24 April Wednesday

ലോകരാഷ്ട്രങ്ങള്‍ മോഡിയെ കേള്‍ക്കാത്തതെന്ത്

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2016

കോഴിക്കോട്ട് സമാപിച്ച ബിജെപി ദേശീയ കൌണ്‍സില്‍– നിര്‍വാഹകസമിതി യോഗത്തില്‍ മുഴങ്ങിക്കേട്ടത് ഉറി ഭീകരാക്രമണത്തിന്റെ പ്രതിധ്വനികളാണ്. പ്രതിനിധി സമ്മേളനത്തിലും പൊതുയോഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ എല്ലാവരും പാകിസ്ഥാനെ കടന്നാക്രമിക്കാന്‍ തയ്യാറായി. ഭീകരവാദത്തെ കയറ്റുമതി ചെയ്യുന്ന രാഷ്ട്രമാണ് പാകിസ്ഥാനെന്നും അതിനാല്‍ ആ രാഷ്ട്രത്തെ ഒറ്റപ്പെടുത്തണമെന്നുമാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. പാകിസ്ഥാനും ഭീകരവാദവും തമ്മിലുള്ള ബന്ധം പ്രസിദ്ധം. ഉറി ഉള്‍പ്പെടെയുള്ള ഭീകരാക്രമണത്തിനുപിന്നിലും പാകിസ്ഥാനും ഐഎസ്ഐയും ഉണ്ടെന്ന കാര്യത്തിലും തര്‍ക്കമില്ല. എന്നിട്ടും പാകിസ്ഥാനെ സാര്‍വദേശീയതലത്തില്‍ ഒറ്റപ്പെടുത്താന്‍ ഇന്ത്യക്ക് കഴിയുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. 'പല്ലിനു പകരം താടിയെല്ലു'തന്നെ എടുക്കണമെന്ന് ആര്‍എസ്എസ് മോഡിയെ ഉപദേശിക്കുമ്പോഴും നയതന്ത്രനീക്കങ്ങളിലൂടെ പാകിസ്ഥാനെ ഒറ്റപ്പെടുത്തുക എന്ന വഴി സ്വീകരിക്കാനാണ് മോഡിസര്‍ക്കാര്‍ തയ്യാറായിട്ടുള്ളത്. എന്നാല്‍, മോഡിയുടെ വാക്കുകളൊന്നും ലോകരാജ്യങ്ങള്‍ ചെവിക്കൊള്ളുന്നില്ലെന്ന് ഒരാഴ്ചക്കാലത്തിനിടയില്‍ അവര്‍ നടത്തിയ പ്രത്യേകിച്ചും ലോകത്തിലെ വന്‍ ശക്തികളായ റഷ്യയുടെയും ചൈനയുടെയും അമേരിക്കയുടെയും പ്രസ്താവനകളും നടപടികളും വ്യക്തമാക്കുന്നു.

പാകിസ്ഥാനെ കടന്നാക്രമിച്ച് മോഡി കോഴിക്കോട്ട് പ്രസംഗം നടത്തിയ വേളയില്‍തന്നെയാണ് റഷ്യ, പാകിസ്ഥാനുമായി ചേര്‍ന്ന് രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന സംയുക്ത സൈനികാഭ്യാസം ആരംഭിച്ചത്. പാകിസ്ഥാന്‍ പ്രത്യേക രാഷ്ട്രമായ 1947നുശേഷം ആദ്യമായാണ് റഷ്യ പാകിസ്ഥാനുമായി സംയുക്ത സൈനികാഭ്യാസം നടത്തുന്നത്. സ്വാതന്ത്യ്രദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ മോഡി ഇന്ത്യയുടെ ഭാഗമാണെന്ന് പ്രഖ്യാപിച്ച ബലൂചിസ്ഥാനിലെ ഗില്‍ഗിത്ത്– ബാള്‍ട്ടിസ്ഥാനിലാണ് ഈ സംയുക്ത സൈനികാഭ്യാസം നടക്കുന്നത്. 'സൌഹൃദം 2016' എന്ന പേരിലാണ് സൈനികാഭ്യാസമെന്നതും ശ്രദ്ധേയമാണ്. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്നിക് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത് അത്യന്താധുനിക സുഖോയ്– 35, സുഖോയ്– 37, ജെറ്റ് വിമാനങ്ങളും റഷ്യ, പാകിസ്ഥാന് നല്‍കുമെന്നാണ്. പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ റഷ്യ തയ്യാറല്ലെന്നുമാത്രമല്ല, ഇന്ത്യയുടെ ബലൂചിസ്ഥാന്‍ നയത്തെയും മോസ്കോ തള്ളിക്കളയുകയാണെന്ന് അര്‍ഥം. ഉറിസംഭവത്തിനുശേഷം ഇറക്കിയ പ്രസ്താവനയില്‍തന്നെ പാകിസ്ഥാന്‍ ഭീകരവാദികളാണ് ആക്രമണത്തിനുപിന്നിലെന്ന വാദത്തെ ചൈന തള്ളിക്കളഞ്ഞു. മാത്രമല്ല, കശ്മീരിലെ ശമനമില്ലാതെ തുടരുന്ന സംഘര്‍ഷമാണ് ഉറിയിലേക്ക് നയിച്ചതെന്ന വ്യക്തമായ സൂചനയും ചൈനീസ് വിദേശമന്ത്രാലയം ഇറക്കിയ പ്രസ്താവന നല്‍കി. 'വണ്‍ ബെല്‍റ്റ് വണ്‍ റോഡ്' പദ്ധതിയുടെ ഭാഗമായി ബലൂചിസ്ഥാനിലൂടെയുള്ള ചൈന– പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്കായി 45 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്ന രാഷ്ട്രമാണ് ചൈന. ബലൂചിസ്ഥാനില്‍ അസ്വസ്ഥത സൃഷ്ടിക്കാനുറച്ച് നരേന്ദ്ര മോഡി നടത്തിയ പ്രസ്താവന ബീജിങ് എളുപ്പത്തില്‍ മറക്കുമെന്ന് കരുതാനാകില്ല. യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്താന്‍ ചൈനീസ് പ്രധാനമന്ത്രി തയ്യാറായത് ഇസ്ളാമാബാദിനെ കൈയൊഴിയാന്‍ ചൈന തയ്യാറല്ലെന്നതിന്റെ സൂചനയാണ്.

പാകിസ്ഥാനെ ഒറ്റപ്പെടുത്തുക എന്ന ആഹ്വാനം ചെവിക്കൊള്ളാന്‍ ഇറാനും തയ്യാറായില്ല. ന്യൂയോര്‍ക്കില്‍ യുഎന്‍ സമ്മേളനത്തിനെത്തിയ ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി പാകിസ്ഥാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ പാക്നയത്തെ പിന്തുണയ്ക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുന്ന രണ്ടു പ്രസ്താവനകള്‍ റൂഹാനിയില്‍നിന്നുണ്ടായി. ചൈന– പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയില്‍ പങ്കുചേരാന്‍ ഇറാന് താല്‍പ്പര്യമുണ്ടെന്നതാണ് ഒരു പ്രസ്താവന. ഇന്ത്യന്‍ സഹായത്തോടെ ഇറാന്‍ നിര്‍മിക്കുന്ന ഛബാഹര്‍ തുറമുഖത്തെ ചൈനീസ് സഹായത്തോടെ പാകിസ്ഥാന്‍ നിര്‍മിക്കുന്ന ഗവാഡര്‍ തുറമുഖവുമായി താരതമ്യപ്പെടുത്തുന്നതാണ് രണ്ടാമത്തെ പ്രസ്താവന. പാകിസ്ഥാന്റെ സുരക്ഷയും പുരോഗതിയും ഇറാന്റെ സുരക്ഷയും പുരോഗതിയുമായാണ് കാണുന്നതെന്നും ഷെരീഫുമായുള്ള യോഗത്തിനുശേഷം റൂഹാനി പറഞ്ഞതായി പാകിസ്ഥാന്‍– ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബലൂചിസ്ഥാനിലെ രാഷ്ട്രീയ സുസ്ഥിരത ഇറാന്റെ സുരക്ഷയുമായി ബന്ധപ്പെട്ടതാണ് എന്നതിനാലാണ് ഇത്തരമൊരു പ്രസ്താവന നടത്താന്‍ റൂഹാനിയെ പ്രേരിപ്പിച്ചത്. ബലൂചിസ്ഥാനുമായി തൊട്ടുകിടക്കുന്ന ഇറാനിലെ സിസ്താന്‍– ബലൂചി പ്രവിശ്യയിലാണ് ഛബാഹര്‍ തുറമുഖം നിര്‍മിക്കുന്നത്. അതിനാല്‍ ബലൂചിസ്ഥാന്‍ അസ്വസ്ഥമാകുന്നത് ഇന്ത്യന്‍ താല്‍പ്പര്യങ്ങളെത്തന്നെയാണ് അന്തിമമായി ഹനിക്കുക എന്ന സന്ദേശമാണ് റൂഹാനി നല്‍കുന്നത്.

ഇന്ത്യയുടെ പരമാധികാരംപോലും അടിയറവച്ച് അമേരിക്കയുമായി ലെമോവ (ഘഋങഛഅ) കരാറില്‍ ഒപ്പിട്ടിട്ടും പാകിസ്ഥാന്‍വിഷയത്തില്‍ ഇന്ത്യ ആഗ്രഹിക്കുന്ന പിന്തുണ അമേരിക്കയില്‍നിന്ന് ലഭിച്ചിട്ടില്ല. ന്യൂയോര്‍ക്കില്‍ യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമമാത്രമല്ല, സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറിയും തയ്യാറായി. കെറിയുമായി നടന്ന ചര്‍ച്ചയ്ക്കുശേഷം അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ 'പാകിസ്ഥാനുമായുള്ളത് ശക്തമായ ദീര്‍ഘകാലത്തേക്കുള്ള ഉഭയകക്ഷിബന്ധമാണ്' എന്ന് എടുത്തുപറഞ്ഞു. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെ ശാസിക്കാന്‍ തയ്യാറായില്ലെന്നുമാത്രമല്ല, കശ്മീരിലെ സംഘര്‍ഷത്തില്‍ പാകിസ്ഥാനുള്ള കടുത്ത ഉല്‍ക്കണ്ഠ പങ്കുവയ്ക്കാനും അമേരിക്ക തയ്യാറായി. പാകിസ്ഥാന്‍ഭീകരവാദവുമായല്ല, കശ്മീരിലെ അസ്വസ്ഥതയുമായി ഉറി ആക്രമണത്തെ ബന്ധപ്പെടുത്താനാണ് അമേരിക്ക തയ്യാറായത്.

ഇതെല്ലാം വ്യക്തമാക്കുന്നത്, മോഡിസര്‍ക്കാരും സംഘപരിവാറും നടത്തുന്ന പാക്വിരുദ്ധ പ്രസ്താവനകള്‍ അപ്പടി വിഴുങ്ങാന്‍ ലോകരാഷ്ട്രങ്ങള്‍ തയ്യാറല്ലെന്നാണ്. കശ്മീരിലെ സംഘര്‍ഷത്തിന് അയവുവരുത്തി ബന്ധപ്പെട്ട എല്ലാ കക്ഷികളുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്ന സന്ദേശമാണ് ലോകരാഷ്ട്രങ്ങള്‍ നല്‍കുന്നത്. ഇടതുപക്ഷം ഉള്‍പ്പെടെ ഇന്ത്യയിലെ പ്രതിപക്ഷകക്ഷികളും ഇതുതന്നെയാണ് ആവര്‍ത്തിക്കുന്നത്. ഈ സന്ദേശം ചെവിക്കൊള്ളാന്‍ മോഡിസര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാകുമോ?*


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top