29 March Friday

കൊലയാളികൾ നാടിന്റെ ശത്രുക്കൾ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 6, 2020

മനുഷ്യനും മതഭ്രാന്തും തമ്മിലുള്ള പോരാട്ടത്തിലാണ്‌ സനൂപ്‌ വീണുപോയത്‌.  മാനവികതയും നാടിന്റെ സമാധാനവും കാക്കാനുള്ളതാണ്‌ ഈ ജീവത്യാഗം. തൃശൂർ ചൊവ്വന്നൂരിലെ  സിപിഐ എം പുതുശ്ശേരി  കോളനി ബ്രാഞ്ച്‌ സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖലാ ഭാരവാഹിയുമായി പ്രവർത്തിക്കവെയാണ്‌  സനൂപ്‌ എന്ന യുവധീരൻ ആർഎസ്‌എസ്‌ കൊലക്കത്തിക്ക്‌ ഇരയായത്‌. വർഗീയതയെ ചെറുത്തതും ജനങ്ങൾക്കും പാർടിക്കുംവേണ്ടി ജീവിച്ചതും ‌ കൊലയാളികളുടെ കണ്ണിൽ വലിയ കുറ്റമായിരുന്നു. ബാല്യത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട സനൂപ്‌ വല്യമ്മയുടെ സംരക്ഷണയിലാണ്‌ വളർന്നത്‌. ചുറ്റുമുള്ളവർക്ക്‌ ‌ തന്നാലാകുന്ന സഹായം ചെയ്യുക എന്നതായിരുന്നു അവൻ പഠിച്ച രാഷ്ട്രീയം.  അവസാന നാളിലും ഓടിനടന്നത്‌ വിശപ്പിന്റെ വിളികേട്ടാണ്‌. തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ‌  തിങ്കളാഴ്‌ചത്തെ ഉച്ചഭക്ഷണ വിതരണത്തിന്‌ ചുമതലപ്പെട്ടവരിൽ ഒരാളായിരുന്നു സനൂപ്‌. വീടുകയറി  ചോറുപൊതികൾ ഉറപ്പാക്കിയശേഷം കൂട്ടുകാരനെ വീട്ടിലെത്തിക്കാനുള്ള  യാത്രയിലാണ്‌ സായുധ ക്രിമിനൽ സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്‌. സാരമായി വെട്ടേറ്റ  മൂന്നു കൂട്ടുകാരിൽ ഒരാൾ അപകടനില തരണം ചെയ്‌തിട്ടില്ല.

ഒന്നരമാസത്തിനുള്ളിൽ  കൊല്ലപ്പെടുന്ന നാലാമത്തെ സിപിഐ എം പ്രവർത്തകനാണ്‌ സനൂപ്‌. കായംകുളത്തെ സിയാദ്‌, വെഞ്ഞാറമൂട്ടിലെ ഹഖ്‌ മുഹമ്മദ്, മിഥിലാജ്‌ എന്നിവരെ ആഗസ്‌തിൽ വെട്ടിക്കൊന്നത്‌ കോൺഗ്രസുകാരാണ്‌. ഉന്നത കോൺഗ്രസ്‌ നേതാക്കളുടെ ആസൂത്രണവും സഹായവും കൊലപാതകങ്ങൾക്ക്‌ പിന്നിലുണ്ടെന്ന സംശയം ‌ പൊലീസ്‌ അന്വേഷിച്ചുവരികയാണ്‌. അരുംകൊലകൾക്കുപൊതുവായ ചില ഘടകങ്ങളുണ്ട്‌‌‌. സേവനപ്രവർത്തനങ്ങളിൽ നാടിനു മാതൃകയായ ചെറുപ്പക്കാരാണ്‌ നാലുപേരും. ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്ന്‌ നിരവധി ചെറുപ്പക്കാർ സിപിഐ എമ്മിന്റെ മുൻനിര പ്രവർത്തകരായി വരുന്നത്‌ കോൺഗ്രസിനെയും മുസ്ലിംലീഗിനെയും വല്ലാതെ അലോസരപ്പെടുത്തുന്നു. സിപിഐ എമ്മിന്റെ രാഷ്ട്രീയ നിലപാടുകളിൽ കൂടുതൽ ചെറുപ്പക്കാർ ആകൃഷ്ടരാകുന്നത്‌ യുഡിഎഫിന്റെ വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കുന്നു‌. പട്ടികജാതിവിഭാഗത്തിൽ നിന്ന്‌ ഉയർന്നുവന്ന പൊതുപ്രവർത്തകനാണ്‌ സനൂപ്‌. ഇതൊക്കെയാണ്‌ ആസൂത്രിത കൊലപാതകങ്ങൾക്ക്‌ കാരണമെന്ന്‌ വ്യക്തം.

സമീപകാലത്ത്‌ ജനങ്ങളിൽനിന്ന്‌ പൂർണമായി ഒറ്റപ്പെട്ടുനിൽക്കുകയാണ്‌ യുഡിഎഫും ബിജെപിയും. കോവിഡിന്റെ പശ്ചാത്തലത്തിൽ  ജനനന്മ ലക്ഷ്യമാക്കി എന്തെങ്കിലും പ്രവർത്തനങ്ങൾ  നടത്തിയതായി ഇരുവിഭാഗത്തിനും അവകാശപ്പെടാനാകില്ല. കേരളത്തിലെ എൽഡിഎഫ്‌ സർക്കാരാകട്ടെ, കോവിഡ്‌ നിയന്ത്രണത്തിൽ തനതായ ഒരു പാത തന്നെ വെട്ടിത്തുറന്നു. രോഗചികിത്സയിലും മരണനിരക്ക്‌ പിടിച്ചുനിർത്തുന്നതിലും ലോകത്തിൽതന്നെ ഒന്നാമതാണ്‌. മഹാവ്യാധി സൃഷ്ടിച്ച ജീവിതദുരിതങ്ങളിൽ‌ ജനങ്ങൾക്ക്‌ താങ്ങാകാൻ നിരവധി നടപടി  സ്വീകരിച്ചു. ഇതിനിടയിൽ നാട്‌ വികസനമുരടിപ്പിലേക്ക്‌ നീങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. വികസനവും തൊഴിലവസരങ്ങൾ സൃഷ്ടിക്കലും ഒപ്പം മുന്നേറുകയാണ്‌. ഈ പ്രവർത്തനങ്ങൾക്ക്‌ ഇടങ്കോലിടാൻ, കേരള രാഷ്ട്രീയത്തിൽ അപ്രസക്തരായ യുഡിഎഫും ബിജെപിയും  ഒരുവിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ നടത്തിയ എല്ലാ കുത്തിത്തിരിപ്പുകളും പരാജയപ്പെട്ടു.

ഇതാണ്‌‌ സിപിഐ എമ്മിനെ കടന്നാക്രമിച്ച്‌ ക്രമസമാധാനം തകർക്കാൻ ഇവരെ പ്രേരിപ്പിച്ചത്‌‌.  നാടിന്‌ പ്രിയങ്കരരായ പ്രവർത്തകരെ തെരഞ്ഞുപിടിച്ചു കൊലപ്പെടുത്തുകയെന്ന‌  ആർഎസ്‌എസ്‌ തന്ത്രമാണ്‌ കോൺഗ്രസും പിന്തുടർന്നത്‌‌. ഏകപക്ഷീയമായി സിപിഐ എം പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവങ്ങളെ തള്ളിപ്പറയാനോ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാനോ അല്ല, മാധ്യമ സഹായത്തോടെ കള്ളക്കഥകളിറക്കി കൊല്ലപ്പെട്ടവരെപ്പോലും കരിതേക്കാനാണ്‌ യുഡിഎഫ്‌ തയ്യാറായത്‌. ഏതെങ്കിലും കൊലപാതകങ്ങളെ അപലപിക്കാനോ അക്രമികളെ പാർടിയിൽനിന്ന്‌ പുറത്താക്കാനോ കോൺഗ്രസ്‌ തയ്യാറായിട്ടില്ല. ഇക്കാര്യങ്ങളിലെല്ലാം ആർഎസ്‌എസിനെ കടത്തിവെട്ടുന്ന സമീപനമാണ്‌ കോൺഗ്രസിന്‌. പരസ്‌പരം ചെറിയ വിയോജിപ്പുകൾപോലും പറയാതെ രാഷ്ട്രീയ കൊലപാതകങ്ങളിലും യുഡിഎഫ്‌ –- ബിജെപി ബാന്ധവം ശക്തിപ്പെടുകയാണ്‌.

പിടിച്ചുനിൽക്കാൻ പാടുപെടുന്ന ഘട്ടങ്ങളിലൊക്കെ രാഷ്ട്രീയ കൊലപാതകത്തെ ആശ്രയിക്കുക എന്നത്‌ സംഘപരിവാറിന്റെ പതിവുരീതിയാണ്‌. വിശേഷദിവസങ്ങൾ, അവധിദിനങ്ങൾ എന്നിവ ഇതിനായി തെരഞ്ഞെടുക്കുന്നതും ആർഎസ്‌എസിന്റെ ശൈലിയാണ്‌. സിപിഐ എമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ കടന്ന്‌ ഏറ്റവും പ്രധാന പ്രവർത്തകനെ കൊലപ്പെടുത്തുക. അങ്ങനെ പരമാവധി പ്രകോപനമുണ്ടാക്കി തിരിച്ചടിക്ക്‌ സിപിഐ എമ്മിനെ നിർബന്ധിതമാക്കുക. ഇതെല്ലാം ആർഎസ്‌എസ്‌ പലകുറി പയറ്റിയ തന്ത്രങ്ങളാണ്‌. എന്നാൽ, സിപിഐ എം സംയമനത്തിന്റെ ശരിയായ വഴി സ്വീകരിച്ചു‌ നാടിന്റെ  സമാധാനജീവിതം കാക്കുകയാണ്‌ പതിവ്‌. അപൂർവമായി പ്രാദേശികമായി വികാരപ്രകടനങ്ങൾ അതിരുകടന്നപ്പോഴെല്ലാം അതിനെ തള്ളിപ്പറയാനും ആവർത്തിക്കാതിരിക്കാനും സിപിഐ എം നേതൃത്വം ജാഗ്രതകാട്ടി.

കർഷക –- തൊഴിലാളി വിരുദ്ധ നടപടികളും ദളിത്‌വേട്ടയും മുഖം നഷ്ടപ്പെടുത്തിയ ബിജെപി ദേശീയമായി വലിയ വെല്ലുവിളി നേരിടുകയാണ്‌. കേരളത്തിലാകട്ടെ ഗ്രൂപ്പുഭിന്നത തമ്മിലടിയിലേക്ക്‌ നീങ്ങിയിരിക്കുന്നു. യുഡിഎഫുമായുള്ള കച്ചവടത്തിലൂടെ മാത്രമേ  വരുന്ന തെരഞ്ഞെടുപ്പുകളിൽ പിടിച്ചുനിൽക്കാനാകൂ എന്ന സ്ഥിതിയിലാണവർ. ഇതേ അവസ്ഥയിലാണ്‌ കോൺഗ്രസും. ഇരുവരും തേടുന്ന പോംവഴിയാണ്‌‌ സിപിഐ എം പ്രവർത്തകരുടെ അരുംകൊല. ആഗസ്‌തിൽ കോൺഗ്രസ്‌ നടത്തിയ മൂന്ന്‌ കൊലപാതകങ്ങളെ ബിജെപി അപലപിച്ചിട്ടില്ല. അതുപോലെ ഇപ്പോൾ കോൺഗ്രസ്‌ കേന്ദ്രങ്ങളും നിശ്ശബ്ദമാണ്‌. മനുഷ്യജീവൻ കുരുതികൊടുത്ത്‌ രാഷ്ട്രീയം കളിക്കുന്നതിൽ ഒരേ തൂവൽ പക്ഷികളാണ്‌ ബിജെപിയും കോൺഗ്രസും. മറ്റു ചില തീവ്രവാദശക്തികളും തരാതരംപോലെ ഇവർക്കൊപ്പം ചേരുന്നു. എല്ലാ കൊലക്കത്തികളും നീളുന്നത്‌ സിപിഐ എമ്മിന്‌ നേരെയാണെന്നത്‌ യാദൃച്ഛികമല്ല. ഈ ദുഷ്ടശക്തികൾ സ്വമേധയാ കൊലക്കത്തി താഴെവയ്‌ക്കുമെന്ന്‌ കരുതാനാകില്ല. ഈ ക്രിമിനലുകൾക്കും സഹായികൾക്കുമെതിരെ കർക്കശമായ നിയമനടപടികൾ സ്വീകരിക്കണം. ഒപ്പം ഇവരെ സമൂഹത്തിൽനിന്ന്‌ ഒറ്റപ്പെടുത്താൻ ശക്തമായ ബഹുജനാഭിപ്രായവും ഉയർന്നുവരണം.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top