27 April Saturday

ഗുജറാത്ത്‌ മയക്കുമരുന്ന്‌ കടത്തിന്റെ താവളമാകുന്നോ

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021


ഗുജറാത്ത്‌ തീരം ഇന്ത്യയിലേക്കുള്ള മയക്കുമരുന്നു കടത്തിന്റെ സുവർണപാതയായി മാറുന്നെന്ന വാർത്തയാണ്‌ പുറത്തുവരുന്നത്‌. പരമ്പരാഗത വഴികൾക്കു പകരം മയക്കുമരുന്നു മാഫിയകൾ പുതിയ പാതകൾ തുറക്കുകയാണ്‌. അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധപ്പെട്ടാണ്‌ മയക്കുമരുന്ന്‌ കടത്തുന്നതെന്നത്‌  ആശങ്ക വർധിപ്പിക്കുന്നു. തുറമുഖങ്ങളും വിമാനത്താവളങ്ങളും വഴിയാണ്‌ ഇപ്പോൾ മയക്കുമരുന്നു കടത്ത്‌.  കഴിഞ്ഞ ആഴ്‌ച ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന്‌ രാജ്യത്തെ ഏറ്റവും വലിയ ഹെറോയിൻ കടത്ത്‌ പിടികൂടിയതോടെയാണ്‌ ഈ മേഖല കേന്ദ്രീകരിച്ച്‌ വൻതോതിൽ മയക്കുമരുന്ന്‌ കടത്തുന്നുണ്ടെന്ന വിവരം പുറത്തുവന്നത്‌.

അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള മുന്ദ്ര തുറമുഖത്തെത്തിയ രണ്ട്‌ കണ്ടെയ്‌നറിൽനിന്ന്‌ കഴിഞ്ഞ 14നാണ്‌ ഡയറക്ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജൻസ്‌ 3000 കിലോ ഹെറോയിൻ പിടികൂടിയത്‌. അന്താരാഷ്ട്ര മാർക്കറ്റിൽ 20,000 കോടിയിലധികം രൂപ വില വരും.  തൊട്ടടുത്ത ദിവസംതന്നെ പോർബന്തർ തുറമുഖ തീരത്തുനിന്ന്‌ 50 കിലോ ഹെറോയിൻ ഇന്ത്യൻ തീരസംരക്ഷണസേന പിടിച്ചിരുന്നു. ഈ രണ്ട്‌ സംഭവത്തിലും അഫ്‌ഗാൻ ബന്ധം അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്‌.  ടാൽക്കം പൗഡർ കയറ്റിവന്ന രണ്ട്‌ കണ്ടെയ്‌നറിലാണ്‌ മൂന്ന്‌ ടൺ ഹെറോയിൻ കടത്തിയത്‌.

ഇറാനിലെ ബന്ദർ തുറമുഖത്തുനിന്നുള്ള ഈ കണ്ടെയ്‌നറുകൾ വിജയവാഡയിലെ ആഥി ട്രേഡിങ്‌ കമ്പനിയുടെ പേരിലായിരുന്നു. കമ്പനി  ഉടമസ്ഥരായ തമിഴ്‌നാട്‌ സ്വദേശികളായ ദമ്പതികളെ ഡിആർഐ അറസ്റ്റ്‌ ചെയ്‌ത്‌ ചോദ്യം ചെയ്യുകയാണ്‌. ഇതുമായി ബന്ധപ്പെട്ട്‌ നാല്‌ അഫ്‌ഗാൻ പൗരന്മാരും മറ്റു ചിലരും പിടിയിലായിട്ടുണ്ട്‌. മൂന്നുമാസംമുമ്പും മുന്ദ്ര തുറമുഖം വഴി ഇതേ കമ്പനിക്ക്‌ വന്ന കണ്ടെയ്‌നറിലൂടെ വൻതോതിൽ മയക്കുമരുന്ന്‌ കടത്തിയതായി അധികൃതർക്ക്‌ സൂചന ലഭിച്ചിട്ടുണ്ട്‌. ഗുജറാത്ത്‌ തീരംവഴി മീൻപിടിത്തബോട്ടുകളിലും മയക്കുമരുന്നു കടത്ത്‌ പതിവാണ്‌. കഴിഞ്ഞ മാർച്ച്‌ 24ന്‌ 3000 കോടി രൂപ വിലവരുന്ന ഹെറോയിനും അഞ്ച്‌ എകെ 47 തോക്കുമായി മൂന്ന്‌ ശ്രീലങ്കൻ മീൻപിടിത്തബോട്ട്‌ മിനിക്കോയ്‌ ദ്വീപിനടുത്തുനിന്ന്‌ ഇന്ത്യൻ തീരസംരക്ഷണസേന പിടിച്ചിരുന്നു.

ലോകത്തെ തീവ്രവാദ സംഘടനകളുടെയെല്ലാം പ്രധാന വരുമാന സ്രോതസ്സുകളിലൊന്ന്‌ മയക്കുമരുന്നു കടത്താണ്‌.  മയക്കുമരുന്നിന്റെ പ്രധാന ഉൽപ്പാദന കേന്ദ്രങ്ങൾ അഫ്‌ഗാനിസ്ഥാനും പാകിസ്ഥാനും ചില ആഫ്രിക്കൻ രാജ്യങ്ങളുമാണ്‌. അഫ്‌ഗാനിസ്ഥാനിലെ താലിബാൻമേഖല കറുപ്പ്‌ കൃഷിയുടെ കേന്ദ്രമാണ്‌. താലി ബാന്റെ പ്രധാന വരുമാനമാർഗം കറുപ്പ്‌ കൃഷിയും മയക്കുമരുന്നു കടത്തുമാണ്‌. മുമ്പ്‌ പാകിസ്ഥാനിൽനിന്ന്‌ ജമ്മു കശ്‌മീർ, പഞ്ചാബ്‌, രാജസ്ഥാൻ അതിർത്തികളിലൂടെയാണ്‌ മയക്കുമരുന്ന്‌ കടത്തിയിരുന്നത്‌. ബംഗ്ലാദേശ്‌, മ്യാൻമർ, നേപ്പാൾ അതിർത്തികളും ഇതിന്‌ ഉപയോഗിച്ചിരുന്നു. എന്നാൽ, നാലു വർഷമായി ഗുജറാത്ത്‌ തീരത്തെയാണ്‌ ആശ്രയിക്കുന്നത്‌. ഗുജറാത്തിലെ ചില തുറമുഖങ്ങളിലൂടെയുള്ള കടത്ത്‌ സുഗമമാണെന്ന്‌ തിരിച്ചറിഞ്ഞാണ്‌ ഈ വഴി തെരഞ്ഞെടുത്തത്‌. ഇതിന്‌ ഗുജറാത്തിൽനിന്ന്‌ സഹായം ലഭിക്കുന്നുണ്ടാകും. കുറച്ചുമാസമായി ഇന്ത്യയിലേക്കുള്ള മയക്കുമരുന്നു കടത്ത്‌ വർധിച്ചെന്നാണ്‌ അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.

മയക്കുമരുന്നു കടത്ത്‌ തടയാൻ ശക്തമായ നടപടി സ്വീകരിക്കേണ്ടത്‌ കേന്ദ്ര സർക്കാരാണ്‌. എന്നാൽ, ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ്‌ കേന്ദ്ര സർക്കാരിന്റെയും നർക്കോട്ടിക്‌ കൺട്രോൾ ബ്യൂറോയുടെയും ഭാഗത്തുനിന്നുണ്ടാകുന്നത്‌. മയക്കുമരുന്നു കടത്ത്‌ കണ്ടെത്തി പിടികൂടേണ്ട നർക്കോട്ടിക്‌ കൺട്രോൾ ബ്യൂറോക്ക്‌ കഴിഞ്ഞ 18 മാസമായി തലവനില്ലെന്നതാണ്‌ യാഥാർഥ്യം. യുവതലമുറയെ ആകെ വഴിതെറ്റിക്കുന്ന മയക്കുമരുന്നിന്റെ വ്യാപനം തടയാൻ കേന്ദ്ര സർക്കാരും വിവിധ ഏജൻസികളും ഉണർന്നു പ്രവർത്തിക്കുകയാണ്‌ വേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top