08 May Wednesday

ലീഗിന്റെ വർഗീയക്കളി: കോൺഗ്രസ് നിലപാടെന്ത്

വെബ് ഡെസ്‌ക്‌Updated: Monday Dec 13, 2021



രാഷ്ട്രീയ പാർടിയാണെന്ന ഭംഗിവാക്കുപോലും ഉപേക്ഷിച്ച് മതത്തിന്റെ പേരിൽ വർഗീയരാഷ്ട്രീയം കളിക്കുകയാണ് കേരളത്തിലെ മുസ്ലിംലീഗ്. ആർഎസ്എസിനോട് മത്സരിക്കുന്ന മത- തീവ്രവർഗീയ പ്രസ്ഥാനമായി ലീഗ് മാറുന്നതിന്റെ പരസ്യപ്രഖ്യാപനമായിരുന്നു വഖഫ് സംരക്ഷണറാലി എന്ന പേരിൽ കഴിഞ്ഞ ദിവസം കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിൽ കേട്ടത്.   മാരകമായ വർഗീയവിഷം ചീറ്റുന്നതായിരുന്നു ആ റാലി. അതിന്റെ പ്രചാരണ കോലാഹലങ്ങളും മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമെല്ലാം വർഗീയ അജൻഡകൾ നിറഞ്ഞതായിരുന്നു.  മതവിശ്വാസത്തെ തീപിടിപ്പിക്കാനാണ് നേതാക്കൾ പലരും ശ്രമിച്ചത്.   

മുസ്ലിംസമുദായം ലീഗിന്റെ ഈ നീക്കം നന്നായി തിരിച്ചറിയുന്നുണ്ടെന്നത് കേരള സമൂഹത്തിന്റെ ആശ്വാസം, സമാധാനം.  എന്നാൽ, ലീഗ് ഉൾപ്പെടുന്ന ഐക്യജനാധിപത്യ മുന്നണിക്ക്  നേതൃത്വം നൽകുന്ന കോൺഗ്രസ് ഇക്കാര്യത്തിൽ ഇനിയും  നിലപാട് വ്യക്തമാക്കിയിട്ടില്ല. ലീഗിന്റെ വർഗീയ അജൻഡയെ കോൺഗ്രസ് അംഗീകരിക്കുന്നോ തള്ളിപ്പറയുന്നോ? അതറിയാൻ കേരള സമൂഹത്തിന് താൽപ്പര്യമുണ്ട്.  ലീഗിനെ ന്യായീകരിച്ച് രമേശ് ചെന്നിത്തല രംഗത്തുവന്നത് കാണാതെ പോകുന്നില്ല.

അതുതന്നെയാണ് നിലപാടെങ്കിൽ വലിയ ആപത്തുതന്നെ. അങ്ങനെയെങ്കിൽ, വർഗീയതയും മതമൗലികവാദവും വളർത്താൻ കോൺഗ്രസും കൂട്ടുനിൽക്കുന്നുവെന്ന് വ്യക്തം. മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെയും ലീഗ് നേതാക്കൾ ആക്ഷേപിച്ചതിനെക്കുറിച്ചും കോൺഗ്രസ് നേതാക്കൾക്ക് മൗനമാണ്.  ആർഎസ്എസ് തുടങ്ങിവച്ച അധിക്ഷേപം ലീഗ് ഏറ്റെടുക്കുകയാണുണ്ടായിട്ടുള്ളത്.  അതേക്കുറിച്ച് ഞങ്ങളൊന്നും പറയുന്നില്ല. കാരണം, കേരളം അതിനൊക്കെ സമയാസമയങ്ങളിൽ കൃത്യമായ മറുപടി പറയുന്നുണ്ട്.

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിടാൻ തീരുമാനിച്ചതിന്റെ പേരിലാണ് ലീഗിന്റെ വർഗീയക്കളി. 2016ൽ ചെയർമാനും അംഗങ്ങളുമുൾപ്പെടെ ലീഗ് പ്രതിനിധികൾ ഉൾപ്പെട്ട വഖഫ് ബോർഡ് തന്നെയാണ്  ഈ തീരുമാനമെടുത്തത്.  അപ്പോഴും ഓർഡിനൻസ് വന്നപ്പോഴും നിയമസഭയിൽ ചർച്ച നടന്നപ്പോഴും ലീഗ് എതിർപ്പ് പ്രകടിപ്പിച്ചില്ല. പിന്നീട്  വിവാദം കുത്തിപ്പൊക്കുകയായിരുന്നു. പള്ളികളിൽ കലാപമുണ്ടാക്കാൻവരെ ലീഗ് തുനിഞ്ഞിറങ്ങി. പള്ളിയിൽ പ്രതിഷേധിക്കാൻ അനുവദിക്കില്ലെന്ന് മുസ്ലിം സമുദായ സംഘടനകൾ ശക്തിയുക്തം പ്രഖ്യാപിച്ചതോടെ ആ നീക്കം പൊളിഞ്ഞു. തുടർന്നാണ് വർഗീയ റാലി. 

പിഎസ്‌സിക്ക് വിടുന്നതിൽ സർക്കാരിന് ഒരു പിടിവാശിയുമില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവരുമായി ചർച്ച ചെയ്തശേഷമേ അന്തിമ തീരുമാനമെടുക്കൂ. അതുവരെ നടപടികൾ നിർത്തിവയ്ക്കും. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ മതസംഘടനകൾക്ക് ഇക്കാര്യം ബോധ്യമായി. എന്നാൽ, ലീഗിനുമാത്രം  ഒന്നും ബോധ്യമാകുന്നില്ല. ഇവിടെ വെളിപ്പെടുന്നു, അവരുടെ വർഗീയ അജൻഡ. മുസ്ലിം ജനവിഭാഗത്തിന്റെ അട്ടിപ്പേറവകാശം ലീഗിനില്ലെന്ന് പറയുന്നതിന്റെ പ്രസക്തിയും ഇവിടെത്തന്നെ. കാരണം, ലീഗ് നീക്കത്തിന് സമുദായത്തിന്റെ  പിന്തുണയൊന്നുമില്ല.

വർഗീയരാഷ്ട്രീയം രാജ്യം നേരിടുന്ന ഏറ്റവും വലിയ ആപത്തായി വളർന്നിരിക്കുന്നൊരു കാലമാണിത്. അപ്പോഴാണ് ലീഗും ആ വഴിയിലേക്ക് ഇറങ്ങിയിരിക്കുന്നത്. അന്യമത വിരോധമെന്ന വികാരത്തെ ആളിക്കത്തിച്ച് ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. മതനിരപേക്ഷ, ബഹുസ്വര ജനാധിപത്യത്തിന്റെ ശത്രുപാളയമാണ്‌ മതവർഗീയത. 

സമുദായതാൽപ്പര്യമെന്ന പെരും കള്ളത്തിനുചുറ്റും മുസ്ലിങ്ങളെ അണിനിരത്തി ഈ പാളയത്തിലേക്ക് അവരെയും തള്ളിയിടാൻ  ലീഗും ശ്രമിക്കുന്നു.  അതുപിന്നെ ചെന്നെത്തുക ഇസ്ലാം രാഷ്ട്രമെന്ന വാദത്തിലേക്കാകും. അത് ആർഎസ്എസ് അജൻഡയുടെ മറ്റൊരു രൂപം. അതുകൊണ്ടുതന്നെ, ലീഗ് ഉയർത്തുന്ന ഈ വെല്ലുവിളി മതനിരപേക്ഷ കേരളം കൂട്ടായി ചെറുക്കണം. ജനാധിപത്യത്തിലും നാടിന്റെ പുരോഗതിയിലും ഐക്യത്തിലും വിശ്വസിക്കുന്നവരെല്ലാം അതിനായി അണിനിരക്കണം. കമ്യൂണിസ്റ്റുകാർ, ആ പോരാട്ടത്തിന്റെ മുൻ നിരയിലുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top