19 April Friday

നാന പടോലെയുടെ രാജി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 11, 2017


മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍നിന്നുള്ള ബിജെപി എംപി നാന പടോലെ എംപി സ്ഥാനവും പാര്‍ടി അംഗത്വവും രാജിവച്ചു. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ടിയില്‍നിന്ന് ഒരു എംപി രാജിവയ്ക്കുക എന്നത് ചെറിയ കാര്യമായി കാണാനാകില്ല. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും മറ്റു പാര്‍ടികളില്‍നിന്ന് ബിജെപിയിലേക്ക് എംപിമാരും എംഎല്‍എമാരും ചേക്കേറുമ്പോഴാണ് ഒരു നേതാവ് എംപി സ്ഥാനംപോലും ത്യജിച്ച് ബിജെപി വിടുന്നത്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ജനവിരുദ്ധഭരണത്തിലുള്ള അസംതൃപ്തി പതുക്കെയാണെങ്കിലും പുറത്തുവരികയാണെന്ന സൂചനയാണ് പടോലെയുടെ രാജി വിരല്‍ചൂണ്ടുന്നത്.

പടോലെയെ ബിജെപി വിടാന്‍ പ്രേരിപ്പിച്ച കാരണം കര്‍ഷകരോട് ബിജെപി സര്‍ക്കാരുകള്‍ കൈക്കൊള്ളുന്ന സമീപനമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്ന പ്രദേശമാണ് വിദര്‍ഭ. ഈ മേഖലയിലെ ബണ്ഡാര- ഗോണ്ടിയ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന പാര്‍ലമെന്റ് അംഗമാണ് പടോലെ. ഈവര്‍ഷം ജനുവരിമുതല്‍ ആഗസ്തുവരെയുള്ള കണക്കനുസരിച്ച് വിദര്‍ഭയില്‍മാത്രം 971 കര്‍ഷകര്‍ ആത്മഹത്യചെയ്തു.  മഹാരാഷ്ട്രയില്‍ മൊത്തം ഇക്കാലത്ത് ആത്മഹത്യചെയ്ത കര്‍ഷകരുടെ (2053) 44 ശതമാനംവരുമിത്. ഈ മേഖലയില്‍ വിഷാംശമേറെയുള്ള കീടനാശിനികള്‍ ശ്വസിച്ച് 21 പേരും മരിച്ചു. വിദര്‍ഭ മേഖലയില്‍തന്നെയുള്ള യവത്മല്ലിലും അകോളയിലും അമരാവതിയിലും മറ്റുമായാണ് കീടനാശിനികള്‍ തളിക്കവെ വിഷം അകത്തുചെന്ന് 13 കര്‍ഷകരും എട്ടു കര്‍ഷകത്തൊഴിലാളികളും മരിച്ചത്. അതുകൊണ്ടുതന്നെ കര്‍ഷകരുടെ നീറുന്ന പ്രശ്നങ്ങള്‍ സ്ഥിരമായി ഉയര്‍ത്തുന്ന ജനപ്രതിനിധിയായി പടോലെ മാറിയത് സ്വാഭാവികം. എന്നാല്‍, മോഡിസര്‍ക്കാരും മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫദ്നാവിസ് സര്‍ക്കാരും കര്‍ഷകരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനുള്ള സന്മനസ്സുപോലും കാണിക്കാറില്ലെന്നതാണ് പടോലെയുടെ പരാതി. കഴിഞ്ഞ ആഗസ്തില്‍ നാഗ്പുരില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ചോദ്യങ്ങളോട് തീര്‍ത്തും അസഹിഷ്ണുത പുലര്‍ത്തുന്ന പ്രധാനമന്ത്രിയാണ് മോഡിയെന്ന് പടോലെ തുറന്നടിച്ചത്. കര്‍ഷകരുടെയും മറ്റു പിന്നോക്കസമുദായങ്ങളുടെയും പ്രശ്നങ്ങള്‍ മോഡി പങ്കെടുത്ത യോഗത്തില്‍ ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അതിന് സമ്മതിച്ചില്ലെന്നായിരുന്നു പടോലെയുടെ വെളിപ്പെടുത്തല്‍. കാര്‍ഷികച്ചെലവും അതിന്റെ പകുതിയും ഉല്‍പ്പന്ന വിലയായി കര്‍ഷകര്‍ക്ക് നല്‍കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്നുമാത്രമല്ല, അവര്‍ക്ക് വായ്പയിളവ് നല്‍കാന്‍പോലും മോഡിസര്‍ക്കാര്‍ തയ്യാറായില്ലെന്ന് പടോലെ കുറ്റപ്പെടുത്തുന്നു. മാത്രമല്ല, വര്‍ഷം രണ്ടുകോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന മോഡിയുടെ വാഗ്ദാനവും ജലരേഖയായി മാറിയെന്ന് പടോലെ അഭിപ്രായപ്പെട്ടു. നോട്ട് നിരോധനവും ജിഎസ്ടിയും മറ്റും കര്‍ഷകരുടെ നടുവൊടിച്ചുവെന്നും ഇത് കര്‍ഷക ആത്മഹത്യ വര്‍ധിപ്പിച്ചുവെന്നും പടോലെ പരാതിപ്പെടുന്നു. എന്നാല്‍, ഈ വിഷയങ്ങളെല്ലാം മൂന്നുമാസമായി തുടര്‍ച്ചയായി സംസ്ഥാന- കേന്ദ്ര ബിജെപി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരം കാണാന്‍ ഒരു ശ്രമവും മോഡിയുടെയോ ഫദ്നാവിസിന്റെയോ  ഭാഗത്തുനിന്നുണ്ടായില്ലെന്നും അതിനാലാണ് എംപി സ്ഥാനവും പാര്‍ടി അംഗത്വവും രാജിവയ്ക്കുന്നതെന്നുമാണ് പടോലെയുടെ പ്രഖ്യാപനം.

മോഡിയുടെ സാമ്പത്തികനയത്തെ രൂക്ഷമായി വിമര്‍ശിച്ച് അടുത്തയിടെ രംഗത്തെത്തിയ മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ അകോളയില്‍ കര്‍ഷകരുടെ പ്രശ്നമുയര്‍ത്തി മൂന്നുദിവസം ധര്‍ണയിരുന്നപ്പോള്‍ പടോലെയും അതില്‍ പങ്കെടുത്തിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് മോഡിസര്‍ക്കാരിനെതിരെ പാര്‍ടിക്കകത്തുനിന്നുതന്നെ അപസ്വരങ്ങള്‍ ഉയരാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ്. യശ്വന്ത് സിന്‍ഹയും അരുണ്‍ഷൂരിയും ശത്രുഘ്നന്‍ സിന്‍ഹയും പടോലെയും ഉള്‍പ്പെടുന്ന ആ നിരയ്ക്ക് നീളം കൂടുകയാണ്.

കര്‍ഷകരോട് സഹാനുഭൂതിപോലും പ്രകടിപ്പിക്കാത്ത മോഡിസര്‍ക്കാരിന്റെ നയത്തില്‍ പ്രതിഷേധിച്ച് നേരത്തെ മഹാരാഷ്ട്രയില്‍നിന്നുള്ള ഒരു സഖ്യകക്ഷിതന്നെ എന്‍ഡിഎ വിട്ടിരുന്നു. മോഡി മന്ത്രിസഭയുടെ മൂന്നാമത്തെ വികസനം ഡല്‍ഹിയില്‍ നടക്കുന്ന വേളയിലായിരുന്നു പുണെയില്‍ ശേത്കാരി സംഘടന്‍ എന്ന ഘടകകക്ഷി എന്‍ഡിഎ വിടുന്നതായി പ്രഖ്യാപിച്ചത്. മോഡിഭക്ത മാധ്യമങ്ങള്‍ പൂര്‍ണമായും അവഗണിച്ച വാര്‍ത്തയായിരുന്നു ഇത്. രാജുഷെട്ടി എന്ന എംപിമാത്രമാണ് ഈ സംഘടനയ്ക്കുള്ളതെങ്കിലും മഹാരാഷ്ട്രയിലെ കര്‍ഷകരുടെ പാര്‍ടിയായി അറിയപ്പെടുന്ന കക്ഷിയാണ് ഇത്. അയല്‍സംസ്ഥാനമായ മധ്യപ്രദേശിലെ മന്ദ്സോറില്‍ കര്‍ഷകര്‍ക്കുനേരെ ശിവ്രാജ് സിങ് ചൌഹാന്റെ പൊലീസ് നിറയൊഴിച്ചപ്പോള്‍ അതിനെതിരെ ഉയര്‍ന്ന കര്‍ഷകപ്രതിഷേധത്തിന്റെ മുന്‍നിരയില്‍തന്നെ രാജുഷെട്ടിയും അദ്ദേഹത്തിന്റെ പ്രസ്ഥാനവും നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലും ഈ വിഷയം ശക്തമായി ഉയര്‍ത്താന്‍ രാജുഷെട്ടി തയ്യാറായി. എന്നാല്‍, അനുകൂലമായ ഒരു നടപടിയും സര്‍ക്കാരില്‍നിന്നുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ്് രാജുഷെട്ടി എന്‍ഡിഎ വിട്ടത്. എന്‍ഡിഎയില്‍നിന്ന് ആദ്യം പിന്‍വാങ്ങുന്ന കക്ഷിയും ശേത്കാരി സംഘടനാണ്. ഇപ്പോള്‍ മഹാരാഷ്ട്രയില്‍നിന്നുതന്നെ മറ്റൊരു എംപിയും ബിജെപി വിട്ടിരിക്കുന്നു. അമര്‍ഷവും പ്രതിഷേധവുമായി കഴിയുന്ന ചെറുതും വലുതുമായ അരഡസനിലധികം കക്ഷികളും ഈ വഴിക്ക് നീങ്ങാനാണ് സാധ്യത. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പായി എന്‍ഡിഎയില്‍നിന്ന് കൂടുതല്‍ കക്ഷികള്‍ വിടുതല്‍ നേടാനാണിട. ഗുജറാത്തിലെ തെരഞ്ഞെടുപ്പുഫലം ബിജെപിക്കെതിരാകുന്നപക്ഷം, ഈ നീക്കത്തിന് ആക്കംകൂടും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top