തുടങ്ങിയ കെടുതികളെ ഫലപ്രദമായി നേരിടാനുള്ള ജനപക്ഷ നടപടിയായിരുന്നു റേഷനിങ്. ഇതിനായി ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരില്‍നിന്ന് നേരിട്ട് ശേഖരിച്ച് ന്യായവില നല്‍കാനുള്ള വിപുലമായ സംവിധാനങ്ങളും നിലവിലുണ്ടായിരുന്നു. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൌണ്‍ ശൃംഖലകള്‍വഴി ഭക്ഷ്യധാന്യങ്ങള്‍ രാജ്യത്തെമ്പാടും ശേഖരിച്ച് വിതരണംചെയ്യുന്ന രീതി പതിറ്റാണ്ടുകളോളം ഫലപ്രദമായി തുടര്‍ന്നു.

തൊണ്ണൂറുകളില്‍ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളുടെ വരവോടെയാണ് പൊതുവിതരണ സബ്രദായത്തിന് വിള്ളല്‍വീണത്.  ആഗോളവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും വക്താക്കളായ കോണ്‍ഗ്രസ് ഭരണം എല്ലാവിധ സബ്സിഡികളും നിര്‍ത്തലാക്കേണ്ടതാണെന്ന നിലപാടുകളിലേക്ക് ചുവടുമാറിയത് സ്വാഭാവികം. ഇതിന്റെ ഭാഗമായി റേഷന്‍വിഹിതം പടിപടിയായി വെട്ടിക്കുറച്ചു. റേഷന്‍ ദാരിദ്രരേഖയ്ക്കു താഴേയുള്ളവര്‍ക്കു മാത്രം എന്നതായി ഭരണാധികാരികളുടെ നിലപാട്. ഇതിനെതിരെ ഉയര്‍ന്ന ശക്തമായ പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായാണ് ദാരിദ്യ്രരേഖയ്ക്കു മുകളിലുള്ളവര്‍ക്ക് കുറഞ്ഞ അളവിലും ചെറിയ സബ്സിഡിയിലും റേഷന്‍ അവകാശം സംരക്ഷിക്കപ്പെട്ടത്. റേഷന്‍കാര്‍ഡ്തന്നെ ബിപിഎല്‍, എപിഎല്‍ എന്നിങ്ങനെ രണ്ടുതരത്തിലാക്കി. നിലവില്‍ ബിപിഎല്‍ വിഭാഗത്തില്‍ കാര്‍ഡ് ഒന്നിന് പ്രതിമാസം ഇരുപത്തഞ്ചും എപിഎല്ലിന്് പത്തും അന്ത്യോദയ അന്നയോജനയ്ക്ക് 35കിലോയും അരിയാണ് നല്‍കുന്നത്.

ഇടതുപക്ഷം പിന്തുണച്ച ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് രാജ്യത്താകമാനം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമനിര്‍മാണത്തിന് തുടക്കം കുറിച്ചത്. 2013ല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ നിയമം പാസാക്കി. ആവശ്യമായ മുന്നൊരുക്കങ്ങളോടെ നടപ്പാക്കിയാല്‍ മാത്രമേ ഈ നിയമത്തിന്റെ ഗുണഫലം സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ. സംസ്ഥാനത്ത് നിലവിലുള്ള 83.18 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകളില്‍ 14.80 ലക്ഷം ബിപിഎല്ലും 5.85 ലക്ഷം അന്ത്യോദയ അന്നയോജനയും 62.53 ലക്ഷം എപിഎല്ലുമാണ്. ഭക്ഷ്യഭദ്രതാ നിയമം നടപ്പാകുന്നതോടെ  എപിഎല്‍, ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ക്കു പകരം മുന്‍ഗണന– മുന്‍ഗണന ഇതര കാര്‍ഡുകള്‍ നിലവില്‍വരും. ഇതില്‍ 1.79 കോടി ജനങ്ങള്‍ക്കാണ് പൊടുന്നനെ റേഷന്‍ ആനുകൂല്യം നഷ്ടമാകുന്നത്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്ന 1.54 കോടി ആളുകള്‍ക്കേ ഇനി റേഷന്‍ ലഭിക്കൂ. ഈ വിഭാഗത്തിലെ ഓരോരുത്തര്‍ക്കും പ്രതിമാസം മൂന്നു രൂപ നിരക്കില്‍ അരിയും രണ്ടു രൂപ നിരക്കില്‍ ഗോതമ്പും അഞ്ചുകിലോ വീതമാണ് ലഭിക്കുക. നേരത്തെ കാര്‍ഡിന് 25 കിലോ ലഭിച്ച സ്ഥാനത്ത് അഞ്ചില്‍കുറവ് അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് അരി കുറയും. അന്ത്യോദയ– അന്നയോജന വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡ് ഒന്നിന് 35 കിലോ അരി തുടര്‍ന്നും ലഭിക്കും.

ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പ്രധാന സവിശേഷതയായ വാതില്‍പ്പടിവിതരണത്തിന് സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍വഴി റീട്ടെയില്‍ ന്യായവിലക്കടകളില്‍ റേഷന്‍ നേരിട്ടെത്തിക്കുന്ന സംവിധാനം ഒരുക്കേണ്ടതുണ്ട്. ഇതിനായി ഗോഡൌണ്‍ സൌകര്യവും ഗതാഗതസംവിധാനവും ഏര്‍പ്പെടുത്തണം. റേഷന്‍ സംവിധാനത്തിലെ അഴിമതിയും ക്രമക്കേടുകളും പരിഹരിച്ച് സുതാര്യമാക്കുന്ന നിര്‍ദേശങ്ങളും പുതിയ നിയമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കംപ്യൂട്ടര്‍വല്‍ക്കൃത വിതരണസംവിധാനത്തില്‍ ധാന്യങ്ങളുമായി പോകുന്ന വാഹനങ്ങളുടെ നീക്കംവരെ രേഖപ്പെടുത്തും. റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് വിവരങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയും ഫോണ്‍മെസേജുവഴിയും ലഭ്യമാക്കും. റേഷന്‍കടകള്‍ കംപ്യൂട്ടര്‍വല്‍ക്കരിച്ച് ബയോമെട്രിക് സംവിധാനം വഴി റേഷന്‍കാര്‍ഡ് ഉടമകളുടെ വിരല്‍ അടയാളം, കണ്ണിലെ കൃഷ്ണമണി എന്നിവ രേഖപ്പെടുത്തും. സൌജന്യങ്ങള്‍ അനര്‍ഹര്‍ തട്ടിയെടുക്കുന്നതും സബ്സിഡി സാധനങ്ങള്‍ പൊതുമാര്‍ക്കറ്റില്‍ മറിച്ചുവില്‍ക്കുന്നതും അടക്കമുള്ള തട്ടിപ്പുകളും തടയാന്‍ സംവിധാനം ഏര്‍പ്പെടുത്തണം. ഇത്തരത്തിലുള്ള തയ്യാറെടുപ്പുകളൊന്നും മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ചെയ്യാത്തതിനാലാണ്് കേന്ദ്രനിയമം നടപ്പാക്കുന്നതിന് താമസമുണ്ടായത്്. ഇതിന് ഏപ്രില്‍വരെ  സാവകാശം അനുവദിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയനും ഭക്ഷ്യമന്ത്രി പി തിലോത്തമനും ഡല്‍ഹിയിലെത്തി കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാനെ കണ്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല.

കേരളത്തിന് നിലവില്‍ ലഭിച്ചുകൊണ്ടിരുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് നിയമം നടപ്പില്‍വരുമ്പോള്‍ വന്‍തോതില്‍ കുറവുവരും. കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന അഡ്ഹോക്ക് അലോട്ട്മെന്റ് നിര്‍ത്തിയതാണ് നിലവില്‍ എപിഎല്‍ വിഭാഗത്തിനുള്ള അരിവിതരണം തടസ്സപ്പെടുത്തിയത്. മാസം 30,000 ടണ്‍ അരിയും ഗോതമ്പും അഡ്ഹോക്ക് വിഹിതമായി കേന്ദ്രം അനുവദിച്ചിരുന്നു. ഇതു നിലനിര്‍ത്തുക മാത്രമല്ല, വര്‍ധിപ്പിച്ചു നല്‍കുക കൂടി ചെയ്താലേ  എപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് റേഷന്‍ നല്‍കാനുള്ള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന് രൂപം നല്‍കാന്‍ സാധിക്കുകയുള്ളൂ. ഈ നിലയില്‍ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പ്രയോജനം എല്ലാവര്‍ക്കും ലഭിക്കത്തക്കവിധം അനുഭാവപൂര്‍ണമായ സമീപനം കേന്ദ്രം സ്വീകരിക്കണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top