22 September Friday

ഇനിയൊരു മുരുകനും ഈ ദുരന്തം ഉണ്ടാകരുത്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 9, 2017

വാഹനാപകടത്തില്‍  പരിക്കേറ്റയാള്‍— ഏറെനേരം റോഡില്‍ കിടക്കേണ്ടിവരില്ല എന്നത് കേരളീയന്റെ സാമൂഹ്യബോധത്തിന്റെ അടയാളമായി ചൂണ്ടിക്കാട്ടാറുണ്ട്. അപകടത്തില്‍പെടുകയോ അവശത അനുഭവിക്കുകയോ ചെയ്യുന്ന സഹജീവിക്ക് സഹായഹസ്തം നീട്ടുന്ന മനസ്സ് കേരളീയന്റെ പൊതുസ്വത്താണ്. കോഴിക്കോട് തളിയില്‍ ഓട വൃത്തിയാക്കാനിറങ്ങിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച് സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച നൌഷാദ് ആ മനസ്സിന്റെ പ്രതീകമാണ്.

അപരിചിതരായ രണ്ടു മനുഷ്യരെ രക്ഷിക്കാന്‍ സ്വജീവന്‍ ത്യജിക്കാന്‍ തയ്യാറായ ആ ധീരതയെ കേരളം ഹൃദയത്തില്‍ ചേര്‍ത്തുവച്ചാണ് ആദരിച്ചത്. അത്തരം അനുഭവങ്ങളുള്ള മലയാളിയെ ഞെട്ടിക്കുന്ന അനുഭവമാണ്് കഴിഞ്ഞ ദിവസം കൊല്ലത്തുണ്ടായത്. വാഹനാപകടത്തില്‍ പരിക്കേറ്റ മുരുകന്‍ എന്ന തൊഴിലാളി ചികിത്സകിട്ടാതെ മരിച്ചു എന്നതാണ് ആ വാര്‍ത്ത. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന നാഗര്‍കോവില്‍ സ്വദേശി മുരുകന്‍ ചാത്തന്നൂരിലാണ് അപകടത്തില്‍പെട്ടത്. സാരമായി പരിക്കേറ്റ് റോഡില്‍ കിടന്ന അദ്ദേഹത്തെ പൊലീസാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ച മുരുകനെ വെന്റിലേറ്ററിന്റെയും ന്യൂറോസര്‍ജന്റെയും അഭാവത്തില്‍ കൂടുതല്‍ സൌകര്യമുള്ള ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. 

അതീവ ഗുരുതരാവസ്ഥയിലുള്ള മുരുകനെയുംകൊണ്ട് ആശുപത്രികള്‍ മാറിമാറി പോകേണ്ടിവന്നു. എവിടെയും ചികിത്സ കിട്ടാതെ ഒടുവില്‍ മരണം സംഭവിച്ചു. കൊല്ലത്തെ സന്നദ്ധകൂട്ടായ്മയായ ട്രാക്കിന്റെ പ്രവര്‍ത്തകരാണ് മുരുകനെയുംകൊണ്ട് ആശുപത്രികള്‍ കയറിയിറങ്ങിയത്. ആംബുലന്‍സ് നല്‍കിയതും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിച്ചതും ഡിവൈഎഫ്ഐയാണ്. ആരോഗ്യപരിപാലനത്തിനും ചികിത്സാസംവിധാനത്തിലും കേരളം നേടിയ പുരോഗതിയെക്കുറിച്ച് അഭിമാനിക്കുന്നവരാണ് നാം. ആ നമുക്ക് മുന്നിലാണ് അത്യാസന്നനിലയിലായ ഒരാള്‍ക്ക് ചികിത്സ നല്‍കാന്‍ തലസ്ഥാന നഗരത്തില്‍പോലും പര്യാപ്തമായ സംവിധാനങ്ങള്‍ ലഭ്യമായില്ല എന്ന യാഥാര്‍ഥ്യം തെളിയുന്നത്. ഏത് മഹാരോഗത്തെയും ശമിപ്പിക്കാമെന്ന വാഗ്ദാനവുമായി സ്വകാര്യ ആശുപത്രികളുടെ പരസ്യങ്ങള്‍ നാം കാണാറുണ്ട്. വിദേശരാജ്യങ്ങളില്‍നിന്നടക്കം ചികിത്സതേടി ആയിരക്കണക്കിനാളുകള്‍ ഇങ്ങോട്ട് വരുന്നുമുണ്ട്. നക്ഷത്രസൌകര്യങ്ങളുള്ള ആശുപത്രികളും അവയുടെ കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയും ആരോഗ്യരംഗത്ത് സാധാരണക്കാരന്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയല്ല സംബോധനചെയ്യുന്നത്. ഒരു പാവപ്പെട്ട തൊഴിലാളിക്ക് അപകടം സംഭവിച്ചാല്‍ ഉചിതമായ ചികിത്സ നല്‍കാന്‍ അത്തരം ആശുപത്രികള്‍ക്ക് കഴിയുന്നില്ല. വന്‍തുക കെട്ടിവച്ചാല്‍മാത്രം ചികിത്സ ആരംഭിക്കുന്ന സ്ഥാപനങ്ങളാണ് പലതും.

മുരുകനെയുംകൊണ്ട് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലും ചെന്നിരുന്നു. വെന്റിലേറ്റര്‍ ഇല്ലാത്തതിനാലാണ് അവിടെനിന്ന് മടക്കേണ്ടിവന്നതെന്ന് ആശുപത്രി സൂപണ്ട് വിശദീകരിച്ചിട്ടുണ്ട്. ഒപി ടിക്കറ്റ് എടുക്കാതെപോലും മുരുകനെ പരിശോധിച്ച് ഉചിതമായ ആശുപത്രിയിലേക്ക് റഫര്‍ചെയ്യുകയായിരുന്നു എന്ന ആ വിശദീകരണത്തില്‍ അസ്വാഭാവികത കാണാനാകില്ല. സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ആശുപത്രികളില്‍ ഇന്നുള്ളതിനേക്കാള്‍ വിപുലമായ ജീവന്‍രക്ഷാസൌകര്യങ്ങള്‍ വേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഈ അനുഭവം വിരല്‍ചൂണ്ടുന്നത്.

മുരുകനെ കൊണ്ടുചെന്ന എല്ലാ ആശുപത്രികളും അദ്ദേഹത്തെ മടക്കിയതിന്റെ കാരണം അന്വേഷിച്ച് കണ്ടെത്തുക തന്നെവേണം. സൌകര്യങ്ങളുണ്ടായിട്ടും അത് മറച്ചുവച്ച് ചികിത്സ നിഷേധിച്ചതാണോ പണം കിട്ടില്ലെന്ന ധാരണയില്‍ അകറ്റിയതാണോ എന്നൊക്കെയുള്ള സംശയങ്ങള്‍ സമൂഹത്തില്‍ ഉയര്‍ന്നിട്ടുണ്ട്. പൊലീസ് ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ വിഷയത്തില്‍ പ്രതികരിക്കുകയും ശക്തമായ നടപടി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനവും ക്രമീകരണവും സര്‍ക്കാര്‍ ഉണ്ടാക്കും എന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ ആതുരസേവനരംഗത്തിന് നല്‍കുന്ന പ്രാധാന്യവും ആശുപത്രികള്‍ രോഗീസൌഹൃദമാക്കുന്നതടക്കമുള്ള പദ്ധതികളും ശുഭപ്രതീക്ഷ നല്‍കുന്നവയാണ്. സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്‍ കേരളത്തിലെ പൊതുജനാരോഗ്യ പരിപാലനത്തില്‍ വലിയ മാറ്റമുണ്ടാക്കുന്നതാണ്.

സര്‍ക്കാര്‍ ആശുപത്രികള്‍ മെച്ചപ്പെടുത്തിയാല്‍മാത്രം പോര സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ആതുരസേവനരംഗത്തുള്ള എല്ലാ സ്ഥാപനങ്ങളുടെയും സമീപനത്തില്‍ മാറ്റം വരേണ്ടതുണ്ട്. അത്യാഹിത ചികിത്സയ്ക്കുള്ള കുറ്റമറ്റ സംവിധാനം ഇനിയും രൂപപ്പെടേണ്ടതുണ്ട് എന്നാണ് മുരുകന്റെ ദുരന്തം തെളിയിക്കുന്നത്. ചികിത്സാസൌകര്യം ഇല്ലാത്തതിന്റെ പേരില്‍ ഒരു ജീവനും നഷ്ടപ്പെട്ടുകൂടാ. അത്യാഹിത ചികിത്സ ഏതൊരാള്‍ക്കും ലഭ്യമാക്കാന്‍ തടസ്സമുണ്ടായിക്കൂടാ.

വെന്റിലേറ്ററിന്റെയോ ന്യൂറോ സര്‍ജന്റെയോ അഭാവം തന്നെയാകാം മുരുകനെ മടക്കിയതിന്റെ കാരണമെങ്കില്‍പ്പോലും അത് കേരളത്തിന് യോജിച്ച അനുഭവമല്ല. കോഴിക്കോട് നൌഷാദിന്റെ ത്യാഗത്തെ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ജോലി നല്‍കിയാണ് കേരളം ആദരിച്ചത്. മുരുകന്റെ ചികിത്സ ലഭിക്കാതെയുള്ള മരണത്തിന് ആരെങ്കിലും കാരണക്കാരായെങ്കില്‍ അവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുന്നതിനും അതേ വാശിയുണ്ടാകണം. അതോടൊപ്പം ആവശ്യാധിഷ്ഠിതമായി തീവ്രപരിചരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളുടെ മുന്‍കൈയുണ്ടാകണം
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top