23 June Sunday

നാഗാലാൻഡ്‌ കൂട്ടക്കൊലയും പ്രത്യാഘാതവും

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

സങ്കീർണമായ സാമൂഹ്യ രാഷ്ട്രീയ സാഹചര്യം  നിലനിൽക്കുന്ന നാഗാലാൻഡിൽ സൈന്യത്തിന്റെ തീവ്രവാദവിരുദ്ധ നീക്കത്തിലുണ്ടായ പാളിച്ചയെത്തുടർന്ന്‌ 15 പേർ കൊല്ലപ്പെട്ടിരിക്കുന്നു. മ്യാന്മറുമായി അതിർത്തി പങ്കിടുന്ന മോൺ ജില്ലയിൽ നടന്ന സംഭവത്തിൽ 14 ഗ്രാമീണർക്കും സൈനികനുമാണ്‌ ജീവൻ നഷ്ടപ്പെട്ടത്‌. നാഗാ കലാപകാരികളുടെ സംഘം വാഹനത്തിൽ സഞ്ചരിക്കുവെന്ന ‘രഹസ്യാന്വേഷണ വിവരത്തിന്റെ’ അടിസ്ഥാനത്തിലാണ്‌ ശനിയാഴ്‌ച രാത്രി സൈന്യം നീങ്ങിയത്‌. പരിശോധനയ്‌ക്കായി വാഹനം നിർത്താൻ ഡ്രൈവർ തയ്യാറായില്ലെന്നും ഇതേത്തുടർന്ന്‌ വെടിയുതിർത്തുവെന്നുമാണ്‌ ഔദ്യോഗിക വിശദീകരണം.

വേട്ടയ്‌ക്ക്‌ ഉപയോഗിക്കുന്ന തോക്ക്‌ വാഹനത്തിൽ കണ്ട്‌ _സൈന്യം തെറ്റിദ്ധരിച്ചതാണെന്നും റിപ്പോർട്ടുകളുണ്ട്‌. പ്രത്യേക ദൗത്യസേനയുടെ വെടിവയ്‌പിൽ ആറുപേർ കൊല്ലപ്പെട്ടു. നാട്ടുകാരും ദൗത്യസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ്‌ വീണ്ടും വെടിവയ്‌പും മരണങ്ങളും ഉണ്ടായത്‌. അദ്ധമെന്ന പേരിൽ എഴുതിത്തള്ളാൻ കഴിയുന്നതല്ല ഈ ദുരന്തം. സന്ധിസംഭാഷണങ്ങളിൽനിന്ന്‌ വിട്ടുനിൽക്കുമെന്ന്‌ പല സംഘടനയും പ്രഖ്യാപിച്ചുകഴിഞ്ഞു. നാഗാലാൻഡിലെ എല്ലാ സംഘടനയും രാഷ്ട്രീയപാർടികളും സാമുദായിക നേതാക്കളും കൂട്ടക്കൊലയെ അപലപിച്ചിട്ടുണ്ട്‌, സുരക്ഷാസേനകളും ഖേദപ്രകടനത്തിൽ പങ്കുചേർന്നു.

മോൺ ജില്ലയിൽ തീവ്രവാദവിരുദ്ധ നടപടികളുടെ ചുമതല അസം റൈഫിൾസിനാണ്‌. പക്ഷേ, കഴിഞ്ഞദിവസത്തെ നീക്കം സൈന്യമാണ്‌ നടത്തിയത്‌. ആഭ്യന്തര മന്ത്രാലയത്തിന്റെ ഭരണനിയന്ത്രണത്തിലുള്ള അർധ സൈനികവിഭാഗമാണ്‌ അസം റൈഫിൾസ്‌; നിയന്ത്രിക്കുന്നതാകട്ടെ പ്രതിരോധമന്ത്രാലയവും. അസം റൈഫിൾസിലെ മുതിർന്ന ഉദ്യോഗസ്ഥർ സൈന്യത്തിൽനിന്നുള്ളവരാണ്‌. കഴിഞ്ഞമാസം മണിപ്പുരിൽ തീവ്രവാദ ആക്രമണത്തിൽ അസം റൈഫിൾസ്‌ കമാൻഡിങ്‌ ഓഫീസറും ഭാര്യയും കുഞ്ഞും മൂന്ന്‌ ഭടന്മാരും കൊല്ലപ്പെട്ടിരുന്നു. _ആ സംഭവത്തിനുപിന്നിലും രഹസ്യാന്വേഷണ വീഴ്‌ച ആരോപിക്കപ്പെട്ടു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പുണ്ടായ പുൽവാമ ഭീകരാക്രമണത്തിലും രഹസ്യാന്വേഷണ വീഴ്‌ച പ്രകടമായി. പലവിധ രഹസ്യാന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്ന രാജ്യത്ത്‌ ഇത്തരം വീഴ്‌ചകൾ ആവർത്തിക്കപ്പെടുന്നത്‌ ഗൗരവതരമാണ്‌.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രത്യേക സാഹചര്യത്തിൽ ചെറിയ വീഴ്‌ചകൾക്കുപോലും അചിന്ത്യമായ വില നൽകേണ്ടിവരും. 70 വർഷത്തെ ചരിത്രമുള്ള നാഗാതീവ്രവാദം അവസാനിപ്പിക്കാനുള്ള ചർച്ചകൾ നടന്നുവരികയാണ്‌. 1997ൽ സുരക്ഷാസേനകളും എൻഎസ്‌സിഎൻ–-ഐഎമ്മുമായി ഒപ്പിട്ട വെടിനിർത്തൽ കരാർ പലതവണ അഗ്നിപരീക്ഷകളെ നേരിട്ടുവെങ്കിലും പൂർണമായി തകർന്നിട്ടില്ല. സമാധാനത്തിനുള്ള വ്യവസ്ഥകൾ സംന്ധിച്ച ചട്ടക്കൂട്‌ 2015ൽ ഒപ്പിട്ടു. ഇതെല്ലാം അട്ടിമറിക്കപ്പെടാൻ മോൺ കൂട്ടക്കൊല ഇടയാക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്‌. മ്യാന്മറിലെ സംഘർഷഭരിതമായ അവസ്ഥ നാഗാലാൻഡിലെയും മണിപ്പുരിലെയും തീവ്രവാദ സംഘടനകളുടെ മുൻഗണനകളെ സ്വാധീനിക്കും. നിരോധിത സംഘടനയായ എൻഎസ്‌സിഎന്നി(കെ)ലെ യുങ്‌ ഓങ്‌ വിഭാഗത്തിന്റെ പ്രവർത്തകരെന്ന്‌ തെറ്റിദ്ധരിച്ചാണ്‌ സൈന്യം ആക്രമിച്ചത്‌. ഈ സംഘടനയിൽ ർമീസ്‌ നാഗാ ഗോത്രത്തിനാണ്‌ ആധിപത്യമെങ്കിലും കൊന്യാക്‌ ഗോത്രക്കാരും അംഗങ്ങളാണ്‌. മൂന്ന്‌ ലക്ഷത്തോളം പേരുള്ള _കൊന്യാക്‌ വിഭാഗമാണ്‌ നാഗാലാൻഡിലെ ഏറ്റവും വലിയ ഗോത്രം. സുരക്ഷാസേനകൾ കടുത്ത സമ്മർദത്തിൽ പ്രവർത്തിക്കുമ്പോൾത്തന്നെ പ്രാദേശിക സമുദായങ്ങളെ കൈകാര്യം ചെയ്യുന്നതിൽ അതീവജാഗ്രത പുലർത്തേണ്ടതുണ്ട്‌.

പതിനാല്‌ ഗ്രാമീണരുടെ മരണത്തിൽ ആഭ്യന്തരമന്ത്രി അമിത്‌ ഷാ പാർലമെന്റിൽ ഖേദം പ്രകടിപ്പിച്ചു. അതേസമയം, രാഷ്ട്രീയപ്രക്രിയയിൽ സുരക്ഷാവിഷയങ്ങൾ അമിതമായി കൊണ്ടുവരികയോ മതവും ജാതിയും ദേശീയതയും തമ്മിൽ കൂട്ടിക്കലർത്തുകയോ ചെയ്യരുത്‌. സംഘർഷം അവസാനിപ്പിക്കാൻ അടിയന്തര നടപടി ഉണ്ടാകണം. ഇരകളുടെ കുടുംങ്ങളെ സർക്കാർ സമീപിച്ച്‌ മുറിവുണക്കാൻ ശ്രമിക്കണം.  വീഴ്‌ചകളുടെ ഉത്തരവാദികളെ _കണ്ടെത്തി നിയമനടപടി സ്വീകരിക്കണം. പ്രശ്‌നാധിത മേഖലകളിൽ വെടിവയ്‌പിനും വാറന്റില്ലാതെ അറസ്‌റ്റുചെയ്യാനും സുരക്ഷാസേനകൾക്ക്‌ അധികാരം നൽകുന്ന ‘അഫ്‌സ്‌പാ’ നിയമം പിൻവലിക്കണമെന്ന ആവശ്യം ദീർഘകാലമായി ഉള്ളതാണ്‌. ‘അഫ്‌സ്‌പ’ നാഗാലാൻഡിൽ ഒഴിവാക്കണമെന്ന്‌ മുഖ്യമന്ത്രി നെയ്‌ഫ്യു റിയോ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇത്തരം കൂട്ടക്കൊലകൾ ആവർത്തിക്കാതിരിക്കാൻ ‘അഫ്‌സ്‌പ’ നിയമവും പിൻവലിക്കേണ്ടതുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top