28 March Thursday

യുഎന്നിൽ മോദി പറഞ്ഞതും രാജ്യത്തെ യാഥാർഥ്യവും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 29, 2021


ഐക്യരാഷ്ട്ര പൊതുസഭയിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തെക്കുറിച്ച് നടത്തിയ പ്രസംഗം ഇന്ത്യക്കാരെ അക്ഷരാർഥത്തിൽ അമ്പരപ്പിച്ചു. "എല്ലാ ജനാധിപത്യത്തിന്റെയും അമ്മയാണ് ഇന്ത്യ'യെന്ന് മോദി പറഞ്ഞപ്പോൾ മോദി ഭരണത്തിലെ അനുഭവങ്ങൾ തൊട്ടറിയുന്ന ജനങ്ങൾ അന്തംവിട്ടതിൽ അത്ഭുതപ്പെടാനില്ല. ശരിയാണ്, ഇന്ത്യ മഹത്തായ ജനാധിപത്യരാജ്യമാണ്‌. ജനാധിപത്യവും മതനിരപേക്ഷതയും ഇന്ത്യൻ ഭരണഘടനയുടെ നടുക്കുറ്റിയും ആകെത്തുകയുമാണ്. പക്ഷേ, 2014ൽ ബിജെപി അധികാരത്തിൽ വന്നതുമുതൽ നമ്മുടെ ജനാധിപത്യത്തിന് എന്തു സംഭവിക്കുന്നുവെന്ന് ഇന്ത്യൻ ജനതയോട് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല.

ജനാധിപത്യം അപകടപ്പെടുന്നതിന്റെയും ഫാസിസം അടുത്തുവരുന്നതിന്റെയും സൂചനകളാണ് ഓരോ ദിവസവും രാജ്യം കാണുന്നത്. ജനാധിപത്യം അത്രമേൽ ആക്രമിക്കപ്പെട്ടു. ഭരണഘടന ഉറപ്പുനൽകുന്ന പ്രത്യേക പദവി റദ്ദാക്കി കശ്മീരിനെ വിഭജിച്ചതും പൗരത്വഭേദഗതി നിയമം കൊണ്ടുവന്നതുമെല്ലാം നമ്മുടെ മുന്നിലുണ്ട്. ഒരു വർഷത്തോളമായി തുടരുന്ന കർഷക സമരത്തോട് സർക്കാർ സ്വീകരിച്ച സമീപനംതന്നെ മോദി ഭരണത്തിൽ ജനാധിപത്യത്തിന്റെ സ്ഥിതി വ്യക്തമാക്കുന്നുണ്ട്.

ജനാധിപത്യത്തെക്കുറിച്ച് മോദി പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നല്ല ഇവിടെ ഞങ്ങൾ പറയുന്നത്. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും മൗലികാവകാശങ്ങളും അടിച്ചമർത്താൻ നേതൃത്വം നൽകുന്ന ഒരു ഭരണാധികാരി ജനാധിപത്യത്തെ വാഴ്‌ത്തുന്നതിലെ പൊള്ളത്തരം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്യുന്നത്. ബിജെപി സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്നവരെ, നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് തുറുങ്കിലടയ്ക്കുന്നത് എത്രയോ തവണ കണ്ടു. ഒരു ജനാധിപത്യ രാജ്യത്ത് സംഭവിക്കാവുന്നതാണോ ഇതൊക്കെ. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ബംഗളൂരുവിലെ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെപ്പോലും മോദി ഭരണം ജയിലിലടയ്ക്കുകയുണ്ടായി. ഇങ്ങനെ, അസാധാരണവും ഭയാനകവുമായ സ്ഥിതിവിശേഷത്തിലൂടെ രാജ്യം കടന്നുപോകുമ്പോൾ, മോദി ലോകത്തിന് മുന്നിൽ വാക്കുകൾകൊണ്ട് കസർത്തു കാണിക്കുന്നത് പറയാതെ വയ്യ.

image credit  Doordarshan National youtube

image credit Doordarshan National youtube


 

ഇന്ത്യയുടെ വൈവിധ്യം, സമത്വ ദർശനം, എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം എന്നിവയെക്കുറിച്ചൊക്കെ മോദി പ്രസംഗിച്ചു. നാനാത്വത്തിൽ നിലകൊള്ളുന്ന ഇന്ത്യയുടെ ഐക്യം തകർക്കാൻ ലക്ഷ്യമിട്ട് ഓരോ നിമിഷവും പ്രവർത്തിക്കുന്ന ഒരു സർക്കാരിന്റെ തലവനാണ് ഇതൊക്കെ പറഞ്ഞത് എന്നത് വിചിത്രമായി. ഇന്ത്യയുടെ ഹൃദയംതന്നെ പിളർക്കുന്ന പല നടപടിയുമുണ്ടായി. നിയമ ഭേദഗതികളുണ്ടായി. ഇവയൊന്നും പാർലമെന്റിൽ ചർച്ച ചെയ്തുപോലുമില്ല. പ്രധാനമന്ത്രി പാർലമെന്റിൽ ചെല്ലുന്നതുപോലും വല്ലപ്പോഴും.

ബി സി അഞ്ചാം നൂറ്റാണ്ടിൽ, ജനാധിപത്യത്തിന്റെ തൊട്ടിൽ എന്നറിയപ്പെട്ട ഏഥൻസിൽ, ജനങ്ങൾക്ക് ഒരുമിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെയാണ് ജനാധിപത്യത്തിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചത്. എന്നാൽ, ഇന്ത്യയിൽ 21–--ാം നൂറ്റാണ്ടിൽ ജനങ്ങളെ ചേരിതിരിക്കാൻ ഭരണാധികാരികൾതന്നെ ശ്രമിക്കുന്നു. പൊതു സമൂഹത്തിന്റെ സജീവമായ ഇടപെടലും ജനാധിപത്യത്തിന്റെ മേൻമയാണ്. നാടിനെ പുരോഗതിയിലേക്ക് നയിക്കുന്നത് ഈ ഇടപെടലുകളാണ്. ഇന്ത്യയിൽ പൊതുവേദികളിൽ ഉയരുന്ന ചർച്ചകളെപ്പോലും കേന്ദ്ര സര്‍ക്കാര്‍ ഭയപ്പെടുന്നു. അതൊക്കെ പലപ്പോഴും ദേശദ്രോഹത്തിന്റെ പട്ടികയിൽ വരുന്നു. ഇതെല്ലാം മറച്ചുവച്ചാണ് മോദിയുടെ പ്രസംഗം.

പ്രധാനമന്ത്രി യുഎന്നിൽ പ്രസംഗിക്കുന്ന സമയത്ത്, പുറത്ത് ഇന്ത്യയിലെ ജനാധിപത്യക്കശാപ്പിനെതിരെ പ്രതിഷേധമുയർന്നത് ഈ പശ്ചാത്തലത്തിൽ വേണം കാണാൻ. ലോകത്തിനു മുന്നിൽ പ്രസംഗിച്ചാൽമാത്രം മതിയാകില്ല, രാജ്യത്ത് ജനാധിപത്യം എല്ലാ അർഥത്തിലും നടപ്പാക്കുന്നു എന്നുകൂടി ഭരണാധികാരി ഉറപ്പാക്കേണ്ടതുണ്ട്. വാക്കും പ്രവൃത്തിയും രണ്ടല്ലെന്ന് തെളിയിക്കേണ്ടത് ഭരണാധിപന്റെ ഉത്തരവാദിത്വമാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top