03 October Tuesday

കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ പ്രത്യാഘാതം

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020


രാജ്യത്ത്‌ വിദ്യാഭ്യാസമേഖലയിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്‌ കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസനയമെന്ന്‌ ദേശാഭിമാനി സംഘടിപ്പിച്ച വെബിനാർ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വൈവിധ്യങ്ങളെ പൂർണമായും നിരാകരിക്കുന്നതും മതനിരപേക്ഷ ജനാധിപത്യപരമായ വിദ്യാഭ്യാസത്തിന്‌ വിഘാതം സൃഷ്ടിക്കുന്നതുമാണ്‌ നയം. തികച്ചും കേന്ദ്രീകൃതമാണ്‌ നയം. സമവർത്തി പട്ടികയിലാണ്‌ (കൺകറന്റ്‌ ലിസ്റ്റിൽ)‌ വിദ്യാഭ്യാസം ഉൾപ്പെട്ടിരുന്നതെങ്കിൽ അതിന്‌ പുതിയ നയത്തിലൂടെ മാറ്റംവരികയാണ്‌. അതുകൊണ്ടുതന്നെ ഇത്‌ ഫെഡറലിസത്തെ തകർക്കും.

പൊതുവിദ്യാഭ്യാസത്തെ കൂടുതൽ കൂടുതൽ ജനകീയവും ജനാധിപത്യപരവുമാക്കുകയാണ്‌ സർക്കാർ ചെയ്യേണ്ടത്‌. കേന്ദ്രീകരണം വഴി കേന്ദ്രസർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്‌ സംഘപരിവാറിന്റെ അജൻഡകളാണ്‌. പുതിയ നയം വൈരുധ്യങ്ങളും അവ്യക്തതകളും നിറഞ്ഞതാണ്‌. മതനിരപേക്ഷത, ഫെഡറലിസം, സംവരണം തുടങ്ങിയവ നയത്തിൽ കാണാനേയില്ല. പഠനച്ചെലവ്‌ കൂട്ടുന്ന നയം പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വിദ്യാഭ്യാസം നിഷേധിക്കുന്ന അവസ്ഥ സൃഷ്ടിക്കും. മഹാഭൂരിപക്ഷം വരുന്ന ഈ ജനവിഭാഗങ്ങളുടെ അവസരങ്ങളും അവകാശങ്ങളും ഹനിക്കുന്നതുമാകും ഇത്‌. പൊതുവിദ്യാഭ്യാസത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാകും‌. വിദ്യാഭ്യാസമേഖലയിൽനിന്ന്‌ സർക്കാരിൽനിന്നുള്ള പിന്മാറ്റം ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക്‌ വഴിവയ്‌ക്കും. സ്വകാര്യമേഖല പിടിമുറുക്കുന്നതോടെ വിദ്യാഭ്യാസം എന്നത്‌ സമ്പൂർണമായ കച്ചവടച്ചരക്കായി മാറും. പന്നോക്കംനിൽക്കുന്ന ഇന്ത്യൻ ഗ്രാമങ്ങളിൽ ഇപ്പോഴുള്ള പരിമിതമായ വിദ്യാഭ്യാസ സൗകര്യങ്ങൾകൂടി ഇല്ലാതാകുന്ന അവസ്ഥയുണ്ടാകുമെന്ന ആശങ്ക വെബിനാറിൽ പങ്കെടുത്തവർ പങ്കുവച്ചു.


 

വിദ്യാഭ്യാസമേഖലയിൽ കാലോചിതമായ മാറ്റങ്ങൾ ആവശ്യമാണ്‌. പക്ഷേ, അത്‌ നിലനിൽക്കുന്ന ആവാസവ്യവസ്ഥയുടെ വൈവിധ്യങ്ങളെക്കൂടി ഉൾക്കൊള്ളുന്നതാകണമെന്ന്‌ വെബിനാർ ഉദ്‌ഘാടനംചെയ്‌ത പൊതുവിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ പറഞ്ഞു. കേരളം പുതിയ ദേശീയ വിദ്യാഭ്യാസനയത്തെ എതിർക്കുന്നതും ഇതുകൊണ്ടുതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒാരോ ഇടത്തെയും സംസ്‌കാരത്തെ ഉൾക്കൊള്ളുന്ന പഠനരീതിയല്ല പുതിയ നയം മുന്നോട്ടുവയ്‌ക്കുന്നത്‌. പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയാണ്‌ സംസ്ഥാനം. പ്രാഥമിക വിദ്യാഭ്യാസരംഗത്തടക്കം നിലനിൽക്കുന്ന മുഖ്യ പ്രശ്‌നങ്ങൾക്കും പരിഹാരം നിർദേശിക്കാതെയാണ്‌ കേന്ദ്രസർക്കാർ പുതിയ നയം നടപ്പാക്കുന്നത്‌ എന്നതും ആശങ്ക വർധിപ്പിക്കുന്നു. തീവ്ര ദേശീയത, വർഗീയത, യാഥാസ്ഥിതികത തുടങ്ങിയവ സിലബസിൽ കടത്തിവിട്ട്‌ തങ്ങളുടെ അജൻഡ നടപ്പാക്കുകയാണ്‌ ഈ നയത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്‌.

വിദ്യാഭ്യാസമേഖലയെ കമ്പോളവൽക്കരിക്കുന്നതിനുള്ള എല്ലാ സാധ്യതയും തുറന്നിടുന്നതാണ് കേന്ദ്ര നയം‌. യുജിസിയെ അടക്കം മാറ്റിയാണ്‌ പുതിയ നയം വരുന്നത്‌. വരുംകാലത്ത്‌ കുട്ടികൾ എന്ത്‌ പഠിക്കണമെന്ന് തീരുമാനിക്കുക‌ സ്വകാര്യമേഖലയുടെ താൽപ്പര്യങ്ങളായിരിക്കും. സംസ്ഥാന സർക്കാരിനോ സംസ്ഥാന വിദ്യാഭ്യാസ കമീഷനുകൾക്കോ പ്രാദേശിക നേതൃത്വത്തിനോ ഇടപെടാൻ കഴിയാത്ത സ്ഥിതിയുണ്ടാകും. ഇതുവഴി അതതു കാലത്തെ കേന്ദ്രസർക്കാരിനെ നയിക്കുന്നവരുടെ അജൻഡ എന്താണോ അതുമാത്രം വിദ്യാഭ്യാസം എന്ന പേരിൽ അടിച്ചേൽപ്പിക്കപ്പെടും. അത്യന്തം ആപൽക്കരമായിരിക്കും ഇതെന്നും വെബിനാർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമേഖലയെ ഉലയ്‌ക്കുന്ന അപ്രായോഗികമായ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ തകർക്കുന്ന വിദ്യാഭ്യാസനയമാണ്‌ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌. ഇതിനെതിരെ ജനകീയ പ്രതിഷേധം ഉയരുകതന്നെ വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top