25 April Thursday

ജനജീവിതം ദുസ്സഹമാക്കിയ നാളുകൾ

വെബ് ഡെസ്‌ക്‌Updated: Saturday May 26, 2018


നരേന്ദ്ര മോഡി സർക്കാർ അധികാരമേറിയിട്ട് നാലുവർഷം പൂർത്തിയായി. ഭീതിയോടെമാത്രമേ ഈ കാലത്തെക്കുറിച്ച് ഒരു ഇന്ത്യൻ പൗരന് ഒാർക്കാൻ കഴിയൂ. സാധാരണ ജനജീവിതത്തെ എല്ലാ അർഥത്തിലും ദുസ്സഹമാക്കിയ നാളുകളാണ‌് കടന്നുപോയത്. സാമ്പത്തികജീവിതം മാത്രമല്ല, സാമൂഹ്യജീവിതവും ഏറെ ദുഷ്‌കരമായ കാലമായിരുന്നു ഇത്. ഒരുവർഷത്തിനുള്ളിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നുവെന്നതുമാത്രമാണ‌് ജനങ്ങൾക്ക് ആശ്വാസം പകരുന്നത്. വാഗ്ദാനങ്ങൾ മറന്ന, വർഗീയാസ്വാസ്ഥ്യങ്ങൾ കെട്ടഴിച്ചുവിട്ട, ജനവിരുദ്ധ സർക്കാരിനെ പുറത്താക്കാൻ പ്രബുദ്ധരായ ഇന്ത്യൻ ജനത ജനവിധിയെ ഉപയോഗപ്പെടുത്തുമെന്നതിൽ തർക്കമില്ല. ഉത്തർപ്രദേശിലെ ഉപതെരഞ്ഞെടുപ്പുകളും കർണാടക നിയമസഭാ തെരഞ്ഞെടുപ്പുഫലങ്ങളും തെളിയിക്കുന്നത് മറ്റൊന്നുമല്ല.

എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം വാഗ്ദാനം ചെയ്തുകൊണ്ടാണ് മോഡിസർക്കാർ 2014 മെയ് 26ന് അധികാരമേറ്റത്. എന്നാൽ, കോർപറേറ്റുകൾ  തടിച്ചുകൊഴുക്കുന്നതുമാത്രമാണ് ദൃശ്യമായത്. നീരവ് മോഡിയും മെഹുൽ ചോക്‌സിയും വിജയ് മല്യമാരുമാണ് യഥാർഥത്തിൽ പൊതുമുതൽ കൊള്ളയടിച്ച‌് തടിച്ചുകൊഴുത്തത്. ഒപ്പം മോഡിയെ പിന്തുണച്ച അദാനിയും അംബാനിമാരും. കോർപറേറ്റുകളുടെ പകൽക്കൊള്ള തടയാൻ കഴിഞ്ഞില്ലെന്നുമാത്രമല്ല, അവരെയൊക്കെ രക്ഷപ്പെടാൻ മോഡിസർക്കാർ പഴുതൊരുക്കുകയും ചെയ്തു. ഏറ്റവും അവസാനമായി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ ജനങ്ങൾക്ക് ദുരിതം വിതയ‌്ക്കുന്ന സ‌്റ്റെർലൈറ്റ് കമ്പനിക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഉൾപ്പെടെ എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് മോഡിസർക്കാരാണെന്നാണ് വെളിപ്പെട്ടിട്ടുള്ളത്. 

മോഡിസർക്കാരിന്റെ വാഗ്ദാനലംഘനത്തിന്റെ വ്യാപ്തി വ്യക്തമാക്കാൻ രണ്ടു കാര്യങ്ങൾമാത്രം ഇവിടെ പരിശോധിക്കാം. കാർഷികമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നും അഞ്ചുവർഷത്തിനുള്ളിൽ പത്തുകോടി തൊഴിൽ സൃഷ്ടിക്കുമെന്നുമുള്ള മോഡിയുടെ വാഗ്ദാനത്തെക്കുറിച്ച് നോക്കാം. ഉൽപ്പാദനച്ചെലവിന്റെ ഇരട്ടി തുക താങ്ങുവിലയായി പ്രഖ്യാപിച്ച് കർഷകരുടെ കണ്ണീര് ഒപ്പുമെന്നായിരുന്നു മോഡി 2014ലെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ വാഗ്ദാനം നൽകിയത്. എന്നാൽ, അധികാരമേറ്റശേഷം ഇതേ മോഡിസർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞത് ഈ വാഗ്ദാനം പാലിക്കാനാകില്ലെന്നും അത‌് കമ്പോളത്തെ അസ്ഥിരമാക്കുമെന്നുമായിരുന്നു.  സർക്കാർ വാഗ്ദാനം ചെയ്ത താങ്ങുവില ലഭ്യമാക്കണമെന്ന‌് ആവശ്യപ്പെട്ട്  ഇന്ത്യൻ ഫാർമേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു സർക്കാരിന്റെ വഞ്ചന പുറത്തായത്. ഉയർന്ന താങ്ങുവില പ്രതീക്ഷിച്ച കർഷകർ ഇതോടെ പ്രതിസന്ധിയിലായി. പലരും ആത്മഹത്യചെയ്തു. മോഡിസർക്കാർ അധികാരമേറ്റ് അടുത്തവർഷം (2015ൽ) 8007 കർഷകരാണ് ആത്മഹത്യചെയ്തത്. ഇതിൽ ഏറ്റവും കൂടുതൽ ബിജെപിതന്നെ ഭരണം നടത്തുന്ന മഹാരാഷ്ട്രയിലുമായിരുന്നു. 2014നേക്കാൾ 2015ൽ 3000 കർഷകരാണ് ആത്മഹത്യ ചെയ്തത്. അതിന്നും തുടരുന്നു. കാർഷികവളർച്ചയും പിന്നോട്ടുപോയി. യുപിഎ സർക്കാരിന്റെ കാലത്തെ ശരാശരി വളർച്ച മൂന്ന് ശതമാനമായിരുന്നുവെങ്കിൽ മോഡിസർക്കാരിന്റെ കാലത്ത് അത് രണ്ടിലും താഴെയാണ്.  രാജ്യത്തെ 52 ശതമാനംപേർ ഉപജീവനം നടത്തുന്ന കാർഷികമേഖലയെയാണ് മോഡിസർക്കാർ പൂർണമായും അവഗണിച്ചത്.  വിശപ്പ് സൂചികയിൽ 119 രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യ നൂറാംസ്ഥാനത്തേക്ക് താഴുകയും ചെയ്തു.

മോഡിസർക്കാരിന്റെ മറ്റൊരു പ്രധാന വാഗ്ദാനം, ഭരണം അഞ്ചുവർഷം പൂർത്തിയാക്കുമ്പോൾ പത്തുകോടി തൊഴിൽ ലഭ്യമാക്കുമെന്നായിരുന്നു. ഒാരോ വർഷവും രണ്ടുകോടി തൊഴിൽ നൽകുമെന്നർഥം.  എന്നാൽ, മോഡി അധികാരത്തിൽ വന്ന് രണ്ടുവർഷത്തിനകം 21 ലക്ഷംപേർക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ് കണക്ക്. ഇതിൽ ഭൂരിപക്ഷവും ഉൽപ്പാദനമേഖലയിലാണ്. ചൈനയെപ്പോലെ ഇന്ത്യയെയും ലോകത്തിന്റെ ഉൽപ്പന്നകേന്ദ്രമാക്കുമെന്ന് പറഞ്ഞാണ് മോഡി ‘മേയ‌്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് തുടക്കമിട്ടത്.  എന്നാൽ, ഈ വേളയിലാണ് ഇത്രയും തൊഴിൽനഷ്ടം ഉണ്ടായത്. നോട്ട് നിരോധനവും വേണ്ടത്ര തയ്യാറെടുപ്പില്ലാതെ ജിഎസ്ടി നടപ്പാക്കിയതും തൊഴിൽനഷ്ടം വൻതോതിൽ ഉയർത്തി. ദിനംതോറും 30,000 പേരെങ്കിലും തൊഴിൽകമ്പോളത്തിലേക്ക് വരുന്ന രാജ്യത്ത് രണ്ട് ശതമാനത്തിനുപോലും തൊഴിൽ നൽകാൻ കഴിയുന്നില്ലെന്നതാണ് യാഥാർഥ്യം. സർക്കാർമേഖലയിൽമാത്രം (കേന്ദ്ര, സംസ്ഥാന) 20 ലക്ഷം ഒഴിവുകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇരുപതിലധികം സംസ്ഥാനങ്ങളിൽ ഭരണം നടത്തുന്നതും ബിജെപിതന്നെയാണ്.  സർക്കാർ സർവീസിലുള്ള തൊഴിൽ നിയമനങ്ങളിൽ 90 ശതമാനത്തിന്റെ ഇടിവ് ഉണ്ടായെന്നാണ് കണക്കാക്കുന്നത്. ഈ നിയമനങ്ങൾ പൂർത്തിയാക്കിയാലെങ്കിലും തൊഴിലില്ലായ്മയ‌്ക്ക് അൽപ്പമെങ്കിലും ആശ്വാസം നൽകാൻ കഴിയുമായിരുന്നു. എന്നാൽ, അഞ്ചുവർഷമായി ഒഴിഞ്ഞുകിടക്കുന്ന ഒഴിവുകളിൽ ഈ നിയമനം ആവശ്യമില്ലെന്ന തീർത്തും പ്രതിലോമകരമായ തീരുമാനമാണ് മോഡിസർക്കാർ കൈക്കൊണ്ടിട്ടുള്ളത്. ത്രിപുര മുഖ്യമന്ത്രി അടുത്തയിടെ തൊഴിൽ തേടുന്ന യുവാക്കളോട് പറഞ്ഞത് സർക്കാരിന് തൊഴിൽ നൽകാനാകില്ലെന്നും അതിനാൽ പശുക്കളെ പോറ്റി ജീവിക്കാനുമാണ്. എന്നാൽ, കന്നുകാലികളെ വളർത്തലും ഗോസംരക്ഷക കാപാലികന്മാർ ഇറങ്ങിയതോടെ അസാധ്യമായി.

രാജ്യസ്‌നേഹം തെളിയിക്കാൻ സിനിമാ തിയറ്ററിനെപ്പോലും ഉപയോഗിച്ച മോഡിസർക്കാർ ഇപ്പോൾ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രതിരോധമേഖലപോലും സ്വകാര്യമേഖലയ‌്ക്ക് കൈമാറുകയാണ്. അമേരിക്കയിൽനിന്ന‌് വാങ്ങുന്ന പടക്കോപ്പുകൾ ഏത് ഘട്ടത്തിലും പരിശോധിക്കാൻ അമേരിക്കയ‌്ക്ക് അനുവാദം നൽകിയ നടപടി തുടരുന്നതിലും മോഡിക്ക് രാജ്യസ്‌നേഹം തടസ്സമാകുന്നില്ല. ഇന്ത്യൻ പ്രതിരോധ ആയുധങ്ങളും സംവിധാനങ്ങളും സ്വകാര്യമേഖലയെ ഏൽപ്പിക്കുന്നത് എത്രമാത്രം സുരക്ഷിതമായിരിക്കുമെന്ന് ജനങ്ങളോട് വിശദീകരിക്കാൻ മോഡിസർക്കാർ തയ്യാറാകണം. മാത്രമല്ല, പല ആയുധ കരാറുകളും രാജ്യസുരക്ഷയുടെ പേരു പറഞ്ഞ് രഹസ്യമാക്കി വയ‌്ക്കാനും മോഡിസർക്കാർ തയ്യാറാകുമ്പോൾ രാജ്യരക്ഷയും ഈ സർക്കാരിന്റെ കൈകളിൽ സുരക്ഷിതമല്ലെന്ന് വരുന്നു.

ലൗ ജിഹാദും ഗോസംരക്ഷണവും ദളിത് ന്യൂനപക്ഷ പീഡനങ്ങളും വർധിച്ചുവരുന്ന വർഗീയലഹളകളും ആഭ്യന്തരസുരക്ഷയും താറുമാറാക്കി. പെട്രോൾ വിലവർധന അവശ്യവസ്തുക്കളുടെയാകെ വില വർധിപ്പിച്ചു. ജനജീവിതം അക്ഷരാർഥത്തിൽ ദുസ്സഹമായി. മോഡിസർക്കാരിനെ അധികാരത്തിൽനിന്ന‌് പുറത്താക്കേണ്ടത് സ്വൈര ജീവിതം ആഗ്രഹിക്കുന്ന ഏതൊരു പൗരന്റെയും ആവശ്യമായിരിക്കുന്നു. അടുത്ത മെയ് 16നകം മോഡിസർക്കാരിനെ താഴെയിറക്കി പുതിയ സർക്കാരിനെ അധികാരത്തിലേറ്റാൻ കൂട്ടായി പ്രവർത്തിക്കാം.
 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top