03 July Sunday

സ്ത്രീസമൂഹത്തിന് ശക്തി പകരുന്ന വിധി

വെബ് ഡെസ്‌ക്‌Updated: Monday Aug 28, 2017

ഒറ്റയടിക്ക് മൂന്നുവട്ടം തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന മുത്തലാഖ് സമ്പ്രദായം ഭരണഘടനയ്ക്കും നിയമത്തിനും വിരുദ്ധമാണെമന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി മുസ്ളിം സമുദായത്തിലെ സ്ത്രീകള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. മുസ്ളിംസ്ത്രീകളുടെ അവകാശങ്ങളുടെ ലംഘനമാണ് മുത്തലാഖ് എന്ന് പരമോന്നത നീതിപീഠം വിധിയെഴുതിയിരിക്കുന്നു. മതനിരപേക്ഷസമൂഹവും പുരോഗമനവാദികളും മുസ്ളിം സമുദായത്തിലെതന്നെ പല സംഘടനകളും നേതാക്കളും പരമോന്നത കോടതിയുടെ വിധിയെ സഹര്‍ഷം സ്വാഗതംചെയ്തിട്ടുണ്ട്. അതേസമയം, മുസ്ളിംവ്യക്തിനിയമത്തിന്റെ ഭാഗമായ മുത്തലാഖ് മതസ്വാതന്ത്യ്രമെന്ന മൌലികാവകാശത്തിന്റെ പരിധിയില്‍വരുന്നതിനാല്‍ ഭരണഘടനയുടെ സംരക്ഷണമുണ്ടെന്ന് രണ്ട് ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു.

മുത്തലാഖിനെതിരെ വിധിച്ച  മൂന്ന് ജഡ്ജിമാരില്‍ രണ്ടുപേര്‍, ഭരണഘടനയുടെ 14-ാം വകുപ്പ് അനുശാസിക്കുന്ന തുല്യാവകാശത്തിന്റെ ലംഘനമാണ് മുത്തലാഖ് സമ്പ്രദായമെന്ന് ചൂണ്ടിക്കാട്ടി. നിയമവിരുദ്ധ മുത്തലാഖ്, ഖുര്‍ആനും ഇസ്ളാമിക മതാചാരങ്ങള്‍ക്കും നിരക്കുന്നതല്ലെന്നും ഇവരില്‍ മൂന്നാമത്തെ ജഡ്ജിയും വിധി പ്രസ്താവിച്ചു. മുസ്ളിം സമുദായത്തിനുള്ളിലും പൊതുസമൂഹത്തിലും സ്ത്രീകളുടെ അവകാശത്തിനായി നടക്കുന്ന പോരാട്ടങ്ങള്‍ ചരിത്രപരമായ ഈ വിധിയോടെ ഒരു ചുവട് മുന്നോട്ടുവച്ചിരിക്കയാണ്. 

മുത്തലാഖിന്റെ ഇരകളായ സൈറാ ബാനു, ആഫ്രീന്‍ റഹ്മാന്‍, ഗുല്‍ഷന്‍ പര്‍വീന്‍, ഇസ്രത് ജഹാന്‍, അദിയ സബ്രി എന്നീ അഞ്ച് സ്ത്രീകള്‍ നടത്തിയ നിയമപോരാട്ടത്തിന്റെ ഫലമാണ് സുപ്രീംകോടതി വിധി. മുത്തലാഖ് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇവരുടെ ഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചതോടെ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി (കെഎസ്എസ്), മുസ്ളിം വിമന്‍സ് ക്വസ്റ്റ് ഇക്വാലിറ്റി എന്നീ സംഘടനകള്‍ ധാര്‍മികപിന്തുണയുമായി കേസില്‍ കക്ഷിചേര്‍ന്നു. ഖുര്‍ആനിന്റെ സത്യസന്ധവും വിശ്വാസപൂര്‍ണവുമായ പ്രയോഗമാണ് വേണ്ടതെന്ന് കെഎസ്എസ് ആവശ്യപ്പെട്ടു.

അതേസമയം, ബിജെപി ഈ വിധിയെ സ്വാഗതംചെയ്തത് ഏകീകൃത സിവില്‍കോഡ് ഏര്‍പ്പെടുത്താനുള്ള അവസരം തുറന്നുകിട്ടിയെന്ന രീതിയിലാണ്. ഇത് കോടതിവിധിയെ ദുര്‍വ്യാഖ്യാനംചെയ്യലാണ്. എന്നാല്‍, മുസ്ളിം വ്യക്തിനിയമപ്രകാരമുള്ള എല്ലാ തലാഖുകളും നിരോധിച്ചിട്ടില്ല, ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്ന മുത്തലാഖിനെ മാത്രമാണ് നിരോധിക്കുന്നതെന്ന് ഭൂരിപക്ഷവിധിന്യായത്തില്‍ വ്യക്തമായി പറയുന്നുണ്ട്. മുസ്ളിംവ്യക്തിനിയമപ്രകാരമുള്ള വിവാഹമോചനത്തിന്റെ മറ്റ് വശങ്ങളിലേക്ക് കോടതി ഇടപെടലിന്റെ വ്യാപ്തി കൂട്ടണമെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടെങ്കിലും ഭരണഘടനാബെഞ്ച് അക്കാര്യം അംഗീകരിച്ചില്ല.

ഓരോ മതസമുദായത്തിനുള്ളിലും സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പിച്ചുകിട്ടാനുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. പരിഷ്കാരങ്ങള്‍ ഈ ദിശയില്‍ നീങ്ങണം. തുല്യത എന്നത് ഏകീകരിക്കലല്ല. ഏകീകൃത സിവില്‍കോഡ് നീതിക്കുള്ള ഉറപ്പല്ല. ദുരഭിമാനഹത്യകള്‍ക്കെതിരെ നിയമം കൊണ്ടുവരാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മാത്രമല്ല, ഇന്ത്യന്‍ശിക്ഷാനിയമത്തിലെ 498 എ വകുപ്പുപോലുള്ള, എല്ലാ സ്ത്രീകള്‍ക്കും ബാധകമായ നിയമങ്ങളില്‍പോലും വെള്ളംചേര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.

ജവാഹര്‍ലാല്‍ നെഹ്റുവിന്റെ പ്രഥമ മന്ത്രിസഭയുടെ കാലത്ത് ഹിന്ദുസ്ത്രീകളുടെ ശാക്തീകരണത്തിന് വഴിതെളിക്കുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച് കരട് ഹിന്ദുകോഡ് ബില്‍ തയ്യാറാക്കി. അന്ന് നിയമമന്ത്രിയായിരുന്ന ഡോ. ബി ആര്‍ അംബേദ്കറാണ് ബില്‍ കൊണ്ടുവന്നത്. ബില്ലിന്റെ ഉള്ളടക്കം മനസ്സിലായതോടെ ആര്‍എസ്എസ്, സമാനസംഘടനകളുമായി ചേര്‍ന്ന് നെഹ്റുവിനും അംബേദ്കര്‍ക്കുംനേരെ കടുത്ത ആക്രമണം തുടങ്ങി. പ്രമുഖ ചരിത്രകാരനായ രാമചന്ദ്ര ഗുഹ 'ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി' എന്ന ഗ്രന്ഥത്തില്‍ ഈ ആക്രമണത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ഹിന്ദുകോഡ് ബില്‍ വിരുദ്ധസമിതി രൂപീകരിച്ച് രാജ്യവ്യാപകമായി പ്രക്ഷോഭം അഴിച്ചുവിട്ടു. കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളും ബില്ലിനെതിരായി രംഗത്തുവന്നു. ഹിന്ദുവ്യക്തിനിയമങ്ങളില്‍ ഇടപെടാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിലപാട് സ്വീകരിച്ചു. ഇപ്പോള്‍ ഏകീകൃത സിവില്‍കോഡിനെക്കുറിച്ച് ആവേശംകൊള്ളുന്നവര്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കുന്നത് ഉചിതമായിരിക്കും.

അതേസമയം, വ്യക്തിനിയമങ്ങള്‍ക്കുള്ളില്‍നിന്നുകൊണ്ട് പരിഷ്കരണങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സ്ത്രീകള്‍ക്ക് കരുത്തുപകരുന്ന കോടതിവിധിയാണ് ഇപ്പോഴത്തേത്. മുസ്ളിംസ്ത്രീകള്‍ക്ക് മാത്രമല്ല, എല്ലാ മതസമൂഹങ്ങളിലുംപെടുന്ന സ്ത്രീകള്‍ക്കും ശക്തി പകരുന്ന വിധിയാണിത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top