25 May Saturday

വര്‍ഗീയഭ്രാന്തനോ രാഷ്ട്രത്തിന്റെ ആദരം

വെബ് ഡെസ്‌ക്‌Updated: Saturday Oct 8, 2016


മഹാത്മജിയെ വെടിവച്ച് കൊന്ന നാഥുറാം വിനായക് ഗോഡ്സെ ആര്‍എസ്എസുകാരനാണെന്ന് ആ സംഘടന സമ്മതിക്കില്ലെന്നേയുള്ളൂ. നാഥുറാമിന്റെ സഹോദരന്‍ ഗോപാല്‍ ഗോഡ്സെ ആണയിട്ടു പറഞ്ഞിട്ടുണ്ട്, ആര്‍എസ്എസിനെയും നാഥുറാമിനെയും വേര്‍പെടുത്താനാകില്ലെന്ന്. ഗാന്ധിവധവും ആര്‍എസ്എസും തമ്മിലുള്ള ബന്ധം കാര്യകാരണസഹിതം അവതരിപ്പിച്ച മറ്റൊരാള്‍, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലാണ്. ഇന്ത്യാരാജ്യം ഹിന്ദുക്കളുടേതാണെന്നും മുസല്‍മാനും ക്രൈസ്തവനും കമ്യൂണിസ്റ്റുകാരനും ആഭ്യന്തരശത്രുക്കളാണെന്നും വ്യക്തമാക്കിയതിലൂടെ മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍, മതേതരത്വം എന്ന സങ്കല്‍പ്പം ആര്‍എസ്എസിന്  അന്യമാണെന്നാണ് സംശയരഹിതമായി സ്ഥാപിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിലോ ഇന്ത്യയുടെ ദേശീയ പതാകയില്‍പ്പോലുമോ വിശ്വാസമില്ലാത്ത ഒരു കൂട്ടമാണ് ഇന്ന് രാജ്യഭരണം നിയന്ത്രിക്കുന്നത് എന്നതാണ് ആശങ്കപ്പെടേണ്ട വസ്തുത. അതേ ശക്തിതന്നെയാണ് ഗോമാംസത്തിന്റെ പേരില്‍ മനുഷ്യക്കുരുതികള്‍ നടത്തുന്നത്. ഗോമാതാവിനെ സംരക്ഷിക്കാന്‍ ഒരുമ്പെട്ടിറങ്ങിയവര്‍, ചത്ത പശുവിന്റെ തൊലിയെടുത്ത് ജീവിക്കുന്ന ദളിതരെ പിടിച്ചുകെട്ടി തൊലിയുരിക്കാന്‍ മുതിരുന്നു. അജമാംസം കഴിച്ചയാളില്‍ ഗോഹത്യ ആരോപിച്ച്  ഇടിച്ചുകൊന്നതും അവര്‍തന്നെ.

ദാദ്രിയില്‍ മുഹമ്മദ് അഖ്ലാക്കിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കഴിഞ്ഞദിവസം ജയിലില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചപ്പോള്‍, ആ കൊലയാളിയുടെ മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിച്ചുകൊണ്ടാണ് അവര്‍ 'സഹജീവിസ്നേഹം' പ്രകടിപ്പിച്ചത്. ഒരു നിരപരാധിയെ വ്യാജ ആരോപണമുന്നയിച്ച് ഇടിച്ചുകൊന്ന കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതിക്ക് ആദരം നല്‍കി എന്നതല്ല അവര്‍ ചെയ്ത യഥാര്‍ഥ കുറ്റം. അതിലുപരി, ഇന്ത്യയുടെ ദേശീയപതാക, കൊടുംകൊലയാളിയും വര്‍ഗീയഭ്രാന്തനുമായ ഒരാളുടെ ജഡത്തില്‍ പുതപ്പിക്കാനുള്ള പാഴ്വസ്തു മാത്രമാണ് എന്നവര്‍ പ്രഖ്യാപിക്കുകയായിരുന്നു. സമുന്നത വ്യക്തികളുടെയും ധീരജവാന്മാരുടെയും മൃതദേഹത്തില്‍ രാഷ്ട്രത്തിന്റെ ആദരസൂചകമായി ദേശീയപതാക പുതപ്പിക്കാറുണ്ട്– ഇവിടെ  ഹിന്ദുത്വ സംഘടനകള്‍ ആ ആദരം നല്‍കുന്നത് വര്‍ഗീയഭ്രാന്തനായ കൊലയാളിക്കാണ്. അതും പോരാഞ്ഞ്, ജയിലിലുള്ള മറ്റ് 17 പേരെ ഉടന്‍ വിട്ടയക്കണമെന്നും ജയിലില്‍ മരിച്ചയാളുടെ കുടുംബത്തിന് ഒരുകോടി രൂപ നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

ഗാന്ധിഘാതകനായ ഗോഡ്സെയ്ക്ക് ക്ഷേത്രം പണിയാനുള്ള  മാനസികാവസ്ഥയില്‍നിന്ന് ഒട്ടും അകലെയല്ല ദാദ്രിയിലേത്. നടപ്പാക്കുന്നത് വ്യത്യസ്ത സംഘടനകളുടെ പേരിലാണെങ്കിലും ആശയവും ആസൂത്രണവും ഒരു കേന്ദത്തില്‍നിന്നാണ്. ഗോസംരക്ഷണ സമിതികളും വിവിധ മേഖലകളില്‍ പ്രത്യക്ഷപ്പെടുന്ന ഹിന്ദുസംഘടനകളുമെല്ലാം ഒരു പദ്ധതിയുടെ ഭാഗമാണ്. ഹരിയാനയിലെ മേവാത്തില്‍ ബീഫ് കഴിച്ചെന്ന പേരില്‍ വീട്ടില്‍ക്കയറി ബലാത്സംഗം ചെയ്യുക, അക്രമികളെ  ചെറുക്കുന്നവരെ അടിച്ചുകൊല്ലുക, ബിരിയാണിയില്‍ ബീഫ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഭക്ഷണശാലകള്‍ റെയ്ഡ് ചെയ്യുക, വ്യാപാരികളെ ദ്രോഹിക്കുക തുടങ്ങിയവയ്ക്ക് നേതൃത്വം നല്‍കുന്നത് ഹരിയാന ഗോസേവ  ആയോഗ് എന്ന സംഘടനയാണ്. അതിന് ഒത്താശചെയ്യുന്നത് ആര്‍എസ്എസ് നേതാവായ മനോഹര്‍ ഖട്ടര്‍ നയിക്കുന്ന ഹരിയാന സര്‍ക്കാരും. ബീഫ് കഴിച്ചെന്ന് ആരോപിച്ച് വീട്ടില്‍ക്കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ആക്രമണത്തെ ചെറുത്ത രണ്ടുപേരെ കൊല്ലുകയും ചെയ്ത് തുടക്കമിട്ട ആക്രമണപദ്ധതി പിന്നീട് സര്‍ക്കാര്‍തന്നെ ഏറ്റെടുത്തു. ബക്രീദ് കാലത്ത് ബിരിയാണിയില്‍ ബീഫ് ഉപയോഗിക്കുന്നതായി ആസൂത്രിത പ്രചാരണംനടത്തി വഴിയോര ഭക്ഷണശാലകളില്‍ പൊലീസിന്റെയും മൃഗസംരക്ഷണവകുപ്പ് അധികൃതരുടെയും റെയ്ഡുകള്‍ സംഘടിപ്പിച്ചു. വര്‍ഗീയവിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്താനും സംഘപരിവാര്‍ ആസൂത്രണം ചെയ്ത പദ്ധതിയാണ് ബിരിയാണി പരിശോധനയെന്നതിന് തെളിവുകള്‍ പുറത്തുവന്നു. ഇതിനെല്ലാം സര്‍ക്കാരിന്റെ പരിപൂര്‍ണ സംരക്ഷണവും പിന്തുണയുമാണ് ലഭിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ന്നും സര്‍വവിധ പ്രോത്സാഹനവുമുണ്ടാകും എന്നാണ്, അഖ്ലാക്കിന്റെ കൊലയാളിയെ ദേശീയപതാക പുതപ്പിച്ചതിലൂടെ നല്‍കുന്ന ഒരു സന്ദേശം. ഒരേസമയം വര്‍ഗീയധ്രുവീകരണത്തിനുള്ള ആഹ്വാനവും ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയുമായാണ് ഈ കൃത്യം മാറുന്നത്. ദേശീയവികാരം ആളിക്കത്തിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കുന്നതില്‍ ബദ്ധശ്രദ്ധരാണ് സംഘപരിവാര്‍. അതിര്‍ത്തിയില്‍ വീരമൃത്യു പ്രാപിക്കുന്ന ജവാന്മാരുടെ പേരില്‍ വൈകാരിക പ്രകടനം നടത്തുന്ന അവര്‍ ദേശീയപതാകയെ എങ്ങനെ കണക്കാക്കുന്നു എന്ന് ഇവിടെ തെളിയുന്നുണ്ട്. ആ ജവാന്മാരുടെ മൃതദേഹത്തില്‍ പുതപ്പിക്കേണ്ട ദേശീയപതാക ഒരു വര്‍ഗീയഭ്രാന്തന്റെ ജഡത്തിനും ചേരുമെന്ന് പ്രഖ്യാപിക്കുന്ന പ്രവൃത്തിയിലൂടെ അപമാനിക്കുന്നത് ജീവന്‍ പണയംവച്ച് രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സുരക്ഷാഭടന്മാരെക്കൂടിയാണ്. ഈ വിഷയത്തില്‍ വിശദീകരണം നല്‍കാനുള്ള ബാധ്യതയില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കോ അദ്ദേഹം അംഗമായ സംഘപരിവാറിനോ ഒഴിഞ്ഞുമാറാനാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top