06 December Wednesday

ലീഗിന്റെ പൗരത്വ അപേക്ഷ ഇവിടെ വേണ്ട‌

വെബ് ഡെസ്‌ക്‌Updated: Tuesday Mar 30, 2021


രാജ്യത്ത്‌ ന്യൂനപക്ഷങ്ങൾക്ക്‌ നേരെ അതിക്രമവും ഭീഷണിയും വർധിച്ചുവരുന്നതായാണ്‌ ദിനംപ്രതിയുള്ള വാർത്തകൾ‌. പൗരത്വ രജിസ്റ്ററിന്‌‌ പിന്നാലെ ഏകീകൃത വ്യക്തിനിയമം നടപ്പാക്കുമെന്ന്‌‌ മുതിർന്ന ബിജെപി നേതാക്കൾ ആവർത്തിക്കുന്നു‌. തലമുറകളായി ഇവിടെ ജീവിക്കുന്നവരായാലും ന്യൂനപക്ഷങ്ങൾ രേഖകൾ ഹാജരാക്കി പൗരത്വം തെളിയിക്കണം അല്ലെങ്കിൽ തടങ്കൽപ്പാളയത്തിലാക്കും. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ്‌ നടക്കുന്ന അസമിലും ബംഗാളിലും പൗരത്വം ‘നഷ്ടപ്പെടുന്ന’ ജനലക്ഷങ്ങളാണുള്ളത്‌. അവരുടെ പൗരത്വം സംരക്ഷിക്കുമെന്ന ഉറപ്പല്ല, മറിച്ച്‌ രാജ്യം മുഴുവൻ പൗരത്വനിയമം നടപ്പാക്കുമെന്ന ഭീഷണിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയിൽനിന്ന്‌ ഉണ്ടാകുന്നത്‌. വ്യത്യസ്‌ത മതവിഭാഗങ്ങൾ നൂറ്റാണ്ടുകളായി പിന്തുടരുന്ന ജീവിതരീതികളും വിശ്വാസ സംഹിതകളുമാണ്‌ വ്യക്തിനിയമങ്ങൾക്ക്‌ അടിസ്ഥാനം. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾക്ക്‌ വിരുദ്ധമാകാത്തിടത്തോളം മതസ്വത്വങ്ങൾക്ക്‌ നിയമപരമായ പരിരക്ഷയുണ്ട്‌. ഇതിനുനേരെ ഉയരുന്ന ഏത്‌ വെല്ലുവിളിയും മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവയ്‌ക്കുന്നതാണ്‌.

ഗോവധ നിരോധനത്തിനും മതപരിവർത്തനം തടയാനും ബിജെപി സംസ്ഥാനങ്ങളിൽ കൊണ്ടുവന്ന നിയമങ്ങൾ എങ്ങനെ ദുരുപയോഗിക്കപ്പെട്ടുവെന്ന് രാജ്യം കണ്ടതാണ്‌. ഭരണസംവിധാനങ്ങൾ വഴിയുള്ള പീഡനങ്ങളും അതിക്രമങ്ങളും കുറച്ചൊന്നുമല്ല. ഇതിനേക്കാൾ ഭീകരമാണ്‌ നിയമം കൈയിലെടുക്കുന്ന സംഘപരിവാറുകാരുടെ കടന്നാക്രമണം. കന്നുകാലി കച്ചവടക്കാരെയും കർഷകരെയും വീട്ടിൽനിന്ന്‌ ഗോമാംസം കണ്ടെടുത്തുവെന്ന്‌ ആരോപിച്ച്‌ തല്ലിക്കൊന്ന എത്രയെത്ര സംഭവങ്ങൾ. മതപരിവർത്തനവും ലൗജിഹാദുമൊക്കെ ഹിന്ദുത്വ വർഗീയതയുടെ ആക്രമണോത്സുകത വളർത്തുന്ന പ്രചാരണായുധങ്ങളാണ്‌. ഏറ്റവുമൊടുവിൽ ട്രെയിനിൽ സഞ്ചരിക്കവെ നാല്‌ കന്യാസ്‌ത്രീകൾ കടന്നാക്രമിക്കപ്പെട്ടതും മതപരിവർത്തനം ആരോപിച്ചായിരുന്നു. സഭാവസ്‌ത്രം ധരിച്ച രണ്ടുപേർക്കൊപ്പം സാധാരണ വസ്‌ത്രത്തിൽ രണ്ടുപേരെ കണ്ടതാണ്‌ എബിവിപിക്കാരെ പ്രകോപിപ്പിച്ചത്‌. ഇങ്ങനെ എവിടെയും എപ്പോഴും ജീവഭയത്തോടെ കഴിയേണ്ടിവരുന്നത്‌ ഈ നാടിന്റെ മക്കളാണ്‌‌.‌

ന്യൂനപക്ഷങ്ങൾ ഇന്ത്യാ മഹാരാജ്യത്ത്‌ നേരിടുന്ന അരക്ഷിതാവസ്ഥയുടെ ചെറിയൊരു ചിത്രംമാത്രമാണിത്‌. ഇതിലുമെത്രയോ ഭീതിദമാണ്‌ യഥാർഥ ചിത്രം. വ്യത്യസ്‌തമാണ്‌ കേരളത്തിലെ നില. ഇവിടെയും മതവർഗീയത പത്തിവിടർത്താൻ ശ്രമിക്കുന്നു. ഭൂരിപക്ഷ –- ന്യൂനപക്ഷ വർഗീയശക്തികൾ കിണഞ്ഞുശ്രമിച്ചിട്ടും ഈ നാട്‌ വഴങ്ങിയില്ലെന്നതാണ്‌‌ വസ്‌തുത. ശക്തമായ ഇടതുപക്ഷ അവബോധം തീർക്കുന്ന മതനിരപേക്ഷ അടിത്തറയെ എളുപ്പം തകർക്കാൻ ‌ സാധിക്കുന്നില്ല. തെരഞ്ഞെടുപ്പ്‌ വിജയം ലക്ഷ്യമാക്കി ഇരുവർഗീയതയുമായി ചേർന്നുപോകാനാണ്‌ കോൺഗ്രസും യുഡിഎഫും എക്കാലവും ശ്രമിച്ചത്‌. ദീർഘകാലമായി തുടരുന്ന രാഷ്ട്രീയജീർണതയുടെ ഏറ്റവും വൃത്തികെട്ട മുഖമാണ്‌ ഇപ്പോൾ അരങ്ങേറുന്നത്‌. 1991ൽ വടകര, ബേപ്പൂർ മണ്ഡലങ്ങളിൽ മറയില്ലാതെ നടപ്പാക്കിയപ്പോഴും മറ്റനേകം സന്ദർഭങ്ങളിലും കോ–-ലീ–-ബി സഖ്യത്തെ കേരള ജനത പുറംകാലുകൊണ്ട്‌ തട്ടിക്കളഞ്ഞിട്ടുണ്ട്‌. എന്നാൽ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത്‌ ദീർഘകാലത്തെ പരിശ്രമം വിജയംകണ്ടു. വിജയിച്ച ബിജെപി നേതാവ്‌ ഒ രാജഗോപാലും പരാജയപ്പെട്ട യുഡിഎഫ്‌ സ്ഥാനാർഥി വി സുരേന്ദ്രൻപിള്ളയും ഉള്ളുകള്ളികൾ തുറന്നുപറഞ്ഞിട്ടുണ്ട്‌.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഒളിഞ്ഞും തെളിഞ്ഞും ബിജെപി–യുഡിഎഫ്‌ വോട്ടുകച്ചവടം നടന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. മറുവശത്ത്‌ ന്യൂനപക്ഷ വർഗീയതയുടെ പ്രയോക്താക്കളായ ജമാഅത്തെ ഇസ്ലാമിയുമായി തുറന്ന ബന്ധത്തിന്‌ പാലമിട്ടത് മുസ്ലിംലീഗുതന്നെയാണ്‌. വെൽഫെയർ പാർടിയും എസ്‌ഡിപിഐയും യുഡിഎഫിന്റെ ആവശ്യാനുസരണമാണ്‌ മണ്ഡലങ്ങൾ തെരഞ്ഞെടുത്തത്‌. കുറെയേറെ മണ്ഡലങ്ങൾ ഒഴിച്ചിട്ടുകൊണ്ടാണ്‌ മുസ്ലിം തീവ്രവാദ സംഘടനകൾ യുഡിഎഫിന്‌ സഹായമൊരുക്കുന്നത്‌. ബിജെപിയും യുഡിഎഫും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ ഇക്കുറി കുറെക്കൂടി വിശാലമാണ്‌. നേരത്തേ കോൺഗ്രസ്‌ മണ്ഡലങ്ങളിലാണ്‌ വോട്ടുകച്ചവടം കാര്യമായി നടന്നതെങ്കിൽ ഇപ്പോഴത്‌ ലീഗ്‌ സ്ഥാനാർഥികൾക്ക്‌ ലഭ്യമാണ്‌.

ലീഗുമായി കൂട്ടുകെട്ടുണ്ടാക്കാൻ തടസ്സമൊന്നുമില്ലെന്ന്‌ പ്രചാരണത്തിന്റെ തുടക്കത്തിൽ ബിജെപി നേതാക്കൾ നടത്തിയ പ്രസ്‌താവന ഇപ്പോൾ പ്രയോഗത്തിൽ വന്നിരിക്കുന്നു. മുഖ്യശത്രു ബിജെപിയല്ലെന്ന്‌ കുഞ്ഞാലിക്കുട്ടിയും നേരത്തേ വ്യക്തമാക്കി. ബിജെപി മത്സരരംഗത്തുനിന്ന്‌ പിൻവാങ്ങിയ മൂന്ന്‌ മണ്ഡലത്തിലൊന്നായ ഗുരുവായൂരിലെ യുഡിഎഫ്‌ സ്ഥാനാർഥി മുസ്ലിംലീഗിലെ കെ എൻ എ ഖാദറിന്റെ പ്രസ്‌താവന ബിജെപി വോട്ട്‌ ഉറപ്പിക്കാനുള്ളതാണ്‌. പൗരത്വബിൽ കേരളം നടപ്പാക്കില്ലെന്ന്‌ നിയമസഭ പ്രമേയം പാസാക്കിയപ്പോൾ കൈപൊക്കിയവരിലൊരാളാണ്‌ കെ എൻ എ ഖാദർ. പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങളുടെ അസ്‌തിത്വം പണയപ്പെടുത്തിയിട്ടായാലും വോട്ടുനേടുക എന്ന രാഷ്ട്രീയമാണ്‌ യുഡിഎഫും മുസ്ലിംലീഗും പയറ്റുന്നത്‌. പൗരത്വ രജിസ്‌റ്റർ നടപ്പാക്കിയാൽ അപേക്ഷാഫോറം മുസ്ലിംലീഗ്‌ പൂരിപ്പിച്ചു നൽകുമെന്ന ഖാദറിന്റെ പ്രഖ്യാപനത്തെ തള്ളിപ്പറയാൻ കോൺഗ്രസോ ലീഗോ തയ്യാറായിട്ടില്ല. ഖാദറിനെ വിജയിപ്പിക്കുമെന്ന്‌ ബിജെപി നേതൃത്വത്തിന്റെ അടുപ്പക്കാരനായ സുരേഷ്‌ ഗോപി എംപി തുറന്നുപറഞ്ഞിട്ടുമുണ്ട്. ബിജെപിയില്ലാത്ത തലശേരിയിലും വോട്ട്‌ എങ്ങോട്ടുപോകണമെന്ന്‌ അദ്ദേഹം വ്യക്തമാക്കി‌. കുറച്ച്‌ മണ്ഡലങ്ങളിൽ ബിജെപിയെ വിജയിപ്പിക്കാനും മറ്റിടങ്ങളിൽ യുഡിഎഫിനെ തിരിച്ചുസഹായിക്കാനുമാണ്‌ ധാരണ.

പൗരത്വ വിഷയത്തിൽ എൽഡിഎഫ്‌ സർക്കാരിന്റെ നിലപാട്‌ അർഥശങ്കയ്‌ക്ക്‌ ഇടയില്ലാത്തതാണ്‌‌. മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വ രജിസ്‌റ്ററും തടങ്കൽപ്പാളയവും നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായിയുടെ വാക്ക്‌ മതനിരപേക്ഷ കേരളം അന്നേ നെഞ്ചേറ്റിയതാണ്‌. ഇവിടെ ഒരു മുസ്ലിംലീഗുകാരനും‌ അപേക്ഷ പൂരിപ്പിക്കേണ്ടിവരില്ലെന്ന്‌ പിണറായി ആവർത്തിക്കുമ്പോൾ മതന്യൂനപക്ഷങ്ങൾക്ക്‌ ലഭിക്കുന്ന ആശ്വാസവും ആത്മവിശ്വാസവും ചെറുതല്ല. ജനിച്ചുവളർന്ന നാട്ടിൽ രണ്ടാംകിടക്കാരാകുന്നതും വിശ്വാസങ്ങളും സ്വത്വവും അടിയറവച്ച്‌ ‌ ജീവിക്കേണ്ടിവരുന്നതും ഒരു മനുഷ്യനും ഇഷ്ടപ്പെടില്ല. ആ ദുരവസ്ഥയിലേക്ക്‌ നാടിനെ നയിക്കില്ലെന്ന ഉറപ്പാണ്‌ എൽഡിഎഫ്‌ ഭരണം‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top