23 September Saturday

ശാസ്‌ത്രപ്രതിഭകളെയും അപമാനിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022


ശാസ്‌ത്ര, സാങ്കേതിക മുന്നേറ്റത്തിലൂടെ ലോകമാകെ കുതിക്കുമ്പോൾ ഇന്ത്യയെ പ്രാകൃത ചിന്തകളിലേക്കും  അന്ധവിശ്വാസത്തിലേക്കും തള്ളിവിടാനുള്ള ബോധപൂർവമായ ശ്രമമാണ്‌ നരേന്ദ്ര മോദി സർക്കാർ തുടരുന്നത്‌. വിദ്യാഭ്യാസ, കലാ–-സാംസ്‌കാരിക രംഗങ്ങളിലെന്നപോലെ  ശാസ്‌ത്ര സാങ്കേതിക മേഖലയിലും വൈദ്യശാസ്‌ത്രത്തിലും ആധുനിക ശാസ്‌ത്ര ചിന്താഗതികൾക്കുപകരം ഹിന്ദുത്വ പ്രത്യയശാസ്‌ത്രത്തിലൂന്നിയ ആശയങ്ങൾ നടപ്പാക്കുന്നു. പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിനാകെ ലജ്ജാകരമായ നയസമീപനങ്ങളും നടപടികളുമാണ്‌ സർക്കാർ ആവർത്തിക്കുന്നത്‌. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ ശാസ്‌ത്രമേഖലയിലെ അവാർഡുകൾ കുറയ്‌ക്കാനുള്ള തീരുമാനം.  ശാസ്‌ത്രസമൂഹത്തിന്‌ രാജ്യം നൽകുന്ന അംഗീകാരവും പ്രചോദനവുമാണ്‌  ഇല്ലാതാക്കുന്നത്‌. ഇതിലൂടെ  ശാസ്‌ത്രസമൂഹത്തെ അവഗണിക്കുകയും അവഹേളിക്കുകയുമാണ്‌ സർക്കാർ.

വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും നൽകുന്ന  അവാർഡുകൾ, അംഗീകാരങ്ങൾ, ഫെലോഷിപ്പുകൾ എന്നിവ പുനരവലോകനം ചെയ്‌താണ്‌ ശാസ്ത്ര- വൈദ്യ ഗവേഷണമേഖലയിൽ  നൽകുന്ന അവാർഡുകൾ വെട്ടിക്കുറയ്‌ക്കാൻ തീരുമാനിച്ചത്‌.  മിക്ക അവാർഡുകളും നിർത്തലാക്കേണ്ടതാണെന്നും മന്ത്രാലയങ്ങൾക്ക് ചിലത് മാത്രമേ നിലനിർത്താനാകൂ എന്നുമാണ്‌ നിലപാട്‌.  ദേശീയ അവാർഡുകൾ അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒന്നോ രണ്ടോ "ഉയർന്ന സ്റ്റാറ്റസ്' അവാർഡുകൾ നൽകിയാൽ മതിയെന്ന പ്രധാനമന്ത്രിയുടെ നിർദേശമാണ്‌ നടപ്പാക്കുന്നത്‌. രാജ്യത്തിന്റെ വികസനത്തിന്‌ അനിവാര്യമായ ശാസ്‌ത്രമേഖലയെ അവഗണിച്ച്‌ മുന്നോട്ടുപോകുകയെന്ന സമീപനമാണ്‌ വെളിപ്പെടുന്നത്‌. 

ശാസ്‌ത്രജ്ഞർ ഉൾപ്പെടെയുള്ള പ്രതിഭകൾക്ക്‌  അവാർഡുകളും ഫെലോഷിപ്പുകളും നൽകുന്നതിലൂടെ അവരുടെ നേട്ടങ്ങളെ രാജ്യം അംഗീകരിക്കുകയാണ്‌. ശാസ്ത്രത്തിലും വൈദ്യശാസ്ത്ര ഗവേഷണത്തിലും യുവ ശാസ്ത്രജ്ഞരെ ഉന്നതവും ഭാവനാത്മകവുമായ ലക്ഷ്യങ്ങളിലേക്ക് പ്രേരിപ്പിക്കുന്നതുകൂടിയാണ് പുരസ്‌കാരങ്ങൾ.  കഴിവുള്ള യുവാക്കളെ ഒളിമ്പ്യൻമാരോ അന്താരാഷ്ട്ര ക്രിക്കറ്റർമാരോ ആക്കാൻ പരിശീലനത്തിലൂടെ സാധിക്കും. എന്നാൽ, ഐൻസ്റ്റീനെപ്പോലുള്ള ശാസ്‌ത്രപ്രതിഭകളെ  സൃഷ്ടിക്കുക അസാധ്യമാണ്. അതത്‌ രാജ്യത്തെ സർക്കാരുകൾ ഗവേഷണത്തിന്‌ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയും അവാർഡുകളും ഫെലോഷിപ്പുകളും ഉൾപ്പെടെ വലിയ അംഗീകാരങ്ങൾ നൽകിയുമാണ്‌ ലോകത്തെ പ്രമുഖ ശാസ്‌ത്രജ്ഞരെയെല്ലാം വളർത്തിയെടുത്തത്‌. അവാർഡുകളുടെ എണ്ണം കുറയ്‌ക്കുമ്പോൾ  യഥാർഥത്തിൽ ഭാവിയുടെ വാഗ്ദാനങ്ങളായ പ്രതിഭകളെ നഷ്‌ടപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌.  നൂറോളം ശാസ്‌ത്രപുരസ്‌കാരങ്ങളാണ്‌ നിർത്തലാക്കിയത്‌. ശാസ്‌ത്ര സാങ്കേതിക വകുപ്പ്‌,  അറ്റോമിക്‌,  ഊർജ,  ബഹിരാകാശ, ഭൗമശാസ്‌ത്ര വകുപ്പുകൾ നൽകുന്ന പുരസ്‌കാരങ്ങളും ഇക്കൂട്ടത്തിൽപ്പെടും. 1958 മുതൽ രാജ്യം നൽകുന്ന ഏറ്റവും ഉയർന്ന ശാസ്‌ത്രപുരസ്‌കാരമായ ‘ശാന്തി സ്വരൂപ്‌ ഭട്‌നാഗർ’ പുരസ്‌കാരവും നിർത്തലാക്കുന്നു.  ഈ വർഷം അവാർഡ്‌ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അവാർഡുകൾക്ക് മന്ത്രാലയങ്ങൾ ചെലവഴിക്കുന്ന പണം കുറയ്‌ക്കുന്നതോടൊപ്പം രാജ്യപുരോഗതിക്ക്‌ പ്രധാന പങ്കുവഹിക്കുന്ന ശാസ്‌ത്ര ഗവേഷണത്തിനുള്ള ഫണ്ടുകളും വെട്ടിക്കുറച്ചു. ഇത്‌ ഭാവിയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കും.  ഇന്ത്യൻ ശാസ്‌ത്രജ്ഞർ നടത്തിയ ഗവേഷണത്തിലൂടെയാണ്‌  കാർഷിക, ബഹിരാകാശ, ആണവ രംഗത്ത്‌ ഇന്നു കാണുന്ന പുരോഗതി കൈവരിച്ചത്‌. കാർഷികമേഖലയിൽ സ്വയംപര്യാപ്‌തത ശാസ്‌ത്രഗവേഷണത്തിന്റെ സുപ്രധാന നേട്ടമാണ്‌. തന്ത്രപ്രധാന മേഖലയിലൊന്നും വിദേശ സാങ്കേതിക വിദ്യ ഇന്ത്യക്ക്‌ ലഭിച്ചിരുന്നില്ല.  ബജറ്റ്‌ വിഹിതത്തിൽനിന്ന്‌ ഏകപക്ഷീയമായാണ്‌ വിവിധ മന്ത്രാലയങ്ങൾ ഗവേഷണ ഫണ്ടും വെട്ടിക്കുറച്ചത്‌.  2021–-22ലെ ബജറ്റിൽ വിളകളുടെ  ഗവേഷണത്തിന്‌ 708 കോടി രൂപയായിരുന്നു നീക്കിവച്ചത്‌. എന്നാൽ, അനുവദിച്ചത്‌ 615 കോടിയും. നടപ്പുസാമ്പത്തിക വർഷത്തെ ബജറ്റ്‌ വിഹിതം 526 കോടി രൂപമാത്രം. 180 കോടിയുടെ കുറവ്‌.  പഴം–- പച്ചക്കറി മേഖലയിൽ കഴിഞ്ഞ ബജറ്റിൽ 212 കോടി രൂപ വകയിരുത്തിയപ്പോൾ ഇത്തവണ 157 കോടിയായി കുറച്ചു. ശാസ്‌ത്ര സാങ്കേതിക വകുപ്പിന്റെ വിഹിതത്തിൽ  800 കോടി വെട്ടിക്കുറച്ച്‌ 6067 കോടിയിൽനിന്ന്‌ 5240 കോടിയാക്കി.  മറ്റ്‌ വിവിധ ഗവേഷണങ്ങൾക്കുള്ള വിഹിതവും കുറച്ചിരിക്കുകയാണ്‌.

പ്രാകൃതവും കാലഹരണപ്പെട്ടതുമായ മൂല്യബോധങ്ങളെ തിരിച്ചുകൊണ്ടുവരാനും ആധുനിക ശാസ്ത്രത്തിന്റെ അന്തസ്സത്തയെ ചോദ്യം ചെയ്യുകയുമാണ്‌ പ്രധാനമന്ത്രി മോദി മുതൽ ഉന്നതസ്ഥാനത്ത്‌ ഇരിക്കുന്നവർ.  അർബുദത്തിന്‌ യോഗചികിത്സയും കോവിഡിന്‌ ചാണക കുളിയുമാണ്‌ മന്ത്രിമാർ നിർദേശിക്കുന്നത്‌. മഹാഭാരതത്തിലെ കർണനാണ്‌ ആദ്യത്തെ ടെസ്റ്റ്‌ ട്യൂബ്‌ ശിശുവെന്നും പ്ലാസ്‌റ്റിക്‌ സർജറിയിലൂടെയാണ്‌ ഗണപതിക്ക്‌ ആനയുടെ  മുഖം നൽകിയതെന്നും പറയുന്ന  പ്രധാനമന്ത്രി ശാസ്‌ത്ര അവാർഡുകൾ കുറച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top