25 April Thursday

ഇത്രമാത്രം അസഹിഷ്‌ണുത എന്തിന്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 22, 2020


കോവിഡിനെ പ്രതിരോധിക്കുന്നതിൽ ലോകം മുഴുവൻ ഉറ്റുനോക്കുന്നത്‌ കേരളത്തിലേക്കാണ്‌. രോഗസാധ്യതയുള്ളവരെ ഐസൊലേഷനിലാക്കി, ക്വാറന്റൈൻ ചെയ്‌തും രോഗികളാകുന്നവരുടെ കോൺടാക്ട്‌ ട്രേസിങ്‌ ഫലപ്രദമാക്കിയും രോഗവ്യാപനം തടയുന്നതിൽ മികച്ച മാതൃകയാണ്‌ കേരളം കാഴ്‌ചവയ്‌ക്കുന്നത്‌. രോഗികൾക്ക്‌ മികച്ച ചികിത്സ ഉറപ്പുവരുത്തി അവരെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരുന്നതിലും കേരളം മുന്നിലാണിന്ന്‌. ശക്തമായ പൊതുജനാരോഗ്യ സംവിധാനത്തിന്റെ അടിത്തറയും എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്ന ഭരണസംവിധാനവുമാണ്‌ ഇത്തരമൊരു നേട്ടം കൊയ്യാൻ കേരളത്തെ പ്രാപ്‌തമാക്കിയത്‌. ക്യൂബയും വിയത്‌നാമുംപോലെ ലോക മാധ്യമങ്ങളുടെ ശ്രദ്ധ കേരളത്തിലേക്കും തിരിഞ്ഞത്‌ ഇതുകൊണ്ടാണ്‌. ഓരോ മലയാളിയുടെയും അഭിമാനമുഹൂർത്തമാണ്‌ ഇത്‌. കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണിലൂടെ ഇതിനെയാരും കാണുമെന്ന്‌ തോന്നുന്നില്ല. എന്നാൽ, കേരളത്തിലെ പ്രതിപക്ഷത്തിന്‌ അതിനു നേതൃത്വം നൽകുന്ന കോൺഗ്രസിന്‌ കേരളത്തിന്റെ നേട്ടത്തിൽ അഭിമാനിക്കാൻ കഴിയുന്നില്ലെന്നു മാത്രമല്ല കടുത്ത അസ്വസ്ഥത പ്രകടിപ്പിക്കുകയുമാണ്‌‌. എന്തുകൊണ്ട്‌ കേരളം അമേരിക്കയും ബ്രസീലും മുംബൈയും ഡൽഹിയും പോലെയാകുന്നില്ലെന്ന ആശങ്കയാണ്‌ അവർക്കെന്ന്‌ തോന്നുന്നു. ആരോഗ്യ മന്ത്രിക്കെതിരെ ആദ്യം പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും കഴിഞ്ഞദിവസം കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും നടത്തിയ പരാമർശങ്ങൾ അതിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌.

ഫലപ്രദമായ പ്രതിരോധത്തിലൂടെ കേരളം രോഗവ്യാപനം തടയണമെന്നല്ല ഇവരുടെ അഭിപ്രായം. മറിച്ച്‌ മിറ്റിഗേഷൻ പോലുള്ള പരാജയപ്പെട്ട രീതികൾ അവലംബിച്ച്‌ പതിനായിരങ്ങൾക്ക്‌ ജീവൻ നഷ്ടപ്പെടണമെന്നാണ്‌ ഇവർ ആഗ്രഹിക്കുന്നതെന്ന്‌ തോന്നിപ്പിക്കുംവിധമാണ്‌ അവരുടെ പ്രവൃത്തികൾ. എങ്കിലേ പഞ്ചായത്ത്‌–-നിയമസഭാ തെരഞ്ഞെടുപ്പിൽ പിടിച്ചുനിൽക്കാനെങ്കിലും കഴിയൂ എന്നാണ്‌ ഇവരുടെ വിലയിരുത്തൽ. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്‌ ഒരു ഭരണത്തുടർച്ചയുണ്ടാകുമെന്ന്‌ അവർ ഭയപ്പെടുന്നു. അതിനാലാണ്‌ കോവിഡ്‌ പ്രതിരോധത്തിന്റെ ക്രെഡിറ്റ്‌ പിണറായി വിജയൻ സർക്കാരിന്‌ നൽകാതിരിക്കണമെന്ന്‌ കെപിസിസി യോഗം ചേർന്നുതീരുമാനിച്ചത്‌. ഈ യോഗ തീരുമാനത്തിന്റെ ഭാഗമായിത്തന്നെയാണ്‌ മുല്ലപ്പള്ളി നടത്തിയ പരാമർശവുമെന്ന്‌ കാണാം. ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനമികവാണ്‌ പ്രതിരോധം വിജയിക്കാൻ കാരണമെന്നും അതിന്റെ ക്രെഡിറ്റ്‌ ആരോഗ്യമന്ത്രിക്ക്‌ നൽകാൻ കഴിയില്ലെന്നുമാണ്‌ ‌ മുല്ലപ്പള്ളി തിരുവനന്തപുരത്ത്‌ പറഞ്ഞത്‌. അതിനെ പ്രതിപക്ഷ നേതാവും മറ്റും അംഗീകരിക്കുകയുമാണ്‌.


 

അങ്ങനെയെങ്കിൽ ആരോഗ്യ പ്രവർത്തകരെ മാനിക്കാനെങ്കിലും മുല്ലപ്പള്ളി സന്മനസ്സ്‌ കാട്ടണമായിരുന്നു. എന്നാൽ, അതിനും തയ്യാറല്ലെന്ന്‌ നിപായെ പ്രതിരോധിക്കുന്നതിന്‌ സ്വന്തം ജീവിതം നൽകിയ സിസ്റ്റർ ലിനിയുടെ കുടുംബത്തിനെതിരെ നടത്തിയ  സമരത്തിൽനിന്ന്‌ വ്യക്തമായി. ഒരു ആരോഗ്യ പ്രവർത്തകനെ കോൺഗ്രസുകാർ മർദിക്കുകയും ചെയ്‌തു.  സർക്കാരിന്‌ പ്രതിച്ഛായ ഉണ്ടാക്കുംവിധം എന്തിന്‌ ആരോഗ്യ പ്രവർത്തകർ നിസ്വാർഥമായി പ്രവർത്തിക്കുന്നുവെന്ന തലതിരിഞ്ഞ ചിന്തയാണ്‌ മുല്ലപ്പള്ളിയെയും കോൺഗ്രസിനെയും ഭരിക്കുന്നത്‌. അതുകൊണ്ടാണ്‌ സിസ്റ്റർ ലിനിയുടെ സ്‌മരണയെപ്പോലും മുല്ലപ്പള്ളി  കരിവാരിത്തേച്ചത്‌. മലയാളിയുടെ ആത്മാഭിമാനത്തെയാണ്‌ ഇവർ ചവിട്ടിയരയ്‌ക്കുന്നത്‌. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുകയാണ്‌ ലക്ഷ്യം. എങ്കിലേ മുല്ലപ്പള്ളിയും കോൺഗ്രസും ലക്ഷ്യമാക്കുന്ന രോഗവ്യാപനം സാധ്യമാകൂ. വാളയാറിൽ കോൺഗ്രസ്‌ നേതാക്കളും എംപിമാരും ശ്രമിച്ചതും അതിനു തന്നെയായിരുന്നു. കേരളത്തിന്റെ പ്രതിരോധത്തെ തളർത്താനുള്ള പ്രതിപക്ഷത്തിന്റെ ഈ നീക്കങ്ങൾ ഇനിയും തുടരാൻ അനുവദിച്ചുകൂടാ.

ആരോഗ്യ മന്ത്രിക്കെതിരെയുള്ള സ്‌ത്രീവിരുദ്ധവും അപമാനകരവുമായ  പ്രസ്‌താവന പിൻവലിച്ച്‌ കേരളീയരോട്‌ പരസ്യമായി മാപ്പുപറയാൻ മുല്ലപ്പള്ളി തയ്യാറാകണം. യുഡിഎഫ്‌ ഘടകക്ഷിയായ മുസ്ലിംലീഗ്‌ പോലും മുല്ലപ്പള്ളി നടത്തിയ പ്രസ്‌താവന തെറ്റായിപ്പോയെന്ന്‌ സമ്മതിച്ചിരിക്കുകയാണ്‌. എന്നിട്ടും മുല്ലപ്പള്ളിയും കോൺഗ്രസ്‌ പാർടിയും പുനർവിചിന്തനത്തിന്‌ തയ്യാറായിട്ടില്ല. വനിതയാൽ നയിക്കപ്പെടുന്ന പാർടിയാണിന്ന്‌ കോൺഗ്രസ്‌. രാജ്യത്തിന്‌ വനിതാ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും നൽകിയ പാർടിയാണ്‌ കോൺഗ്രസ്‌. ആ പാരമ്പര്യമുള്ള കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനാണ്‌ രാജ്യം ആദരിക്കുന്ന ഒരു വനിതാ മന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന പ്രസ്‌താവനയുമായി രംഗത്തുവന്നിട്ടുള്ളത്‌. അതിനെ തള്ളിപ്പറയുന്നതിനു പകരം അംഗീകരിക്കുന്ന സമീപനം‌ കോൺഗ്രസിന്‌ ഒട്ടും ഭൂഷണമല്ല.

കോൺഗ്രസിൽ ഒന്നാമനാകാൻ മത്സരിക്കുന്ന മുല്ലപ്പള്ളി അതിന്‌ തെരഞ്ഞെടുത്ത മാർഗം മലയാളിയെ അപമാനിക്കുന്നതായിപ്പോയി. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ സൂചിപ്പിച്ചതുപോലെ കൈയടിയും വാർത്താപ്രാധാന്യവും ലഭിക്കുന്നതിന്‌ വിലകുറഞ്ഞ പ്രസ്‌താവനകളും വിവരക്കേടും  വിളിച്ചുപറയുകയാണ്‌ എളുപ്പമാർഗമെന്ന  പരിതാപകരമായ അവസ്ഥയിലേക്ക്‌ മുല്ലപ്പള്ളി ‌വീണുപോയിരിക്കുന്നു.  ഈ വീഴ്‌ച കാണാൻ സ്വന്തം പാർടിയിലും മുന്നണിയിലും പോലും ആളുകളുണ്ടെന്ന്‌ മുല്ലപ്പള്ളിക്ക്‌ ബോധ്യപ്പെടാനിരിക്കുന്നതേയുള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top