31 May Wednesday

അസഹിഷ്ണുത ചലച്ചിത്ര പ്രതിഭകളോട്‌

വെബ് ഡെസ്‌ക്‌Updated: Saturday May 5, 2018അറുപത്തഞ്ചാമത്‌ ദേശീയ ചലച്ചിത്ര പുരസ്‌കാരവിതരണ ചടങ്ങില്‍ എത്തേണ്ടിയിരുന്ന  140 അവാര്‍ഡ് ജേതാക്കളില്‍ 68 പേരാണ് വിട്ടുനിന്നത്.  പങ്കെടുക്കാത്തവരുടെ കസേരകൾ  ഒഴിവാക്കിയാണ്  പരിപാടി നടത്തിയത്. 1954ലാണ് ദേശീയ ചലച്ചിത്ര പുരസ‌്കാരം നല്കിത്തുടങ്ങിയത്. അതിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം. 11  പുരസ്‌കാരങ്ങള്‍മാത്രം രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണ് പുരസ്‌കാര ജേതാക്കള്‍ പ്രതിഷേധിച്ചത്. മുഴുവന്‍ അവാര്‍ഡുകളും രാഷ്ട്രപതി വിതരണം ചെയ്യണമെന്ന  ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരസിക്കുകയായിരുന്നു.  രാജ്യത്ത‌് ഒരുവർഷം ഇറങ്ങുന്ന ചലച്ചിത്രങ്ങളിൽ മികച്ചതിനെയും ചലച്ചിത്രരംഗത്ത‌് നല്ല പ്രകടനം കാഴ്ചവയ‌്ക്കുന്ന വ്യക്തികളെയും കണ്ടെത്തി ആദരിക്കുന്നതാണ‌് ദേശീയ ചലച്ചിത്ര പുരസ‌്കാരം എന്നിരിക്കെ, അതിൽനിന്ന് ഒരാൾപോലും മാറിനിൽക്കുന്നത് നിസ്സാരമല്ല. ഇവിടെ പകുതിപ്പേരാണ് മാറിനിന്നത‌്. അതവർക്ക് പുരസ‌്കാരം വേണ്ടാഞ്ഞിട്ടല്ല; മറിച്ച‌്  അവരോട‌് കാണിച്ച അവഗണനയും അവഹേളനവുംമൂലമാണ്. ചലച്ചിത്ര രംഗത്ത‌് സ്വന്തം പ്രതിഭ തെളിയിച്ചവരാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെടുന്നത്. അവരെ ഒന്നാംതരവും രണ്ടാംതരവുമായി തിരിച്ച‌് കുറച്ചുപേർക്ക് രാഷ്ട്രപതി പുരസ‌്കാരം നൽകാനും മറ്റുള്ളവർക്ക് കേന്ദ്രമന്ത്രി നൽകാനും തീരുമാനിച്ചതിലുള്ള യുക്തി ഈ നിമിഷംവരെ വിശദീകരിക്കപ്പെട്ടിട്ടില്ല. നോണ്‍ഫീച്ചര്‍ പുരസ്‌കാരങ്ങള്‍ മന്ത്രി  സ്മൃതി ഇറാനി വിതരണം ചെയ്തശേഷം 11 പുരസ്‌കാരങ്ങള്‍ അഞ്ചരയോടെ രാഷ്ട്രപതി വിതരണം ചെയ്യുന്നതരത്തിലായിരുന്നു പരിപാടി.

പുരസ്‌കാരങ്ങള്‍ പൂര്‍ണമായും രാഷ്ട്രപതി വിതരണം ചെയ്യണമെന്ന‌് ആവശ്യപ്പെട്ട്  ബന്ധപ്പെട്ടവരുമായി അവാര്‍ഡ് ജേതാക്കള്‍ ചര്‍ച്ച നടത്തിയതാണ്. സർക്കാർ പിടിവാശിയിലായിരുന്നു. രാഷ്ട്രപതിക്ക് അസൗകര്യമുണ്ടെങ്കില്‍ അവാര്‍ഡുകള്‍ ഉപരാഷ്ട്രപതി നല്‍കട്ടെയെന്ന് അവാര്‍ഡ് ജേതാക്കള്‍ സര്‍ക്കാരിനോട് ഉപാധിവച്ചിരുന്നുവെന്നും അതിന് അനുവദിച്ചില്ലെന്നും സംവിധായകൻ ഡോ. ബിജു വെളിപ്പെടുത്തിയിട്ടുണ്ട്.

ഇത് വെറും വാശിയുടെയോ ഒരു മന്ത്രിയുടെ ധാർഷ്ട്യത്തിന്റെയോ പ്രശ്നമല്ല. കലാകാരന്മാരോടും സാഹിത്യകാരന്മാരോടും  സിനിമയോടുമൊക്കെ  കേന്ദ്ര സർക്കാരിനും  അതിനെ  നയിക്കുന്ന പാർടിക്കുമുള്ള  അസഹിഷ്‌ണുതയുടെ പ്രകടനംതന്നെയാണിത്. പുരസ്‌കാര ജേതാക്കളല്ല, ജനങ്ങൾതന്നെയാണ് അപമാനിക്കപ്പെട്ടത്.

നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലും ആർഎസ‌്എസിന്റെ നിയന്ത്രണത്തിലുമുള്ള  സർക്കാർ അധികാരത്തിൽ വന്നതിനുശേഷം  അസഹിഷ്ണുതാപ്രകടനത്തിന്റെ ആഘോഷമാണ് അരങ്ങേറുന്നത‌്. കലാകാരന്മാരെയും സാഹിത്യകാരന്മാരെയും സാംസ‌്കാരിക പ്രവർത്തകരെയും ആക്രമിച്ചും  ഭീഷണിപ്പെടുത്തിയും മറ്റു മാർഗങ്ങളിലൂടെയും വരുതിയിൽ കൊണ്ടുവരികയോ നിശബ്ദരാക്കുകയോ ചെയ്യുക; വഴങ്ങാത്തവരെ വകവരുത്തുക എന്നതാണ് രീതി.

ഭിന്നാഭിപ്രായങ്ങൾ ഇല്ലാതാക്കാൻ ദേശവ്യാപകമായി  ആക്രമണങ്ങള്‍ നടത്തുകയാണ്.  നരേന്ദ്ര ധാബോല്‍ക്കറും  ഗോവിന്ദ് പന്‍സാരെയും  എം എം കലബുര്‍ഗിയും  ഗൗരി ലങ്കേഷും കൊലചെയ്യപ്പെട്ടത് ഈ അസഹിഷ്ണുതയുടെ മൃഗീയമായ പ്രകടനംമൂലമാണ്. എല്ലാ ആക്രമണങ്ങൾക്കും ചില സമാനതകളുണ്ട്.  ചലച്ചിത്രരംഗത്തുനിന്ന് ശക്തമായ വിയോജിപ്പുകൾ ഉണ്ടാകുമെന്ന‌് സംഘപരിവാർ ആശങ്കപ്പെടുന്നു. ഗൗരി ലങ്കേഷ് വധിക്കപ്പെട്ടപ്പോൾ നടൻ പ്രകാശ് രാജിൽനിന്നുണ്ടായ രൂക്ഷപ്രതികരണം കേന്ദ്ര ഭരണനേതൃത്വത്തെത്തന്നെ ചൊടിപ്പിച്ചു. തനിക്ക‌് സിനിമയിൽ വിലക്ക് കല്പിച്ചിരിക്കുന്നു എന്ന് പ്രകാശ് രാജ് തുറന്നുപറഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിൽ കമൽഹാസൻ നേതൃത്വം നൽകുന്ന മുന്നേറ്റവും സംഘപരിവാറിനും വർഗീയതയ്ക്കും എതിരാണ്.  വർഗീയലക്ഷ്യത്തോടെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ സമീപനാളുകളിൽ ശക്തമായ ജനവികാരം രൂപപ്പെടുന്നുണ്ട്. അതിൽ ചലച്ചിത്രമേഖലയിൽനിന്നുള്ള ഗണനീയമായ പങ്കാളിത്തമുണ്ട്.

ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചതില്‍ കേരളത്തിന് അഭിമാനനേട്ടമാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ വിവേചനത്തിനെതിരെ ഉയർന്ന പ്രതിഷേധത്തിലും കേരളത്തിന‌് നിർണായക സ്ഥാനമാണുണ്ടായത്. ചടങ്ങിനെത്താതെ  പ്രതിഷേധിച്ചവര്‍ പുരസ‌്കാരം തിരസ‌്കരിച്ചിട്ടില്ല.  അര്‍ഹമായ കൈകളില്‍നിന്ന‌് അത് ലഭിക്കണമെന്ന ആവശ്യമേ ഉയർത്തിയുള്ളൂ. എന്നാൽ, അവാർഡുതുക തിരിച്ചുകൊടുക്കണമെന്നും മറ്റുമുള്ള വിലകുറഞ്ഞ പ്രതികരണങ്ങൾ ചില കേന്ദ്രങ്ങളിൽനിന്നുണ്ടായി. അപലപനീയമാണത്. പുരസ‌്കാരം ആരുടെയും ഔദാര്യമല്ല, അർഹതയ്ക്കുള്ള അംഗീകാരമാണ്. അതുകൊണ്ടുതന്നെ, അസൂയാവഹമായ അംഗീകാരം ലഭിക്കുന്ന വേളയെപ്പോലും അനീതിക്കെതിരായ സമരമാക്കി മാറ്റിയ ചലച്ചിത്രപ്രതിഭകൾ  കൃത്യമായ സാമൂഹിക ഉത്തരവാദിത്തമാണ് നിർവഹിച്ചത്.

സർഗസൃഷ്ടികളെയും കലയെയും സാഹിത്യത്തെയും  സംഘപരിവാറിന് ഭയമാണ്. എതിർസ്വരങ്ങളെ ഇല്ലാതാക്കി ഏകാധിപത്യം സ്ഥാപിക്കാനുള്ള കടിഞ്ഞാണില്ലാത്ത ഓട്ടത്തിനിടയിലാണ് ഇത്തരം അവഹേളനങ്ങൾ ഉണ്ടാകുന്നത്. അത് ആസൂത്രിത പദ്ധതിയുടെ ഭാഗമായിത്തന്നെ കാണണം. അതുകൊണ്ടുതന്നെ, ചലച്ചിത്രപ്രതിഭകളുടെ പ്രതിഷേധത്തിനും പ്രതികരണത്തിനും അനല്പമായ പ്രാധാന്യമുണ്ട്. സമൂഹത്തിലാകെ വളർന്നുവരികയും ശക്തിപ്പെടുകയും ചെയ്യുന്ന പ്രതിഷേധങ്ങളുടെ കനലാണ് ചലച്ചിത്രരംഗത്തും എരിയുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top