29 September Friday

ലീഗിന്റെ ദുരവസ്ഥ

വെബ് ഡെസ്‌ക്‌Updated: Friday Dec 31, 2021


ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിനെക്കുറിച്ച് പറയുമ്പോൾ അതിന്റെ പഴയ നേതാക്കളെക്കുറിച്ചാണ് കേരളം ഓർക്കുക. സമുദായത്തിന്റെ ഉന്നതിക്കുവേണ്ടി, മതസൗഹാർദത്തിനുവേണ്ടി, നാടിന്റെ സമാധാനത്തിനുവേണ്ടി സമൂഹത്തിൽ പ്രവർത്തിച്ച മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നതുമായ നേതാക്കൾ. അണികളെ നിയന്ത്രിക്കാൻ അവർക്ക് സമുദായത്തിൽ പ്രത്യേക അധികാരവും ഉണ്ടായിരുന്നു.

പക്ഷേ, ലീഗ് ഇപ്പോൾ മാറിയിരിക്കുന്നു. ഭരണത്തിന്റെ സുഖശീതളിമയിൽ വളർന്ന പുതു നേതൃത്വത്തിന് സ്ഥലജല വിഭ്രാന്തി. ഇത് രാഷ്ട്രീയത്തിലെ വലിയ രോഗമാണ്. ഇതിന് ചികിത്സകരായി പലരും രംഗത്തിറങ്ങിയിട്ടുണ്ട്. പൊതുസമൂഹത്തിൽനിന്ന്‌ മാറി ദീനിലേക്ക് തിരിച്ചുപോവുക എന്ന ചികിത്സയിലാണ് ഇപ്പോൾ ലീഗ്. വൈദ്യന്മാർ പലതുണ്ട്. ജമാഅത്തെ ഇസ്ലാമിമുതൽ പല പേരിൽ അവതരിക്കുന്ന മത തീവ്രവാദികൾവരെ.

സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ്‌ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ താൻ വധഭീഷണി നേരിടുകയാണെന്ന് ഒരു യോഗത്തിൽ  സന്ദർഭവശാൽ പറയുകയുണ്ടായി. കാസർകോട് ചെമ്പരിക്ക ഖാസി സി എം അബ്ദുള്ള മൗലവിയുടെ ഗതി വരുമെന്നാണ് ഭീഷണി. മറ്റു ചിലരുടെ അനുഭവവും ഉണ്ടാകും എന്നാണ് ഭീഷണിയെന്ന് ജിഫ്രി തങ്ങളുടെ പ്രസംഗത്തിൽ വ്യക്തം.

പറഞ്ഞുവരുന്നത് ലീഗിന്റെ രൂപപരിണാമത്തെക്കുറിച്ചാണ്. മാറാട് കലാപത്തിൽ ചില ലീഗ് നേതാക്കളുടെ പങ്ക് ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. എൻഡിഎഫിന്റെ പങ്ക് അടിവരയിട്ട് പറയുന്നുണ്ട്. ഈ റിപ്പോർട്ട് പ്രകാരം കേസ് സിബിഐ അന്വേഷിക്കണമെന്ന് എൽഡിഎഫ് സർക്കാർ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു. വി എസ് അച്യുതാനന്ദൻ സർക്കാരിലെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ കേന്ദ്രത്തിനയച്ച കത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഫയലിലുണ്ട്. കോൺഗ്രസ് മാറി കേന്ദ്രത്തിൽ ബിജെപി വന്നിട്ടും അവിടെ ഫയൽ നീങ്ങിയില്ല. തൊട്ടതിനും പിടിച്ചതിനും സിബിഐ വരുന്ന കേരളത്തിൽ, കേരള സർക്കാരിന്റെ ആ നിർദേശം കേന്ദ്ര സർക്കാരിന്റെ ഫയലിൽ കിടക്കുകയാണ്‌.

സംഘപരിവാർ കാൽപ്പാദംമുതൽ തലച്ചോറുവരെ തലമുറയെ മാറ്റിയെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഹിന്ദുഭൂരിപക്ഷ രാജ്യത്ത് അവർക്ക് കാര്യങ്ങൾ എളുപ്പമാണ്. ഇതിന്‌ മറുമരുന്നായാണ് ഇസ്ലാമിക തീവ്രവാദം അവതരിക്കുന്നത്. ഐഎസ് അമേരിക്കൻ സാമ്രാജ്യ സൃഷ്ടിയാണെന്ന് മൗദൂദിസ്റ്റ് മാധ്യമങ്ങൾതന്നെ ലേഖനങ്ങൾ നിരത്തുന്നുണ്ട്. പക്ഷേ, താലിബാൻ ആരുടെ സൃഷ്ടിയാണെന്ന് ‘മാധ്യമം' പറയുന്നില്ല. ഭൂമിയിലെ ഇസ്ലാമിക രാജ്യത്തിനുവേണ്ടി ചാവേറാകാൻ കേരളത്തിൽനിന്ന് കുറെ പാവപ്പെട്ട കുടുംബങ്ങൾ പോയിട്ടുണ്ട്. അതിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ഇത്തരക്കാർക്ക് മുസ്ലിംലീഗ് ഹൃദയം കൊടുക്കുന്നത് കേരളത്തിന് അത്യാപത്താണ്. ജനസംഖ്യയിൽ 26 ശതമാനത്തോളം വരുന്ന കേരള മുസ്ലിങ്ങൾ ലോകത്ത് എവിടെയും കഴിവ്‌ തെളിയിക്കുന്നവരാണ്. അവർ ലോകത്തിനു മുന്നിൽ നിവർന്നു നിൽക്കുന്നത് കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന്റെ ബലംകൊണ്ടാണ്. ലീഗിന്റെ പഴയ നേതൃത്വത്തിനും അതിൽ പങ്കുണ്ട്. എന്നാൽ, കോഴിക്കോട് കടപ്പുറത്ത് ലീഗ് കഴിഞ്ഞ മാസം നടത്തിയ വർഗീയറാലിക്ക് ആരാണ് നേതൃത്വം നൽകിയതെന്ന് ലീഗണികൾക്കുതന്നെ വ്യക്തതയില്ല. ലീഗ്–- ജമാ അത്തെ–- - എസ്ഡിപിഐ കൂട്ടുകെട്ട് അത്യാപത്തായി ശക്തമാകുന്നുണ്ട്. ഈ സമുദായ മുക്കൂട്ട് മുന്നണിയെക്കുറിച്ച് പറയുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞപോലെ ലീഗിന് പുച്ഛമാണ്. മറ്റ് രണ്ടു കൂട്ടർക്കും അടക്കിപ്പിടിക്കുന്ന അത്യാഹ്ലാദവും.

ഇസ്ലാമിന്റേതായ ഒരു ഭൂമി എന്നത് കുറെ ഇസ്ലാമിസ്റ്റ് ബുദ്ധിജീവികളുടെ, മൗദൂദി കൂട്ടുകെട്ടിന്റെ, നടക്കാത്ത സ്വപ്നമാണ്. മനുഷ്യന്റെ വേവുന്ന ജീവിത യാഥാർഥ്യത്തിൽ ഈ മതമൗലികവാദികൾ എരിഞ്ഞുപോകും. കർഷകസമരത്തിൽ ഹിന്ദുത്വവാദികൾ ഒരടി പിന്നോട്ട് വച്ചപോലെ. ആകാശത്തിൽ സ്വർഗം തീർക്കാൻ വാളെടുക്കുന്നവർ ഭൂമിയിൽ നല്ല ജീവിതസാഹചര്യത്തിനുവേണ്ടി ശ്രമിക്കണം. ലീഗ് അണികൾ നേതൃത്വത്തിന്റെ തെറ്റായ പോക്കിനെ തിരുത്തുമെന്ന് പ്രത്യാശിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top